ഉച്ചയൂണ് കഴിഞ്ഞ് വിസ്തരിച്ചൊന്ന് മുറുക്കി ഏമാന്‍ ചോദിക്കും
"ന്നാ പോവ്വ്വല്ലേ....?"
എമാന്റെ കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ട് ഞങ്ങളെല്ലാവരും തയ്യാറായിരിക്കും.
കൃഷ്ണന്‍ കുട്ടി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യും.ചവച്ച മുറുക്കാന്‍ ഒന്നു നീട്ടിത്തുപ്പി ഏമാന്‍ മുന്‍സീറ്റില്‍ കയറിയിരിക്കും.ഞാനും ,സുധാകരനും, കുസുമകുമാരിയും പിന്‍സീറ്റില്‍..... പോക്ക് വെറുതെയാവില്ലെന്ന് ഞങ്ങള്‍ക്കറിയാം. എല്ലായിടത്തും ഞങ്ങള്‍ കയറിയിറങ്ങും.
' മിനര്‍വ്വ, സിറ്റി ലോഡ്ജ്, ഭാരതീവിലാസം, സന്തോഷ് ഭവന്‍......' ഇങ്ങിനെ കേന്ദ്രങ്ങള്‍ പലതാണ്. ‘ടപ്,ടപ്,ടപ്.....' എന്നിങ്ങനെ പഴകി ദ്രവിച്ച മരക്കോണികളില്‍ ഒച്ചവെപ്പിച്ചുകൊണ്ട് ഞങ്ങള്‍ കോവണികള്‍ കയറി ഇടുങ്ങിയ വരാന്തയിലൂടെ നീങ്ങും. വാതിലുകളില്‍ ലാത്തികൊണ്ട് അടിക്കും.
അടച്ചിട്ട മുറികള്‍ക്കുള്ളില്‍ ജാനകിയോ, തങ്കമണിയോ, ശാരദയോ, ഭാനുമതിയോ...... അങ്ങിനെ ആരെങ്കിലും പേടിച്ചു വിറക്കുന്ന ഒരു ഇടപാടുകാരനോടൊപ്പം ഉണ്ടാവും.... മുറുക്കാന്‍ നിറച്ച വായ തുറന്ന് ഏമാന്റെ ഒരു പരിഹാസച്ചിരിയാണ് പിന്നെ...
അതിനു ശേഷം ഇടപാടുകാരനെ ഞങ്ങള്‍ക്കിടയില്‍ നിന്നു മാറ്റി നിര്‍ത്തി ഏമാന്‍ സ്വകാര്യമായി ഉപദേശിക്കും. മിക്കവാറും ഇത്തരം ഇടപാടുകളുടെ അധാര്‍മികതയെക്കുറിച്ചാവും ഉപദേശം. ഇത്തരം പ്രവൃത്തികളില്‍ അടങ്ങിയിരിക്കുന്ന വലിയ തോതിലുള്ള തിന്മയെക്കുറിച്ചും മനുഷ്യന്‍ നന്മ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഏമാന്‍ അവരെ ബോധ്യപ്പെടുത്തും. ഇനി ആവര്‍ത്തിക്കരുത് എന്ന് സ്നേഹപൂര്‍വ്വം ഉപദേശിച്ച് പോയ്ക്കോളാന്‍ പറയും. പിന്നെ, അപ്പോഴും പരുങ്ങി നില്ക്കുന്ന ജാനകിയോടും കൌസല്യയോടുമൊക്കെ "നീയ്യ് പോയ് ജീപ്പിലിരിയെടീ..." എന്നൊരു ഒച്ച വെക്കലാണ്.
അവരെയും കയറ്റി ഞങ്ങള്‍ അടുത്ത കേന്ദ്രത്തിലേയ്ക്ക് നീങ്ങും.....
തിരിച്ച് താവളത്തിലെത്തുമ്പോഴേക്കും പത്തുപതിനഞ്ചു പേരെങ്കിലും പാന്‍പരാഗും ചവച്ച് രൂക്ഷഗന്ധം പ്രസരിപ്പിച്ച് പിന്‍സീറ്റില്‍ ഞങ്ങളോടൊപ്പം തിങ്ങിക്കൂടി ഇരിക്കുന്നുണ്ടാവും.
