നീലക്കുറുക്കന്‍











വയറു വിശന്ന് പൊരിഞ്ഞപ്പോള്‍ പുറത്തിറങ്ങി....... ഒരു തുണ്ട് ഭക്ഷണമോ, ഒരു തുള്ളി ജലമോ.. കിട്ടിയെങ്കില്‍ എന്ന പ്രാര്‍ത്ഥനകളോടെ, പരതുന്നതിനിടയില്‍, അബദ്ധത്തില്‍ നീലം കലക്കിയ വെള്ളത്തില്‍ വീണു.......

മേലാകെ പുതഞ്ഞ നീലനിറവും ,ഒടുങ്ങാത്ത നീറ്റലും പുകച്ചിലും.....

സഹിക്കാനാവാതെ ഓടുകയായിരുന്നു....
എന്റെ കൂട്ടരുടെ അടുത്തേക്ക്................
നീലത്തില്‍ കുതിര്‍ന്ന് നിറം മാറിയ എന്നെ അവര്‍ക്ക് മനസിലാവാതിരുന്നത് എന്റെ കുറ്റമാണോ......
എനിക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിന് മുമ്പ് അവര്‍ എന്നെ വിചിത്രജീവിയായി പ്രഖ്യാപിച്ചത് എങ്ങിനെയാണ് ഞാന്‍ ചെയ്ത ചതിപ്രയോഗമാവുക

എന്റെ കൂട്ടരോടൊപ്പം മറ്റുള്ളവരും ചേര്‍ന്ന് ആഘോഷിക്കാന്‍ തുടങ്ങിയപ്പോള്‍,  ഒന്നും വിശദീകരിക്കാന്‍ അവസസരം കിട്ടാതെ ഞാന്‍ തളര്‍ന്നുപോയിരുന്നു.

ഇതാ അത്ഭുതജീവി, ഇതാ അത്ഭുതജീവി, ഇവനാവട്ടെ നമ്മുടെ രാജാവ്.....എന്നു പാടിക്കൊണ്ട് എനിക്കു ചുറ്റം അവര്‍  നൃത്തംവെച്ചപ്പോള്‍ എന്റെ ഗതികേടിനെ പരിഹസിക്കുന്നപോലെ ഞാന്‍ പൊള്ളുകയായിരുന്നു....

അവഗണനയുടേയും, കുത്തുവാക്കുകളുടേയും, നിസ്സഹായതയുടേയും നിലയില്ലാക്കയത്തില്‍ വീണുപോയ ഞാന്‍ രക്ഷക്കായി ഉച്ചത്തില്‍ നിലവിളിച്ചുപോയത് എന്റെ കുറ്റമാണോ.....

എന്റെ കണ്ണുനീര്‍ച്ചാലുകളില്‍ നീലനിറം ഇളകിമാഞ്ഞത് വലിയ അപരാധമാണോ......

“ചതിയന്‍ , ഒറ്റുകാരന്‍.....“ എന്നെല്ലാം വിളിച്ചുകൊണ്ട് അവരെന്നെ കടിച്ചുകുടഞ്ഞ് ആട്ടിയോടിക്കുമ്പോഴും നിസ്സഹായതയും വേദനകളും എന്നെ ചൂഴ്ന്ന് നിന്നിരുന്നു,

ഇപ്പോള്‍ ഞാനിതാ,
എല്ലായിടത്തും തിരസ്കരിക്കപ്പെട്ട്,
കൊടിയ ഏകാന്തതയില്‍ ,നിരാലംബനായി...
ഉള്‍ക്കാടുകളിലൂടെ പാത്തും, പതുങ്ങിയും...
ഒടുങ്ങാത്ത നിലവിളികളോടെ.......

7 അഭിപ്രായങ്ങൾ:

  1. അതെ, ഈ കഥയ്ക്ക് ഇങ്ങനൊരു വശവും നാം ചിന്തിയ്ക്കേണ്ടതാണ്... കൊള്ളാം മാഷേ.

    മറുപടിഇല്ലാതാക്കൂ
  2. നീല ചിത്രങ്ങളുടെ പ്രളയകാലത്ത് നീലക്കുരുക്കാന്‍ വത്യസ്തനാവുന്നു. കഥ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  3. തലപ്പത്തിരിക്കുന്ന എല്ലാവരുടെയും അവസ്ഥ അത് സോളാർ കലം ആയാലും കല്ക്കരി കലം ആയാലും വീണു പോയാൽ

    മറുപടിഇല്ലാതാക്കൂ
  4. ആട്ടിന് തോലണിഞ്ഞ ചെന്നായ്ക്കളും ഏതാണ്ട് ഇങ്ങനെയൊെക്കയാണ് പറയുന്നത്.....

    മറുപടിഇല്ലാതാക്കൂ
  5. കുറുക്കനെ ഓടിയ്ക്കാനേ നമുക്കറിയൂ
    എങ്ങനെ വീണു എന്നൊന്നും ചിന്തിയ്ക്കാന്‍ ആര്‍ക്കും നേരമില്ല, താല്പര്യവുമില്ല

    കഥയുടെ കാണാപ്പുറത്ത് ഇങ്ങനെയും ഒരു ഭാഷ്യമുണ്ട് അല്ലേ!

    മറുപടിഇല്ലാതാക്കൂ
  6. നീലകുറുക്കന്റെ കഥയ്ക്ക് ഇങ്ങിനെ ഒരു ആഖ്യാനം കൊള്ളാം.. എല്ലാ കുറുക്കന്മാരും പക്ഷെ അങ്ങിനെ നീലത്തിൽ വീണതല്ല.

    മറുപടിഇല്ലാതാക്കൂ