വാസ്തുവഴികളിൽ ഒരു കള്ളൻ


 അടുക്കളഭാഗത്തുള്ള  ജനല്‍ പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. അടുക്കളയില്‍   നിന്ന് ഇടനാഴിയിലേക്കുള്ള വാതിൽ ഒച്ചയുണ്ടാക്കാതെ തള്ളിത്തുറന്ന് കള്ളന്‍  ഇടനാഴിയിലെ ഇരുളിലേക്ക് പ്രവേശിച്ചു.....

- അമാനുഷികശേഷികളുള്ള  ഒരു കള്ളനായിരുന്നു അയാൾ.

ഏത് കൊടിയ  ഇരുട്ടിനെയും  വകഞ്ഞുമുന്നേറാനാവുന്ന കണ്ണുകളായിരുന്നു അയാളുടേത്.  ഏതൊരു നേര്‍ത്ത ശബ്ദവീചിയേയും   അയാളുടെ  കര്‍ണപുടങ്ങള്‍ക്ക് തിരിച്ചറിയാനാവുമായിരുന്നു.   സൗമ്യവും, ശാന്തവുമായിരുന്നു അയാളുടെ  മുഖഭാവം. ചുമരുകൾ തുരന്നും, ജനൽക്കമ്പികൾ വളച്ചും., അകത്തളങ്ങളിലെ ഇരുണ്ട അനിശ്ചിതത്വങ്ങളിലേക്ക് നൂണ്ടിറങ്ങുമ്പോഴും ആത്മവിശ്വാസം സൗമ്യമായ ഒരു പുഞ്ചിരിയായി അയാളുടെ മുഖത്ത് തെളിഞ്ഞുനിന്നു.

കാവല്‍നായ്ക്കള്‍  അയാളില്‍നിന്നു  പ്രസരിച്ചിരുന്ന പ്രത്യേകതരം  ഗന്ധത്തില്‍  വിനീതവിധേയരായി.   അയാളുടെ  സ്പര്‍ശനത്തില്‍  ഇരുമ്പഴികളും, സ്റ്റീൽ അൽമാരകളും  ലോഹപാളികള്‍ക്ക് സഹജമായ  പ്രകമ്പനങ്ങള്‍  പുറപ്പെടുവിച്ചില്ല....

-  ഉറങ്ങുന്നവരുടെ.,  നിദ്രയുടെ ആഴമളക്കാനും,  അവരുടെ സ്വപ്നസഞ്ചാരത്തിന്റെ  പാതകള്‍  തിരിച്ചറിയാനും  അയാള്‍ക്ക് കഴിയുമായിരുന്നു.

- സ്വപ്നവും, യാഥാർത്ഥ്യവും തമ്മിലുള്ള  അന്തരം  കൃത്യമായി കണക്കുകൂട്ടി  ഒരോ  സ്വപ്നസഞ്ചാരിയുടേയും  ദിശാപരിക്രമണങ്ങൾ  അകക്കണ്ണിൽ  കാണാനുള്ള ത്രികാലജ്ഞാനവും  ആ  കള്ളനുണ്ടായിരുന്നു.

ഒരിളംകാറ്റുപോലെ  മുറികളില്‍  പ്രവേശിച്ച്  ആരുമറിയാതെ കളവുമുതലുമായി പുറത്തുകടക്കാൻ അയാൾ വിദഗ്ദനായിരുന്നു.

- കള്ളന്‍  മുറികളില്‍  നിന്ന്  മുറികളിലേക്ക്  നീങ്ങാന്‍  തുടങ്ങി....

ഒന്നാമത്തെ  മുറിയില്‍   'ചെറിയ  പെണ്‍കുട്ടി'   ഉറങ്ങുകയായിരുന്നു. അവളുടെ  സ്വപ്നത്തില്‍  'ഛോട്ടാഭീം'  എന്ന കാര്‍ട്ടൂണ്‍ കഥാപാത്രവും  അതിലെ  കുട്ടികളും നിറഞ്ഞു നിന്നു. 'കാലിയ' എന്ന ഭീകരന്റെ  തടവറയിൽ  നിന്നും,  'ഇന്ദുവതി'യെന്ന  രാജകുമാരിയെ രക്ഷിക്കാനായി 'ധോലക് പൂരിലെ' മലഞ്ചരിവിലൂടെ ആവേശപൂര്‍വ്വം നടന്നു പോവുന്ന അവളുടെ  സ്വപ്നസഞ്ചാരങ്ങള്‍  കണ്ട്  കള്ളന്  ഉള്ളില്‍  ചിരിവന്നു.....