വരാന്തയിലും മുറ്റത്തുമായി ചടഞ്ഞിരുന്ന് നാട്ടുവര്‍ത്തമാനം പറയുന്ന അവരെ ഓരോരുത്തരെയായി ഏമാന്‍ അകത്തേക്കു വിളിപ്പിക്കും.
ഒരേ ചോദ്യങ്ങള്‍ തന്നയാണ് ഏമാന് എപ്പോഴും ചോദിക്കാനുണ്ടാവുക. ഉത്തരങ്ങള്‍ക്ക് ചില വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന് ജാനകിയുടെ കാര്യം തന്നെ എടുക്കുക - ഇന്നലെ ഉച്ചക്ക് മിനര്‍വ്വയില്‍ വെച്ച് പിടിച്ചപ്പോള്‍ അവള്‍ 'സോജ' യായിരുന്നു. വൈകിട്ട് സന്തോഷ് ഭവനില്‍ വെച്ച് 'റീമ' എന്നാണ് അവള്‍ പേരു പറഞ്ഞത്. മിനിഞ്ഞാന്ന് സിറ്റി ലോഡ്ജില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ അവള്‍ 'സോണിയ' ആയിരുന്നു.അതുപോലെ 'ട്വിങ്കിള്‍, നമിത, റോസ്ലിന്‍....' എല്ലാം ജാനകി പലപ്പേഴായി പറഞ്ഞ അവളുടെ പേരുകള്‍......
ഏമാന്‍ അതൊന്നും അത്ര കാര്യമാക്കാറില്ല.റിക്കാര്‍ഡില്‍ ചേര്‍ക്കുവാന്‍ ഒരു പേരു വേണം.ഒരു കൈയ്യൊപ്പും കിട്ടണം., അത്രതന്നെ...!
"ഇന്നന്താ ജാനക്യേ നെന്റെ പേര്...?"
ഏമാന്‍ മുറുക്കാന്‍ ചവച്ചു കൊണ്ടു ചോദിക്കും
"ഇന്ന് റീത്ത പെരേര എന്ന് എഴുതിക്കോളി സാറെ.."
ജാനകി പറയും
"നെന്റെ ഒരു പെരേര...."
വായില്‍ നിറഞ്ഞു കവിയുന്ന മുറുക്കാന്‍ കസേരയുടെ വശത്തുള്ള കോളാമ്പിയിലേയ്ക്ക് തുപ്പി കുലുങ്ങിച്ചിരിച്ചുകൊണ്ട് ഏമാന്‍ ‘Name of the accused‘ എന്നതിനു നേരെ ‘Reetha Perera‘ എന്ന് എഴുതി വെയ്ക്കും.
“ഇന്ന് ആരാരുന്നെടീ കൂടെ ...?“
ഏമാന്‍ ശൃംഗാരഭാവത്തില്‍ കണ്ണിറുക്കിക്കൊണ്ട് ചോദിക്കും.
“കൊയിലാണ്ടിക്കാരനൊരു ചെറിയ ചെക്കനായിനും....“
ജാനകി ചെറുചിരിയോടെ പറയും.
അവരെല്ലാം അങ്ങിനെയാണ്.കൂടെയുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ അറിയാന്‍ മിനക്കെടാറില്ല. ‘സ്റ്റേറ്റുകാരന്‍ ഒരു ചേട്ടനായിന്...’. ‘കുറുക്കന്റെ കണ്ണുള്ള ഒരു പോക്കറ്റടിക്കാരനായിന്...’. ‘വെള്ളപ്പാണ്ട് പിടിച്ച ഒരു അണ്ണാച്ചി ഡ്രൈവറായിന്...’. ’കഥയെഴുതുന്ന ഒരു മേസ്തിരി ആയിന്...’ എന്നിങ്ങനെയാണ് തങ്ങളുടെ ഇടപാടുകാരെപ്പറ്റി പറയുക.
ഏമാന് അതൊന്നും പ്രശ്നമല്ല.
'ഏമാന്റെ പ്രശ്നം ധാര്‍മികതയാണ്..! മാനവമൂല്യങ്ങളാണ്..!'
