നായകളുടെ സംഗീതം....





















അഗതിമന്ദിരത്തിന്റെ  സൂക്ഷിപ്പുകാരിയോട്  അയാള്‍ക്ക്  വല്ലാതെ  തര്‍ക്കിക്കേണ്ടി  വന്നു.........!
- കോഷന്‍  ഡിപ്പോസിറ്റ്   ആയി  അത്രയും  വലിയ  തുക  ചോദിച്ചത്  അയാള്‍ക്ക്  ഒട്ടും  ഇഷ്ടപ്പെട്ടില്ല....   കൂടാതെ  പ്രതിമാസം  മരുന്നിനും  ഭക്ഷണത്തിനും  മറ്റുമായി  അടക്കേണ്ട  തുക  വേറെയും !

"എന്തൊരു  അനീതിയാണിത് ?"
അയാള്‍  വര്‍ദ്ധിച്ച  കോപത്തോടെ  ചോദിക്കുക  തന്നെ  ചെയ്തു

അഗതിമന്ദിരത്തിന്റെ  സൂക്ഷിപ്പുകാരി  സൗമ്യമായ  സ്വരത്തില്‍  അപ്പോള്‍  പറഞ്ഞു:

"സാര്‍ .,  ഇവിടെ  കുറേക്കൂടി  സൗകര്യങ്ങള്‍  ഒരുക്കേണ്ടിയിരിക്കുന്നു.  ഇതൊരു  പഴയ  കെട്ടിടമല്ലെ., മഴക്കാലത്ത്   വല്ലാതെ  ചോര്‍ന്നൊലിക്കുന്നു.  ചുമരുകള്‍  ഇടി‍ഞ്ഞു  വീഴാറായിരിക്കുന്നു.  അറ്റകുറ്റപ്പണികള്‍   നടത്തേണ്ടതുണ്ട്.  കോഷന്‍  ഡിപ്പോസിറ്റ്  അതിനൊക്കെ  വേണ്ടിയാണ്.....    ഇനി  ചിലവിന്റെ  കാര്യം., വൃദ്ധരായ  ഇവര്‍ക്ക്  മരുന്നുകളുടെ  ആവശ്യത്തിനു  തന്നെ  പ്രതിമാസം  ആയിരം  രൂപയിലധികം   ചിലവാകും.....   അങ്ങ്  വലിയ  പഠിപ്പും,  ഉദ്യോഗവുമൊക്കെയുള്ള  ആളല്ലെ.   ആലോചിച്ചാല്‍   മനസിലാവുമല്ലോ....”.

ഇത്തരം  ആവശ്യങ്ങള്‍ക്ക്  വലിയ  തുക  ചിലവഴിക്കുന്നതിന്  അയാള്‍ക്കു  മടി  ഉണ്ടായിരുന്നു.

അയാള്‍  ചോദിച്ചു :    “താരതമ്യേന  ചിലവു  കുറഞ്ഞ  ഇടം  എന്ന  രീതിയിലാണ്  ഞാന്‍  ഇങ്ങോട്ടു  വന്നത്.   ഇങ്ങിനെയാണെങ്കില്‍  നല്ല  സൗകര്യങ്ങളുള്ള  ഇടങ്ങളില്‍  തന്നെ  എന്റെ   ആളെ  കൊണ്ടു പോവാമായിരുന്നല്ലോ....   തെരുവില്‍  നിന്നും  മറ്റും  ചില  വൃദ്ധരെ  നിങ്ങള്‍  ഇവിടെ  കൊണ്ടുവരാറുണ്ടെന്നു   കേട്ടിട്ടുണ്ട്.  അവര്‍ക്കു  വേണ്ടി  ആരാണ്  ഇത്രയും  വലിയതുക......,   അല്ല  നിങ്ങള്‍  പറയണം.”

അയാള്‍  അവരോട്  പലതും  പറഞ്ഞ്  വീണ്ടും  വീണ്ടും  തര്‍ക്കിച്ചുകൊണ്ടിരുന്നു....