- അൽപ്പനാളുകൾ  കഴിയുമ്പോൾ  കളിക്കോപ്പുകളും   വർണസ്വപ്നങ്ങളുമില്ലാതെ  അനാഥാലയത്തിന്റെ  നീണ്ട വരാന്തയുടെ അറ്റത്ത് വിഷാദപൂർവ്വം തലകുമ്പിട്ടിരിക്കുന്ന ആ കുട്ടിയുടെ  രൂപം  അപ്പോൾ  കള്ളന്റെ അകക്കണ്ണിൽ തെളിഞ്ഞു. ജുവനൈൽ ഹോമുകളിലെ  വിങ്ങുന്ന ഏകാന്തതയിൽ അവൾ കൗമാരം പിന്നിടുന്നതും, വിഷാദക്കുരുക്കിൽ  തൂങ്ങിയാടി ജീവിതം അവസാനിപ്പിക്കുന്നതും ഉൾക്കാഴ്ചകളായി കള്ളൻ അറിഞ്ഞു....- ദുരിതക്കയത്തിലേക്ക് ഒഴുകിപ്പോവുന്ന ഒരു ജീവിതത്തിന്റെ  അൽപ്പമാത്രയായ സൗഭാഗ്യങ്ങളിൽ നിന്ന്  ഒന്നും അപഹരിക്കാതിരുന്നാലോ  എന്ന് ഒരുനിമിഷം ചിന്തിച്ചെങ്കിലും.,  അതീവ ബുദ്ധിമാനായ ആ കള്ളന്‍ തന്നെപ്പോലുള്ളവര്‍ക്ക്  അത്തരം നിര്‍മലമായ ഹൃദയഭാവങ്ങള്‍ ഒരിക്കലും വന്നുകൂടാത്തതാണെന്ന് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞ് അതൊന്നും കാര്യമാക്കാതെ മുറിയില്‍  ചിതറിക്കിടന്ന കളിക്കോപ്പുകള്‍ക്കിടയില്‍ പരതാന്‍ തുടങ്ങി....

നാണയങ്ങള്‍ ഇട്ടുവെക്കുന്ന വെളുത്ത മുയലിന്റെ ആകൃതിയിലുള്ള  പെട്ടിയും, നൃത്തം വെക്കുന്ന  നാടോടിപ്പെണ്ണും, കറങ്ങിയോടുന്ന തീവണ്ടിയും  ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ട് കുട്ടിയുടെ  സ്വപ്നസഞ്ചാരങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി കണ്ണെറിഞ്ഞ്., ചെറുപുഞ്ചിരിയോടെ  കള്ളന്‍  മുറിവിട്ടു പോയി.

രണ്ടാമത്തെ  മുറിയില്‍  'കുട്ടിയുടെ അച്ഛനും,അമ്മയും' ഇണചേരുകയായിരുന്നു.  തുടുത്ത മാംസപേശികളുള്ള  കൂട്ടുകാരനെ  മനസ്സിൽ ധ്യാനിച്ച്  അവളും, അതിശയകരമായ  അംഗലാവണ്യമുള്ള  കൂട്ടുകാരിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അയാളും തികച്ചും കപടമായ പ്രണയനാട്യങ്ങളോടെ ഇണചേരുമ്പോള്‍   അപഥസഞ്ചാരങ്ങളുടെ  ആവേഗങ്ങള്‍ കണ്ട് കള്ളന്‍   ഊറിച്ചിരിച്ചുപോയി.....