“മ്മള് ഈ തൊപ്പിയിട്ടു നടക്കുന്നിടത്തോളം ധാര്‍മികതയ്ക് ഒരു കൊയപ്പവും പറ്റരുത് ശ്രീധരാ..." ഏമാന്‍ ഇടക്കിടക്ക് എന്നോട് പറയും.എന്നിട്ട് സ്നേഹപൂര്‍വ്വം എനിക്ക് മുറുക്കാന്‍ തരും.ഏമാന്‍ തരുന്ന മുറുക്കാന്റെ സുഖം ഒന്നു വേറെ തന്നെയാണ്.ചുരുട്ടി വെച്ച പുകയില വെറ്റിലയോടൊപ്പം ചവക്കുമ്പോള്‍ ഒരു പ്രത്യേകതരം അനുഭൂതി സിരകളില്‍ പടരും.ധാര്‍മിക മൂല്യങ്ങളെക്കുറിച്ചുള്ള ഉള്‍വെളിച്ചം ബോധതലങ്ങളിലാകെ നിറയും.
അപ്പേഴേക്കും ഏമാന്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിരിക്കും.
‘Name of the Companion‘ എന്നതിനുനേരെ ‘Unknown..’ എന്നുകൂടി എഴുതിച്ചേര്‍ത്ത് ഒപ്പും സീലും വെച്ച് ഫയല്‍ ടാഗ് ചെയ്ത് ജാനകിയോട് പോയ്ക്കൊള്ളാന്‍ പറയും.... പിന്നെ നീട്ടി വിളിക്കും.,
“തങ്കമണ്യേ.......“
വാതില്ക്കല്‍ തങ്കമണി പ്രത്യക്ഷപ്പെടും.
ഇപ്രകാരം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുമ്പോഴേക്കും നേരം സന്ധ്യയായിരിക്കും.
അതോടെ അടുത്ത നീക്കത്തിനുള്ള സമയമായി.കൃഷ്ണന്‍കുട്ടി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യും.ഞാനും സുധാകരനും കുസുമകുമാരിയും പിന്‍സീറ്റില്‍..... ഏമാന്‍ വെറ്റില മുറുക്കി തമാശകള്‍ പറഞ്ഞ്.....
ഞങ്ങള്‍ നീങ്ങാന്‍ തുടങ്ങും......
കൊലക്കേസിന്റെയും, കളവുകേസിന്റേയും കക്ഷികള്‍ ചിലര്‍ അപ്പോഴും തലയും ചൊറിഞ്ഞ് ബഹുമാനപൂര്‍വ്വം കാത്തു നില്ക്കുന്നുണ്ടാവും."നിങ്ങള് നടന്നോളി ഞാനന്വേഷിച്ചോളാം“എന്നു പറഞ്ഞ് ഏമാന്‍ അവര്‍ ബഹുമാനപൂര്‍വ്വം കൊടുക്കുന്ന ഹരജിക്കടലാസുകള്‍ വാങ്ങി വെയ്ക്കും....! ഏമാന്‍ അതൊന്നും അത്ര കാര്യമാക്കാറില്ല.ഏമാനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം 'ധാര്‍മികതയാണ്..!മാനവമൂല്യങ്ങളാണ്'..!
“കൊലയും കളവുമൊന്നും അത്ര പ്രശ്നമല്ല. പക്ഷേ ഇത് , ഇതങ്ങിനെയല്ല, ധാര്‍മികതയുടെ പ്രശ്നമാണ്. നമ്മളൊക്കെ ഈ തൊപ്പി ഇട്ടു നടക്കുന്നേടത്തോളം അതിന് ഒരു കൊയപ്പവും വരരുത്. .... അത് നമ്മളു നോക്കണം.... " ഏമാന്‍ മുന്‍സീറ്റിലിരുന്ന് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ഞങ്ങളെ സ്നേഹപൂര്‍വ്വം ഉപദേശിക്കും.
അതാണ് ഏമാന്‍ ..!!. മുമ്പുണ്ടായിരുന്ന ഏമാന്മാരില്‍ നിന്നു വ്യത്യസ്തമായി സ്നേഹപൂര്‍വമുള്ള ഇടപെടലുകളാണ് ഏമാന്റേത്. അതുകൊണ്ടാവണം ഞങ്ങളും അദ്ദേഹത്തെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ധാര്‍മികതയുടെ സംരക്ഷണം ഞങ്ങളുടേയും പ്രധാന ആവശ്യമാക്കി മാറ്റിയിരിക്കുന്നു.