ഈ  സമയമത്രയും  അയാളുടെ  അമ്മ  തൊട്ടടുത്തു  തന്നെ  ഒരു  ബെഞ്ചില്‍  നിസംഗഭാവത്തോടെ   ഇരിക്കുന്നുണ്ടായിരുന്നു.  മെലിഞ്ഞുണങ്ങിയ  ശരീരമുള്ള  ഒരു  സ്ത്രീയായിരുന്നു  അവര്‍ .   അവരുടെ  സാമീപ്യം ഒട്ടും  വകവെക്കാതെ  തര്‍ക്കിച്ചുകൊണ്ടിരുന്ന  മകനേയും,  സൂക്ഷിപ്പുകാരിയേയും,  മകന്റെ  അരികില്‍  അയാളെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട്  നിന്നിരുന്ന  ഭാര്യയേയും  നിസ്സഹായത  ഘനീഭവിച്ച,  തളര്‍ന്ന  കണ്ണുകളോടെ   അവര്‍  നോക്കിയിരുന്നു.....

-  വാദപ്രതിവാദങ്ങളുടെ  ഒടുവില്‍  അയാളാണ്  ജയിച്ചത്.

ഇനി  തര്‍ക്കിച്ചിട്ടു  കാര്യമില്ല  എന്നു  തോന്നിയിട്ടാവാം,  സൂക്ഷിപ്പുകാരി  അയാള്‍  പറഞ്ഞ  ഇളവുകള്‍ അനുവദിച്ച്  അമ്മയെ  അകത്തേക്ക്  കൂട്ടിക്കൊണ്ടുപോയി.  പഴയ  വസ്ത്രങ്ങള്‍  ഇട്ട  പ്ലാസ്റ്റിക്  സഞ്ചിയുമായി   അവരോടൊപ്പം  അമ്മ  അകത്തേക്കു  പോവുമ്പോള്‍  അതൊന്നും  ശ്രദ്ധിക്കാതെ  അയാളും  ഭാര്യയും  വരാന്‍   പോവുന്ന  അധിക  ചിലവുകളെക്കുറിച്ചുള്ള  ആലോചനകളിലായിരുന്നു.

അമ്മയാവട്ടെ  അവരെ  ശ്രദ്ധിച്ചതുമില്ല.,  ഒന്നും  പറഞ്ഞതുമില്ല.   "നടക്കാന്‍ ശ്ശി ബുദ്ധിമുട്ടുണ്ട് കുട്ട്യേ....”   എന്നോ  മറ്റോ  സഹായിക്കാന്‍  വന്ന  പെണ്‍കുട്ടിയോട്  പതിയെ  പറഞ്ഞു  കൊണ്ട്  അവര്‍  മെല്ലെ  നടന്നു   പോയി........

മാതാവിനെ  സുരക്ഷിതമായ  കൈകളില്‍  ഏല്‍പ്പിച്ച  ചാരിതാര്‍ത്ഥ്യത്തോടെ  അയാളും  ഭാര്യയും   യാത്രയായി....

അവര്‍  പോയത്  നഗരത്തിലെ  ആ  പ്രശസ്തമായ  കെന്നല്‍  ഫാമിലേക്കായിരുന്നു....

കെന്നല്‍  ഫാമിന്റെ  ഉടമസ്ഥന്‍   അവരുടെ  ആഗ്രഹപ്രകാരം   കുലീനതയും   ആകാര ഭംഗിയുമുള്ള നല്ല ജനുസില്‍  പെട്ട  വയസ്സായ  ഒരു  പെണ്‍പട്ടിയെ   തിരഞ്ഞു  വെച്ചിരുന്നു.....   പ്രത്യേക  ഇനം  എന്നതുകൊണ്ട്  വലിയ  തുകയാണ്   അയാള്‍   അതിനുവേണ്ടി  ആവശ്യപ്പെട്ടത്.   അവര്‍ക്കാവട്ടെ  വലിയ തുക  ചിലവഴിക്കുന്നതിന്  ഒട്ടും  മടി  ഉണ്ടായിരുന്നുമില്ല.....   വിലപേശാന്‍  നില്‍ക്കാതെ  ആവശ്യപ്പെട്ട   മുഴുവന്‍  തുകയും  നല്‍കി  അവര്‍  പട്ടിയെ  സ്വന്തമാക്കി....

