വിശുദ്ധരുടെ യാത്രകള്‍


പ്രണയലഹരിയില്‍ മുഴുകി നീങ്ങുന്ന ഇണകളെ അസൂയയോടെ പിന്തുടരുന്ന., വിരൂപനും ഞരമ്പുരോഗിയുമായ ഒരു ചെറുപ്പക്കാരനെ ഞാനിതാ ഒളിഞ്ഞുനോക്കുകയാണ്....

പ്രണയസല്ലാപങ്ങളുടെ കാഴ്ചകള്‍ ആസ്വദിക്കുമ്പോള്‍ അയാള്‍ പരിസരം മറക്കുകയും, വലിഞ്ഞുമുറുകുന്ന പേശികളുടെ പിടച്ചിലില്‍  പ്രണയികള്‍ക്കു നേരെ മുരളുകയും, പല്ലിറുമ്മുകയും, വികൃതമായ ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്നു...

കടല്‍ത്തീരത്തെ കാറ്റാടിമരങ്ങളുടെ തണലുകളിലും, സരോവരം പാര്‍ക്കിലെ തടാകത്തിനപ്പുറത്തുള്ള ആളൊഴിഞ്ഞ കോണിലെ ചാരുബെഞ്ചിലും, ക്രൗണ്‍ തിയ്യേറ്ററിന്റെ ബാല്‍ക്കണി സീറ്റുകളിലും അയാള്‍ പ്രണയക്കാഴ്ചകള്‍ തേടി നടക്കുന്നു...  
 
രാത്രി വൈകുന്നതോടെ ഇരുണ്ട മൂലകളിലെ വളകിലുക്കങ്ങളില്‍ നിന്നും, സല്ലാപങ്ങളില്‍ നിന്നും., തോളോടു തോളുരുമ്മി അവസാനത്തെ ഇണകളും യാത്രയാവുന്നു.... ജീവിതാഹ്ലാദത്തിന്റെ കാഴ്ചകള്‍ അവസാനിച്ചതിന്റെ  നഷ്ടബോധത്തോടെയും, സങ്കടങ്ങളോടെയും അയാള്‍ നഗരാതിര്‍ത്തിയിലെ ചേരിപ്രദേശത്തുള്ള തന്റെ മാളത്തിലേക്ക് തിരിച്ചു പോവുന്നു.... നിയോണ്‍ വിളക്കുകള്‍ മഞ്ഞളിപ്പു പടര്‍ത്തിയ വഴി അപ്പോഴേക്കും വിജനമായിരിക്കും.... നൈറ്റ് ബീറ്റ് നടത്തുന്ന ഒരു പോലീസുകാരനോ, ഒരു തെരുവുപശുവോ ഇടക്ക്  പ്രത്യക്ഷപ്പെടും. പോലീസുകാരന് കീശയില്‍ കിടക്കുന്ന കഞ്ചാവുബീഡികളിലൊന്ന് അയാള്‍ സൗജന്യമായി നല്‍കും. തെരുവുപശുവിനെ അറ്റന്‍ഷനായി നിന്ന് സല്യൂട്ട് ചെയ്യും. നിരുപദ്രവിയായ ഈ രാത്രിഞ്ചരനെക്കുറിച്ച് പോലീസുകാര്‍ക്ക് മതിപ്പു കുറവൊന്നുമില്ല. പശുക്കള്‍ക്കും അയാളെക്കുറിച്ച് നല്ല മതിപ്പാണ്. അവ സൗമ്യമായി സല്യൂട്ട് സ്വീകരിച്ച് അയാളെ വണങ്ങും..

രാത്രിയുടെ അശാന്തിയില്‍ ഉറക്കമില്ലാതെയിരുന്ന് അയാള്‍ മനസിന്റെ ഉള്ളറകളില്‍ എവിടെയൊക്കെയോ ഉള്ള  കാമുകിമാര്‍ക്ക് പ്രണയവും കാമവും ചാലിച്ച കത്തുകള്‍ എഴുതുന്നു....

അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിന്റെ സ്ഥലരാശികള്‍ അടയാളപ്പെടുത്തിയ ഒരു ഭൂപടമാണ് അയാളുടെ മനസ്.അതിലെവിടെയെങ്കിലും പൂമരങ്ങള്‍ പന്തലിച്ച ഒരു നാട്ടുവഴിയിലൂടെ അവള്‍ നടന്നു പോവുന്നത് അയാള്‍ക്ക് അപ്പോള്‍ കാണാം.....

ആത്മനൊമ്പരങ്ങള്‍ മുഴുവന്‍ കടലാസിലേക്ക് പകര്‍ത്തിയതിന്റെ അടിയില്‍ അയാള്‍ മേല്‍വിലാസം കൂടി എഴുതിച്ചേര്‍ക്കുന്നു…..

- രേണുകാ മുനീദേവി., അഖില അപ്പാര്‍ട്ട്മെന്റ്സ്., ബി.എച്ച് റോഡ്., തുംകൂർ. 
- റീമാ ജോൺ.,പോര്‍ട്ട് ബ്ലയര്‍ സെന്‍ട്രല്‍ സ്കൂൾ., ആന്‍ഡമാന്‍

പകല്‍ മുഴുവൻ., ആര്‍ദ്രമായ സ്വപ്നങ്ങള്‍ കണ്ടുറങ്ങി, വൈകുന്നേരമാവുമ്പോള്‍ തപാല്‍ പെട്ടിക്കരികിലേക്ക് കുനിഞ്ഞ ശിരസ്സോടെ അയാള്‍ നടന്നു പോവുന്നു... തയ്യാറാക്കിയ എഴുത്തിന് അവസാനത്തെ ചുംബനം കൂടി നല്‍കിയ ശേഷം, പ്രാര്‍ത്ഥനകളോടെ അത് പെട്ടിയില്‍ നിക്ഷേപിക്കുന്നു...പിന്നീട് നഗരത്തിന്റെ സായാഹ്നത്തിലൂടെ ഇണകളുടെ യാത്രകള്‍ ആസ്വദിച്ചുകൊണ്ട് അയാള്‍ നീങ്ങാന്‍ തുടങ്ങുന്നു...

ഞാന്‍ ആലോചിച്ചു ; ഇയാള്‍ എന്തുകൊണ്ട്., ഇപ്രകാരം.....!?

അതിനുള്ള ഉത്തരവും തേടി ഞാനിതാ നിഴല്‍പോലെ അയാളെ പിന്തുടരുന്നു., ചലനങ്ങള്‍ നിരീക്ഷിക്കുന്നു., തകരവാതിലിനിപ്പുറം പരുങ്ങി നില്‍ക്കുന്നു....

ഒരു കാളരാത്രികൂടി...

അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെവിടെയോ ഉള്ള മറ്റൊരു പ്രണയിനിയോട് അയാള്‍ തന്റെ സങ്കടങ്ങള്‍ ഏറ്റു പറയുകയാണ് . അതു മുഴുമിപ്പിക്കുന്നതിനുമുമ്പായി സിരകളുടെ അനിയന്ത്രിതമായ ഒരു പിടച്ചിലില്‍ അയാള്‍ കടലാസിലേക്ക് വീണുപോവുന്നു... വ്യഥയുടെ കയങ്ങളില്‍ വീണുകിടന്ന് അയാള്‍ രാത്രിയിലേക്ക് ഒരു നിലവിളി പടര്‍ത്തുന്നു....

ഞാന്‍ കാണുകയാണ്....

ഇളയ കുട്ടിക്ക് പനിക്കുള്ള മരുന്നു വാങ്ങുവാന്‍ നഗരത്തില്‍ വന്നതായിരുന്നു ഞാൻ. മൊയ്തീന്‍ പള്ളി റോഡിലെ റീഗല്‍ മെഡിക്കല്‍ഷോപ്പിലേക്കുള്ള തിരക്കു പിടിച്ച നടത്തത്തിനിടയിലാണ് കുനിഞ്ഞ ശിരസുമായി നടന്നു പോവുന്ന ആ ചെറുപ്പക്കാരനെ ഞാന്‍ ശ്രദ്ധിച്ചത്. അപ്പോള്‍ നേര്‍ത്ത ഒരു കൗതുകം തോന്നുകയും ., ഞാന്‍ അയാളെ പിന്തുടര്‍ന്നു പോവുകയും ചെയ്തു....

ഇപ്പോഴിതാ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ വിശുദ്ധിയും, സൂക്ഷ്മതയും പാലിച്ചുകൊണ്ട്., ഒരു ചെറു നിശ്വാസം പോലും വിട്ടുപോവാതെ  ഞാന്‍  അയാളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു...

നഗരത്തിലെ എല്ലാതരം മാലിന്യങ്ങളും അടിഞ്ഞു കൂടുന്ന ഒരു ചേരിപ്രദേശമാണിത്. അഴുക്കുകള്‍ ഒഴുകിക്കൂടുന്ന വീതിയുള്ള ഒരു കാവയോട് ചേര്‍ന്നാണ് അയാളുടെ തകരക്കൂട്., തണുത്തുറഞ്ഞ ഈ പാതിരാത്രിയില്‍ ഞാന്‍ കാവയിലെ വെള്ളത്തില്‍ അരയോളം ഇറങ്ങിനിന്ന് തകരപ്പാളിയിലെ തുരുമ്പെടുത്ത് അടര്‍ന്നു പോയ ഒരു ദ്വാരത്തിലൂടെ ഇതാ അയാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുകയാണ്....

എനിക്കു ചുറ്റും കറുത്തിരുണ്ട ജലം പാടകെട്ടി. വൃത്തികെട്ട അട്ടകള്‍ എന്നെ കടിച്ചു പറിച്ചു. മഞ്ഞും, തണുപ്പും, വല്ലാത്ത നാറ്റവും അസഹ്യമായി.....
അതൊന്നും കാര്യമാക്കാതെ അയാളുടെ സ്പന്ദനങ്ങളോരോന്നും., ഞാന്‍ പറഞ്ഞല്ലോ - ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ ജാഗ്രതയോടെയും വിശുദ്ധിയോടെയും അളന്നെടുക്കുന്നു....

പക്ഷേ ഇടക്ക് നമ്മുടെ നിയന്ത്രണത്തിന്റെ താക്കോല്‍ നമ്മളില്‍ തന്നെ വന്നെത്തുന്ന ചില നിമിഷങ്ങളുണ്ടല്ലോ. അത്തരമൊരു നിമിഷത്തില്‍ ഇളയ കുട്ടിയുടെ പനിയുടെ കാര്യം ഒരു നടുക്കത്തോടെ ഞാന്‍ ഓര്‍ത്തു.... 'വേഗം മരുന്നു കൊടുക്കണം., അല്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും...' ഡോക്ടര്‍ പ്രത്യേകം പറഞ്ഞതാണ്.

ഞാന്‍ കീശയില്‍ തപ്പി നോക്കി., മരുന്നിന്റെ കുറിപ്പടി നനഞ്ഞു കുതിര്‍ന്ന് അവിടെത്തന്നെ ഉണ്ട്...

ഞാന്‍ മരുന്നു വാങ്ങി വീട്ടിലെത്തുമ്പോഴേക്കും കുട്ടിക്ക് പനിയൊക്കെ മാറിയിരുന്നു. അവന്‍ അയല്‍പക്കത്തെ കൂട്ടുകാരോടൊപ്പം കള്ളനും പോലീസും കളിക്കുകയാണ്.  'മകനേ...' എന്നു വിളിച്ചുകൊണ്ട് ഞാന്‍ അവനെ ആശ്ലേഷിക്കാന്‍ തുനിഞ്ഞെങ്കിലും എന്നെ ഒട്ടും ഗൗനിക്കാതെ 'കള്ളന്‍ , കള്ളൻ..' എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവന്‍ ഓടിപ്പോയി.

അവളുടെ മുഖത്ത് എനിക്കു വായിച്ചെടുക്കാനാവാത്ത അത്ര പുച്ഛവും നീരസവുമുണ്ടായിരുന്നു..

“ എന്താണിങ്ങനെ !?” അവള്‍ ചോദിച്ചു.

ഞാന്‍ എന്റെ യാത്രയിലെ കാഴ്ചകളെക്കുറിച്ചൊന്നും അവളോട് പറഞ്ഞില്ല.,
“ചില അനിവാര്യമായ കെട്ടുപാടുകളില്‍ പെട്ട് ഉഴറിപ്പോയി ഞാൻ..... " എന്നൊക്കെ പറഞ്ഞുകൊണ്ട് ഞാന്‍ ഒഴിഞ്ഞുമാറി.

വൈകിട്ട് കളരിമലയിലെ പാറപ്പുറത്തിരുന്ന് തീവ്രവാദപ്രസ്ഥാനങ്ങളുടെ തകര്‍ച്ചയും , അതു നയിച്ച ചെറുപ്പക്കാരില്‍ പടര്‍ന്ന വേവലാതികളും,   പൗലോകൊയ്ലയിലെ ആവര്‍ത്തന വിരസതയും, മഞ്ഞവെയില്‍ മരണങ്ങളുടെ ഘടനാ വിശേഷവും മറ്റും സംസാരിക്കുന്നതിനിടയില്‍ സിദ്ധാര്‍ത്ഥനോട് ഞാന്‍ എന്റെ കാഴ്ചകളെക്കുറിച്ച് പറഞ്ഞു...

സിദ്ധാര്‍ത്ഥന്‍ ബുദ്ധിമാനാണ്.മിഠായിത്തെരുവിലെ രാമനായകം എന്ന കൊങ്ങിണിച്ചെട്ടിയുടെ ബേക്കറിയില്‍ പലഹാരങ്ങളുണ്ടാക്കുന്ന ജോലിയാണ് അവന്.കാര്യങ്ങള്‍ വിലയിരുത്തുന്നതിലും ഒരു റൊട്ടിമാവുപോലെ ചിന്തകള്‍ പതപ്പിച്ചെടുത്ത് മിനുസമുള്ള ഒരു കെയ്ക്ക്പോലെ സംസാരിക്കുന്നതിലും അവനു നല്ല കഴിവുണ്ട്...

അവന്‍ പറഞ്ഞു : “ അരുത് നീ അങ്ങിനെ ഒന്നും പറയരുത് "

ഞാന്‍ പറഞ്ഞു : “സിദ്ധാര്‍ത്ഥ ., ഞാന്‍ പഞ്ചേന്ദ്രിയങ്ങളാല്‍ അനുഭവിച്ചതാണ്., തകരവാതിലിനു പിന്നില്‍ അയാളുടെ തേങ്ങലുകള്‍ ചെവിടോര്‍ത്തു നിന്നതാണ്.പൂമരങ്ങള്‍ക്കിപ്പുറം യോദ്ധാവിന്റെ പ്രതിമക്കടിയില്‍ മറഞ്ഞിരുന്ന് ഇണകളുടെ ചലനങ്ങളിലേക്കു തുറിച്ചു നോക്കുന്ന ആ ചെറുപ്പക്കാരന്റെ വിഹ്വലതകളുടെ ഓരോ മിടിപ്പും അളന്നെടുത്തതാണ് … "

സിദ്ധാര്‍ത്ഥന്‍ : “ മറ്റുള്ളവരുടെ മറകളുടെ പഴുതിലൂടെ എന്തിനാണിങ്ങനെ ഒളിഞ്ഞു നോക്കുന്നത് "

ഞാന്‍ : “ കാഴ്ചകളുടെ അസ്വാഭാവികത., കൗതുകം., അപരിചിതത്വം.. സിദ്ധാര്‍ത്ഥ; നീ കേള്‍ക്കണം...”

സിദ്ധാര്‍ത്ഥന്‍ : “ ഏതൊരു താക്കോല്‍ പഴുതിലൂടെ നോക്കിയാലും തെളിഞ്ഞുവരിക അത്യന്തം കൗതുകകരമായ ഒരു പുതുലോകമായിരിക്കും., അപരിചിതമായ ശബ്ദവും, ഗന്ധവും, സ്പന്ദനങ്ങളും അനുഭവിക്കാനുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചു തന്നെയാണ് നാം ഓരോ അറവാതിലും പിന്നിടുന്നത്...”

അവന്റെ വര്‍ത്തമാനം എന്റെ ബോധത്തിലേക്ക് ഒരു പുതിയ വെളിച്ചമായി പതിഞ്ഞു.

ആത്മനിന്ദകൊണ്ട് കൊടിയ സങ്കടത്തിലേക്ക് വിതുമ്പിയ എന്നെ അവന്‍ ആശ്വസിപ്പിച്ചു. - ശരിതെറ്റുകളുടെ അതിര്‍വരമ്പുകള്‍ , ആത്മനിയന്ത്രണത്തിന്റെ പാഠഭേദങ്ങൾ...., ഇവയെക്കുറിച്ചെല്ലാമുള്ള തത്വശാസ്ത്രങ്ങള്‍ പറഞ്ഞ് അവന്‍ എന്നെ പുതിയ ഉണര്‍വ്വിലേക്ക് കൂട്ടിക്കൊണ്ടു വന്നു....

സംസാരിച്ചു തീരുമ്പോഴേക്കും നേരം അന്തി മയങ്ങിയിരുന്നു. മലഞ്ചരിവിലെ പണിയക്കുടിലില്‍ നിന്ന് ചൂട്ടു വാങ്ങിക്കത്തിച്ച് ഞങ്ങള്‍ മലയിറങ്ങി. ഇടവഴിയുടെ തിരിവില്‍ വെച്ച് ചൂട്ടു രണ്ടായി പകുത്തെടുത്ത് ശുഭരാത്രി പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.....

- വീണ്ടും ഒരു രാത്രികൂടി....

- ടേബിള്‍ ഫാനിന്റെ പ്രാചീനമായ മുഴക്കം......
- ആധി പിടിച്ച ഉണര്‍വ്വിലേക്ക് നയിക്കുന്ന താല്‍ക്കാലിക മയക്കങ്ങൾ.....

