ചില്ലുജാലകം

                    അരുണാഭമായ  ആകാശത്തെക്കുറിച്ച്  ഞാൻ  എന്റെ  മകളോട്  പറഞ്ഞു.
        
                    അവകൾക്കത്  മനസിലായതേയില്ല.....  പകരം അവളെന്നോട് ചില്ലുകൂട്ടിൽ  പുളക്കുന്ന  സ്വർണമത്സ്യങ്ങളെപ്പറ്റി  സംസാരിക്കുകയാണ്.
                   "നമ്മുടെ സ്വർണമത്സ്യങ്ങൾ ....!!"  അവൾ പറഞ്ഞു.    " തുടിക്കുന്ന അഴകോടെ  അവയതാ.,  സ്ഫടികപ്പാത്രത്തിലെ  ഓളങ്ങളിൽ  നീന്തിക്കളിച്ചും..., ചുഴികളിൽ  മുങ്ങാങ്കുഴിയിട്ടും.... ജലപ്പിശാചുകളുടേയും,  മുങ്ങൽ  വിദഗ്ദ്ധരുടേയും  കണ്ണുവെട്ടിച്ചും......!!"
                    - ഞാൻ  എന്താണ്  പറയുക ?! 
                    - അരുണാഭമായ ആകാശം.,  മഴവില്ലിന്റെ  വർണമേളനം., നിലാവ്.,  പൊയ്കയുടെ  സ്വച്ഛതയിലൂടെ  പുളയ്ക്കുന്ന  പരൽ മീനുകൾ.....  ഇതൊന്നും  ഇവൾക്ക്  മനസിലാവുന്നതേയില്ലല്ലോ...  പകരം  ഇവൾ ചില്ലുകൂട്ടിലെ  സ്വർണമത്സ്യങ്ങളെക്കുറിച്ചും,  ചായംതേച്ച  തകര അഴികൾക്കുള്ളിലെ  ഇരുമ്പുദണ്ഡുകളിൽ  പാറിയിരിക്കുന്ന സ്നേഹപ്പക്ഷികളെക്കുറിച്ചും,  ദുരന്തവാഹികളായ വിമാനങ്ങളെക്കുറിച്ചും  മാത്രം  ആലോചിക്കുകയും  മനസിലാക്കുകയും ചെയ്യുന്നല്ലോ... ?!
                      "മോളേ ...."   - ഞാൻ  വിളിച്ചു.