പട്ടി  അവരുടെ  ജീവിതത്തില്‍   നിറഞ്ഞു.....  തന്റെ  വൃദ്ധ  ശരീരത്തിന്റെ  ജ്വലിക്കുന്ന  പ്രസരിപ്പുമായി  അത്   മുറികളിലെല്ലാം  ഓടിനടന്നു.   അതിഥികളില്‍  അസൂയ  ഉളവാക്കിക്കൊണ്ട്  ത്രസിപ്പിക്കുന്ന  പെര്‍ഫ്യൂമുകളുടെ   ഗന്ധം  പരത്തി  അത്  സ്വീകരണ  മുറികളില്‍  ഉലാത്തി.....

നാളിതുവരെ  അനുഭവിച്ചിട്ടില്ലാത്ത  സംഗീതമാധുര്യം  വിതറിക്കൊണ്ട്  രാത്രികളില്‍  അത്  ഉച്ചത്തില്‍   ഉച്ചത്തില്‍  നിറുത്താതെ  ഓലിയിട്ടു.......

സുന്ദരമായൊരു  താരാട്ടു  പാട്ടിന്റെ  ഈണവും  താളവുമായി  അത്  അവരുടെ  നിദ്രയെ  തഴുകി  തലോടി.....

ഇപ്പോള്‍  പകലുകളില്‍  ഓഫീസിലെ  ശീതീകരിച്ച  തന്റെ  ക്യാബിനില്‍  ഇരിക്കുമ്പോള്‍  അയാള്‍ക്ക്  ഉറക്കം   വരുന്നത്  പതിവായിരിക്കുന്നു.   അയാള്‍  ജോലികള്‍  മാറ്റിവെച്ച്  മെല്ലെ  തന്റെ  ഇരിപ്പിടത്തിന്റെ   സുഖത്തിലേക്ക്  ചുരുണ്ട്  ഒരു  കുട്ടിയെപ്പോലെ  എല്ലാം  മറന്ന്  ഉറങ്ങാന്‍  തുടങ്ങും.....

അപ്പോള്‍ .,  അപ്പോള്‍ മാത്രം.,  അയാളുടെ  പകലുറക്കത്തെ  തഴുകിക്കൊണ്ട്  സാന്ദ്രമായ  ആ  താരാട്ടുപാട്ട്  കടന്നു  വരും......  "ഓമനത്തിങ്കള്‍  കിടാവോ..... "   എന്നിങ്ങനെ  അത്  അയാളുടെ  ജീവിതമുറിവുകളെ   തഴുകി  ആശ്വസിപ്പിക്കും....  അയാളുടെ  വലിഞ്ഞു മുറുകിയ  മുഖത്ത്  നേര്‍ത്ത  ഒരു  പുഞ്ചിരി  വിടരും...

അതോടെ  താരാട്ടു  പാട്ടിന്റെ  ഈണവും  താളവും  ഒരു  സംഗീത  സദസ്സിന്റെ  മേളനങ്ങളിലേയ്ക്ക്  വഴി   മാറുകയായി.   അയാള്‍ക്കു  ചുറ്റും  വിവിധങ്ങളായ  സംഗീതോപകരണങ്ങള്‍  വായിച്ചുകൊണ്ട്  പല  വലിപ്പത്തിലും  ആകൃതിയിലുമുള്ള  നായകള്‍  നൃത്തം  വെയ്ക്കാന്‍  തുടങ്ങും.....

സംഗീത  സാന്ദ്രമായ  പകലുറക്കത്തിന്റെ  ലഹരിയില്‍  അയാള്‍  പൊട്ടിച്ചിരിക്കും......