അതുകൊണ്ടാണല്ലോ രാവെന്നോ പകലെന്നോ നോക്കാതെ, വെയിലെന്നോ മഴയെന്നോ നോക്കാതെ സദാസമയവും ഏമാന്റെ കൂടെ ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്......
വീട്ടില്‍ അവളും കുട്ടികളും തനിച്ചാണ്... 'ഇളയകുട്ടിക്ക് പനി കലശലായിരിക്കുന്നു' എന്നു പറഞ്ഞുകൊണ്ട് ഇന്നലെ അവള്‍ വിളിച്ചിരുന്നു... 'ശ്രീധരാ നീയൊന്ന് ഇത്രടം വരെ വാ' എന്നു പറഞ്ഞു കൊണ്ട് തറവാട്ടില്‍ നിന്ന് അമ്മ ആളയച്ചിരുന്നു - ഇളയ കുട്ടിയെ ഡോക്ടറെ കാണിക്കേണ്ടതുണ്ട്. അമ്മക്ക് മരുന്നു വാങ്ങേണ്ടതുണ്ട്...... ഒന്നിനും നേരമില്ല. ഏമാന്റെ കൂടെ നീങ്ങണം.അതാണ് പ്രധാനം.
‘ഞങ്ങള്‍ നീങ്ങുകയാണ്.....‘
ഏമാന്റെ ധാർമ്മികത !!! ഇതാണോ "ധാർമ്മികത" എന്നു പറയുന്ന സാധനം??
മറുപടിഇല്ലാതാക്കൂഞാനും നീങ്ങുകയാണു.....
ധാർമ്മികത സംരക്ഷിക്കാൻ ഒരു ഏമാനെങ്കിലും ഉണ്ടല്ലോ...
മറുപടിഇല്ലാതാക്കൂകൊള്ളാം.
മാഷേ ഏതൊക്കെ വഴികളിലേക്കാണ് കഥകൊണ്ടുപോക്കുന്നതെന്ന്
മറുപടിഇല്ലാതാക്കൂഒരു പിടിയും ഇല്ല.
ഏമാന്‍ ഒരു സുന്ദരന്‍ കഥപാത്രമായി മുന്നില്‍ നില്‍ക്കുന്നു.
ധാര്‍മ്മികഭാരം മൊത്തത്തില്‍ ഏറ്റെടുത്ത പല പാവങ്ങളില്‍ ഒരാള്‍.
നന്നായി.
ഏമാനെ ഇന്നത്തെ കാലത്തെ അതിബുദ്ധിമാന്മാരുടെ-Bureaucracy, Hypocrisy, Intelligent bureaucrat, ഇവയുടെയൊക്കെ പ്രതീകമായും, ശ്രീധരനെ ഇവരുടെ അതിബുദ്ധിയുടെയും ജാട നിറഞ്ഞ Moral preaching ന്റെയും ഇരകളാവുന്ന പമ്പര വിഢ്ഢികളായ, സാധാരണക്കാരനായും അവതരിപ്പിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു എന്ന് സാരം. നന്ദി ഫൌസിയ.ഉദ്ദേശിക്കുന്ന ആശയം കഥാശരീരത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിയാതെ പോവുന്നത് എഴുത്തുകാരന്റെ കഴിവുകേടു കൊണ്ടാണ്.
മറുപടിഇല്ലാതാക്കൂഅങ്ങിനെ എഴുത്തുക്കാരന്‍റെ പരാജയമായി കണ്ടു സ്വയം പിന്‍വലിയേണ്ട ആവിശ്യം ഇല്ല.
മറുപടിഇല്ലാതാക്കൂഎന്നാലും വളരെ ഭംഗിയായി അവസാനിപ്പിക്കേണ്ട കഥയ്ക്ക് ഉദ്ദേശിച്ച ക്ലൈമാക്സ് വന്നില്ല.
നല്ല ഭംഗിയായി വായിച്ചു വന്ന് ചെറിയൊരു നിരാശയോടെ അവസാനിച്ചു.
ചിലപ്പോള്‍ എന്‍റെ വായനയുടെ പ്രശ്നവും ആവാം.