കണ്ണടക്കുമ്പോഴേക്കും അശാന്തമായ ഓര്‍മകള്‍ തേട്ടി വരുകയായി... എന്തെന്നുമേതെന്നുമറിയാത്ത അസ്വസ്ഥതകള്‍ എന്നെ ചൂഴ്ന്നു നിന്നു. അയാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുവാനുള്ള മനസ്സിന്റെ വിങ്ങലില്‍ ഞാന്‍ പുകഞ്ഞു. സിരകള്‍ വലിഞ്ഞു മുറുകി...

-ഉറങ്ങാന്‍ വയ്യ....

അവളും കുട്ടികളും നല്ല ഉറക്കമാണ്.ഉറക്കത്തില്‍ എന്തോ പിറുപിറുത്തുകൊണ്ട് അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഞാഞ്ഞൂലുകളെപ്പോലെ പായയില്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ് കുട്ടികൾ....

ഞാന്‍ ഒച്ചയുണ്ടാക്കാതെ ഒരു പൂച്ചയെപ്പോലെ പതുങ്ങിക്കൊണ്ട് പതിയെ മുറിവിട്ട് പുറത്തിറങ്ങി.....

നിലാവുണ്ടായിരുന്നു... നീല നിറമുള്ള നേര്‍ത്ത നിലാവ്...
ഞാന്‍ വിജനമായ നാട്ടുവഴിയിലൂടെ നടക്കുവാന്‍ തുടങ്ങി... നിലാവലകളില്‍ നിഴലുകള്‍ തിടം വെച്ചു.. ശാന്തവും മൂകവുമായ രാത്രി...

അപ്പോൾ,

എനിക്കു പിന്നില്‍ നിഴലുകളുടെയും നിലാവലകളുടേയും മറപറ്റി മറ്റൊരാള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു....

- അതെ., അവന്‍ തന്നെ... - സിദ്ധാര്‍ത്ഥൻ!!

വീണ്ടും നിഴല്‍ത്തടങ്ങൾ..., നിലാവലകൾ..., മഞ്ഞുപാളികൾ....

അതിലൂടെ ഒച്ചയും അനക്കവുമുണ്ടാക്കാതെ അവന്റെ സ്പന്ദനതാളത്തിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ച് പിന്തുടരുന്ന മറ്റൊരു ഇരുണ്ട രൂപം...

- രാമനായകം

അയാള്‍ക്കും പിന്നിലായി അവ്യക്തമായ നിഴല്‍രൂപങ്ങളുടെ നീണ്ട നിര...

ഞങ്ങളിതാ നിലാവലകളിലൂടെ, നിഴല്‍ത്തടങ്ങളിലൂടെ, മൂടല്‍ മഞ്ഞിന്റെ തണുത്ത പാളികളിലൂടെ....

ഖരമാലിന്യങ്ങള്‍ ...



ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവി എന്ന നിലയിലുള്ള എന്റെ ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിനു തടസ്സമായി നിന്ന ചില ഛിദ്രശക്തികള്‍ ഉണ്ടായിരുന്നു...

അതില്‍ ഒരാളായിരുന്നു ഡ്രൈവര്‍ രാമന്‍കുട്ടി.

ട്രാക്ടര്‍ ഓടിക്കുക എന്ന തന്റെ ഉത്തരവാദിത്വത്തിനപ്പുറം അവന്‍ മറ്റു പലകാര്യങ്ങളിലും തലയിടാന്‍ തുടങ്ങി... ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചില സ്ത്രീകളുമായി എനിക്കുണ്ടായിരുന്ന അവിഹിതബന്ധത്തെപ്പറ്റി വകുപ്പിന്റെ എംഡിക്കും, ചെയര്‍മാനും അവന്‍ 'കേശവന്‍ മണത്തറ' എന്ന കള്ളപ്പേരുവെച്ച് പരാതി അയച്ചു....

എംഡിയും, ചെയര്‍മാനും ഔദ്യോഗിക സന്ദര്‍ശനത്തിന് കോഴിക്കോട്ടു വരുമ്പോള്‍ ഖരമാലിന്യങ്ങള്‍ നീക്കംചെയ്യുന്ന ജാനകിയേയും, സുമംഗലയേയും., മലിനഗന്ധങ്ങളില്‍ നിന്ന് കഴുകിയെടുത്ത്, സൗഭാഗ്യവതികളുടെ മണമുള്ള ലേപനങ്ങള്‍ പുരട്ടി, തിളക്കവും മിനുസവുമുള്ള വസ്ത്രങ്ങളണിയിച്ച് മുഗള്‍ റെസിഡന്‍സിയിലെ എയര്‍കണ്ടീഷണ്‍ഡ് സ്യൂട്ടില്‍ എത്തിച്ചിരുന്നത് ഞാനാണല്ലോ... എന്നിലുള്ള അത്തരം നന്മകളുടെ ഫലമായി പരാതി കിട്ടിയ ഉടന്‍ അവര്‍ എന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സ്വകാര്യമായി വിവരം പറഞ്ഞു... കോവളത്തെ പഞ്ചനക്ഷത്രബാറിന്റെ കോണിലിരുന്ന് പരാതിയെഴുത്തിലെ അക്ഷരത്തെറ്റുകള്‍ ഓരോന്നും പെറുക്കിയെടുത്ത് ഞങ്ങള്‍ വിലകൂടിയ മദ്യത്തോടൊപ്പം ചവച്ചരച്ചു ...

അപ്രകാരം  പരാതി അവസാനിപ്പിച്ചു എങ്കിലും എന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവന്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നോട് വ്യക്തിവിദ്വേഷം സൂക്ഷിച്ചിരുന്ന മറ്റു ചില ഛിദ്രശക്തികളും അവനോടൊപ്പം ചേര്‍ന്നതോടെ ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവി എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ ശരിക്കും താളം തെറ്റുകയുണ്ടായി.,

ഞാന്‍ പറയാം...

ഖരാവസ്ഥയിലുള്ള മാലിന്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുക എന്നതാണ് ഞങ്ങളുടെ വകുപ്പിന്റെ സുപ്രധാനമായ ഉത്തരവാദിത്വം. ദ്രാവകാവസ്ഥയിലും, വാതകാവസ്ഥയിലും ഉള്ള മാലിന്യങ്ങള്‍ ഞങ്ങളുടെ പരിഗണനയില്‍ വരുന്നതല്ല - ഉദാഹരണമായി പേപിടിച്ചോടുന്ന കാലത്തിനുനേരെ കണ്ണുകളും പല്ലുകളും തുറുത്തുകാട്ടി പുഴുവരിച്ച് ചത്തുമലച്ചു കിടക്കുന്ന ഒരു തെരുവുനായയുടെ ജഢശരീരവും അവിടെ കടിച്ചു തൂങ്ങുന്ന പുഴുക്കളും ഞങ്ങളുടെ വകുപ്പിന്റ പരിധിയിലാണ്. എന്നാല്‍ നിരന്തരം ആട്ടിയോടിക്കപ്പെടുകയും കല്ലെറിയപ്പെടുകയും ചെയ്യപ്പെട്ട ഒരു ജീവിതത്തിന്റെ അവശേഷിപ്പായി അതില്‍നിന്നുയരുന്ന അസഹ്യമായ ഗന്ധം വാതക മാലിന്യവകുപ്പിന്റെ പരിധിയിലേക്കു മാറ്റപ്പെടും..., അഴുക്കു ചാലിലൂടെ ഒഴുകിയെത്തുന്ന ഒരു ഇളം പൈതലിന്റെ ജഢം ഞങ്ങളുടെ പരിധിയില്‍ വരുമെങ്കിലും അതോടൊപ്പം ഒഴുകിവരുന്ന ഒരമ്മയുടെ നിസ്സഹായതയുടെ കണ്ണുനീരുപ്പു കലങ്ങിയ കൊഴുത്തിരുണ്ട ജലം ദ്രാവക മലിനീകരണ വകുപ്പിന്റെ പരിധിയിലാണ് പരിഗണിക്കപ്പെടുക....

ഇത്തരം വിഷയങ്ങളിലുള്ള തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ ഒരിക്കല്‍ ഉണ്ടായ ചെറിയ ആശയക്കുഴപ്പം രാമന്‍കുട്ടിയും അവനോടൊപ്പം ചേര്‍ന്ന ഛിദ്രശക്തികളും മുതലെടുക്കാന്‍ ശ്രമിച്ച സംഭവമാണ് ഞാന്‍ പറഞ്ഞു വരുന്നത്...

നന്മനിറഞ്ഞ ഒരു പ്രഭാതത്തില്‍ തെരുവുമദ്ധ്യത്തില്‍ വന്നു നിന്ന് നിരാലംബനായ ഒരു ചെറുപ്പക്കാരന്‍ തന്റെ ജീവിതാവസ്ഥയെക്കുറിച്ച് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് നിലവിളിക്കുവാന്‍ തുടങ്ങി. തെരുവുകള്‍ ഉണര്‍ന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു . ഇത്തരം കാഴ്ചകള്‍ തെരുവോരങ്ങളില്‍ പതിവായതുകൊണ്ട് ആരും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .അല്‍പ്പനേരംകൂടി അങ്ങിനെ നിലവിളിച്ചശേഷം പെട്ടെന്ന് അയാള്‍ അഗ്നിനാളങ്ങളെ ഉള്ളിലൊളിപ്പിച്ച ഏതോ ദ്രാവകത്തില്‍ സ്വയം നനഞ്ഞുകുതിരുകയും പൊടുന്നനെ അയാളുടെ ശരീരം ഒരഗ്നിഗോളമായി മാറുകയും ചെയ്തു....

ഇത്തരം ചെറുപ്പക്കാരുടെ പേശികളില്‍ നിന്നും തലച്ചോറില്‍നിന്നും ഉയരുന്ന അഗ്നിജ്വാലകള്‍ വലിയ അപകടം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് അതിവേഗം ഫോണ്‍കോളുകളും, ഈമെയിലുകളും, എസ്.എം.എസുകളും വകുപ്പുകളിലാകെ പ്രവഹിക്കുകയുണ്ടായി... അഗ്നി എന്ന മാലിന്യം ഖര–ദ്രാവക-വാതക വകുപ്പുകളുടെ പരിധിയിലൊന്നും വരാത്തതുകൊണ്ട് ഞങ്ങള്‍ക്കൊക്കെ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു... ഏതാനും നിയമപാലകരും, അഗ്നിശമന വിഭാഗക്കാരും ഒടുവില്‍ സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പായി പ്രത്യേകിച്ച് അപകടമൊന്നും ഉണ്ടാക്കാതെ അഗ്നിനാളങ്ങള്‍ സൗമ്യമായി കെട്ടടങ്ങുകയും ചെറുപ്പക്കാരന്‍ ഖരമാലിന്യമായി കരിഞ്ഞു വീഴുകയും ചെയ്തു....

ഞാനപ്പോള്‍ മനുഷ്യശവങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ദ്യമുള്ള ശോഭനയുടെ ഉടലിന്റെ  ഗന്ധം നുകര്‍ന്ന് കൊണ്ട് ഗുരുവായൂരിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു.

നന്മ നിറഞ്ഞ ഒരു പ്രഭാതത്തിന്റെ സൗമ്യതയില്‍ ., ഗഹനമായ ജീവിതതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, ആത്മീയ വഴികളുടെ മഹത്വം വിളിച്ചോതുന്നതുമായ ചില ഗാനങ്ങള്‍ പുറത്ത് അലയൊലിക്കുന്നതു കേട്ടുകൊണ്ട് പ്രണയപൂര്‍വ്വം ഞാന്‍ ശോഭനയെ ഉമ്മവെക്കുകയായിരുന്നു . 'ആത്മീയമായ വഴിത്താരകളിലൂടെ മനുഷ്യനില്‍ നന്മ നിറയുന്നത് എങ്ങിനെ' എന്ന് ഞാന്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തു... തനിക്ക് 'ശമ്പളം കൂട്ടിത്തരാമോ., ജോലി സ്ഥിരപ്പെടുത്താമോ' എന്നിങ്ങനെ അപ്പോള്‍ അവള്‍ എന്നെ തിരികെ ഉമ്മ വെച്ചുകൊണ്ട് ചോദിച്ചു .'ഇത്തരം ഒത്തു ചേരലുകളുടെ ഓര്‍മ്മയ്ക്കായി തീര്‍ച്ചയായും ഞാന്‍ അപ്രകാരം ചെയ്യുന്നതാണ് ' എന്ന് അപ്പോള്‍ അവളെ വീണ്ടും ഉമ്മ വെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു...

ആ വേളയിലാണ് എന്റെ മൊബൈല്‍ ഫോണിലേക്ക് തെരുവില്‍ യുവാവ് ഖരമാലിന്യമായി വീണ വാര്‍ത്ത ഒരിളം മണിനാദമായി വന്നു ചേര്‍ന്നത്....

അതോടെ ശവം എത്രയും പെട്ടെന്ന് നീക്കം ചെയ്യുവാനായി ശോഭനയെ സ്ഥലത്തെത്തിച്ചില്ലെങ്കില്‍ ഛിദ്രശക്തികള്‍ ഉണ്ടാക്കുവാന്‍ പോവുന്ന ആപത്തുകളെക്കുറിച്ച് ആലോചിച്ചുകൊണ്ട് ഞാന്‍ വല്ലാതെ അസ്വസ്ഥനാവാന്‍ തുടങ്ങി. എന്നിലെ അനുരാഗമെല്ലാം കെട്ടടങ്ങുകയും ഞാന്‍ അവളെയും കൊണ്ട് അതിവേഗം കോഴിക്കോട്ടേക്കു യാത്ര തിരിക്കുകയും ചെയ്തു ....

കുന്ദംകുളവും , എടപ്പാളും, കുറ്റിപ്പുറത്തെ പാലവും താണ്ടി ഞങ്ങള്‍ യാത്രചെയ്യാനെടുത്ത സമയദൈര്‍ഘ്യം രാമന്‍കുട്ടിയും അവന്റെ ചുറ്റുമുള്ള ഛിദ്രശക്തികളും മുതലെടുത്തു.

രാമന്‍കുട്ടി ട്രാക്ടര്‍ ഓടിച്ചുകൊണ്ടുവന്ന് കരിഞ്ഞു ചുരുണ്ടു കിടന്ന ശവത്തിനരുകില്‍ നിര്‍ത്തിയിടുകയും., ശവമെടുത്തു വണ്ടിയിലേക്കു കയറ്റേണ്ട ജോലിക്കാരിയുടെ അഭാവം ചുറ്റുമുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. കരിഞ്ഞു വീണ മരണമുഖം കൗതുകത്തോടെ ഉറ്റു നോക്കിനിന്ന ചില നാട്ടുകാരും, മരണ സംബന്ധിയായ വിഷയവുമായി ബന്ധപ്പെട്ട കടലാസു പണികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരുന്ന നിയപാലന വകുപ്പിന്റെ ആളുകളും കേള്‍ക്കെ - 'ശോഭന എവിടെ ? ശോഭന എവിടെ ? ' എന്നിങ്ങനെ അവന്‍ ഒച്ചവെച്ചു ... ഛിദ്രശക്തികള്‍ ഈ പ്രശ്നം ഏറ്റുപിടിച്ച് - 'ശോഭന എവിടെ ? ശോഭന എവിടെ ? ' എന്നിങ്ങനെ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എനിക്കും വകുപ്പിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുവാന്‍ തുടങ്ങി...

തുടര്‍ന്നുള്ള ദിവസങ്ങളില്‍ - 'ഖരമാലിന്യ വകുപ്പിലെ ഖരമാലിന്യത്തിന്റെ ആത്മീയ വഴികളും ലൈംഗിക കേളികളും...' എന്ന പുറം ചട്ടയോടെ ലഘുലേഖകള്‍ അച്ചടിപ്പിച്ച് ബസ്റ്റോപ്പുകളിലും, മിഠായിത്തെരുവിന്റെ പ്രവേശന കവാടത്തിലും മറ്റും അവര്‍ ആരും കാണാതെ വിതറിയിട്ടു. യാത്രക്കാരും, വിദ്യാര്‍ത്ഥികളും, ഞരമ്പുരോഗികളും മറ്റും അതിലെ എഴുത്തുകള്‍ വായിച്ച് പുളകം കൊണ്ടശേഷം എനിക്കും വകുപ്പിനുമെതിരെ രോഷാകുലരായി ....

കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനുമുമ്പായി എം.ഡി യും ചെയര്‍മാനും അതിവേഗം സ്ഥലത്ത് എത്തിച്ചേരുകയും, രാമന്‍കുട്ടിയെ മുഗള്‍ റെസിഡന്‍സിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. വകുപ്പിന്റെ ശ്രേണീ വിന്യാസങ്ങളിലുള്ള സ്ഥാനമാനങ്ങള്‍ ഒട്ടും പരിഗണിക്കാതെ അവര്‍ സ്നേഹപൂര്‍വ്വം അവനെ തങ്ങളോടൊപ്പം ഇരിക്കുവാന്‍ അനുവദിക്കുകയും വിലകൂടിയ മദ്യം നല്‍കുകയും ചെയ്തു....

ഞാന്‍ അന്ന് ജാനകിക്കും, സുമംഗലക്കുമൊപ്പം ശോഭനയെക്കൂടി മുഗള്‍ റസിഡന്‍സിയിലേക്ക് പറഞ്ഞയച്ചു...

