'കാക്ക' - അഥവാ 'ദാഹിക്കുന്ന പറവകള്‍'





കൊടിയ വേനലില്‍...
ദാഹിച്ചു വലഞ്ഞ് ഒരു കാക്ക പറന്നു വന്നു.

എവിടെ ദാഹജലം..........

അതാ ഒരു ചെറിയ കൂജയും അതിന്റെ അടിത്തട്ടില്‍ ദാഹജലവും.

അവന്‍ ആര്‍ത്തിയോടെ.........

വരണ്ടുണങ്ങിയ കൊക്ക് ജലത്തിനടുത്തേക്ക് എത്തുന്നതേയില്ല.

ഇനി എന്താണ് ചെയ്യുക.......

പൂര്‍വ്വസൂരികളും ഗുരുനാഥന്മാരും പഠിപ്പിച്ചുകൊടുത്ത ബുദ്ധിമാനായ കാരണവരുടെ കഥ നമ്മുടെ കാക്കക്ക് ഓര്‍മ്മ വന്നു....അവന്‍ ഓരോ കല്ലുകളായി കൊത്തിയെടുത്തുവന്ന് കൂജയില്‍ ഇടാന്‍ തുടങ്ങി....

വേനല്‍ച്ചൂടില്‍, വെയിലില്‍, ദാഹിച്ചു പരവശപ്പെട്ടു കിടന്ന കല്ലുകളാവട്ടെ., ജലത്തിന്റെ   സുഖദമായ കുളിര് തങ്ങളിലേയ്ക്ക് ആവാഹിച്ച്  ദാഹം തീര്‍ത്തുകൊണ്ടിരുന്നു.....

കാക്കയാവട്ടെ ജലമിപ്പോള്‍ ഉയര്‍ന്നുവരുമെന്നും, മതിവരുവോളം കുടിച്ച് ദാഹം തീര്‍ക്കാമെന്നും വ്യാമോഹിച്ച് , പിന്നെയും പിന്നെയും കല്ലുകള്‍ ഓരോന്നോരോന്നായി കൊത്തിയെടുത്ത്.........

കാക്കക്ക് ജലം കിട്ടുമോ.......ദാഹജലം കിട്ടാതെ കൊടിയ വേനല്‍ച്ചൂടില്‍ അത് ഉരുകി ഒടുങ്ങുമോ.....

ഗുണപാഠകഥകള്‍ ഒട്ടുംതെറ്റാന്‍ സാദ്ധ്യതയില്ലാത്തതുകൊണ്ട് ,അതിവിശിഷ്ടങ്ങളായ ചില സംഭവവികാസങ്ങളുണ്ടാവുമെന്നും, ജലം പൊങ്ങിവരുമെന്നും മതിവരുവോളം വെള്ളം കുടിച്ച് നമ്മുടെ കാക്ക, മലകള്‍ക്കപ്പുറമുള്ള തന്റെ കൂട്ടിലേയ്ക്ക് പറന്നുപോവുമെന്നും നമുക്ക് പ്രത്യാശിക്കാം........