മരണാനന്തരം ...!!   

മരണാനന്തരജീവിതത്തെക്കുറിച്ചുള്ള  പുതിയ  പ്രബന്ധത്തിന്റെ  പണിപ്പുരയിലായിരുന്നു  'പ്രൊഫസര്‍ രാജഗോപാല്‍ '  എന്ന  'കൈപ്രത്ത് തെക്കേതില്‍ രാജഗോപാലന്‍ നായര്‍ '

- അതിനിടയിലാണ്  അമ്മയുടെ  ചാവറിയിച്ചുകൊണ്ട്  തറവാട്ടില്‍  നിന്ന്  ആളു  വന്നത്

തറവാട്ടില്‍  നിന്നുവന്ന  ആള്‍.,  കാര്യസ്ഥന്‍  രാമേട്ടനായിരുന്നു...   വാര്‍ദ്ധക്യത്തിന്റെതായ  ചില  പ്രശ്നങ്ങള്‍  അലട്ടുന്നുണ്ടെങ്കിലും  അതൊന്നും  കാര്യമാക്കാതെ  മരണവൃത്താന്തവും  അമ്മയുടെ  അന്ത്യനിമിഷങ്ങളും പ്രൊഫസറെ  നേരിട്ട്  അറിയിക്കുവാനായി  നീണ്ട  യാത്ര  ചെയ്ത്  എത്തിയതായിരുന്നു  രാമേട്ടന്‍ ...

സര്‍വ്വകലാശാലയുടെ  ക്വാർട്ടേഴ്സിലെ  തന്റെ  ഏകാന്തവാസത്തിന്  സഹായിയായി  നില്‍ക്കുന്ന  പയ്യനെക്കൊണ്ട്  അയാള്‍ക്ക്  മുറുക്കാന്‍  വരുത്തിക്കൊടുത്ത  ശേഷം  മരണാനന്തരക്രിയകളിലേക്ക് യാത്രയാവണോ  വേണ്ടയോ  എന്ന  പ്രശ്നത്തെക്കുറിച്ച്  പ്രൊഫസര്‍  ആലോചിച്ചു  നോക്കി....?

' ജീവകോശങ്ങളെ  സംബന്ധിച്ചിടത്തോളം  അനിവാര്യവും.,  പ്രകൃതിനിയമങ്ങള്‍  അനുസരിച്ച്   സ്വാഭാവികവുമായ  മരണം  കഴിഞ്ഞിരിക്കുന്നു...  അമ്മ  ഗന്ധമായും  പുകയായും  പഞ്ചഭൂതങ്ങളില്‍  ലയിക്കുക  തന്നെ  ചെയ്യും....'  - പ്രൊഫസര്‍  ആലോചിക്കുകയായിരുന്നു.

രാമേട്ടനാവട്ടെ  മുറുക്കാന്‍  ചവച്ചു  തുപ്പിക്കൊണ്ട്   - 'അമ്മ,  മരണം,  തറവാട്,  പറമ്പിലെ നാളികേരം,  ആലയിലെ പശുക്കള്‍,  അന്യാധീനപ്പെടുന്ന  ഭൂവിടങ്ങള്‍,  കൈപ്രത്ത്  തെക്കേതില്‍  വീട്ടുകാരുടെ  പഴയകാല  പ്രതാപം .…'  - എന്നിങ്ങനെ  പല  വിഷയങ്ങളെക്കുറിച്ചും  തുടര്‍ച്ചയായി  സംസാരിച്ചുകൊണ്ടിരുന്നു...

മരണസംബന്ധിയായ  വിഷയങ്ങളില്‍  ദീര്‍ഘകാലത്തെ  ഗവേഷണ  പരിചയവും,  ഗവേഷണ  കുതുകികളായ നിരവധി  യുവാക്കള്‍ക്ക്  ഇത്തരം  വിഷയങ്ങളുടെ  പരിസരങ്ങളില്‍  വഴികാട്ടിയായതിന്റെ  അനുഭവസമ്പത്തും, സര്‍വ്വോപരി  ബുദ്ധിജീവികള്‍ക്കിടയില്‍  ഏറെ  പ്രശംസിക്കപ്പെട്ട  മൂര്‍ച്ചയുള്ള  യുക്തിബോധവും  കൃത്യമായ അളവുകളിലും  സഞ്ചാരപഥങ്ങളിലും  ചരിക്കുകയും  വ്യക്തമായ  തീരുമാനത്തില്‍  പെട്ടെന്നുതന്നെ പ്രൊഫസര്‍ രാജഗോപാല്‍  എത്തിച്ചേരുകയും  ചെയ്തു....

- രാമേട്ടനെ  തിരിച്ചയച്ച്  അയാള്‍  വളരെ  വേഗം  പ്രബന്ധത്തിന്റെ  പണി  തുടര്‍ന്നു..!!

'മരണത്തിന്റെ  ഗഹ്വരങ്ങളിലൂടെ  നൂതനമായൊരു  വ്യവസ്ഥയിലേക്ക്  നാം  വിലയം പ്രാപിക്കുന്നു.,  ഭീതിയുടെയും അശാന്തിയുടെയും  തണുത്തിരുണ്ട  ഗുഹാന്തരങ്ങള്‍  കടന്ന്  ശാന്തവും  സൗമ്യവുമായൊരു  വെളിച്ചത്തിലേക്ക് നാം  യാത്ര  ചെയ്യുകയാണ്…' 

പ്രൊഫസര്‍  രാജഗോപാല്‍   തന്റെ  പ്രബന്ധത്തിലെ  പുതിയ  അദ്ധ്യായം  എഴുതാന്‍  തുടങ്ങി...