അപ്രകാരം എം.ഡിയുടെയും, ചെയര്‍മാന്റെയും അവസരോചിതവും ബുദ്ധിപരവുമായ ഇടപെടലുകളിലൂടെ രാമന്‍കുട്ടി എന്ന ട്രാക്ടര്‍ ഡ്രൈവറെ നിശ്ശബ്ദനാക്കിയതോടെ എന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി എന്നു ഞാന്‍ ധരിച്ചെങ്കിലും ഛിദ്രശക്തികള്‍ വീണ്ടും തലപൊക്കുക തന്നെ ചെയ്തു....


ഒറ്റക്കണ്ണനായ ഒരുവനായിരുന്നു ഇത്തവണ അവരുടെ നേതാവ്. മനുഷ്യവിസര്‍ജ്യങ്ങളുമായി ബന്ധപ്പെട്ട ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തന്റെ ഉത്തരവാദിത്വത്തിനപ്പുറം അവന്‍ മറ്റു പലകാര്യങ്ങളിലും തലയിടാന്‍ തുടങ്ങി. വകുപ്പിന്റെ വാഹനം എന്റെ മകളെ കോളേജില്‍ കൊണ്ടു വിടുന്നത് അവന്‍ അതിവിദഗ്ദ്ധമായി., തന്റെ ഒറ്റക്കണ്ണുകൊണ്ട് കണ്ടു പിടിച്ചു. തികച്ചും മാരകവും, സദാചാരവാദികളാല്‍ വെറുക്കപ്പെട്ടതുമായ പാന്‍പരാഗ് തരികള്‍ വായ നിറയെ ചവച്ചുകൊണ്ട്, തന്റെ വൃത്തികെട്ട പല്ലുകളിറുമ്മി അവന്‍ എനിക്കെതിരെ ചില ഗൂഢനീക്കങ്ങള്‍ നടത്തുകയുണ്ടായി...

'- മാനവരാശിയുടെ നിലനില്‍പ്പിന് ഹാനികരമായ വസ്തുക്കള്‍ നിരന്തരം ചവക്കുന്നവന്‍; എന്ന ഗുരുതരമായ കുറ്റം ആരോപിച്ചുകൊണ്ട് വകുപ്പില്‍ നിന്നു പുറത്താക്കുന്നതാണ് ' എന്ന വിവരം അറിയിച്ചതോടെ ഒറ്റക്കണ്ണന്‍ എന്നോട് ക്ഷമ ചോദിച്ചു., “ അങ്ങൂന്നെ പൊറുക്കണം " എന്നു പറഞ്ഞുകൊണ്ട് അവന്‍ എന്റെ കാല്‍ക്കല്‍ വീണു. ഞാനപ്പോള്‍ അവനോട് പൊറുത്തുകൊണ്ട് നിറഞ്ഞു കവിഞ്ഞ മുനിസിപ്പാലിറ്റി കക്കൂസിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാനായി അവനെ പറഞ്ഞയച്ചു.... അതോടെ അവനോടൊപ്പം കൂടിയ ഛിദ്രശക്തികള്‍ തികച്ചും ഒറ്റപ്പെട്ടു പോകുകയും പ്രശ്നം അവസാനിക്കുകയും ചെയ്തു.

വകുപ്പിലേക്ക് ഇന്‍സിനറേറ്ററുകള്‍ വാങ്ങിയ ഇടപാടുകളില്‍ ഞാന്‍ ചില കൃത്രിമങ്ങള്‍ നടത്തിയ വിഷയം ഉയര്‍ത്തിക്കൊണ്ട് മലിന വസ്തുക്കളുടെ നിക്ഷേപ കേന്ദ്രത്തിലെ കാവല്‍ക്കാരനായ മന്തുകാലനാണ് പിന്നീട് പ്രശ്നമുണ്ടാക്കിയത്.

'അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം? അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം?., അവനെ ഇന്‍സിനറേറ്ററിന്റെ വറചട്ടിയിലേക്ക് വലിച്ചെറിയുവിന്‍...' എന്നിങ്ങനെ മന്തുകാലന്‍ നിക്ഷേപകേന്ദ്രത്തിന്റെ മതിലില്‍ എനിക്കെതിരെ എഴുതിവെച്ചു.
ഛിദ്രശക്തികള്‍ അവനോടൊപ്പം ചേരുകയും 'അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം? അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം?., അവനെ ഇന്‍സിനറേറ്ററിന്റെ വറചട്ടിയിലേക്ക് വലിച്ചെറിയുവിന്‍ ' എന്നിങ്ങനെ പലയിടങ്ങളിലും അവര്‍ ചുമരെഴുത്ത് നടത്തുകയും ചെയ്തു.

എന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലേക്ക് ഛിദ്രശക്തികള്‍ അസ്വസ്ഥതകള്‍ വിതറുന്ന കഥ ആവര്‍ത്തിക്കുകയാണ്......

ഞാനിതാ മഞ്ഞു പെയ്യുന്ന ഈ പാതിരാവില്‍ കടല്‍ത്തീരത്തുള്ള മുഗള്‍ റസിഡന്‍സി എന്ന നക്ഷത്ര ഹോട്ടലിന്റെ വിശാലമായ അങ്കണത്തിലെ പൂന്തോട്ടത്തിലെ ചാരുബെഞ്ചില്‍ അവര്‍ മടങ്ങി വരുന്നതും കാത്ത് ഇരിക്കുന്നു. ഹോട്ടലിലെ ശീതീകരിച്ച സ്യൂട്ടുകളിലൊന്നില്‍ എം.ഡിയും, ചെയര്‍മാനും മന്തുകാലനുമായി ചര്‍ച്ചയിലാണ്. ശോഭന അങ്ങോട്ടു പോയിട്ടുണ്ട്. കൂടെ ജാനകിയും സുമംഗലയുമുണ്ട്....

ഇവിടെ ഇരുന്നാല്‍ കടലും കടല്‍ത്തിരകളും കാണാം.... ദുരെ പുറങ്കടലില്‍ മീന്‍ പിടുത്ത ബോട്ടുകളിലെ അരണ്ട വെളിച്ചം കാണാം... തിരകളില്‍ നക്ഷത്രജാലങ്ങള്‍ തിളങ്ങുന്നതു കാണാം... സൗമ്യമായൊരു കരക്കാറ്റിന്റെ സുഖമറിയാം....

ആത്മീയമായ സുഖാനുഭൂതികള്‍ പകരുന്ന കാഴ്ചകളില്‍ ലയിച്ച് അങ്ങിനെ ഇരിക്കുമ്പോഴും., മലിന വസ്തുക്കള്‍ നീക്കം ചെയ്യുന്ന പലതരം ഉപകരണങ്ങളുമായി ചിലര്‍ എനിക്കു ചുറ്റും അണിനിരന്നേക്കാനുള്ള ഒരു സാദ്ധ്യതയെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ അസ്വസ്ഥനാവുന്നു....

- ചീഞ്ഞളിഞ്ഞ് അസഹ്യമായ ദുര്‍ഗന്ധം പ്രസരിപ്പിച്ചുകൊണ്ട് അവര്‍ക്കു നടുവില്‍ ഞാന്‍ വീണു കിടക്കുകയാണ്. എന്നില്‍ നിന്നുയരുന്ന ഗന്ധം സഹിക്കാനാവാതെ മൂക്കു പൊത്തിക്കൊണ്ട് അവരൊത്തുചേര്‍ന്ന് എന്നെ ട്രാക്ടറിലേക്ക് വലിച്ചു കയറ്റുകയാണ്......

മാലിന്യ സംസ്കരണകേന്ദ്രത്തിലെ ഇന്‍സിനറേറ്റര്‍ ലക്ഷ്യമാക്കി വല്ലാത്ത കുലുക്കത്തോടെ നീങ്ങുന്ന ഒരു ട്രാക്ടറിനെക്കുറിച്ച് കടല്‍ക്കാഴ്ചകളുടെ ആത്മീയ സുഖാനുഭൂതികള്‍ക്കിടയിലും ഞാന്‍ ചിന്തിക്കുന്നുണ്ടായിരുന്നു....

മരണാനന്തരം ...!!







   

















മരണാനന്തരജീവിതത്തെക്കുറിച്ചുള്ള  പുതിയ  പ്രബന്ധത്തിന്റെ  പണിപ്പുരയിലായിരുന്നു  'പ്രൊഫസര്‍ രാജഗോപാല്‍ '  എന്ന  'കൈപ്രത്ത് തെക്കേതില്‍ രാജഗോപാലന്‍ നായര്‍ '

- അതിനിടയിലാണ്  അമ്മയുടെ  ചാവറിയിച്ചുകൊണ്ട്  തറവാട്ടില്‍  നിന്ന്  ആളു  വന്നത്

തറവാട്ടില്‍  നിന്നുവന്ന  ആള്‍.,  കാര്യസ്ഥന്‍  രാമേട്ടനായിരുന്നു...   വാര്‍ദ്ധക്യത്തിന്റെതായ  ചില  പ്രശ്നങ്ങള്‍  അലട്ടുന്നുണ്ടെങ്കിലും  അതൊന്നും  കാര്യമാക്കാതെ  മരണവൃത്താന്തവും  അമ്മയുടെ  അന്ത്യനിമിഷങ്ങളും പ്രൊഫസറെ  നേരിട്ട്  അറിയിക്കുവാനായി  നീണ്ട  യാത്ര  ചെയ്ത്  എത്തിയതായിരുന്നു  രാമേട്ടന്‍ ...

സര്‍വ്വകലാശാലയുടെ  ക്വാർട്ടേഴ്സിലെ  തന്റെ  ഏകാന്തവാസത്തിന്  സഹായിയായി  നില്‍ക്കുന്ന  പയ്യനെക്കൊണ്ട്  അയാള്‍ക്ക്  മുറുക്കാന്‍  വരുത്തിക്കൊടുത്ത  ശേഷം  മരണാനന്തരക്രിയകളിലേക്ക് യാത്രയാവണോ  വേണ്ടയോ  എന്ന  പ്രശ്നത്തെക്കുറിച്ച്  പ്രൊഫസര്‍  ആലോചിച്ചു  നോക്കി....?

' ജീവകോശങ്ങളെ  സംബന്ധിച്ചിടത്തോളം  അനിവാര്യവും.,  പ്രകൃതിനിയമങ്ങള്‍  അനുസരിച്ച്   സ്വാഭാവികവുമായ  മരണം  കഴിഞ്ഞിരിക്കുന്നു...  അമ്മ  ഗന്ധമായും  പുകയായും  പഞ്ചഭൂതങ്ങളില്‍  ലയിക്കുക  തന്നെ  ചെയ്യും....'  - പ്രൊഫസര്‍  ആലോചിക്കുകയായിരുന്നു.

രാമേട്ടനാവട്ടെ  മുറുക്കാന്‍  ചവച്ചു  തുപ്പിക്കൊണ്ട്   - 'അമ്മ,  മരണം,  തറവാട്,  പറമ്പിലെ നാളികേരം,  ആലയിലെ പശുക്കള്‍,  അന്യാധീനപ്പെടുന്ന  ഭൂവിടങ്ങള്‍,  കൈപ്രത്ത്  തെക്കേതില്‍  വീട്ടുകാരുടെ  പഴയകാല  പ്രതാപം .…'  - എന്നിങ്ങനെ  പല  വിഷയങ്ങളെക്കുറിച്ചും  തുടര്‍ച്ചയായി  സംസാരിച്ചുകൊണ്ടിരുന്നു...

മരണസംബന്ധിയായ  വിഷയങ്ങളില്‍  ദീര്‍ഘകാലത്തെ  ഗവേഷണ  പരിചയവും,  ഗവേഷണ  കുതുകികളായ നിരവധി  യുവാക്കള്‍ക്ക്  ഇത്തരം  വിഷയങ്ങളുടെ  പരിസരങ്ങളില്‍  വഴികാട്ടിയായതിന്റെ  അനുഭവസമ്പത്തും, സര്‍വ്വോപരി  ബുദ്ധിജീവികള്‍ക്കിടയില്‍  ഏറെ  പ്രശംസിക്കപ്പെട്ട  മൂര്‍ച്ചയുള്ള  യുക്തിബോധവും  കൃത്യമായ അളവുകളിലും  സഞ്ചാരപഥങ്ങളിലും  ചരിക്കുകയും  വ്യക്തമായ  തീരുമാനത്തില്‍  പെട്ടെന്നുതന്നെ പ്രൊഫസര്‍ രാജഗോപാല്‍  എത്തിച്ചേരുകയും  ചെയ്തു....

- രാമേട്ടനെ  തിരിച്ചയച്ച്  അയാള്‍  വളരെ  വേഗം  പ്രബന്ധത്തിന്റെ  പണി  തുടര്‍ന്നു..!!

'മരണത്തിന്റെ  ഗഹ്വരങ്ങളിലൂടെ  നൂതനമായൊരു  വ്യവസ്ഥയിലേക്ക്  നാം  വിലയം പ്രാപിക്കുന്നു.,  ഭീതിയുടെയും അശാന്തിയുടെയും  തണുത്തിരുണ്ട  ഗുഹാന്തരങ്ങള്‍  കടന്ന്  ശാന്തവും  സൗമ്യവുമായൊരു  വെളിച്ചത്തിലേക്ക് നാം  യാത്ര  ചെയ്യുകയാണ്…' 

പ്രൊഫസര്‍  രാജഗോപാല്‍   തന്റെ  പ്രബന്ധത്തിലെ  പുതിയ  അദ്ധ്യായം  എഴുതാന്‍  തുടങ്ങി...

നായകളുടെ സംഗീതം....





















അഗതിമന്ദിരത്തിന്റെ  സൂക്ഷിപ്പുകാരിയോട്  അയാള്‍ക്ക്  വല്ലാതെ  തര്‍ക്കിക്കേണ്ടി  വന്നു.........!
- കോഷന്‍  ഡിപ്പോസിറ്റ്   ആയി  അത്രയും  വലിയ  തുക  ചോദിച്ചത്  അയാള്‍ക്ക്  ഒട്ടും  ഇഷ്ടപ്പെട്ടില്ല....   കൂടാതെ  പ്രതിമാസം  മരുന്നിനും  ഭക്ഷണത്തിനും  മറ്റുമായി  അടക്കേണ്ട  തുക  വേറെയും !

"എന്തൊരു  അനീതിയാണിത് ?"
അയാള്‍  വര്‍ദ്ധിച്ച  കോപത്തോടെ  ചോദിക്കുക  തന്നെ  ചെയ്തു

അഗതിമന്ദിരത്തിന്റെ  സൂക്ഷിപ്പുകാരി  സൗമ്യമായ  സ്വരത്തില്‍  അപ്പോള്‍  പറഞ്ഞു:

"സാര്‍ .,  ഇവിടെ  കുറേക്കൂടി  സൗകര്യങ്ങള്‍  ഒരുക്കേണ്ടിയിരിക്കുന്നു.  ഇതൊരു  പഴയ  കെട്ടിടമല്ലെ., മഴക്കാലത്ത്   വല്ലാതെ  ചോര്‍ന്നൊലിക്കുന്നു.  ചുമരുകള്‍  ഇടി‍ഞ്ഞു  വീഴാറായിരിക്കുന്നു.  അറ്റകുറ്റപ്പണികള്‍   നടത്തേണ്ടതുണ്ട്.  കോഷന്‍  ഡിപ്പോസിറ്റ്  അതിനൊക്കെ  വേണ്ടിയാണ്.....    ഇനി  ചിലവിന്റെ  കാര്യം., വൃദ്ധരായ  ഇവര്‍ക്ക്  മരുന്നുകളുടെ  ആവശ്യത്തിനു  തന്നെ  പ്രതിമാസം  ആയിരം  രൂപയിലധികം   ചിലവാകും.....   അങ്ങ്  വലിയ  പഠിപ്പും,  ഉദ്യോഗവുമൊക്കെയുള്ള  ആളല്ലെ.   ആലോചിച്ചാല്‍   മനസിലാവുമല്ലോ....”.

ഇത്തരം  ആവശ്യങ്ങള്‍ക്ക്  വലിയ  തുക  ചിലവഴിക്കുന്നതിന്  അയാള്‍ക്കു  മടി  ഉണ്ടായിരുന്നു.

അയാള്‍  ചോദിച്ചു :    “താരതമ്യേന  ചിലവു  കുറഞ്ഞ  ഇടം  എന്ന  രീതിയിലാണ്  ഞാന്‍  ഇങ്ങോട്ടു  വന്നത്.   ഇങ്ങിനെയാണെങ്കില്‍  നല്ല  സൗകര്യങ്ങളുള്ള  ഇടങ്ങളില്‍  തന്നെ  എന്റെ   ആളെ  കൊണ്ടു പോവാമായിരുന്നല്ലോ....   തെരുവില്‍  നിന്നും  മറ്റും  ചില  വൃദ്ധരെ  നിങ്ങള്‍  ഇവിടെ  കൊണ്ടുവരാറുണ്ടെന്നു   കേട്ടിട്ടുണ്ട്.  അവര്‍ക്കു  വേണ്ടി  ആരാണ്  ഇത്രയും  വലിയതുക......,   അല്ല  നിങ്ങള്‍  പറയണം.”

അയാള്‍  അവരോട്  പലതും  പറഞ്ഞ്  വീണ്ടും  വീണ്ടും  തര്‍ക്കിച്ചുകൊണ്ടിരുന്നു....

ഈ  സമയമത്രയും  അയാളുടെ  അമ്മ  തൊട്ടടുത്തു  തന്നെ  ഒരു  ബെഞ്ചില്‍  നിസംഗഭാവത്തോടെ   ഇരിക്കുന്നുണ്ടായിരുന്നു.  മെലിഞ്ഞുണങ്ങിയ  ശരീരമുള്ള  ഒരു  സ്ത്രീയായിരുന്നു  അവര്‍ .   അവരുടെ  സാമീപ്യം ഒട്ടും  വകവെക്കാതെ  തര്‍ക്കിച്ചുകൊണ്ടിരുന്ന  മകനേയും,  സൂക്ഷിപ്പുകാരിയേയും,  മകന്റെ  അരികില്‍  അയാളെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട്  നിന്നിരുന്ന  ഭാര്യയേയും  നിസ്സഹായത  ഘനീഭവിച്ച,  തളര്‍ന്ന  കണ്ണുകളോടെ   അവര്‍  നോക്കിയിരുന്നു.....