                     "അച്ഛന്റെ മോളിതാ...." – അവൾ  വിളികേട്ടു
                      " നമുക്കു  സ്നേഹപ്പക്ഷികളെ  അപരാഹ്നവെയിലിന്റെ സൌമ്യതയിലേയ്ക്ക്  തുറന്നുവിടാം...  സ്വർണമത്സ്യങ്ങളെ  കടലിന്റെ നീലവിതാനത്തിലേക്ക്  പറഞ്ഞയക്കാം....."
                      - അവൾക്ക്  ഒട്ടും  ഇഷ്ടപ്പെടാത്ത  കാര്യമായിരുന്നു  ഞാൻ പറഞ്ഞത്.
                      “  അച്ഛന്  യാതൊരു  സൌന്ദര്യബോധവുമില്ല ..”  അവൾ പരിഭവിച്ചു. മുഖം ഇരുണ്ടു.
                   - വേണ്ട  അവളെ  വെറുതേ  ചൊടിപ്പിക്കേണ്ട....
                      " നമ്മളിതാ  അവയ്ക്ക്  ആഹാരം  കൊടുക്കാൻ  പോവുന്നു.....  " അവളുടെ  പരിഭവം  മാറ്റാനായി ഞാൻ  പറഞ്ഞു.   ഫ്ലാറ്റിലെ  വാച്ച്മേൻ വെങ്കിടാദ്രിയെക്കൊണ്ട്  ഇന്നലെയും  അവൾ  ഫിഷ്ഫുഡും,  ലൌബേഡ്സ് ഗ്രാന്യൂൾസും   വാങ്ങിപ്പിച്ചിരുന്നു.
                      കൌതുകത്തോടെയും  പ്രസരിപ്പോടെയും  ഞങ്ങൾ  സ്നേഹപ്പക്ഷികൾക്ക്  ടിന്നിലടച്ച്  സീൽ  ചെയ്തുകൊണ്ടുവന്ന  തിന കൊടുത്തു. സ്വർണമത്സ്യങ്ങൾക്ക്  നൃത്തം  ചെയ്യുന്ന  മയിലുകളുടെ മുദ്ര ചാർത്തിയ  ബിസ്ക്കറ്റുകൾ  നൽകി.
                     - നേരം അന്തിമയങ്ങി…….
                      പ്രാചീനമായ   ഗോത്രതാളങ്ങളുടെ  വിശുദ്ധസ്മൃതിയിലേക്ക്  സിന്തസൈസറുകളുടെ  ചടുലതയും  റോക്സംഗീതത്തിന്റെ  അലകളും മേളിക്കുന്ന  മായികമായൊരു  ഉറക്കുപാട്ട്   സി.ഡി പ്ലെയറിൽ  കേട്ടുകൊണ്ട്  അവൾ   ഉറങ്ങി.……
                    - ഇപ്പോൾ  അവൾ  നല്ല ഉറക്കമാണ്.
                     പാതിരാക്കിളി  ചിലക്കുന്നുവോ..... - ഞാൻ  ചെവിടോർത്തു.,  നദിയുടെ  ഹർഷോന്മാദത്തിലൂടെ   വണികസംഘങ്ങളുടെ  കെട്ടുവള്ളങ്ങൾ യാത്രയാകുന്നുവോ.... - ഞാൻ ഒരു തോണിപ്പാട്ടിന്റെ ഈരടികൾ കേൾക്കുവാൻ  കൊതിച്ചു.,   നിലാവുദിച്ചുവോ..... - ഞാൻ  ജാലകത്തിന്റെ ചില്ലുപാളികളിലേയ്ക്ക  നോക്കി., പാലപൂത്തുവോ..... - ഞാൻ ചില്ലുജാലകം  തുറന്നു.,
                     പുറത്ത്  പിച്ചും പേയുമായി  ഉറങ്ങുന്ന ഭ്രാന്തനെപ്പോലെ നഗരമുറങ്ങുന്നു…,  വിദുരസ്ഥലികളിൽനിന്ന്  അവ്യക്തമായ ഇരമ്പലുകൾ, രോദനങ്ങൾ..... അപരിചിതങ്ങളായ ഗന്ധങ്ങൾ ഒഴുകിവരുന്ന ചൂടുള്ള  നഗരവായു….
                    ഫ്ലാറ്റിന്റെ  ഇത്രയും  ഉയരെനിന്നുള്ള  കാഴ്ചയിൽ  താഴെ റോഡിൽ  നിയോൺ  വിളക്കുകളും  അതു പടർത്തുന്ന  മഞ്ഞളിപ്പും  ഉറക്കം  തൂങ്ങുന്നതു  കാണാം .......
      