അല്ലെങ്കില്‍ മികച്ച കഥ ഈ ബ്ലോഗ്ഗില്‍ തന്നെ എഴുതിയ പ്രദീപില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലോ
--
ഉദ്ദേശിച്ച കാര്യം പിടികിട്ടി.. വിശാലമായി പറയാൻ എനിക്കറിയില്ല.. ആശംസകൾ..
മറുപടിഇല്ലാതാക്കൂമാഷേ,
മറുപടിഇല്ലാതാക്കൂആദ്യമേ എന്റെ ബ്ലോഗ്ഗ് സന്ദര്‍ശിച്ച് കമന്റ് രേഖപ്പെടുത്തിയതിനു നന്ദി അറിയിക്കട്ടെ..
ആദ്യമായാണിവിടെ എന്നു തോന്നുന്നു..
ആദ്യ വായന നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല കഥയുടെ പശ്ചാത്തലവും അവതരണവും മികച്ച ആഖ്യാന ശൈലി യിലുള്ളതായിരുന്നു എന്ന് പറയട്ടെ!..
എന്നാല്‍ വായന അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിനില്‍ക്കുമ്പോള്‍...
"വീട്ടില്‍ അവളും കുട്ടികളും തനിച്ചാണ്... 'ഇളയകുട്ടിക്ക് പനി കലശലായിരിക്കുന്നു' എന്നു പറഞ്ഞുകൊണ്ട് ഇന്നലെ അവള്‍ വിളിച്ചിരുന്നു... .............."
ഈ ഭാഗം തൊട്ട് കഥയുടെ ക്രാഫ്റ്റ് നഷ്ടപ്പെട്ടു എന്ന് എനിക്ക് തോന്നുന്നു..
ഇവിടെ നിന്നുമാണ്‍ ശരിക്കും താങ്കള്‍ രചനാ വൈഭവം കാണിക്കേണ്ട തലം..
താങ്കളുടെ സര്‍ഗ്ഗ ശേഷി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഭാഗം..
ഇത്രയും നേരം മനോഹരമായി പറഞ്ഞിട്ട് പെട്ടന്ന് കൊണ്ടു പോയി കഥ നിര്‍ത്തിയതിനു പകരം
ഈ ആന്റി ക്ലൈമാക്സില്‍ നിന്നും ക്ലൈമാക്സിലേക്ക് കഥ അതിന്റെ മൂര്‍ത്തതയിലേക്ക് പൂര്‍ണ്ണരൂപം പ്രാപിച്ച് വായനക്കാരന്‍ ഒരു ഞെട്ടലോ വേവലാതിയോ ഒരു പരിഹാസ പുഞ്ചിരിയോ ഒരു നെടുവീര്‍പ്പോ ഒക്കെ സമ്മാനിച്ച് കഥയവസാനിച്ചിരുന്നുവെങ്കില്‍ അത് ഏറ്റം ഭ്ംഗിയായേനെ..
ഈ കഥയുടെ പ്ലോട്ട് , പശ്ചാത്തലം,കഥാപാത്രങ്ങള്‍ ഒക്കെ മികച്ച്തും വ്യത്യസ്ഥതയുള്ളവരുമാണു..( സക്കറിയയുടെ പട്ടേലരെ എന്റെ മനസ്സിലേക്കെന്തുകൊണ്ടോ കൊണ്ടു വന്നു....പക്ഷേ സാദൃശ്യത ഒന്നും ഇല്ല കെട്ടോ..)
ഈ കഥ തന്നെ താങ്കള്‍ അവസാനഭാഗം ഒന്നു തിരുത്തിയെഴുതിയാല്‍....
ഞാനാശിച്ചു പോവുന്നു......!
ആശംസകളോടെ...
ഒരു നല്ല കഥ വായിച്ചു എന്ന് പറയാന്‍ സന്തോഷം ഉണ്ട്..അത് പറഞ്ഞ രീതിയിലും താങ്കള്‍ ഒരു പുതുമ കൊണ്ടുവന്നിരിക്കുന്നു..
മറുപടിഇല്ലാതാക്കൂഎഴുത്തുകാരന്റെ പരാജയം എന്നൊന്നും പറയേണ്ടതില്ല മാഷെ...സ്വതം മനസ്സില്‍ വരുന്നതാണല്ലോ വാക്കുകളായി പുറത്തേക്കു വരുന്നത്.