-  വാദപ്രതിവാദങ്ങളുടെ  ഒടുവില്‍  അയാളാണ്  ജയിച്ചത്.

ഇനി  തര്‍ക്കിച്ചിട്ടു  കാര്യമില്ല  എന്നു  തോന്നിയിട്ടാവാം,  സൂക്ഷിപ്പുകാരി  അയാള്‍  പറഞ്ഞ  ഇളവുകള്‍ അനുവദിച്ച്  അമ്മയെ  അകത്തേക്ക്  കൂട്ടിക്കൊണ്ടുപോയി.  പഴയ  വസ്ത്രങ്ങള്‍  ഇട്ട  പ്ലാസ്റ്റിക്  സഞ്ചിയുമായി   അവരോടൊപ്പം  അമ്മ  അകത്തേക്കു  പോവുമ്പോള്‍  അതൊന്നും  ശ്രദ്ധിക്കാതെ  അയാളും  ഭാര്യയും  വരാന്‍   പോവുന്ന  അധിക  ചിലവുകളെക്കുറിച്ചുള്ള  ആലോചനകളിലായിരുന്നു.

അമ്മയാവട്ടെ  അവരെ  ശ്രദ്ധിച്ചതുമില്ല.,  ഒന്നും  പറഞ്ഞതുമില്ല.   "നടക്കാന്‍ ശ്ശി ബുദ്ധിമുട്ടുണ്ട് കുട്ട്യേ....”   എന്നോ  മറ്റോ  സഹായിക്കാന്‍  വന്ന  പെണ്‍കുട്ടിയോട്  പതിയെ  പറഞ്ഞു  കൊണ്ട്  അവര്‍  മെല്ലെ  നടന്നു   പോയി........

മാതാവിനെ  സുരക്ഷിതമായ  കൈകളില്‍  ഏല്‍പ്പിച്ച  ചാരിതാര്‍ത്ഥ്യത്തോടെ  അയാളും  ഭാര്യയും   യാത്രയായി....

അവര്‍  പോയത്  നഗരത്തിലെ  ആ  പ്രശസ്തമായ  കെന്നല്‍  ഫാമിലേക്കായിരുന്നു....

കെന്നല്‍  ഫാമിന്റെ  ഉടമസ്ഥന്‍   അവരുടെ  ആഗ്രഹപ്രകാരം   കുലീനതയും   ആകാര ഭംഗിയുമുള്ള നല്ല ജനുസില്‍  പെട്ട  വയസ്സായ  ഒരു  പെണ്‍പട്ടിയെ   തിരഞ്ഞു  വെച്ചിരുന്നു.....   പ്രത്യേക  ഇനം  എന്നതുകൊണ്ട്  വലിയ  തുകയാണ്   അയാള്‍   അതിനുവേണ്ടി  ആവശ്യപ്പെട്ടത്.   അവര്‍ക്കാവട്ടെ  വലിയ തുക  ചിലവഴിക്കുന്നതിന്  ഒട്ടും  മടി  ഉണ്ടായിരുന്നുമില്ല.....   വിലപേശാന്‍  നില്‍ക്കാതെ  ആവശ്യപ്പെട്ട   മുഴുവന്‍  തുകയും  നല്‍കി  അവര്‍  പട്ടിയെ  സ്വന്തമാക്കി....

പട്ടി  അവരുടെ  ജീവിതത്തില്‍   നിറഞ്ഞു.....  തന്റെ  വൃദ്ധ  ശരീരത്തിന്റെ  ജ്വലിക്കുന്ന  പ്രസരിപ്പുമായി  അത്   മുറികളിലെല്ലാം  ഓടിനടന്നു.   അതിഥികളില്‍  അസൂയ  ഉളവാക്കിക്കൊണ്ട്  ത്രസിപ്പിക്കുന്ന  പെര്‍ഫ്യൂമുകളുടെ   ഗന്ധം  പരത്തി  അത്  സ്വീകരണ  മുറികളില്‍  ഉലാത്തി.....

നാളിതുവരെ  അനുഭവിച്ചിട്ടില്ലാത്ത  സംഗീതമാധുര്യം  വിതറിക്കൊണ്ട്  രാത്രികളില്‍  അത്  ഉച്ചത്തില്‍   ഉച്ചത്തില്‍  നിറുത്താതെ  ഓലിയിട്ടു.......

സുന്ദരമായൊരു  താരാട്ടു  പാട്ടിന്റെ  ഈണവും  താളവുമായി  അത്  അവരുടെ  നിദ്രയെ  തഴുകി  തലോടി.....

ഇപ്പോള്‍  പകലുകളില്‍  ഓഫീസിലെ  ശീതീകരിച്ച  തന്റെ  ക്യാബിനില്‍  ഇരിക്കുമ്പോള്‍  അയാള്‍ക്ക്  ഉറക്കം   വരുന്നത്  പതിവായിരിക്കുന്നു.   അയാള്‍  ജോലികള്‍  മാറ്റിവെച്ച്  മെല്ലെ  തന്റെ  ഇരിപ്പിടത്തിന്റെ   സുഖത്തിലേക്ക്  ചുരുണ്ട്  ഒരു  കുട്ടിയെപ്പോലെ  എല്ലാം  മറന്ന്  ഉറങ്ങാന്‍  തുടങ്ങും.....

അപ്പോള്‍ .,  അപ്പോള്‍ മാത്രം.,  അയാളുടെ  പകലുറക്കത്തെ  തഴുകിക്കൊണ്ട്  സാന്ദ്രമായ  ആ  താരാട്ടുപാട്ട്  കടന്നു  വരും......  "ഓമനത്തിങ്കള്‍  കിടാവോ..... "   എന്നിങ്ങനെ  അത്  അയാളുടെ  ജീവിതമുറിവുകളെ   തഴുകി  ആശ്വസിപ്പിക്കും....  അയാളുടെ  വലിഞ്ഞു മുറുകിയ  മുഖത്ത്  നേര്‍ത്ത  ഒരു  പുഞ്ചിരി  വിടരും...

അതോടെ  താരാട്ടു  പാട്ടിന്റെ  ഈണവും  താളവും  ഒരു  സംഗീത  സദസ്സിന്റെ  മേളനങ്ങളിലേയ്ക്ക്  വഴി   മാറുകയായി.   അയാള്‍ക്കു  ചുറ്റും  വിവിധങ്ങളായ  സംഗീതോപകരണങ്ങള്‍  വായിച്ചുകൊണ്ട്  പല  വലിപ്പത്തിലും  ആകൃതിയിലുമുള്ള  നായകള്‍  നൃത്തം  വെയ്ക്കാന്‍  തുടങ്ങും.....

സംഗീത  സാന്ദ്രമായ  പകലുറക്കത്തിന്റെ  ലഹരിയില്‍  അയാള്‍  പൊട്ടിച്ചിരിക്കും......

പലതരം ഡിസൈനുകള്‍.....


ചിത്രശലഭങ്ങളുടെ ചിറകുകള്‍ അരിഞ്ഞെടുക്കുവാനുള്ള എന്റെ യാത്രകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത് … ഇപ്പോള്‍ ഞാന്‍ രാമനാഥന്റെ താഴ്വരയിലേക്കു യാത്രചെയ്യുന്നതും അതിനുതന്നെ.,

അല്‍പനാളുകള്‍ക്കുമുമ്പ് രാമനാഥന്‍ എഴുതി.....

    'ഇവിടെ.,എന്റെയീ താഴ്വരയില്‍., സൂര്യകാന്തിപ്പൂക്കളും, വെള്ളാരങ്കല്ലുകളുമുള്ള പുഴയുടെ തുരുത്തില്‍., പതിവുപോലെ അവ വന്നെത്തിയിരിക്കുന്നു. ഏതോ ശൈത്യരാജ്യത്തുനിന്നും വഴിയൊട്ടേറെ താണ്ടി നിലാവുനിറഞ്ഞ ഒരു രാത്രിയില്‍ അവ പറന്നിറങ്ങുകയായിരുന്നു. ഇപ്പോള്‍ തുരുത്തിലാകെ വര്‍ണങ്ങളുടെ നിറവാണ്.വെള്ളാരങ്കല്ലുകളിലും സൂര്യകാന്തികളിലും അവ പാറിക്കളിക്കുന്നു.പരസ്പരം ഉമ്മവെച്ച്,ചിറകുരുമ്മി,ചുണ്ടുരുമ്മി,മഞ്ഞുവീഴുന്ന പുലര്‍കാലങ്ങളില്‍ ഇലകള്‍ക്കു ചുവട്ടില്‍ ഇണചേര്‍ന്ന്......'
ചിത്രശലഭങ്ങള്‍ എന്റെ മനസില്‍ നിറയാന്‍ തുടങ്ങിയത് നഴ്സറിക്ലാസിലെ ഒരു പാട്ടില്‍ നിന്നായിരുന്നു. 'ഓ മൈ ബട്ടര്‍ഫ്ലൈസ് !. ഹൗ സ്വീറ്റ് ആന്‍ഡ് വണ്ടര്‍ഫുള്‍ യു ആര്‍ !. ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്നിങ്ങനെ അതിമനോഹരമായ ഒരു ഗാനമായിരുന്നു അത്. എന്തുകൊണ്ടോ, അതിന്റെ ഈണവും താളവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. അന്നു മുതല്‍ ചിത്രശലഭങ്ങളും കടുത്ത ഒരു ആകര്‍ഷണമായി എന്റെ മനസില്‍ നിറയുവാന്‍ തുടങ്ങി...

ഞാന്‍ മുറ്റത്തും തൊടിയിലും വന്നിറങ്ങുന്ന അവയുടെ വര്‍ണങ്ങളിലും ചലനങ്ങളിലും മതിമറന്ന് അവയ്ക്കു പിറകേ അലഞ്ഞ് പകലുകളധികവും ചിലവഴിച്ചു.രാത്രികളില്‍ എന്റെ സ്വപ്നങ്ങളില്‍ സ്വര്‍ണച്ചിറകുള്ള ശലഭങ്ങള്‍ പറന്നിറങ്ങി. വൈവിധ്യമാര്‍ന്ന വര്‍ണങ്ങളുടെ നൂറുനൂറായിരം സങ്കലനങ്ങള്‍ എന്റെ മുന്നിലൂടെ പറന്നു നീങ്ങി.

പാഠപുസ്തകങ്ങളുടെ നാളുകളില്‍ പ്രത്യേക തരത്തിലുള്ള അവയുടെ ജീവിതരഹസ്യങ്ങളും, നിയോഗങ്ങളും എന്നില്‍ കൗതുകങ്ങള്‍ നിറച്ചു. പൂമ്പാറ്റകളോടും പ്രകൃതിയോടുമുള്ള എന്റെ ആവേശവും, സ്നേഹവും ശ്രദ്ധിക്കപ്പെടുകയും., 'ബെസ്റ്റ് നേച്ചര്‍ ലവര്‍ സ്റ്റുഡന്റ് ' എന്ന നിലയില്‍ ഞാന്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.

പാഠങ്ങളുടെ അവസാനം എന്റെ കാലഘട്ടത്തിലെ മറ്റു ചെറുപ്പക്കാരെപ്പോലെ അശാന്തമായ മനസും, തീപിടിച്ച തലച്ചോറുമായി ഞാന്‍ തെരുവുകളില്‍ അലയുകയുണ്ടായില്ല., പകരം എന്റെ മനസില്‍ വര്‍ണസ്വപ്നങ്ങള്‍ പാറി. തലച്ചോറില്‍ താഴ്വരകളുടെ തണുപ്പും ശാന്തിയും എപ്പോഴും നിറഞ്ഞു നിന്നു.

"സുഹൃത്തുക്കളെ., നാടിനു തീ പിടിച്ചിരിക്കുന്നു....” എന്നു വിളിച്ചു പറഞ്ഞുകൊണ്ട് തെരുവുകളിലൂടെ അവര്‍ ജാഥ നയിക്കുമ്പോഴും, "ഞങ്ങള്‍ക്കൊരു ജീവിതം തരിക...” എന്നു പറഞ്ഞുകൊണ്ട് ഭരണകൂടത്തിന്റെ ആസ്ഥാനത്തേക്ക് മാര്‍ച്ചു ചെയ്യുമ്പോഴും, ഒട്ടൊരു പുച്ഛത്തോടെ അവരുടെ യാത്രയും നോക്കി, ഞാന്‍, മലഞ്ചരിവില്‍, പൂമരങ്ങളുടെ തണലിലൂടെ.... 'ചിത്രപതംഗമേ നിന്‍ മോഹക്കാഴ്ചകളെന്‍ കരളില്‍ തേന്‍മഴയായ് പെയ്തിറങ്ങുന്നു..! ഹാ പെയ്തിറങ്ങുന്നു..!ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍....!' എന്നിങ്ങനെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട്,അവയെ തേടി നടന്നു...

തൊഴില്‍അന്വേഷണത്തിന്റെ നാളുകളില്‍ എനിക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല.... ' How to win over others'., 'കൂട്ടുകാരെ മലര്‍ത്തിയടിച്ച് നിങ്ങള്‍ക്കു മാത്രം എങ്ങിനെ വിജയം നേടാം'., 'യുവാക്കള്‍ ഉപയോഗിക്കേണ്ട പെര്‍ഫ്യൂമുകള്‍ ഏതെല്ലാം'., 'വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതിന്റെ ആവശ്യകത' എന്നിങ്ങനെ വിജ്ഞാനപ്രദങ്ങളായ നിരവധി പുസ്തകങ്ങള്‍ നിരന്തരം വായിച്ച് 'ബെസ്റ്റ് ബുക്ക് റീഡര്‍ ' ആയി ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയും, ഒരു നല്ല ചെറുപ്പക്കാരനു വേണ്ടതായ എല്ലാ ഗുണങ്ങളും വളരെ വേഗം സ്വായത്തമാക്കുകയും ചെയ്തു. അതുകൊണ്ടാവും 'ഇന്‍ഡ് സ്റ്റീഫന്‍സണ്‍ ഡിസൈനേഴ്സ് ' എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി എനിക്കു പെട്ടന്ന് തന്നെ കരസ്ഥമാക്കുവാന്‍ കഴിഞ്ഞു.

സവിശേഷമായ വ്യക്തിത്വം, ശാന്തമായ മനസ്, തികഞ്ഞ കലാബോധം എന്നിങ്ങനെയുള്ള പല പരീക്ഷകളുടെ ഒടുവില്‍ അവരെന്നെ കലാവിഭാഗത്തിന്റെ പ്രധാനി ആയി നിയമിക്കുകയായിരുന്നു.

"വൈവിധ്യമാര്‍ന്ന   ഡിസൈനുകള്‍ നിങ്ങള്‍ എങ്ങിനെയാണ്   തയ്യാറാക്കുവാന്‍ പോവുന്നത് ?” എന്ന അഭിമുഖവേളയിലെ ചോദ്യത്തിന് "  ചിത്രശലഭങ്ങളുടെ ചിറകുകള്‍ ഉപയോഗിച്ച് !" എന്ന എന്റെ ഉത്തരം അവരില്‍ വലിയ മതിപ്പുളവാക്കി. "തികച്ചും നൂതനമായ ആശയം., കലാകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ നല്ല ഒരു വാഗ്ദാനമാണ്.” എന്നിങ്ങനെ എന്നെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

അന്നുമുതല്‍ ഞാന്‍ 'കമ്പനിയുടെ ആള്‍ ' എന്ന നിലയില്‍ അവയെ തേടിയുള്ള എന്റെ യാത്രകള്‍ ആരംഭിച്ചു.

അവയാവട്ടെ ചെമ്പരത്തിപ്പൂക്കളില്‍ ഇണയോടൊത്ത് പറന്നിരുന്ന്, ചുണ്ടുരുമ്മി തേന്‍ പങ്കുവെക്കുമ്പോഴോ, ഏകാന്തമായ തീരഭൂമികളിലെ ഇളംവെയിലിന്റെ സുഖമറിയുമ്പോഴോ, നീല നിലാവിലൂടെ മഞ്ഞുമലകളുടെ ഗന്ധം നുകര്‍ന്ന് കൂട്ടമായി പാറി നീങ്ങുമ്പോഴോ എന്റെ പിടിയിലമരുന്നു.

പിന്നീട് ഞാന്‍ 'ഹൗ സ്വീറ്റ് ആന്‍ഡ് വണ്ടര്‍ഫുള്‍ യു ആര്‍...! ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്നിങ്ങനെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട് ഒരു കലാകാരനു വേണ്ട സൂക്ഷ്മതയോടെയും, ശ്രദ്ധയോടെയും., നിറഞ്ഞ മനസോടെ., ഭാവനയുടേയും, ബുദ്ധിയുടേയും കണിശമായ ഉപയോഗപ്പെടുത്തലോടെ അവയുടെ ചിറകുകള്‍ അരിഞ്ഞെടുക്കുന്നു.....

ഞാന്‍ രാമനാഥന്റെ താഴ്വരയിലേക്ക് യാത്ര ചെയ്യുകയാണ്.

ഏതോ കാട്ടരുവി ഒഴുകി സമതലങ്ങളില്‍ പ്രവേശിക്കുന്നിടത്താണത്. അവിടെ അരുവിയുടെ തുരുത്തില്‍ മഞ്ഞുകാലത്തിന്റെ ആരംഭ നാളുകളില്‍ അവ പറന്നിറങ്ങുകയായി. അകലങ്ങളിലെ ഏതോ ശൈത്യഭൂമിയില്‍ നിന്നാരംഭിക്കുന്ന ദേശാടനത്തിന്റെ തുടര്‍ച്ചയിലെ ഇടത്താവളമാണത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരുനാള്‍ അവ അപ്രത്യക്ഷമാവുകയും ചെയ്യും.