                    ഒരു പെൺകുട്ടിയതാ  വിളക്കുകാലിനരികിൽ  ഇരുളിന്റെയും നിഴലുകളുടെയും  തടങ്ങളിൽ  നിന്ന്  പ്രത്യക്ഷപ്പെട്ട്  പരുങ്ങി നിൽക്കുന്നു..! അവ്യക്തമായേ   അവളെ   കാണാനാവുന്നുള്ളുഎന്റെ  മകളുടെ  അതേ പ്രായം,  അതേ വസ്ത്രം,  അതേ ഭാവം,  അതേ മുഖം....!
                   വേവുന്ന  നെഞ്ചോടെ ഞാൻ  വീണ്ടും  ജനലഴികളിലൂടെ  താഴോട്ടു നോക്കവെ
                 - നിയോൺ  വിളക്കുകളുടെ  മഞ്ഞളിപ്പിലൂടെയും, നിഴലുകളിലൂടെയും  നീങ്ങാൻ  തുടങ്ങുന്ന ഒരു റിക്ഷാവണ്ടിയിൽ  തിളങ്ങുന്ന  സിൽക്കുകുപ്പായമിട്ട  തടിച്ചു  കുള്ളനായ,  ഒരു മനുഷ്യനോടൊപ്പം  തമാശകൾ  പറഞ്ഞ് പൊട്ടിച്ചിരിച്ചും,  മുട്ടിയുരുമ്മിയും അവൾ   അതാ..... 



21 അഭിപ്രായങ്ങൾ:

  1. അസ്വാതന്ത്ര്യം തിന്നാന്‍ വിധിക്കപ്പെട്ട അക്വേറിയം മീനുകള്‍ക്കും കൂട്ടിലെ തത്തയ്ക്കുമൊപ്പം നില്‍ക്കാന്‍ മകള്‍ കാണിക്കുന്ന വ്യഗ്രതയാണ് ഇന്നത്തെ ശരി.അവയെ പുറം ലോകത്തേക്ക് തുറന്നുവിടാമെന്നുപറയുന്ന അച്ഛനോര്‍ക്കുന്നില്ല്ലല്ലൊ അവിടെക്കിട്ടുന്ന
    സുരക്ഷിതത്വത്തെപ്പറ്റി.........കഥ നന്നായിരിക്കുന്നു.
    എളുപ്പം പൊട്ടിത്തകരും എന്നതുകൊണ്ടുതന്നെ എല്ലാ ചില്ലുജാലക
    ങ്ങള്‍ക്കും കാവലാളാവാന്‍ നമുക്കുകഴിയട്ടെ.ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  2. anpudan kai anaitha oru paasam intha kathai paditha podh yenak feel panniyach. thanks anna thanks.

    മറുപടിഇല്ലാതാക്കൂ
  3. മനോഹരം .
    വിത്യസ്തമായ ശൈലിയില്‍ ആകര്‍ഷണീയമായി പറഞ്ഞ ഈ കഥ ഇഷ്ടായി ട്ടോ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്. കഥവായിച്ചു.. ഇഷ്ടപ്പെട്ടു.. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  5. വ്യത്യസ്തമായ വായനാനുഭവം.. തുടര്‍ന്നും എഴുതുക.. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അറിയിക്കുമോ.. anushadoz@gmail.com

    മറുപടിഇല്ലാതാക്കൂ
  6. നല്ല വാക്കുകള്‍ക്കും,പ്രതികരണങ്ങള്‍ക്കും; നൌഷാദ്,ഇംതി, ഹരിമാഷ്,ബിജു,മന്‍സൂര്‍,ശ്രീജിത്ത്,സന്ദീപ്., എല്ലാവരോടും എന്റെ സ്നേഹവും കടപ്പാടും...

    മറുപടിഇല്ലാതാക്കൂ
  7. കണ്ണേ മടങ്ങുക.. പാതിയില്‍ തുറന്നിട്ട ആ ജാലകം മുറുക്കെ അടച്ചു സ്വന്തം മുറിയുടെ സുരക്ഷിത്വത്തില്‍ മകള്‍ സ്വച്ഛമായുറങ്ങുന്നതും നോക്കി ആശ്വാസത്തിന്റെ നെടുവീര്‍പ്പിടാം.. നമ്മള്‍ സ്വാര്‍ത്ഥരായാല്‍ ഇത്തരം കാഴ്ചകളെ കണ്ടില്ലെന്നു വരുത്താം.. അങ്ങനെ സ്വയം ആശ്വസിക്കാം..