- അൽപ്പനാളുകൾക്കുശേഷം  അതേ  കിടപ്പറയിൽ  വെച്ച്  അവളേയും, ജാരനേയും  അയാൾ  വെട്ടിനുറുക്കുന്നതും,  തുടർന്ന് കൊടിയ  ഉന്മാദത്തിന്റെ  അശാന്തിയിൽ  അയാൾ  ഓടി അകലുന്നതും, തെരുവോരത്ത് അനാഥശവമായി അയാൾ അവസാനിക്കുന്നതും., കള്ളന്റെ അകക്കണ്ണിൽ തെളിഞ്ഞുവന്നു.... - തകർന്നടിയാൻ പോവുന്ന ജീവിതങ്ങളുടെ പുറംതോടിലെ  നിറക്കൂട്ടുകളിൽ  നിന്ന് ഒന്നും  അപഹരിക്കാതിരുന്നാലോ എന്ന്  ഒരുനിമിഷം  ചിന്തിച്ചെങ്കിലും.,  ബുദ്ധിമാനായ ആ കള്ളന്‍ തന്നെപ്പോലുള്ളവര്‍ക്ക് ഇത്തരം വൈകാരിക വിഷയങ്ങളുടെ കൗതുകങ്ങള്‍  ഒരിക്കലും  വന്നുകൂടാത്തതാണെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞ്  അതൊന്നും കാര്യമാക്കാതെ  മുറിയില്‍  പരതാന്‍  തുടങ്ങി....

നിലത്തേക്ക്  ഊര്‍ന്നുവീണ  അവളുടെ ലോലമായ   നിശാവസ്ത്രവും,  കാമോദ്ദീപകങ്ങളായ  ചില  അടിവസ്ത്രങ്ങളും, ഊരിവെച്ച  ആഭരണങ്ങളും, പണം സൂക്ഷിച്ചിരുന്ന ചെറിയ ബാഗും  പെറുക്കിയെടുത്ത്  ഭാണ്ഡത്തിലിട്ട്, സര്‍പ്പങ്ങളെപ്പോലെ  പുളഞ്ഞുകൊണ്ടിരുന്ന  ഇണകളുടെ കപടനാട്യങ്ങളിലേക്ക്  ഒരിക്കല്‍ക്കൂടി  കണ്ണെറിഞ്ഞ്., ചെറുപുഞ്ചിരിയോടെ  കള്ളന്‍  മുറിവിട്ടു  പുറത്തിറങ്ങി...

മൂന്നാമത്തെ  മുറിയിൽ  'കുട്ടിയുടെ  മുത്തച്ഛൻ'  ഉറങ്ങിയിരുന്നില്ല.  ആസന്നമായ  മരണചിന്തയില്‍  ഭയചകിതനായും ,  അടുത്ത  മുറിയില്‍  നിന്നുയരുന്ന  രതിസീല്‍ക്കാരങ്ങള്‍  കേട്ട് വല്ലാതെ അസ്വസ്ഥനായി മുരണ്ടുകൊണ്ടും അയാൾ തന്റെ  വൃത്തിഹീനമായ  കിടക്കയിൽ  തളർന്നു  കിടന്നു.  ഒരിക്കലും തിരിച്ചുവരാത്ത കാമനകളുടെ  ആഘോഷനാളുകളെക്കുറിച്ചുള്ള  നഷ്ടബോധത്തോടെ  ഉറങ്ങാനാവാതെ  കിടക്കയില്‍ ചുരുണ്ടുകിടന്ന  മെലിഞ്ഞുണങ്ങിയ  വൃദ്ധനെ  കണ്ടപ്പോള്‍ അതുവരെ നിശ്ശബ്ദനായിരുന്ന കള്ളന്‍  അറിയാതെ  ചിരിച്ചു പോയി...