'അതിനുമുമ്പ് നീ വന്നെത്തുക' രാമനാഥന്‍ എഴുതി.

അതുകൊണ്ടാണ് ഞാന്‍ എഴുത്ത് കിട്ടിയ ഉടന്‍ യാത്രയാരംഭിച്ചത്.

ഇതു പതിവുള്ളതാണ്. അവ വന്നിറങ്ങുമ്പോള്‍ അവന്‍ എന്നെ വിവരമറിയിക്കുന്നു. ഞാന്‍ വളരെ വേഗം അവന്റെ താഴ്വരയില്‍, പുഴയുടെ തുരുത്തില്‍, വെള്ളാരങ്കല്ലുകള്‍ക്കും, സൂര്യകാന്തികള്‍ക്കും ഇടയില്‍ ചെന്ന്.....

കമ്പനി അയച്ചുതന്ന വാഹനം, രാജപാത വിട്ട് സമതലങ്ങളിലേക്കുള്ള ചെറിയ റോഡിലേക്കു തിരിഞ്ഞു. രാമനാഥന്റെ താഴ്വരയിലേക്ക് ഇനി അധികം ദൂരമില്ല. ഞാന്‍ 'ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്ന മൂളിപ്പാട്ടു പാടിക്കൊണ്ട് ബാക് സീറ്റിലിരുന്ന് 'ജീവിത വിജയത്തിനുള്ള നൂറ്റി ഒന്ന് കുറുക്കുവഴികള്‍ ' എന്ന പുസ്തകത്തിന്റെ പേജുകള്‍ മറിച്ചു......

സൂര്യകാന്തന്‍ എന്ന പട്ടാളക്കാരന്‍


1
സൂര്യകാന്തന്‍ എന്ന പട്ടാളക്കാരന്‍ ഇതാ യാത്രയാവുന്നു. അയാളെയും വഹിച്ചുകൊണ്ട് അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു തീവണ്ടി , യാത്ര തുടരുകയാണ്. അടുത്ത പ്രഭാതത്തില്‍ അയാള്‍ക്ക് അതിര്‍ത്തിക്കടുത്ത തന്റെ താവളത്തില്‍ ഹാജരാവേണ്ടിയിരിക്കുന്നു. അതിനുശേഷം ഒരു പട്ടാളക്കാരനുവേണ്ട കൃത്യമായ അച്ചടക്കം കാത്തുസൂക്ഷിച്ച്, തിരക്കു പിടിച്ച ദൗത്യങ്ങളില്‍ മുഴുകി.....
 
ഇതു പതിവുള്ളതാണ്. വര്‍ഷത്തിലൊരിക്കല്‍ പ്രത്യേകം ലഭിക്കുന്ന അനുമതിയോടെ അയാള്‍ തന്റെ താഴ്വരയിലേക്ക് യാത്ര ചെയ്യും. പിന്നീട് എല്ലാ ചിട്ടകളും മറന്ന് - അച്ചടക്കം തെറ്റിച്ചും, പതിവുതെറ്റിയുണര്‍ന്നും, തെറിപ്പാട്ടുകള്‍ പാടി നടന്നും, അമ്പലക്കുളത്തില്‍ മുങ്ങാങ്കുഴിയിട്ടും, നാടന്‍ റാക്കു കുടിച്ചും …...    

അപ്രകാരം ഒരു ഒഴിവുകാലം കടന്നു പോകവെ പെട്ടന്നൊരു ദിവസം കമാന്‍ഡിങ്ങ് ഓഫീസറുടെ പ്രത്യേക സന്ദേശം വന്നെത്തി.

അപരാഹ്നവെയില്‍ ചായുന്നതും നോക്കി മലഞ്ചരിവില്‍ സൗമിനി എന്ന വേശ്യയുടെ മടിയില്‍ തലചായ്ചു കിടക്കുകയായിരുന്നു സൂര്യകാന്തന്‍.
"നിന്റെയീ മോഹിപ്പിക്കുന്ന കണ്ണുകള്‍" അയാള്‍ പറഞ്ഞു.
"നീ വെറുതെ കളിയാക്കുകയാണ് "  അവള്‍ നാണം നടിച്ചു....
 അപ്പോള്‍ മലഞ്ചരിവിലൂടെ അയാളെയും തേടി പോസ്റ്റുമാന്‍ വന്നു.

    'അവധിനാളുകളുടെ എണ്ണം വെട്ടിക്കുറക്കുകയാണ്. ഉടന്‍ പുറപ്പെടുക. ഒരു പട്ടാളക്കാരന്റെ കര്‍ത്തവ്യബോധത്തെക്കുറിച്ച് പ്രത്യേകം ഓര്‍മിപ്പിക്കുന്നു....' - കമാന്‍ഡിങ്ങ് ഓഫീസര്‍

ഇപ്പോള്‍ വല്ലാത്ത ഇരുട്ടും കാറ്റും മഴയും ഇടിമിന്നലുമുള്ള രാത്രിയിലൂടെ തീവണ്ടി പാഞ്ഞുപോവുകയാണ്. 

വണ്ടി സൂര്യകാന്തന്റെ താഴ്വര വിട്ടത് ഉച്ചവെയിലിലായിരുന്നു. ചെറിയ തരത്തിലുള്ളതും അപ്രധാനമായതുമായ ഒരു സ്റ്റേഷനായിരുന്നു അത്. അവിടെ അയാളെ യാത്രയയക്കാന്‍ പതിവുപോലെ അവരെല്ലാം വന്നു ചേര്‍ന്നു - അയാളുടെ സുഹൃത്തുക്കള്‍, സുബ്രഹ്മണ്യന്‍ എന്ന പുരോഹിതന്‍, വിലാസിനിയെന്ന അയാളുടെ കാമുകി, വേലായുധന്‍ എന്ന സ്വാതന്ത്ര്യസമരസേനാനി, പിന്നെ സൗമിനി.

പാളങ്ങളുടെ അങ്ങേ അറ്റത്ത് വണ്ടി പ്രത്യക്ഷമായപ്പോള്‍ അവര്‍ അയാള്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. 'ദൈവം നിന്നോടൊപ്പമുണ്ട് ' സുബ്രഹ്മണ്യന്‍ പറഞ്ഞു. 'എന്റെ ഓര്‍മയ്ക്കായി' വിലാസിനി അയാളുടെ കൈവിരലുകളില്‍ ഉമ്മ വെച്ചു. 'അതിര്‍ത്തിയില്‍ നീ കൂടുതല്‍ ശ്രദ്ധാലുവാകുക' ശാന്തമായ സ്വരത്തിലും ഭാവത്തിലും വേലായുധന്‍ പറഞ്ഞു. സൗമിനിയാവട്ടെ  അല്‍പ്പം ദൂരെ മാറി നിന്ന് എല്ലാം കാണുകയായിരുന്നു.

അപ്പോള്‍ വണ്ടി വരികയും അയാളെയും കൊണ്ട് അതിര്‍ത്തി നഗരത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്തു.

ആദ്യം അത് ഉച്ചവെയിലില്‍ തിളങ്ങുന്ന വയലുകളുടെ ഭൂമിയിലൂടെയും, സായാഹ്നവേളയില്‍ സൂര്യകാന്തിമരങ്ങള്‍ പൂത്തുനിന്നിരുന്ന മലഞ്ചരിവിലൂടെയും, സന്ധ്യയ്ക്ക് കരിമ്പനകള്‍ നിറഞ്ഞ സമതലങ്ങളിലൂടെയും യാത്ര ചെയ്തു. പിന്നീട് കൂവിയാര്‍ത്തുകൊണ്ട് ഇരുളിലേയ്ക്ക് പ്രവേശിച്ചു....

ഇപ്പോള്‍ വല്ലാത്ത ഇരുട്ടും, കാറ്റും, മഴയും, ഇടിമിന്നലുമുള്ള ഈ രാത്രിയിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്ന തീവണ്ടിക്കുള്ളില്‍ ജനലരികിലിരുന്ന് തലങ്ങും വിലങ്ങും കടന്നു വന്നുകൊണ്ടിരുന്ന സ്വപ്നങ്ങളുടെ ഓളങ്ങളില്‍ സ്വയം നഷ്ടപ്പെട്ട് അയാള്‍ മയങ്ങുകാണ്.

2

ഇത് സൂര്യകാന്തന്‍ എന്ന പട്ടാളക്കാരന്റെ യാത്ര. ഇപ്രകാരം തങ്ങളുടെ വേരുകളുറങ്ങുന്ന ഗ്രാമഭൂമികളില്‍ നിന്നും അതേ തീവണ്ടിയില്‍ അതിര്‍ത്തിനഗരത്തിലേക്ക് യാത്ര ചെയ്യുന്ന ഒരുപാട് പേരുണ്ടായിരുന്നു.


സദാശിവന്‍ എന്ന കൂട്ടിക്കൊടുപ്പുകാരന്‍
സുഹൈല്‍ എന്ന കെമിക്കല്‍ എഞ്ചിനീയര്‍
റിയാസ് അഹമ്മദ് എന്ന പോക്കറ്റടിക്കാരന്‍
കിരണ്‍ ജോസഫ് എന്ന ബിസിനസുകാരന്‍
നിഷ എന്ന കാബറേ നര്‍ത്തകി
സുധര്‍മന്‍ എന്ന ചിത്രകാരന്‍
സീത എന്ന തെരുവു വേശ്യ


അവരെല്ലാം ഈ കൊടും രാത്രിയിലൂടെ പാഞ്ഞുപോവുന്ന തീവണ്ടിയില്‍, അതിന്റെ വല്ലാത്ത താളങ്ങളോടും, മുഴക്കങ്ങളോടുമൊപ്പം ആടിയുലഞ്ഞു കൊണ്ട് കടന്നു വന്ന സ്വപ്നങ്ങളുടെ ലോകത്ത് കാലിടറിയും തളര്‍ന്നു വീണും മയങ്ങുകയായിരുന്നു.

3

ഇപ്രകാരം വന്യവും നിഗൂഢവുമായ പാതയിലൂടെ, ഒരു കൊടും രാത്രിയില്‍, പാളങ്ങളുടെ സൂക്ഷ്മഗണിതത്തിന്റെ മാത്രം വിശ്വസനീയതയില്‍ ഇത്രയും മനസുകളേയും ശരീരങ്ങളേയും പേറി അത്യന്തം വേഗതയോടെ പാഞ്ഞുപോവുന്ന ഈ രാത്രിവണ്ടി, പാളങ്ങളിലെവിടെയോ പതഞ്ഞുകിടന്ന ഒരിളം പിഴവില്‍ കുരുങ്ങി വീണ് എല്ലാം തകര്‍ന്നടിഞ്ഞുപോയ്, എല്ലാം തകര്‍ന്നടിഞ്ഞുപോയ്.....!! എന്നിങ്ങനെ കഥ അവസാനിപ്പിക്കുക. എന്തെളുപ്പം!

അല്ലെങ്കില്‍ ഏതോ പുഴ കടക്കവെ, പാലത്തിനടിയില്‍, അശാന്തമായ മനസുള്ള ഒരു ചെറുപ്പക്കാരന്‍ നിക്ഷേപിച്ചിരുന്ന അഗ്നിഗോളം എല്ലാം കരിച്ചു കളഞ്ഞു എന്നിങ്ങനെ കഥ അവസാനിപ്പിക്കാം.

ഇനി വേണമെങ്കില്‍ മാജിക്കല്‍ റിയലിസത്തിന്റെയും, പോസ്റ്റ് മോഡേണ്‍ കഥയെഴുത്തിന്റെയും സങ്കേതങ്ങള്‍ അതിവിദഗ്ദ്ധമായി ഉപയോഗിച്ച്, ശൂന്യതയില്‍ നിന്നാരംഭിച്ച ഈ രാത്രിവണ്ടി വഴിതെറ്റി ഇതാ ചെങ്കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു എന്നും പറയാം.

ഇതൊന്നുമല്ലെങ്കില്‍ മഹാകലാപങ്ങള്‍ പടര്‍ന്നു പിടിക്കുകയും, ഒരു ജനതയാകെ വല്ലാതെ അസ്വസ്ഥരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന നമ്മുടെ കാലഘട്ടത്തില്‍ .,  ഒരു പട്ടാളക്കാരന്റെയോ, തെരുവുവേശ്യയുടേയോ, കാബറേ നര്‍ത്തകിയുടേയോ സ്വപ്നങ്ങളെക്കുറിച്ചും, യാത്രകളെക്കുറിച്ചും, അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുവാനോ, നക്ഷത്രബംഗ്ലാവുകളില്‍ ലഹരി പതഞ്ഞൊഴുകുന്ന തളങ്ങളില്‍ ആടിവീഴാനോ ഉള്ള നിയോഗങ്ങളെക്കുറിച്ചും പറയുന്ന ഇത്തരം കഥകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത് ? എന്നിങ്ങനെ ഇവിടെവെച്ച് ഈ കഥയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യാം.

എല്ലാം ഒരു കഥയുടേയും, കഥാകൃത്തിന്റെയും, സര്‍വ്വോപരി വായനക്കാരുടേയും വിപുലമായ സാദ്ധ്യതകള്‍ !!

പക്ഷേ സംഭവിച്ചത് ഇങ്ങിനെയാണ്.
4

സംഭവിച്ചത് ഇങ്ങിനെയാണ്.

അതിര്‍ത്തിനഗരത്തിലേക്കു പ്രവേശിക്കുവാനുള്ള അനുമതി കാത്തുകൊണ്ട് തീവണ്ടി നഗരകവാടത്തില്‍ ചെന്നു നിന്നു. അതോടെ ഉലഞ്ഞാടുകയും ഇരമ്പിയാര്‍ക്കുകയും ചെയ്തുകൊണ്ടിരുന്ന സ്വപ്നങ്ങളുടെ താളം നിലക്കുകയും അവരെല്ലാം മയക്കം വിട്ടുണരുകയും ചെയ്തു. മലകളില്‍ അപ്പോള്‍ വെളിച്ചം ആരംഭിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് പതുക്കെ., വളരെ പതുക്കെ തീവണ്ടി പ്ലാറ്റുഫോമിലേക്കു കടന്നു ചെല്ലുമ്പോഴേക്കും നേര്‍ത്തവെളിച്ചം പടര്‍ന്നു കഴിഞ്ഞിരുന്നു.

ഏതോ കലാപത്തിന്റെ തുടര്‍ച്ചയായി നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ട ദിവസമായിരുന്നു അത്. നിശ്ചലമായ തെരുവുകളിലൂടെ അവരെല്ലാം തങ്ങളുടെ താവളങ്ങളിലേയ്ക്ക് യാത്രയായി.

അവര്‍ക്കെല്ലാം ഏറെ തിരക്കുള്ള ദിവസമായിരുന്നു അത്.

അകത്തളങ്ങളില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ നിഷ ആടിത്തളര്‍ന്നു.

സദാശിവന്‍ തന്റെ പഴയ സൈക്കിളില്‍ ഗലികളിലൂടെ ചുറ്റിക്കറങ്ങി.

സീതയുടെ മനസില്‍ നിന്ന് ഗ്രാമവിശുദ്ധിയും, സര്‍പ്പക്കാവും, പാലച്ചുവട്ടിലെ കല്‍വിളക്കും ഇല്ലാതെയായി. കര്‍ഫ്യൂ പ്രമാണിച്ച് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ മടുപ്പ് പിടിച്ച ഒരു ചൈനീസ് വിദ്യാര്‍ത്ഥി അന്നത്തേക്ക് അവളെ വിലക്കെടുത്ത് ഒരു സര്‍പ്പമായി അവളില്‍ പുളഞ്ഞു പടര്‍ന്നു.


സുധര്‍മന്‍ ചായക്കൂട്ടുകളൊരുക്കി ക്യാന്‍വാസിനു മുന്നില്‍ ഇരുന്നു. 'ഗോതമ്പു വയലുകളുടെ ധന്യത' എന്നൊരു ചിത്രമായിരുന്നു അയാള്‍ വരച്ചുകൊണ്ടിരുന്നത്. എന്നാല്‍ കലാപങ്ങള്‍ അയാളുടെ ആശയങ്ങളെ തകിടം മറിക്കുകയും, 'നിലവിളിച്ചാര്‍ക്കുന്ന ഗോതമ്പു വയലുകള്‍' എന്ന പേരില്‍ അയാള്‍ ചിത്രം മാറ്റി വരക്കാന്‍ തുടങ്ങുകയും ചെയ്തു. കത്തുന്ന വിളകളും, കബന്ധങ്ങള്‍ കൊത്തി വലിക്കുന്ന കഴുകന്‍മാരും ,ബലാല്‍സംഗം ചെയ്യപ്പെട്ട നിസ്സഹായതയും കടും ചായങ്ങളില്‍ വരച്ചു ചേര്‍ക്കപ്പെട്ടു !!

സൂര്യകാന്തന്‍ അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട സ്ഥാനത്ത് നിലയുറപ്പിച്ചു.....

അപ്പോള്‍ അവര്‍ വരുകയായി.... 

5

അതിര്‍ത്തിക്കപ്പുറത്തുനിന്നും ഗൂഢാലോചകരുടെ സംഘങ്ങള്‍ വരുകയായി.