    പ്രദീപ്‌ ചേട്ടാ.. ഞാനീ കഥകള്‍ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു.. ബ്ലോഗില്‍ ഇത്തരം ഗൗരവമേറിയ വിഷയങ്ങള്‍ പറയുന്ന കഥകള്‍ നന്നെ കുറവാണ്.. അതും ഒട്ടും ഓവര്‍ ആക്കാതെ.. അത് കൊണ്ട് തന്നെ ഇത് ശ്രദ്ധേയമാണ്..

    മറുപടിഇല്ലാതാക്കൂ
  8. ഒരു വലിയ അഭിപ്രായം എനിക്കറിയില്ല ഇതിനെക്കുരിച്ച്.. എനിക്കിഷ്ടായി.. ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  9. ചില്ലുകൂട്ടിലെ സുരക്ഷിതത്വം ഒരു കടല്‍ മീനിനില്ല.
    ചില്ലികൂടിന്റെ ചതുരത്തിളക്കം കടലിനൊട്ടും ഇല്ല.
    കടലിന്റെ സ്വാതന്ത്ര്യം, സന്തോഷം ചില്ലുകൂടിനുള്ളില്ലില്ല.
    പക്ഷേ മാഷേ കടലിന്റെ സ്വാതന്ത്ര്യം എന്ന വലിയ ബാധ്യത
    ഏറ്റെടുക്കാന്‍ ആളെവിടെ...
    നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  10. ആദ്യമായിട്ടാ ഇവിടെ. നിരാശ തോന്നിയില്ല. ശൈലി കൊള്ളാം.
    ഇനിയും വരാം.

    സൈഡില്‍ ബ്ലൂ ആയത് കൊണ്ട് അക്ഷരങ്ങളും ബ്ലു വേണോ? അതോ ബോള്‍ഡ്‌ ആയിട്ടാണോ ടൈപ്പ് ചെയ്യുന്നത്? ഡിസൈന്‍ ഒന്ന് മാറ്റിപ്പിടിക്കൂ.

    മറുപടിഇല്ലാതാക്കൂ
  11. നന്നായി പറഞ്ഞു .... ഇന്നത്തെ പുറം ലോക സുരക്ഷിതത്വം നാമ മാത്രം ... ലവ് ബെര്ട്സും സ്വര്‍ണ മത്സ്യങ്ങളും കൂട്ടില്‍ തന്നെ കിടന്നോട്ടെ ..... ആശംസകള്‍ മാഷേ

    മറുപടിഇല്ലാതാക്കൂ
  12. മനോഹരമായകഥ ,നന്നായി ,തലമുറകള്‍ തമ്മിലുള്ള വിടവ് ,മാറുന്ന മൂല്യങ്ങള്‍ ,ഒതുക്കി പ്പറഞ്ഞു ,അഭിനന്ദനങ്ങള്‍ പ്രദീപ്‌ സര്‍ ..

    മറുപടിഇല്ലാതാക്കൂ
  13. കഥ വളരെ ഇഷ്ടമായി.വ്യത്യസ്തതയുണ്ട്.
    ഇനിയും ഇതിലെ വരാം

    മറുപടിഇല്ലാതാക്കൂ
  14. ആ റിക്ഷയിലെ കുട്ടി......
    ശരിയ്ക്കും പേടിയാകുന്നു.

    മറുപടിഇല്ലാതാക്കൂ
  15. ഇത്തവണ ഒറ്റ വായനയില്‍ തന്നെ അച്ഛനേയും മോളെയും പെണ്‍ക്കുട്ടിയേയും സില്‍ക്ക് കുപ്പായക്കാരനേയും ഉള്‍ക്കൊള്ളാന്‍ സാധിച്ചു..!
    ന്റ്റെ മിടുക്ക് തന്നെ അല്ലേ.. :)

    ഇഷ്ടായി ട്ടൊ...ലളിതം മനോഹരം...ആശംസകള്‍...!