"മരണമാണോ … " - വൃദ്ധന്‍  ചോദിച്ചു

"അല്ല  ഞാനൊരു  കള്ളനാണ്.." -  കള്ളന്‍ പറഞ്ഞു

"ഓഹോ..., ഒടുവില്‍ നീ വന്നു അല്ലെ.."  വൃദ്ധന്‍ അപ്പോൾ  പറഞ്ഞു. "രാത്രികളില്‍ ഭയത്തിന്റ ഇരുണ്ട ആള്‍രൂപമായി  മുറിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന  നിന്നെക്കുറിച്ച്  ഒരുപാട്  കേട്ടിട്ടുണ്ട്. യുവാവായിരുന്ന  കാലത്ത്   നീ  വന്നണയുവാന്‍  ഞാനെത്ര  കൊതിച്ചിട്ടുണ്ടെന്നോ....  ഒരു മല്‍പ്പിടുത്തത്തിലൂടെ നിന്നെ കീഴടക്കി  കൂടെ ഉറങ്ങിയിരുന്ന കൂട്ടുകാരികൾക്കു മുന്നിൽ കരുത്തും, ധീരതയും തെളിയിക്കണമെന്നത്  അന്നൊക്കെ എന്റെ വലിയ മോഹമായിരുന്നു.  പിന്നീടെപ്പോഴോ അവരൊക്കെ പിരിഞ്ഞുപോയി... അസഹ്യമായ ഏകാന്തതയുടെ തടവറയിൽ ഞാനിതാ നിസ്സഹായനായി തളർന്നു വീണിരിക്കുന്നു. ഇപ്പോൾ ഒട്ടും ആവശ്യമില്ലാതിരുന്ന ഈ വേളയിൽ നീ വരേണ്ടിയിരുന്നില്ല....."

"ഉറക്കറയിലേക്ക് പതുങ്ങിയെത്തുന്ന ഒരു കള്ളനും, അപ്രതീക്ഷിതമായി  വന്നെത്തുന്ന  മരണവും  ജീവിതചക്രത്തിലെ അനിവാര്യതകളാണ്... " കള്ളൻ  പറഞ്ഞു.

 "പക്ഷേ  ഇപ്പോള്‍  നിന്നോടൊരു  മല്‍പ്പിടുത്തത്തിന്  എനിക്ക് ആവാതെ പോയല്ലോ...."   ഊർജ്ജപ്രവാഹങ്ങളുടെ നല്ല നാളുകൾ ഓർത്തപ്പോൾ വൃദ്ധന് കണ്ഠമിടറി....

- ജീവിതസായാഹ്നം നൽകിയ നഷ്ടബോധത്തിൽ വെന്തുനീറുന്ന ആ മനസ്സിനെ കുറച്ചുനേരം ആശ്വസിപ്പിച്ചാലെന്താണെന്ന് ആലോചിച്ചെങ്കിലും., അത്തരം അപക്വവും, അർത്ഥരഹിതവുമായ  ജീവിതഭാഷണങ്ങൾ തന്നെപ്പോലുള്ളവർ  ഒരിക്കലും ചെയ്തുകൂടാത്തതാണെന്ന് തിരിച്ചറിഞ്ഞ  കള്ളന്‍ അതൊന്നും കാര്യമാക്കാതെ  മുറിക്കുള്ളില്‍  പരതാൻ തുടങ്ങി....

പുരാതനമായൊരു  വൃത്തികെട്ടഗന്ധം മുറിയില്‍ തളം കെട്ടി നിന്നിരുന്നു. വൃദ്ധൻ ഉപയോഗിച്ചിരുന്ന എണ്ണയുടെയും, മരുന്നുകളുടേയും അറപ്പുളവാക്കുന്ന  കൊഴുപ്പും,ഈർപ്പവും അവിടെയാകെ പടർന്നു കിടന്നു.  ഒരു ജീവിതകാലം മുഴുവൻ ചെയ്തുകൂട്ടുന്ന ഹീനകൃത്യങ്ങളുടെ  കെട്ടുനാറുന്ന  ഗന്ധങ്ങൾ വൃദ്ധരുടെ  മുറികളിൽ  പതിവുള്ളതായതുകൊണ്ട്., കള്ളനെ അത്തരം കാര്യങ്ങൾ ഒട്ടും അലോസരപ്പെടുത്തിയില്ല.....

മൂലയിലുണ്ടായിരുന്ന പഴയൊരു  തകരപ്പെട്ടി കള്ളൻ പതിയെ തുറന്നു.  അതിൽ നിറയെ വൃദ്ധൻ ഉപയോഗിച്ചിരുന്ന വസ്തുക്കളായിരുന്നു.... പഴമയുടെ ഗന്ധം നുകർന്ന് അവക്കിടയിൽ സുഖവാസം നടത്തിയിരുന്ന കൂറകൾ അപ്പോൾ ഭയപ്പെട്ട് ലക്ഷ്യമില്ലാതെ പുറത്തേക്ക് ചാടി. ദീർഘകാലമായുള്ള അഭയകേന്ദ്രം വിട്ട്., അവ മുറിയിലെ ഈർപ്പത്തിലൂടെ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി.... തങ്ങൾക്കു പരിചിതമായ ഗന്ധത്തിന്റെ ഉറവിടമന്വേഷിച്ച്., അവ വൃദ്ധന്റെ കിടക്കയിലേക്ക് പാഞ്ഞുചെന്നു.... വൃദ്ധശരീരത്തിന്റെ മടക്കുകളിൽ അഭയംതേടി അവ പതുങ്ങിയിരുന്നു.......

പെട്ടിയിൽ നിന്നും കള്ളൻ പലതും പെറുക്കിയെടുക്കുവാൻ തുടങ്ങി......

വൃദ്ധൻ ചെറുപ്പകാലത്ത് ഉപയോഗിച്ചിരുന്ന  തുരുമ്പു പിടിച്ച ഒരു തോക്കാണ് ആദ്യം കിട്ടിയത്.  പിന്നെ  അയാൾ പ്രാപിച്ച വേശ്യകളുടെ ചിത്രങ്ങൾ ഒട്ടിച്ചുവെച്ച പഴയ ഒരു ആൽബവും കൈയ്യിൽ തടഞ്ഞു.

തുരുമ്പെടുത്ത   തോക്കും, വേശ്യകളുടെ ചിത്രമുള്ള ആൽബവും കള്ളൻ ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ടു.....

"ദയവായി  അവ തിരികെ വെക്കുക. എന്റെ ക്ലാവുപിടിച്ച  ജീവിതമാണത്. അവയുടെ സാമീപ്യമെങ്കിലും എനിക്കു സമാധാനം തരട്ടെ ... " വൃദ്ധൻ ചുരുണ്ടു കിടന്നു ചുമക്കുന്നതിനിടയിൽ ആവുന്നത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

കള്ളൻ പെറുക്കിയെടുത്ത ഓരോ വസ്തുക്കളുടെ അടിയിൽ നിന്നും  കൂറകൾ പുറത്തേക്കു ചാടി. മുറിയിൽ പരക്കംപാഞ്ഞശേഷം അവ ലക്ഷ്യം തെറ്റാതെ വൃദ്ധശരീരത്തിൽ കടിച്ചുതൂങ്ങി....

ശരീരമാസകലം കരളാൻ തുടങ്ങിയ കൂറകളെ കുടഞ്ഞെറിഞ്ഞ് സ്വസ്ഥമാവാൻ കൊതിച്ചെങ്കിലും ഒന്നും ചെയ്യാനാവാതെ വൃദ്ധൻ തളർന്നു കിടന്നു......

തൃഷ്ണകളുടെ പൂർവ്വകാലം വിളിച്ചു പറയുന്ന പലതരം വസ്തുക്കൾ കള്ളൻ പെട്ടിയിൽ നിന്ന് പെറുക്കിയെടുത്തു.

- രതിക്രിയകളുടെ വിവരണങ്ങളുള്ള പൊടിഞ്ഞു തുടങ്ങിയ ചില അശ്ലീലപുസ്തകങ്ങൾ
- പഴയകാലത്തെ ചില  ഗർഭനിരോധന  ഉറകൾ
- ചില്ലുകൾ പൊട്ടിയടർന്ന  ഒരു  ദൂരദർശിനി

ചെറുചിരിയോടെ അവയെല്ലാം കള്ളൻ ഭാണ്ഡത്തിലേക്ക് നിക്ഷേപിച്ചു.