മാഷെ ......വിനോദ് ഒബ്രോയ് ഗുണ്ടകളെ പറ്റി പഠിക്കാന്‍
മറുപടിഇല്ലാതാക്കൂഗുണ്ടകളുടെ കൂടെ കൂടിയിരുന്നു .....
“കൊയിലാണ്ടിക്കാരനൊരു ചെറിയ ചെക്കനായിനും...."
ജാനകി ചെറുചിരിയോടെ പറയും.
മാഷ് കടും കൈ വല്ലതും ...........
മാഷെ എനിക്കിഷ്ടപെട്ടു ....ഭാവുകങ്ങള്‍
കഥ പറഞ്ഞ രീതി എനിക്കിഷ്ടമായി...
മറുപടിഇല്ലാതാക്കൂഇത് ഇന്നത്തെ അവസ്ഥയാണല്ലോ എന്ന് എനിക്ക് തോന്നിട്ടോ.... കമന്റ്റ് വായിക്കും മുന്‍പേ.... സത്യായിട്ടും... :)
പക്ഷെ മാഷ് അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് കമന്റ് കണ്ടു കഴിഞ്ഞാണ് അറിഞ്ഞത്....
Enjoyed my first visit
മറുപടിഇല്ലാതാക്കൂകൂട്ടുകാരെ, എന്നോടും എന്റെ കഥയെഴുത്ത് സാഹസത്തോടുമുള്ള നന്മ നിറഞ്ഞ സ്നേഹവും പരിഗണനയും ഞാന്‍ തിരിച്ചറിയുന്നു.സമീര്‍, മൊയ്തീന്‍, ഫൌസു, മന്‍സൂര്‍,ജെഫു, നൌഷദ്, ശശി, നടേരി, ലിപി,തൊമ്മി,നിങ്ങളോരോരുത്തരും ഇവിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ എനിക്കേറെ വിലയേറിയതാണ്.എല്ലാവരോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മറുപടിഇല്ലാതാക്കൂഇതാണു ലോകം.....അഭിനന്ദനങ്ങൾ, ഈ രചനയ്ക്ക്.
മറുപടിഇല്ലാതാക്കൂപ്രദീപെ ഈ കഥയില്‍ ഒരു അപൂര്‍ണ്ണത വന്നു. ഞാന്‍ വേറെ പലതും പ്രതീക്ഷിച്ചു. അതെങ്ങെനെ പൂര്‍ത്തീകരിയ്ക്കാം എന്ന് എന്‍റ മനസ്സിലുണ്ട്. പക്ഷെ ഞാന്‍ പറയുന്നില്ല.എന്താണേലും പ്രദീപിന് ഇതിനെ വേറൊരു എന്‍റിംഗില്‍ കൊണ്ടുവരാന്‍ പറ്റും.
മറുപടിഇല്ലാതാക്കൂപ്രശ്നം ധാര്‍മികതയാണ്..! മാനവമൂല്യങ്ങളാണ്..!
മറുപടിഇല്ലാതാക്കൂഎനിക്കും ഈ കഥയില്‍ അനുഭവപ്പെട്ടത് ഒരു അപൂര്‍ണ്ണതയാണ് .
പക്ഷെ ആ അപൂര്‍ണ്ണത ഞാന്‍ ഇഷ്ട്ടപെട്ടു ..
കാരണം അവിടെ എന്റെ സ്വാതന്ത്ര്യം ഞാം ഉപയോഗിച്ചു..
കുസുമം പറഞ്ഞത് പോലേ എനിക്കിഷ്ടമുള്ള ഒരു എന്ടിങ്ങില്‍ ഞാനും എത്തിച്ചു .
കൊള്ളാം.
മറുപടിഇല്ലാതാക്കൂസദാചാരമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം അല്ലെ? :)
ഉം.. ചിലരുടെയൊക്കെ ഉറക്കെയുള്ള ചിന്തകള്‍ കാണുമ്പോള്‍ അങ്ങനെ തോന്നാറുണ്ട്.
മറ്റെല്ലാം മാറ്റിവച്ചു നന്നാക്കാന്‍ നടക്കുന്നവര്‍.
നന്നായി എഴുതി.