    മറുപടിഇല്ലാതാക്കൂ
  16. >>അരുണാഭമായ ആകാശം., മഴവില്ലിന്റെ വര്‍ണമേളനം., നിലാവ്., പൊയ്കയുടെ സ്വച്ഛതയിലൂടെ പുളക്കുന്ന പരല്‍ മീനുകള്‍....... ഇതൊന്നും ഇവള്‍ക്ക് മനസിലാവുന്നതേയില്ലല്ലോ...<<

    ഇല്ല പകരം ചില്ല് കൂട്ടിലെ സ്വര്‍ണമത്സ്യങ്ങളെയും ഷോകൈസിലെ പ്ലാസ്റ്റിക് പൂക്കളെയും ഇഷ്ടപ്പെടുന്ന ചോക്കളേറ്റു മിട്ടായികളായിത്തീരുന്നു ഇന്നത്തെ ഇന്റെനെറ്റ് ബേബികള്‍. വാക്കുകള്‍ക്കു അതീതമായൊരു വായനാ സുഖം വരികള്‍ക്കിടയില്‍ ഞാനനുഭവിച്ചു.

    മറുപടിഇല്ലാതാക്കൂ
  17. ബന്ധനം കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ ! ഇതായിരുന്നു ഈ കഥ വായിച്ച്‌ തുടങ്ങിയപ്പോള്‍ എനിക്ക്‌ മനസ്സില്‍ തോന്നിയ കമെന്‌റ്‌. പക്ഷെ കഥ അവസാനിക്കുമ്പോള്‍ ഒരു വിങ്ങലോടെ, അല്ലെങ്കില്‍ ചിന്തയുണര്‍ത്തുന്ന രീതിയില്‍ പറഞ്ഞ്‌ നിറുത്തിയിരിക്കുന്നു. ആ പെണ്‍കുട്ടിയുടെ യാത്ര തെറ്റിലേക്കാണല്ലേ...

    മറുപടിഇല്ലാതാക്കൂ
  18. എന്തോ കണ്ണുകള്‍ നിറയുന്നു
    പലപ്പോഴും ഭയമാണ് പുറത്തേക്ക് നോക്കി കാഴ്ചകള്‍ കാണാന്‍
    കാത്തു കൂര്‍പ്പിച്ചു വാര്‍ത്തകള്‍ കേള്‍ക്കാന്‍ ....
    ബന്ധനങ്ങള്‍ ആണ് ഇന്ന് സുരക്ഷിതം എന്ന് തോന്നുന്നു .
    ദൈവം നമ്മുടെ തലമുറകളെ രക്ഷിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  19. ജനലിനപ്പുറത്തെ ജീവിതം എപ്പോഴും നമ്മുടെ പരിധികള്‍ക്കപ്പുറത്താണ്.
    അഴികള്‍ക്കിടയിലൂടെ നോക്കാന്‍ പോലും പലപ്പോഴും നാം ഭയക്കുന്നു.
    അതുപോലെ അഴികള്‍ക്കുള്ളിലെ അഴികള്‍ക്കുള്ളില്‍ കിടക്കുന്ന പക്ഷികളും അതിനുള്ളില്‍ സുരക്ഷിതരാണ്, അതിനുള്ളില്‍ മാത്രം.
    പുറത്തേയ്ക്ക് തുറന്നുവിട്ടാല്‍ അവയെ റാഞ്ചാന്‍ പരുന്തുകളും കൊത്താന്‍ മറ്റുപക്ഷികളും തയ്യാറായി നില്‍ക്കുന്നുണ്ടാവും.
    അച്ഛന്‍റെ ആഗ്രഹങ്ങള്‍ ദുരന്തത്തില്‍ മാത്രമേ എത്തൂ...
    ആന്തരാര്‍ത്ഥങ്ങള്‍ ഭംഗിയായി ഒളിപ്പിച്ച വളരെ നല്ല ആഖ്യാനം.

    മറുപടിഇല്ലാതാക്കൂ