കുന്നുകളും, മുള്‍ക്കാടുകളും, ചെങ്കുത്തായ പാറക്കെട്ടുകളും, മഞ്ഞുമലകളും കടന്ന്.... മഞ്ഞുപാളികളില്‍ തെന്നിവീഴാതെ, പാറക്കെട്ടുകളില്‍ പതിഞ്ഞിറങ്ങി, മുള്‍ക്കാടുകളിലൂടെ നൂണ്ട്, കുന്നിറങ്ങി..... അവര്‍ വരുകയായി.

നഗരകവാടത്തിന്റെ കിഴക്കു ഭാഗത്ത്, ശ്മശാനത്തിനപ്പുറം ഭൂകമ്പം തകര്‍ത്ത പഴയ കെട്ടിടങ്ങളുടെ മറപറ്റി മറ്റൊരു സംഘം വടിവാളും കുന്തങ്ങളുമായി ഒത്തുചേര്‍ന്നു. മുന്‍ഷി രാംദേവ് ചൗക്കിനടുത്ത വലിയ ബംഗ്ലാവില്‍ നിന്നു വന്ന കറുത്ത കാറില്‍ നിന്നിറങ്ങിയ ആളുകള്‍ ശ്മശാന വളപ്പില്‍ കാര്‍ നിര്‍ത്തി അവര്‍ക്കിടയിലേക്കു ചെന്നു......

ഇതൊന്നും ആരും അറിയുന്നുണ്ടായിരുന്നില്ല.

സര്‍പ്പഗന്ധം


"സുഹൃത്തുക്കളെ പുല്ലാഞ്ഞി മൂര്‍ഖന്‍ ഇപ്പോഴും കോഴിക്കൂട്ടില്‍ തന്നെയാണ്..! ഫണം വിരുത്തിയാടി വല്ലാതെ ഭയപ്പെടുത്തിക്കൊണ്ട് അതങ്ങിനെ കോഴിക്കൂട്ടില്‍ തങ്ങിയിരിക്കുകയാണ്... ഇപ്പോള്‍ത്തന്നെ നേരം സന്ധ്യയായിരിക്കുന്നു.ഇനി രാത്രിയും ഇരുട്ടും വരും. ഇരുട്ടില്‍ അത് പതുങ്ങിയിറങ്ങി എങ്ങോട്ടും നീങ്ങുവാനുള്ള സാദ്ധ്യതയുണ്ട്. ഒരു പക്ഷേ വീടിനകത്തേയ്ക്കുതന്നെ പതുങ്ങിക്കയറിയേക്കാം....  അപകടമാണ്.... അതിനെ കൊല്ലേണ്ടിയിരിക്കുന്നു... പക്ഷേ എങ്ങിനെ കൊല്ലും ?, ആരു കൊല്ലും...? സഹായത്തിന് ആരെങ്കിലുമുണ്ടെങ്കില്‍ എനിക്കുതന്നെ.... പക്ഷേ ആരു സഹായിക്കും... ?" ...........

പുലര്‍ച്ചക്ക് വല്ലാത്ത പരിഭ്രമത്തോടെയും ഭയത്തോടെയും അവള്‍ എന്നെ വിളിച്ചുണര്‍ത്തുകയായിരുന്നു.....

ഞാനാവട്ടെ പുലര്‍കാല സ്വപ്നങ്ങളുടെ താഴ്വരയില്‍, എല്ലാ പിരിമുറുക്കങ്ങളും അയഞ്ഞ്, ഒരു പൊങ്ങുതടിപോലെ......

അപ്പോഴാണ് അത്യന്തം പരിഭ്രമത്തോടെ അവള്‍ എന്നെ വിളിച്ചുണര്‍ത്തിയത്.


വീണുടഞ്ഞുപോയ സ്വപ്നതാഴ്വരയെക്കുറിച്ചുള്ള നഷ്ടബോധത്തോടെയും, വീണ്ടും പിരിമുറുക്കങ്ങളുടേയും ദുരനുഭവങ്ങളുടേയും ഒരു പകല്‍ കൂടി ആവര്‍ത്തിക്കുവാന്‍ പോവുകയാണല്ലോ എന്ന നടുക്കുന്ന ചിന്തയോടെയും ഞാന്‍ കോഴിക്കൂട്ടിനരികിലേക്ക്  ചെന്നു.


പാമ്പ് ഫണം വിരുത്തി കോഴിക്കൂട്ടില്‍ കിടന്നു ചീറ്റുകയാണ്. ഭയചകിതരായ കോഴികള്‍ കൂടിന്റെ ഒരു ഭാഗത്തേക്ക് ഒതുങ്ങിക്കൂടി കൊക്കിക്കൊണ്ടിരുന്നു.


എന്തുചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നില്‍ക്കുന്നതിനിടയില്‍ അവള്‍ എന്റെ സുഹൃത്ത് രാമകൃഷ്ണന് ഫോണ്‍ ചെയ്തു.


" ഉടന്‍ വരാം"  അവന്‍ പറഞ്ഞു.,  "കുട്ടികളേയും കൂട്ടണം. അവരിതുവരെ മൂര്‍ഖന്‍ പാമ്പുകളെ അതിന്റെ ഒറിജിനല്‍ സെറ്റിങ്ങില്‍ കണ്ടിട്ടില്ല" .


-അൽപ്പസമയത്തിനുള്ളില്‍ രാമകൃഷ്ണനും, ഭാര്യ  ബീനയും കുട്ടികളും വന്നു.


"വണ്ടര്‍ഫുള്‍ !!" എന്നു പറഞ്ഞുകൊണ്ട് കുട്ടികള്‍ കോഴിക്കൂട്ടിലേക്ക് ചെറിയ കല്ലുകള്‍ എടുത്തെറിഞ്ഞ് പാമ്പിന്റെ കോപത്തോടെയുള്ള ചീറ്റലും ഇളക്കങ്ങളും ആസ്വദിച്ചു. "ഹൊറിബിള്‍ ഏന്‍ഡ് ഡെയ്ഞ്ചറസ് " എന്നു പറഞ്ഞു കൊണ്ട് അവന്റെ ഭാര്യ അവരെ വിലക്കി.


പുല്ലാഞ്ഞി മൂര്‍ഖന്‍ ഇപ്പോഴും ഫണം വിരിച്ച് ആടുകയാണ്. പാവം കോഴികളാവട്ടെ  പുറത്തേക്കു നോക്കി നിലവിളിച്ചുകൊണ്ടിരുന്നു...


"സഹായിക്കണം..  സഹായിക്കണം.."  ഞാന്‍ രാമകൃഷ്ണനോടും വിവരം കേട്ടറിഞ്ഞ് എത്തിയ അയല്‍ക്കാരോടും പറഞ്ഞു.


ഞാന്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ സഹതാപം പ്രകടിപ്പിച്ചുകൊണ്ട് അവര്‍ എന്റെ ചുറ്റും കൂടി.


"തീര്‍ച്ചയായും,  നിങ്ങള്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ് " അവര്‍ പറഞ്ഞു


ധൈര്യം സംഭരിച്ചുകൊണ്ട് ചില ചെറുപ്പക്കാര്‍ നീളമുള്ള കോലുകൊണ്ട് കോഴിക്കൂട്ടിലേക്ക് കുത്തിനോക്കി. അപ്പോള്‍ വര്‍ദ്ധിച്ച കോപത്തോടെ കോലിനു നേരെ കുതിച്ചു ചാടുകയും ആഞ്ഞു കൊത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍പ്പവീര്യം കണ്ട്  അവര്‍ കൈകൊട്ടി ചിരിച്ചു.


"പുല്ലാഞ്ഞി മൂര്‍ഖനാണ്.ഭയങ്കര വിഷമുള്ള ഇനമാണ്.... എന്റെ ചെറുപ്പകാലത്ത് ഇരുതലയുള്ള ഒരു പുല്ലാഞ്ഞിമൂര്‍ഖന്‍ ഇഴഞ്ഞു വന്ന് ....!" എന്നോടു സഹതാപം പ്രകടിപ്പിക്കുവാന്‍ വന്ന അടുത്ത വീട്ടിലെ കാരണവര്‍ വെറ്റില മുറുക്കിക്കൊണ്ട് തന്റെ ചുറ്റും കൂടിയ സംഘത്തോടു വിവരിക്കുകയാണ്.


“ഇതു ശീതരക്ത ജീവിയാണ്. ചൂടുകാലാവസ്ഥയിലാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് " പ്രൊഫസര്‍ എന്നു വട്ടപ്പേരുള്ള കേളുനായനാര്‍ അഭിപ്രായം പറഞ്ഞു.


"സഹായിക്കണേ...!?"  ഞാന്‍ സ്വരം കഴിയുന്നത്ര ദയനീയമാക്കിക്കൊണ്ട് അവരോട് പറഞ്ഞു. "എന്റെ കുടുംബം...  എന്റെ കോഴികള്‍...."


ഇപ്പോള്‍ സമയം ഉച്ചയോടടുത്തിരിക്കുന്നു.രാവിലെ വന്നവര്‍ ഓരോരുത്തരായി പിന്‍വാങ്ങുകയും പകരം പുതിയ ആളുകള്‍ വന്നെത്തുകയും ചെയ്തു.അവരെല്ലാം എന്നോട് അനുകമ്പയുള്ള ഒരു ഭാവം കണ്ണുകളില്‍ നിറച്ച് അഭിപ്രായങ്ങള്‍ പറഞ്ഞു.


-'പുല്ലാഞ്ഞി മൂര്‍ഖന്‍, അത് ഇണചേരുന്ന വിധം, അതിന്റെ വിഷത്തിന്റെ കാഠിന്യം, അത് നേരിടുന്ന പ്രശ്നങ്ങള്‍, വംശനാശം, പരിസ്ഥിതി, മണ്ണൊലിപ്പ്, കടല്‍ ഭിത്തി, കോഴികള്‍, കോഴിക്കാട്ടം, ജൈവവളം, കാര്‍ഷിക സംസ്കൃതി, പോത്തിന്‍ ദ്രാവകം ...!' എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ അവര്‍ കോഴിക്കൂടിനു ചുറ്റും നടന്നു ചര്‍ച്ച ചെയ്തു.


"സഹായിക്കണേ .... " ഞാന്‍ വന്നുകൊണ്ടിരുന്ന സംഘങ്ങളോട് വിലപിച്ചുകൊണ്ടിരുന്നു.


"ആദ്യമഴക്ക് അവ കൂട്ടത്തോടെ പുറത്തിറങ്ങും ". കൊല്ലന്‍ ശങ്കരന്‍ എന്നെ മാറ്റി നിര്‍ത്തി സ്വകാര്യമായി  പറഞ്ഞു. "ഞാനൊരിക്കല്‍ ആദ്യമഴ പെയ്ത ദിവസം പാടിച്ചേരിക്കാവിനപ്പുറത്തുള്ള മലഞ്ചരിവില്‍ വെച്ച് അതു കണ്ടിട്ടുണ്ട് ". അവന്‍ പറഞ്ഞു. "അവ നൂറു കണക്കിനുണ്ടായിരുന്നു. പുതുമഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മണം നുകര്‍ന്ന് ഇണചേരാനുള്ള വര്‍ദ്ധിച്ച കൊതിയോടെ അവ മലഞ്ചരിവിലെ മാളങ്ങളില്‍ നിന്ന് ഇറങ്ങി വന്നു... പിന്നെ ഉടലുകള്‍ തമ്മില്‍  പുളഞ്ഞ്, ചുറ്റിയാടി പുതുമഴത്തുള്ളികളില്‍ നനഞ്ഞു കുതിര്‍ന്ന്...... "


"എന്നാല്‍ എന്നെ ഒന്നു സഹായിച്ചു കൂടെ ?"  ഇത്രയും നേരം സ്വകാര്യം പറഞ്ഞതിന്റെ അടുപ്പം കൊണ്ട്  ഞാനപ്പോള്‍  അവനോട് ചോദിച്ചു.


അതോടെ താനൊരു നാടന്‍ തോക്കിന്റെ പണിപ്പുരയിലാണെന്നു പറഞ്ഞ് അവന്‍ തിരക്കിട്ട് ഓടിപ്പോയി.


"സഹായിക്കണേ..." ഞാന്‍  വീണ്ടും നിലവിളിച്ചുകൊണ്ടിരുന്നു............


സുഹൃത്തുക്കളെ പുല്ലാഞ്ഞി മൂര്‍ഖന്‍ ഇപ്പോഴും കോഴിക്കൂട്ടില്‍ തന്നെ.ഫണം വിരുത്തിയാടി വല്ലാതെ ഭയപ്പെടുത്തിക്കൊണ്ട്.....


ഇപ്പോള്‍ നേരം സന്ധ്യയായിരിക്കുന്നു. ഇനി രാത്രി, ഇരുട്ട് .....?


ഞാനെന്തു ചെയ്യും.. ?


രാമകൃഷ്ണന് ഫോണ്‍ ചെയ്താലോ ....
അടുത്ത വീട്ടിലെ കാരണവരേയോ,
പ്രൊഫസര്‍  കേളു നായനാരേയോ,
കൊല്ലന്‍ ശങ്കരനേയോ വിളിച്ചാലോ.....


ഞാനെന്തു ചെയ്യും ?


അപ്പോഴും പുല്ലാഞ്ഞി മൂര്‍ഖന്‍....!!  



ജീവിതകാമനകളുടെ നാല് അദ്ധ്യായങ്ങള്‍





രാപ്പാടിപ്പക്ഷികള്‍ പിന്നെയും ചില്ലുവാതിലിനപ്പുറം നീലനിലാവിലിരുന്ന് അയാളെ വിളിച്ചു. അപ്പോഴേക്കും ആത്മഹത്യ ചെയ്യുവാനുള്ള ഉറച്ച തീരുമാനം അയാള്‍ എടുത്തുകഴിഞ്ഞിരുന്നു. 


വിഷം മദ്യത്തിലൊഴിച്ച്  സ്പൂണ്‍ കൊണ്ട് മെല്ലെ ഇളക്കിച്ചേര്‍ത്ത് .....,കാമുകി അരുന്ധതിക്കും,   മകള്‍ നിവേദിതക്കും,  സുഹൃത്ത് രാമനാഥനും പ്രത്യേകം പ്രത്യേകം കത്തുകള്‍ എഴുതിവെച്ച്, വീണ്ടും സ്പൂണ്‍  കൊണ്ട് വിഷം മദ്യത്തില്‍ ഇളക്കിച്ചേര്‍ത്ത്. .....


പുറത്തെ നീലനിലാവിലിരുന്ന്  രാപ്പാടികള്‍ അപ്പോഴും അയാള്‍ക്ക് പ്രിയതരങ്ങളായ പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു.  'പ്രണയം  ഹാ  മധുരതരം...! ജീവിതം  ഹാ  അതിലേറെ മധുരതരം..!' എന്നിങ്ങനെ അവ പിന്നെയും പിന്നെയും പാടിക്കൊണ്ടിരുന്നു.


'എന്തൊരു ശല്യമാണിത് '.  അയാള്‍ മനസില്‍ ഓര്‍ത്തു.  പിന്നെ ജാലകം തുറന്ന് അവയോട് മിണ്ടാതിരിക്കുവാന്‍ പറഞ്ഞു


-പുറത്തപ്പോള്‍ വേനല്‍കാലങ്ങളില്‍  അപൂര്‍വമായി മാത്രം പെയ്യാറുള്ള നേര്‍ത്ത മഴ പെയ്യുന്നുണ്ടായിരുന്നു. പുതുമഴയുടേയും, മഴയില്‍ കുതിര്‍ന്ന മണ്ണിന്റേയും, പിന്നെയൊരു നേര്‍ത്ത കാറ്റിന്റേയും സാമീപ്യം അയാളുടെ മുറിയിലേയ്ക്ക് മെല്ലെ വ്യാപിച്ചു.


'ഉന്മാദം തന്നെ....'   അയാള്‍ സ്വയം പറഞ്ഞു


-അതിനുശേഷം വാതിലുകള്‍ തുറന്ന് പുതുമഴയിലേയ്ക്കും,  മഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മണത്തിലേയ്ക്കും,  ഇളം കാറ്റിലേയ്ക്കും,  നിലാവിലേയ്ക്കും,  നിലാവിലലിയുന്ന രാപ്പാടികളുടെ പാട്ടിലേയ്ക്കും നടന്നു നീങ്ങുവാന്‍ തുടങ്ങി.....






കൊടിയ ദുരിതങ്ങളുടെ ഒടുവില്‍ ഏറെ നാളത്തെ ആലോചനകള്‍ക്കും  വിങ്ങിപ്പൊട്ടലുകള്‍ക്കും  ശേഷം  ആത്മഹത്യ  ചെയ്യുവാനുള്ള ഉറച്ച തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു !!.


മഴയും,  ഇടിമിന്നലും,  പേ പിടിച്ച കാറ്റുമുള്ള ഒരു രാത്രിയായിരുന്നു അത്.  സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും അവര്‍ പ്രത്യേകം, പ്രത്യേകം കത്തുകള്‍ തയ്യാറാക്കിവെച്ചു.... വിഷത്തിന്റെ കുപ്പി സീലു പൊട്ടിച്ച് ഒരുക്കിവെച്ചു.


അവരുടെ കുട്ടികള്‍ ഒന്നുമറിയാതെ മഴയുടെ തണുപ്പിലും താളത്തിലും സുഖമായി ഉറങ്ങുകയായിരുന്നു....


"ഇനി കുട്ടികളെ വിളിച്ചുണര്‍ത്താം"  ഇടറുന്ന ശബ്ദത്തോടെ അയാള്‍ പറഞ്ഞു. അപ്പോള്‍ അയാളോര്‍ത്തത് വര്‍ണസ്വപ്നങ്ങളും കളിപ്പാട്ടങ്ങളും നിറഞ്ഞ അയാളുടെ കുട്ടിക്കാലത്തേക്കുറിച്ചായിരുന്നു.