വൃദ്ധരുടെ മുറിയിലെ കൗതുകങ്ങൾ  കള്ളന് ഏറെ ഇഷ്ടമാണ്.  അവർ സൂക്ഷിക്കുന്ന പെട്ടികളിൽ നിന്നു ലഭിക്കാറുള്ള  പോയ കാലത്തിന്റെ അവശേഷിപ്പുകൾക്ക്  ഇടനിലക്കാർ കൈനിറയെ പണം കൊടുക്കാറുണ്ട്.  ഇത്തരം വസ്തുക്കൾ  വിലക്കുവാങ്ങി ഷോകെയ്സിൽ വെച്ച് മേനിനടിക്കുന്ന ധനാഢ്യരായ കിറുക്കന്മാർ ധാരാളമുണ്ടെന്നാണ്  അവർ പറയാറുള്ളത്....

വൃദ്ധന്റെ പെട്ടിയിൽ നിന്ന് കിട്ടിയ  പഴയകാല  ഗർഭനിരോധന  ഉറകളും, അശ്ലീല പുസ്തകങ്ങളും  ഏതോ  ഷോകെയ്സിലെ പൊങ്ങച്ചത്തിന്റെ  പ്രതീകമാവുന്ന  കാര്യമോർത്ത് കള്ളൻ വീണ്ടും  ചിരിച്ചുപോയി...

"നീ എന്തിനാണിങ്ങനെ ആഹ്ലാദിക്കുന്നത്.... കടിച്ചു തൂങ്ങുന്ന വേദനകളിൽ ഒന്നു പിടയാൻ പോലും കഴിയാത്ത എന്റെ നിസ്സഹായതയാണോ നിന്നെ ഹരം കൊള്ളിക്കുന്നത്..." ദേഹമാകമാനം പുണ്ണുകൾപോലെ പടരുന്ന കൂറകളെ കുടഞ്ഞെറിയാനാവാതെ വിങ്ങുന്നതിനിടയിൽ വൃദ്ധൻ ചോദിച്ചു.
 
"കർമപഥങ്ങളുടെ ശേഷിപ്പുകൾ കൂറകളായി വന്ന് വേട്ടയാടുക എന്നതും ഒരു അനിവാര്യതയാണ്....." കള്ളൻ ശാന്തസ്വരത്തിൽ പറഞ്ഞു. "പൂർവ്വകാലത്തിന്റെ ഓർമകൾ പെട്ടികളിൽ അടുക്കിവെച്ചാൽ അതിൽ കൂറകൾ മുട്ടയിട്ടുപെരുകും. ഒരുനാൾ അവ നിങ്ങളെ തേടിവരും.... അനിവാര്യമായ പ്രകൃതിനിയമമാണത്......" കള്ളൻ പറഞ്ഞു

"എല്ലാം നീ എടുത്തുകൊള്ളുക..." വൃദ്ധൻ തേങ്ങിക്കരഞ്ഞു. "പക്ഷേ., പോവുന്നതിനുമുമ്പ് കഴുത്തു ഞെരിച്ചോ, നെഞ്ചിൽ കഠാര കയറ്റിയോ ഈ നിസ്സഹയാതയിൽ നിന്ന് നീ എന്നെ മോചിപ്പിക്കണം..." കാർന്നുതിന്നുന്ന വേദനകളുടെ നരകവാരിധിയിൽ നിന്ന് മരണത്തിന്റെ ശാന്തിതീരത്തിലേക്ക് കള്ളൻ തന്നെ നയിക്കുമെന്ന് വൃദ്ധൻ മോഹിച്ചു. "ദയ കാണിക്കണം... ദയ കാണിക്കണം..." വൃദ്ധൻ അപേക്ഷിച്ചു.

കള്ളന്റെ ഭാണ്ഡത്തിൽ കഠാരയും, ചുറ്റികയും, വിഷദ്രാവകങ്ങളും ഉണ്ടായിരുന്നു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള തൊഴിൽ ഉപകരണങ്ങളില്ലാതെ ഒരിക്കലും കൃത്യതയാർന്ന ആ കള്ളൻ ഭവനഭേദനങ്ങൾക്ക് പുറപ്പെടാറില്ല.

വിഷദ്രാവകമൊഴിച്ച് കൂറകളെ കൊല്ലാം., നെഞ്ചിൽ കഠാര കയറ്റിയോ, ചുറ്റികകൊണ്ട് തലക്കടിച്ചോ വൃദ്ധനെ വേദനകളുടേയും, നിസ്സഹായതയുടേയും സങ്കടങ്ങളിൽ നിന്നു മോചിപ്പിക്കാം....

- ഇതൊക്കെ ചിന്തിച്ചെങ്കിലും, അതീവബുദ്ധിമാനായ ആ കള്ളൻ പ്രകൃതിനിയമങ്ങളുടെ കുരുക്കുകൾ തന്നെപ്പോലുള്ളവർ ഒരിക്കലും ഭേദിക്കാൻ പാടില്ലെന്ന വസ്തുത തിരിച്ചറിഞ്ഞ് അതൊന്നും കാര്യമാക്കാതെ പെട്ടിയിലെ അവസാനത്തെ കൗതുകവസ്തുകൂടി തന്റെ ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ടു

ഭാണ്ഡം മുറുക്കിക്കെട്ടി പൊതിഞ്ഞുകരളുന്ന വേദനയിൽ നിലവിളിക്കുന്ന വൃദ്ധനെ ഒട്ടും ശ്രദ്ധിക്കാതെ കള്ളൻ മുറിവിട്ടു പുറത്തിറങ്ങി.....

ഭവനഭേദനം തുടങ്ങുന്നതിനുമുമ്പ് വീടിന്റെ പുറത്തേക്കുള്ള വാതിലുകളെല്ലാം കള്ളൻ തുറന്നുവെക്കാറുണ്ട്. ഒട്ടും ആയാസപ്പെടാതെ.,  തുറന്നുവെച്ചിരുന്ന മുൻവാതിലിലൂടെ കള്ളൻ വീടിന്റെ മുറ്റത്തേക്കിറങ്ങി. കരിങ്കല്ലുപാകി മനോഹരമാക്കിയ മുറ്റത്ത് പരന്നുകിടന്ന നിലാവിലൂടെ പൂന്തോട്ടവും, പുൽത്തകിടിയും കടന്ന് മതിലിനരികിലെത്തി.... മതിലിൽ വലിഞ്ഞു കയറുന്നതിനുമുമ്പായി പുലരിമഞ്ഞിന്റെ കുളിരിൽ ശാന്തമായി ഉറങ്ങുന്ന വീടിനെ കള്ളൻ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി.....

- നവീനമാതൃകയിൽ പണിത ഭംഗിയുള്ള ഒരു വീടായിരുന്നു അത്. വാസ്തുശാസ്ത്രവിധിക്കൂട്ടുകൾ തീർക്കുന്ന ശിൽപ്പസാന്ദ്രതകളുടെ അകത്തളങ്ങളിലെ സങ്കീർണതകൾ ഭേദിക്കുന്ന തന്റെ തൊഴിൽവഴികളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ചെറുപുഞ്ചിരിയോടെ കള്ളൻ മതിൽ ചാടിക്കടന്ന് പുറത്ത് റോഡിലേക്കിറങ്ങി....

സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചത്തിൽ നിന്നകന്ന് റോഡുവക്കിലെ നിഴൽത്തടങ്ങളിലൂടെ പതുങ്ങിക്കൊണ്ട് കള്ളൻ നടന്നു. പ്രഭാതസവാരിക്കിറങ്ങിയ ചില ആളുകൾ കൈകാലുകൾ വീശി പേശീചലനങ്ങൾക്ക് ഉണർവു നൽകി എതിർദിശയിൽ നിന്ന് നടന്നുവരുന്നുണ്ടായിരുന്നു. അടിഞ്ഞുകൂടിയ ദുർമേദസ്സിനെ കുടഞ്ഞെറിഞ്ഞ് ജീവിതം വർണാഭമാക്കാൻ ശ്രമിക്കുന്ന പുരുഷന്മാരും,സ്ത്രീകളുമടങ്ങുന്ന സംഘങ്ങളുടെ ട്രാക്ക് സ്യൂട്ടുകളണിഞ്ഞ കൃത്യതയാർന്ന ചുവടുവെപ്പുകൾ കള്ളന്റെ മടക്കയാത്രകളിലെ പതിവുകാഴ്ചയാണ്.... അവരിൽ ചിലരുടെ ഉറക്കറകളിൽ ഒരു നിഴലായി കള്ളൻ പതുങ്ങിയെത്തിയിട്ടുണ്ട്. ട്രാക്ക് സ്യൂട്ടുകളുടെ മോഹവഴിയിലേക്ക് ഭാര്യാഭർത്താക്കന്മാർ വീടുപൂട്ടി ഇറങ്ങിപ്പോവുന്ന തക്കംനോക്കി അകത്തളങ്ങളിലേക്ക് കള്ളൻ നൂണ്ടിറങ്ങിയിട്ടുണ്ട്. കവർച്ച നടന്നത് അറിയാതെ ക്യാൻവാസ് ഷൂവിന്റെ താളഭദ്രതയിൽ അവർ മടങ്ങിപ്പോവുന്നതു നോക്കി റോഡുവക്കിലെ ബദാം മരങ്ങൾക്കുപിന്നിൽ മറഞ്ഞുനിന്ന് കള്ളൻ പുഞ്ചിരിച്ചിട്ടുണ്ട്.....

- അവരുടെയൊന്നും കണ്ണിൽപ്പെടാതെ നിഴലുകൾ തീർത്ത മറകളിലൂടെ കള്ളൻ മുന്നോട്ടു നീങ്ങി....

ഇനി എത്രയും വേഗം വീടണയണം. പകൽ മുഴുവൻ ഉറങ്ങണം. രാത്രിവണ്ടിയിൽ സേലത്തേക്കു യാത്രയാവണം. സേലത്തു നിന്നു ചിദംബരത്തേക്കോ,നെയ് വേലിക്കോ ബസ് പിടിക്കണം. അങ്ങിനെ ചെയ്താൽ നേരം പുലരുമ്പോൾ വൃന്ദാചലത്തിലെത്താം..... തിരുവള്ളുവർ എന്ന് ഇരട്ടപ്പേരുള്ള ആ ഇടനിലക്കാരൻ., കമ്പർ തെരുവിലോ, തെപ്പക്കുളത്തിന്റെ പരിസരത്തോ മുറുക്കാൻ ചവച്ച്, തമാശകൾ പറഞ്ഞ് ഇരിക്കുന്നുണ്ടാവും...  തിരുവള്ളുവർ നല്ല മനുഷ്യനാണ്. ധാരാളം സംസാരിക്കും. വീട്ടിൽ വിളിച്ചുകൊണ്ടുപോയി ചായ സൽക്കരിക്കും. " ഊരില് പൊണ്ടാട്ടി,പുള്ളൈകൾ എല്ലാം നല്ല ഇരുക്കീങ്കളാ...” എന്നെല്ലാം സുഖവിവരം അന്വേഷിക്കും... "വേലൈ എപ്പടി.... സാമിമലക്ക് പോയനാൾ ഉങ്ക ഊരൈ പാത്താച്ച്. വീട്കൾ എല്ലാമെ അപ്പടിയെ പ്രമാദമായിരിക്ക്... ഉങ്കളുക്ക് നെറയെ വേലൈ..." എന്നിങ്ങനെ പൊട്ടിച്ചിരിച്ച് സ്നേഹമറിയിക്കും... കൊണ്ടുചെല്ലുന്ന വസ്തുക്കൾക്ക് നല്ല വിലയും തരും.......

- ഇങ്ങിനെ ഓരോന്നു ചിന്തിച്ചുകൊണ്ട്., ആരുടേയും കണ്ണിൽപ്പെടാതെ., ഒരു ഭവനഭേദനം കൂടി കഴിഞ്ഞ ചാരിതാർത്ഥ്യവുമായി കള്ളൻ ഭാണ്ഡവും തോളിലിട്ട്  'തന്റെ വീട് ' ലക്ഷ്യമാക്കി നടന്നു.....