അവള്‍ ഹൃദയവേദനയോടെ കുട്ടികളെ തട്ടിയുണര്‍ത്തി.


സുഖദമായ സ്വപ്നങ്ങളുടെ തടങ്ങളില്‍ നിന്നും പ്രകടമായ നഷ്ടബോധത്തോടെ അവര്‍ എഴുന്നേറ്റു വന്നു.  പകച്ച കണ്ണുകളോടെ സ്വപ്നം പോലും കാണാനനുവദിക്കാത്ത അച്ഛനമ്മമാരെ നോക്കി.


" ആദ്യം ഞാന്‍, പിന്നെ കുട്ടികള്‍ക്ക് കൊടുത്തശേഷം നീയും"  അയാള്‍ പറഞ്ഞു.
" അതു വേണ്ട ആദ്യം ഞാന്‍, പിന്നെ കുട്ടികള്‍  ഒടുവില്‍ അങ്ങ് " അവള്‍ പറഞ്ഞു
" അതു വേണ്ട. ആദ്യം ഞാന്‍"  അയാള്‍ക്ക് ദേഷ്യം വന്നു
" ആദ്യം ഞാന്‍"  അവള്‍ക്കും ദേഷ്യം വന്നു
"ആദ്യം ഞാന്‍"  അയാള്‍ കോപം കൊണ്ടു വിറച്ചു
" ആദ്യം ഞാന്‍"  അവളും കോപം കൊണ്ട് വിറച്ചു.


അപ്രകാരം കുട്ടികള്‍ ഒന്നുമറിയാതെ പകച്ചു നില്ക്കവെ,  അവര്‍ രണ്ടുപേരും പരസ്പരം വാശിപിടിക്കുവാനും ശണ്ഠകൂടുവാനും തുടങ്ങി.
 - അയാള്‍ അവളുടെ മുഖത്തടിച്ചു.
"നിന്റെ തലയില്‍ ഇടിത്തീ വീഴട്ടെ!!"  അവള്‍ നിലവിളിച്ചു.


അങ്ങിനെയാണ് അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതും,  വിദഗ്ദ്ധന്മാരായ ചില വക്കീലന്മാരുടെ  സഹായത്തോടെ  ഡൈവോഴ്സിനുള്ള കടലാസുകള്‍ തയ്യാറാക്കിയതും.... 


- പ്രശ്നമിപ്പോള്‍ കുടുംബകോടതിയുടെ പരിഗണനയിലാണ്.


- കുട്ടികള്‍ ഹാ ..! സുഖദമായ സ്വപ്നങ്ങളുടെ തടങ്ങളില്‍ നീന്തിത്തുടിച്ചും, മുങ്ങാങ്കുഴിയിട്ടും, ആഴങ്ങളിലേയ്ക്ക് ഊളിയിട്ടിറങ്ങിയും.....




ഐസ്ക്രീം പാര്‍ലറില്‍ നിന്നും ഇണകള്‍ പുറത്തേക്ക് നടന്നു...
കടല്‍ പാലത്തിനു ചുവട്ടില്‍ തിരമാലകള്‍ തെറിപ്പിക്കുന്ന ജലകണങ്ങളുടെ മോഹവശ്യതയില്‍ അവര്‍ നനഞ്ഞു കുതിര്‍ന്നു...
പൂമരത്തണലിലെ ഏകാന്തതയിലിരുന്ന് അശ്ലീലം നിറഞ്ഞ തമാശകള്‍  അടക്കിയ സ്വരത്തില്‍ പറഞ്ഞു.... 


-സുതാര്യമായ നിശാവസ്ത്രത്തില്‍ നീയൊരു മോഹിപ്പിക്കുന്ന വീഞ്ഞാണെന്ന്   അവന്‍
-നിന്റെ നാവു ഞാന്‍ പിഴുതെടുക്കുമെന്ന്   അവള്‍


ശൃംഗാരത്തിന്റെ അടക്കം പറച്ചിലുകള്‍, പൊട്ടിച്ചിരികള്‍, പരിഭവം നടിക്കലുകള്‍.....


നേരം അന്തി മയങ്ങിയപ്പോള്‍ അവര്‍ വര്‍ണ വിളക്കുകളാല്‍ അലങ്കരിച്ച ഒരു സായാഹ്ന റസ്റ്റോറണ്ടിലേയ്ക്ക്....


അരണ്ട വെളിച്ചത്തില്‍ സൌമ്യശീലനായൊരു ഭൃത്യന്‍ നല്കിയ ഉപചാരങ്ങള്‍ക്കപ്പുറവുമിപ്പുറവുമിരുന്ന് അവര്‍ സ്നേഹം പങ്കുവെച്ചു....  പ്രത്യേകം വറുത്തെടുത്ത ഒരു കാട്ടുമൃഗത്തിന്റെ തുടയിറച്ചി കടിച്ചു പറിച്ച്  കാമനകളുടെ ആരണ്യമേടുകളിലേയ്ക്ക് അവര്‍ യാത്ര ചെയ്തു.... നനുത്ത ലഹരി പതയുന്ന ബിയറിന്റെ വിശുദ്ധമായ ഉന്മാദത്തിലൂടെ അവര്‍ ജീവിതാസക്തിയുടെ തുരുത്തിലേയ്ക്ക് തുഴഞ്ഞു നീങ്ങി....


അടുത്ത ദിവസം  "ഹണിമൂണ്‍ കോട്ടേജിലെ ആത്മഹത്യ...,ഹണിമൂണ്‍ കോട്ടേജിലെ ആത്മഹത്യ" എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് സായഹ്നപ്പത്രം  വില്‍ക്കുന്ന  പയ്യന്‍  അവരുടെ മരണം ആഘോഷിക്കുകയുണ്ടായി....








കൂടുതല്‍ പത്രം വിറ്റതിന് പത്രമുതലാളി അധികമായി നല്കിയ പണം കൊണ്ട് അവന്‍ വര്‍ണ ബലൂണുകള്‍ വാങ്ങി. നഗരത്തിന്റെ കിഴക്കേ അതിരിലെ ചേരിപ്രദേശത്തുള്ള തകരഷീറ്റു കൊണ്ടു മറച്ച അവന്റെ വീട്ടില്‍ അന്ന് ജീവിതാഘോഷത്തിന്റെ ആഹ്ലാദാരവങ്ങള്‍   മുഴങ്ങി. ബലൂണുകള്‍ വര്‍ണസ്വപ്നങ്ങള്‍ വാരിവിതറിക്കൊണ്ട്  തകരക്കൂട്ടിനുള്ളില്‍ പാറി നടന്നു.


അനുജത്തിക്ക് കളിപ്പാട്ടം വാങ്ങുവാന്‍ കഴിഞ്ഞതിന്റെ അതിരുകളില്ലാത്ത ആനന്ദത്തിലായിരുന്നു അവന്‍.  കുട്ടിയാവട്ടെ ബലൂണുകളോടൊപ്പം  പാട്ടു പാടിയും അവയോടൊപ്പം നൃത്തം ചവിട്ടിയും ആഹ്ലാദിച്ചുകൊണ്ടിരുന്നു. അപ്പോള്‍  നേര്‍ത്ത മന്ദസ്മിതം പൊഴിച്ചുകൊണ്ട് അവരുടെ അമ്മ അവന്‍ കൊണ്ടുചെന്ന അരി കഴുകി ഭക്ഷണം പാകം ചെയ്യുവാന്‍ തുടങ്ങി..... 


രാത്രിയില്‍ തകരപ്പാളിയിലെ സുഷിരങ്ങളിലൂടെ സുഖമുള്ള തണുത്ത കാറ്റുകള്‍ വന്ന് അവരുടെ ഉറക്കത്തെ തഴുകിക്കൊണ്ടിരുന്നു


അവന്‍ കൂടുതല്‍ പത്രങ്ങള്‍ വില്ക്കുന്നതായും, അവന്റെ അമ്മ കുട്ടികള്‍ക്ക് വയറു നിറയെ ഭക്ഷണം കൊടുക്കുന്നതായും സ്വപ്നം കണ്ടു. അവര്‍ക്കിടയില്‍ തഴപ്പായില്‍ ചുരുണ്ടു കിടന്ന കുട്ടിയുടെ സ്വപ്നങ്ങളിലേയ്ക്ക് ആയിരക്കണക്കിനു വര്‍ണ ബലൂണുകള്‍ പറന്നിറങ്ങി....


അപ്രകാരം സുന്ദരസ്വപ്നങ്ങളുടെ  താഴ്വാരങ്ങളിലൂടെ അവര്‍ അടുത്ത പ്രഭാതത്തിലേക്ക്  യാത്രയായി...


  

ധാര്‍മിക മൂല്യങ്ങളുടെ ഏമാനും പാന്‍പരാഗ് ചവക്കുന്ന തെരുവു വേശ്യകളും




പുതിയ ഏമാന്‍ ചാര്‍ജ് എടുത്തതിനു ശേഷമാണ് ഇത്തരം നീക്കങ്ങള്‍ ശക്തിപ്പെടുത്തിയത്.

ഉച്ചയൂണ് കഴിഞ്ഞ് വിസ്തരിച്ചൊന്ന് മുറുക്കി ഏമാന്‍ ചോദിക്കും
"ന്നാ പോവ്വ്വല്ലേ....?"

എമാന്റെ കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ട് ഞങ്ങളെല്ലാവരും തയ്യാറായിരിക്കും.
കൃഷ്ണന്‍ കുട്ടി ജീപ്പ് സ്റ്റാര്‍ട്ട്  ചെയ്യും.ചവച്ച മുറുക്കാന്‍ ഒന്നു നീട്ടിത്തുപ്പി ഏമാന്‍  മുന്‍സീറ്റില്‍ കയറിയിരിക്കും.ഞാനും ,സുധാകരനും, കുസുമകുമാരിയും പിന്‍സീറ്റില്‍..... പോക്ക് വെറുതെയാവില്ലെന്ന് ഞങ്ങള്‍ക്കറിയാം. എല്ലായിടത്തും ഞങ്ങള്‍ കയറിയിറങ്ങും.

' മിനര്‍വ്വ,  സിറ്റി ലോഡ്ജ്,  ഭാരതീവിലാസം,  സന്തോഷ് ഭവന്‍......'   ഇങ്ങിനെ കേന്ദ്രങ്ങള്‍ പലതാണ്. ‘ടപ്,ടപ്,ടപ്.....'  എന്നിങ്ങനെ  പഴകി ദ്രവിച്ച മരക്കോണികളില്‍  ഒച്ചവെപ്പിച്ചുകൊണ്ട് ഞങ്ങള്‍ കോവണികള്‍ കയറി ഇടുങ്ങിയ വരാന്തയിലൂടെ നീങ്ങും. വാതിലുകളില്‍ ലാത്തികൊണ്ട് അടിക്കും.

അടച്ചിട്ട മുറികള്‍ക്കുള്ളില്‍ ജാനകിയോ, തങ്കമണിയോ, ശാരദയോ, ഭാനുമതിയോ...... അങ്ങിനെ ആരെങ്കിലും പേടിച്ചു വിറക്കുന്ന ഒരു ഇടപാടുകാരനോടൊപ്പം ഉണ്ടാവും....  മുറുക്കാന്‍ നിറച്ച വായ തുറന്ന് ഏമാന്റെ ഒരു പരിഹാസച്ചിരിയാണ് പിന്നെ...

അതിനു ശേഷം ഇടപാടുകാരനെ ഞങ്ങള്‍ക്കിടയില്‍ നിന്നു മാറ്റി നിര്‍ത്തി ഏമാന്‍ സ്വകാര്യമായി  ഉപദേശിക്കും. മിക്കവാറും ഇത്തരം ഇടപാടുകളുടെ അധാര്‍മികതയെക്കുറിച്ചാവും ഉപദേശം. ഇത്തരം പ്രവൃത്തികളില്‍ അടങ്ങിയിരിക്കുന്ന വലിയ തോതിലുള്ള തിന്മയെക്കുറിച്ചും മനുഷ്യന്‍ നന്മ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഏമാന്‍ അവരെ ബോധ്യപ്പെടുത്തും. ഇനി ആവര്‍ത്തിക്കരുത് എന്ന് സ്നേഹപൂര്‍വ്വം  ഉപദേശിച്ച് പോയ്ക്കോളാന്‍  പറയും.  പിന്നെ, അപ്പോഴും പരുങ്ങി നില്ക്കുന്ന ജാനകിയോടും കൌസല്യയോടുമൊക്കെ   "നീയ്യ് പോയ് ജീപ്പിലിരിയെടീ..."   എന്നൊരു ഒച്ച വെക്കലാണ്.

അവരെയും കയറ്റി ഞങ്ങള്‍ അടുത്ത കേന്ദ്രത്തിലേയ്ക്ക് നീങ്ങും.....

തിരിച്ച് താവളത്തിലെത്തുമ്പോഴേക്കും പത്തുപതിനഞ്ചു പേരെങ്കിലും പാന്‍പരാഗും ചവച്ച്  രൂക്ഷഗന്ധം പ്രസരിപ്പിച്ച് പിന്‍സീറ്റില്‍ ഞങ്ങളോടൊപ്പം തിങ്ങിക്കൂടി ഇരിക്കുന്നുണ്ടാവും.

വരാന്തയിലും മുറ്റത്തുമായി ചടഞ്ഞിരുന്ന് നാട്ടുവര്‍ത്തമാനം പറയുന്ന അവരെ ഓരോരുത്തരെയായി ഏമാന്‍  അകത്തേക്കു വിളിപ്പിക്കും.

ഒരേ ചോദ്യങ്ങള്‍  തന്നയാണ് ഏമാന്  എപ്പോഴും ചോദിക്കാനുണ്ടാവുക. ഉത്തരങ്ങള്‍ക്ക്   ചില വ്യത്യാസങ്ങള്‍   ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന്  ജാനകിയുടെ കാര്യം തന്നെ എടുക്കുക - ഇന്നലെ ഉച്ചക്ക്  മിനര്‍വ്വയില്‍  വെച്ച് പിടിച്ചപ്പോള്‍  അവള്‍   'സോജ' യായിരുന്നു. വൈകിട്ട് സന്തോഷ് ഭവനില്‍ വെച്ച്  'റീമ' എന്നാണ് അവള്‍ പേരു പറഞ്ഞത്. മിനിഞ്ഞാന്ന് സിറ്റി ലോഡ്ജില്‍  നിന്നു കൊണ്ടുവന്നപ്പോള്‍ അവള്‍ 'സോണിയ' ആയിരുന്നു.അതുപോലെ 'ട്വിങ്കിള്‍, നമിത, റോസ്ലിന്‍....' എല്ലാം ജാനകി പലപ്പേഴായി പറഞ്ഞ അവളുടെ പേരുകള്‍......

ഏമാന്‍ അതൊന്നും അത്ര കാര്യമാക്കാറില്ല.റിക്കാര്‍ഡില്‍  ചേര്‍ക്കുവാന്‍  ഒരു പേരു വേണം.ഒരു കൈയ്യൊപ്പും കിട്ടണം.,  അത്രതന്നെ...!

"ഇന്നന്താ ജാനക്യേ നെന്റെ പേര്...?"
ഏമാന്‍  മുറുക്കാന്‍ ചവച്ചു കൊണ്ടു ചോദിക്കും
"ഇന്ന് റീത്ത പെരേര എന്ന് എഴുതിക്കോളി സാറെ.." 
ജാനകി പറയും
"നെന്റെ ഒരു പെരേര...." 
വായില്‍ നിറഞ്ഞു കവിയുന്ന മുറുക്കാന്‍ കസേരയുടെ വശത്തുള്ള കോളാമ്പിയിലേയ്ക്ക് തുപ്പി കുലുങ്ങിച്ചിരിച്ചുകൊണ്ട് ഏമാന്‍   ‘Name of the accused‘ എന്നതിനു നേരെ  ‘Reetha Perera‘ എന്ന് എഴുതി വെയ്ക്കും.
“ഇന്ന് ആരാരുന്നെടീ കൂടെ ...?“
 ഏമാന്‍ ശൃംഗാരഭാവത്തില്‍  കണ്ണിറുക്കിക്കൊണ്ട് ചോദിക്കും.
“കൊയിലാണ്ടിക്കാരനൊരു ചെറിയ ചെക്കനായിനും....“
ജാനകി ചെറുചിരിയോടെ പറയും.

അവരെല്ലാം അങ്ങിനെയാണ്.കൂടെയുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍   അറിയാന്‍ മിനക്കെടാറില്ല. ‘സ്റ്റേറ്റുകാരന്‍ ഒരു ചേട്ടനായിന്...’. ‘കുറുക്കന്റെ കണ്ണുള്ള ഒരു പോക്കറ്റടിക്കാരനായിന്...’. ‘വെള്ളപ്പാണ്ട് പിടിച്ച ഒരു അണ്ണാച്ചി ഡ്രൈവറായിന്...’. ’കഥയെഴുതുന്ന ഒരു മേസ്തിരി ആയിന്...’  എന്നിങ്ങനെയാണ് തങ്ങളുടെ  ഇടപാടുകാരെപ്പറ്റി പറയുക.

ഏമാന് അതൊന്നും പ്രശ്നമല്ല.
'ഏമാന്റെ പ്രശ്നം ധാര്‍മികതയാണ്..! മാനവമൂല്യങ്ങളാണ്..!'

“മ്മള് ഈ തൊപ്പിയിട്ടു നടക്കുന്നിടത്തോളം ധാര്‍മികതയ്ക് ഒരു കൊയപ്പവും പറ്റരുത്  ശ്രീധരാ..." ഏമാന്‍ ഇടക്കിടക്ക് എന്നോട് പറയും.എന്നിട്ട് സ്നേഹപൂര്‍വ്വം എനിക്ക് മുറുക്കാന്‍ തരും.ഏമാന്‍ തരുന്ന മുറുക്കാന്റെ സുഖം ഒന്നു വേറെ തന്നെയാണ്.ചുരുട്ടി വെച്ച പുകയില വെറ്റിലയോടൊപ്പം ചവക്കുമ്പോള്‍ ഒരു പ്രത്യേകതരം അനുഭൂതി സിരകളില്‍ പടരും.ധാര്‍മിക മൂല്യങ്ങളെക്കുറിച്ചുള്ള  ഉള്‍വെളിച്ചം  ബോധതലങ്ങളിലാകെ നിറയും.

അപ്പേഴേക്കും ഏമാന്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിരിക്കും.

‘Name of the Companion‘ എന്നതിനുനേരെ ‘Unknown..’ എന്നുകൂടി എഴുതിച്ചേര്‍ത്ത് ഒപ്പും സീലും വെച്ച് ഫയല്‍ ടാഗ് ചെയ്ത് ജാനകിയോട് പോയ്ക്കൊള്ളാന്‍ പറയും.... പിന്നെ നീട്ടി വിളിക്കും.,
 “തങ്കമണ്യേ.......“  
വാതില്ക്കല്‍  തങ്കമണി പ്രത്യക്ഷപ്പെടും.

ഇപ്രകാരം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുമ്പോഴേക്കും നേരം സന്ധ്യയായിരിക്കും.

അതോടെ അടുത്ത നീക്കത്തിനുള്ള സമയമായി.കൃഷ്ണന്‍കുട്ടി ജീപ്പ് സ്റ്റാര്‍ട്ട്  ചെയ്യും.ഞാനും സുധാകരനും കുസുമകുമാരിയും പിന്‍സീറ്റില്‍..... ഏമാന്‍  വെറ്റില മുറുക്കി തമാശകള്‍ പറഞ്ഞ്.....

ഞങ്ങള്‍ നീങ്ങാന്‍ തുടങ്ങും......

കൊലക്കേസിന്റെയും, കളവുകേസിന്റേയും കക്ഷികള്‍ ചിലര്‍ അപ്പോഴും തലയും ചൊറിഞ്ഞ് ബഹുമാനപൂര്‍വ്വം കാത്തു നില്ക്കുന്നുണ്ടാവും."നിങ്ങള് നടന്നോളി ഞാനന്വേഷിച്ചോളാം“എന്നു പറഞ്ഞ് ഏമാന്‍ അവര്‍ ബഹുമാനപൂര്‍വ്വം കൊടുക്കുന്ന ഹരജിക്കടലാസുകള്‍ വാങ്ങി വെയ്ക്കും....! ഏമാന്‍ അതൊന്നും അത്ര കാര്യമാക്കാറില്ല.ഏമാനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം               'ധാര്‍മികതയാണ്..!മാനവമൂല്യങ്ങളാണ്'..! 

“കൊലയും കളവുമൊന്നും അത്ര പ്രശ്നമല്ല. പക്ഷേ ഇത് , ഇതങ്ങിനെയല്ല, ധാര്‍മികതയുടെ പ്രശ്നമാണ്. നമ്മളൊക്കെ ഈ തൊപ്പി ഇട്ടു നടക്കുന്നേടത്തോളം അതിന് ഒരു കൊയപ്പവും വരരുത്. .... അത് നമ്മളു നോക്കണം.... " ഏമാന്‍ മുന്‍സീറ്റിലിരുന്ന് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ഞങ്ങളെ സ്നേഹപൂര്‍വ്വം ഉപദേശിക്കും. 

അതാണ് ഏമാന്‍ ..!!.  മുമ്പുണ്ടായിരുന്ന ഏമാന്മാരില്‍ നിന്നു വ്യത്യസ്തമായി സ്നേഹപൂര്‍വമുള്ള ഇടപെടലുകളാണ് ഏമാന്റേത്. അതുകൊണ്ടാവണം ഞങ്ങളും അദ്ദേഹത്തെ സ്നേഹിക്കാന്‍  തുടങ്ങിയിരിക്കുന്നു. ധാര്‍മികതയുടെ സംരക്ഷണം ഞങ്ങളുടേയും പ്രധാന ആവശ്യമാക്കി മാറ്റിയിരിക്കുന്നു.

അതുകൊണ്ടാണല്ലോ രാവെന്നോ പകലെന്നോ നോക്കാതെ, വെയിലെന്നോ മഴയെന്നോ നോക്കാതെ  സദാസമയവും ഏമാന്റെ കൂടെ ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്......

വീട്ടില്‍ അവളും കുട്ടികളും തനിച്ചാണ്...  'ഇളയകുട്ടിക്ക് പനി കലശലായിരിക്കുന്നു'  എന്നു പറഞ്ഞുകൊണ്ട് ഇന്നലെ അവള്‍ വിളിച്ചിരുന്നു...  'ശ്രീധരാ നീയൊന്ന് ഇത്രടം വരെ വാ'  എന്നു പറഞ്ഞു കൊണ്ട് തറവാട്ടില്‍ നിന്ന് അമ്മ ആളയച്ചിരുന്നു - ഇളയ കുട്ടിയെ ഡോക്ടറെ കാണിക്കേണ്ടതുണ്ട്. അമ്മക്ക്  മരുന്നു വാങ്ങേണ്ടതുണ്ട്......  ഒന്നിനും നേരമില്ല. ഏമാന്റെ കൂടെ നീങ്ങണം.അതാണ് പ്രധാനം. 

‘ഞങ്ങള്‍ നീങ്ങുകയാണ്.....‘

ബീച്ച് റോഡിലെ അരണ്ട വെളിച്ചമുള്ള ഇടുങ്ങിയ തെരുവിന്റെ അങ്ങേ അറ്റത്തുള്ള സിന്തൂരി ലോഡ്ജ് ലക്ഷ്യമാക്കി കൃഷ്ണന്‍ കുട്ടി  ജീപ്പ് ഓടിക്കുകയാണ്........

ഒരു പ്രണയകഥ കൂടി.......



'പ്രണയതീരത്തേക്ക് ഇതാ മൈനകള്‍'


കടല്‍ത്തീരം.....
സായന്തനം.....                                                                               
പോക്കുവെയിലിന്റെ സാന്ദ്രമൌനം.,
തണുത്ത കടല്‍ക്കാറ്റ്.
തിരകള്‍ പ്രണയഗാനങ്ങള്‍ പാടുന്നു......

അവര്‍ കാറ്റാടിമരത്തണലില്‍ പ്രണയപൂര്‍വ്വം.......

"നിനക്ക് ഞാനൊരു കടല്‍ തരാം...."
അവന്‍ അവളുടെ ചെവിയില്‍ മന്ത്രിച്ചു.
"കടൽപ്പക്ഷികളെ തരാം.,
അലയൊടുങ്ങാത്ത തീരങ്ങളേയും,
നുരകളില്‍ ഊളിയിടുന്ന സ്വര്‍ണമീനുകളേയും തരാം...."

അവള്‍ അവന്റെ മാറില്‍ തലചായ്ച് പതുക്കെ പറഞ്ഞു.,
"നമുക്ക്  കടലിന്റെ അടിത്തട്ടിലേയ്ക്ക് ഊളിയിട്ടുപോവാം....
മത്സ്യകന്യകളുടെ നാട്ടിലെ വര്‍ണവിസ്മയങ്ങള്‍ കാണാം,
ആകാശത്തിന്റെ ചരിവില്‍ അതാ നിഴല്‍ പോലെ പായക്കപ്പലുകള്‍..!
അവയിലൊന്നില്‍ പ്രിയനേ നമുക്കും......"

അവര്‍ ഇപ്രകാരം പ്രണയം പങ്കുവെച്ചുകൊണ്ടിരുന്നപ്പോള്‍ അസ്തമയമാവുകയും കാഴ്ചകളെല്ലാം മങ്ങിപ്പോവുകയും ചെയ്തു.


അപ്പോള്‍ .......,


പകല്‍സഞ്ചാരികളായ ഏതാനും മൈനകള്‍  അവരിരുന്ന കാറ്റാടി മരത്തിനു മുകളില്‍ ചേക്കേറി.,

"ഇവര്‍ക്കിനിയും തിരിച്ചു പോവാനായില്ലേ..?!"
മൈനകളുടെ നേതാവ് മറ്റുള്ളവരോട് പറഞ്ഞു.
"നമുക്ക് കലപിലകൂട്ടി അവര്‍ക്കു ചുറ്റും പറന്നിറങ്ങാം.. അവരുടെ ഒടുങ്ങാത്ത പ്രണയത്തിനു മുകളില്‍  കാഷ്ഠമിടാം ......" കൂട്ടത്തിലെ യുവാവ് പറഞ്ഞു

ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ചെറുപ്പക്കാരായ മൈനകള്‍ അവര്‍ക്കു  ചുറ്റും പാറി നടന്ന് ശല്യമുണ്ടാക്കുവാന്‍ തുടങ്ങി. ദുര്‍ബലരും കുട്ടികളുമടങ്ങുന്ന മറ്റൊരു സംഘമാവട്ടെ മരച്ചില്ലയിലിരുന്ന് അവരുടെ പ്രണയത്തിലേയ്ക്ക്  തുരു തുരെ കാഷ്ഠിച്ചുകൊണ്ടിരുന്നു.


നോക്കുക.....,


'പറവകള്‍ വിതക്കുകയും കൊയ്യുകയും ചെയ്യുന്നില്ല... അളന്നളന്ന് കൂട്ടുന്നില്ല'. എന്നാണല്ലോ ധര്‍മശാസ്ത്രങ്ങളിലെല്ലാം അവയെ വാഴ്ത്തുന്നത്., നിസ്വാര്‍ത്ഥരും നന്മകള്‍   വാരി വിതറുന്നവരുമായ പാവം ജിവികളായാണ് അവ എക്കാലവും പരിഗണിക്കപ്പെട്ടു പോന്നിട്ടുള്ളത്... എന്നാല്‍ ഇവിടെ അവ ഹൃദയ വിശുദ്ധിയുടേയും നന്മയുടേയും സ്നേഹത്തിന്റേയും മുകളില്‍  നാറുന്ന കാഷ്ഠമിടുകയാണ്., പ്രണയജ്വാലകള്‍  ഊതിക്കെടുത്തുകയാണ്.


ഞാന്‍ പറയാം.....,                         


പക്ഷികളുടെ ശല്യം കാരണം,ഇനി പ്രണയിക്കുക എന്നത് അസാദ്ധ്യമാണെന്ന്  നടുക്കത്തോടെ അവര്‍  തിരിച്ചറിഞ്ഞു


"നമ്മുടെ പ്രണയം ഹാ ഇവിടെ ഒടുങ്ങുകയാണോ... " അവള്‍ തേങ്ങിക്കരഞ്ഞു
"ഓമനേ ഇനി പ്രണയിക്കുക എന്നത് അസാദ്ധ്യമായിരിക്കുന്നു..." അവന്‍ അവളെ ചേര്‍ത്തു   പിടിച്ചുകൊണ്ട് വിലപിക്കുവാന്‍ തുടങ്ങി.
അല്പം മുമ്പ് തീവ്രമായ അനുരാഗത്തിന്റെ ഉന്മാദതരംഗങ്ങള്‍ പ്രസരിച്ചിരുന്ന കാറ്റാടി മരച്ചുവട്ടില്‍ നിന്നും ഇപ്പോള്‍ പ്രസരിക്കുന്നത് കടുത്ത പ്രണയ നൈരാശ്യത്തിന്റെ വിഷാദതരംഗങ്ങളാണ്....


 ' വീഞ്ഞുപാത്രം'


എല്ലാ പ്രണയ കഥകളേയും പോലെ ഇവിടെയും കമിതാക്കള്‍ ആത്മഹത്യയുടെ ഇരുണ്ട ഗുഹയിലേയ്ക് ഓടി ഒളിക്കുകയാണ്.,


പ്രണയവേളയില്‍ ആഹ്ലാദപൂര്‍വ്വം അൽപ്പാൽപ്പമായി കുടിച്ചുകൊണ്ടിരുന്ന വീഞ്ഞിലേയ്ക്ക് വിറക്കുന്ന കൈകളോടെ അവന്‍ വിഷം ഒഴിച്ചു ചേര്‍ത്തു....


മൈനകള്‍ അപ്പോഴും....


അവര്‍ തേങ്ങിക്കരഞ്ഞുകൊണ്ട് പരസ്പരം വീഞ്ഞ് ഊട്ടുകയും,കടുത്ത ഹൃദയവ്യഥയോടെ മരണത്തിന്റെ തണുത്തിരുണ്ട ഗുഹയിലേയ്ക്ക് നിശബ്ദം യാത്രയാവുകയും ചെയ്തു.


അവര്‍ ചലനമറ്റു തണുത്തുറഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷം മൈനകള്‍ ശാന്തമായി മരച്ചില്ലകളിലേയ്ക്ക് തിരിച്ചുപോയി.അവിടെയിരുന്ന് പാവം പറവകള്‍ക്ക് ഇണങ്ങുന്ന വിധം കൊക്കുരുമ്മുകയും നിഷ്കളങ്കമായി ചിലക്കുകയും ചെയ്തു.....


തണുത്തുറഞ്ഞ അവരുടെ ഉടലുകള്‍ക്കിടയില്‍ വീഞ്ഞുപാത്രം മരവിച്ചുകിടന്നു...


' വൈദ്യുതി ശ്മശാനവും മുക്കുവന്മാരും'


സിദ്ധാര്‍ത്ഥനും, നന്ദയും വിളിക്കുമ്പോള്‍ പാതിരാവും കഴിഞ്ഞിരുന്നു.
"നമ്മുടെ ശ്രീവത്സനും സുകന്യയും..., കടല്‍ത്തീരത്ത് ..., വിഷം കഴിച്ച്...."
അവര്‍ പറഞ്ഞു.


ഞാന്‍ ശ്മശാനത്തിലെത്തുമ്പോഴേക്ക് സുരേന്ദ്രനും,മനോജും,ഊര്‍മിളയും അഷ്റഫും എല്ലാം എത്തിക്കഴിഞ്ഞിരുന്നു.ഞങ്ങളുടെ സൌഹൃദ സംഘത്തിലെ പ്രണയ ജോടികളായിരുന്നുവല്ലോ ഉറച്ച ശരീരപേശികളുള്ള സൌമ്യനായ ശ്രീവത്സനും നീലക്കണ്ണുകളുള്ള സുന്ദരിയായ സുകന്യയും.


"അഞ്ചുമിനുട്ട്, വെറും അഞ്ചു മിനുട്ട്..."  കറുത്ത് കുള്ളനായ ശ്മശാന കാവല്ക്കാരന്‍ വല്ലാത്തൊരു നിസംഗ ഭാവത്തില്‍ പറഞ്ഞു.  വാറ്റുചാരായത്തിന്റെ  ലഹരിയില്‍ വേച്ചുപോവുന്ന കാലുകളും,വിറയ്ക്കന്ന കൈകളും,ഇളകിയാടുന്ന തലയും ഉടലുമായി അയാള്‍ ശ്രീവത്സന്റെയും സുകന്യയുടേയും മരവിച്ച ശരീരങ്ങള്‍ വഹിക്കുന്ന ട്രോളിയുമുന്തി ക്രിമറ്റോറിയത്തിന്റെ ഉള്ളറയിലേയ്ക്ക് കയറിപ്പോയി.... അല്പസമയം കഴിഞ്ഞ്  ഒരു കലം നിറയെ ചാരവുമായി തിരിച്ചുവന്നു.... 


ചാരായവും കാശും കിട്ടിയപ്പോള്‍ പുലര്‍ച്ചയ്ക്ക് മീന്‍ പിടിയ്ക്കുവാന്‍ പോവുന്ന മുക്കുവന്മാര്‍ സമ്മതിച്ചു.ഞങ്ങള്‍ കൊടുത്ത കലം കൂടി തോണിയില്‍ കയറ്റിവെച്ചശേഷം അവര്‍ നേര്‍ത്ത  ഇരുളില്‍  തിളങ്ങുന്ന മൃദുവായ കടല്‍ത്തിരകളിലൂടെ മറ്റു മീന്‍പിടുത്ത സംഘങ്ങളോടൊപ്പം പടിഞ്ഞാറോട്ട് തുഴഞ്ഞു പോയി......


 ' കണ്ണുകള്‍ '


കടലിപ്പോള്‍ ശാന്തമാണ്.
സൂര്യന്‍ ഉദിച്ചിരുന്നില്ല.
പറവകള്‍ ഉണര്‍ന്നിരുന്നില്ല...
തണുത്ത കാറ്റ് അപ്പോഴും....
സൌമ്യമായ തിരകള്‍  അപ്പോഴും....


നന്ദയാണ് ആദ്യം കരഞ്ഞത്.അവളെ ആശ്വസിപ്പിക്കുന്നതിനിടയില്‍  ഊര്‍മിളയും കരഞ്ഞുപോയി.വിതുമ്പിക്കൊണ്ട് വല്ലാത്ത വ്യഥയോടെ ഞങ്ങള്‍  കടല്‍ത്തീരത്തെ കാറ്റാടി മരത്തണലില്‍ ചെന്നിരുന്നു. ശ്രീവത്സന്റെയും സുകന്യയുടേയും ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും സംസാരിച്ചു. പ്രണയത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും അര്‍ത്ഥരാഹിത്യത്തെക്കുറിച്ചും അവിടമാകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഉച്ചത്തില്‍ തര്‍ക്കങ്ങള്‍ കൂടുവാന്‍ തുടങ്ങി......


അപ്പോള്‍


മരച്ചില്ലകളിലിരുന്ന്  മൈനകള്‍ ഞങ്ങളെത്തന്നെ ഉറ്റുനോക്കുകയായിരുന്നു. 
പുലരിമഞ്ഞില്‍ അവയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു........