രാധാകൃഷ്ണൻ തെയ്യം

രാധാകൃഷ്ണൻ  യാത്ര പുറപ്പെടുമ്പോൾ കശുമാവുതോട്ടത്തിലെ ഉണങ്ങിയ ഇലപ്പടർപ്പിൽ രണ്ട് മൂർഖൻ പാമ്പുകൾ ഇണചേരുന്നുണ്ടായിരുന്നു. മലമുകളിലെ ഒറ്റയടിപ്പാതയിലൂടെ നടന്നകലുന്ന കൗമാരക്കാരനെ ഇണചേരൽ മതിയാക്കി ഇലകളിൽ പതിഞ്ഞ് അവ നോക്കിക്കിടന്നു. ഇടവഴികളിലൂടെ മലയിറങ്ങുമ്പോൾ പാറക്കെട്ടിലൂടെ ഒരു മുള്ളൻപന്നി ഓടിപ്പോയി. താഴ്വരയിൽ നിന്ന് രണ്ട് കുറുക്കന്മാർ ഓലിയിട്ടു. നാട്ടുവഴിയോരത്ത് ഒരു അണലിപ്പാമ്പ് ഇലപ്പടർപ്പുകളിലേക്ക് ചുരുണ്ടു.

പുഴക്കരയിൽ കാത്തുനിന്ന ഞങ്ങളോട് യാത്രപറഞ്ഞ് രാധാകൃഷ്ണൻ അക്കരെക്കുള്ള തോണിയിൽ കയറി . അപ്പോൾ പുഴയുടെ നിശ്വാസം ഒരു വേലിയേറ്റമായി ഉയർന്നു. ഒരു വരാൽ മത്സ്യം പതുക്കെ നീങ്ങുന്ന തോണിക്കടിലൂടെ ഊളിയിട്ടുപോവുന്നത് ഞങ്ങൾ കണ്ടു.

മല്ലിന്റെ ഒറ്റമുണ്ടും, കോറത്തുണിയുടെ ഷർട്ടും ധരിച്ച്.,  ചെറിയൊരു തുണിസഞ്ചിയും തൂക്കി അന്ന് കോഴിക്കോട്ടേക്ക് പഠിക്കാൻ പോയ കൗമാരക്കാരൻ തിരിച്ചുവന്നത് പതിനഞ്ച് വർഷം  കഴിഞ്ഞാണ്. തോണിയിറങ്ങി നാട്ടുവഴിയിലൂടെ രാധാകൃഷ്ണൻ മടങ്ങിവരുന്നത് ഞങ്ങൾ നോക്കി നിന്നു – അപ്പോൾ അയാളുടെ കണ്ണുകൾക്ക് തിളക്കം കൂടിയിരുന്നു.... മുഖത്ത് അലസമായ താടിരോമങ്ങൾ വളർന്നിരുന്നു.... മൽമുണ്ടിനു പകരം പരിഷ്കാരികളുടെ മട്ടിലുള്ള കാൽശരായി ധരിച്ചിരുന്നു.... തുണിസഞ്ചിക്കു പകരം പുസ്തകക്കൂനകളുടെ കനം തൂങ്ങുന്ന വലിയൊരു ബാഗ് തൂക്കിയിരുന്നു.....

പലരും കുശലം പറയാൻ അടുത്തുകൂടിയെങ്കിലും രാധാകൃഷ്ണൻ മിതഭാഷിയായി ഒഴിഞ്ഞുമാറി. എങ്കിലും കഴിഞ്ഞ പതിനഞ്ചു  കൊല്ലക്കാലം താൻ ക്ലാസ് മുറികളും, പുസ്തകങ്ങളും നൽകിയ ചിന്തകളുടേയും, സ്വപ്നങ്ങളുടേയും ലഹരി ആസ്വദിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു...

പ്രേം നസീറിന്റെ 'പിക്നിക്...', 'ഹലോ ഡാർലിങ്ങ്...'  തുടങ്ങിയ സിനിമകൾ ഇറങ്ങിയ നാളുകളായിരുന്നു അത്. പുഴക്കക്കരെ കക്കോടി അങ്ങാടിയിലുള്ള അശ്വതി ടാക്കീസിൽ പോയി  സിനിമ കാണുന്നത് അക്കാലത്ത് ഞങ്ങളുടെ ഹരമായിരുന്നു. തേക്കുമരം കൊണ്ടുള്ള തൂണുകളിലും, പനമ്പട്ടകളിലും പൂശിയ കരിഓയിലിന്റെ സുഖദമായ മണമുള്ള അശ്വതി ടാക്കീസിലെ പൂഴിവിരിച്ച തറയിലിരുന്ന് ആവേശപൂർവ്വം കണ്ട സിനിമകളിൽ നിന്ന് കോളേജ് ജീവിതത്തെക്കുറിച്ച് ഞങ്ങൾക്ക് ഏകദേശധാരണ ഉണ്ടായിരുന്നു - പ്രേംനസീറിനേയും, വിൻസന്റിനേയും പോലുള്ള സുമുഖരായ ചെറുപ്പക്കാർ., വിജയശ്രീയേയും, ജയഭാരതിയേയും പോലുള്ള അതിസുന്ദരികളോടൊപ്പം  പ്രണയഗീതങ്ങൾ പാടിനടക്കുകയും, ആരും കാണാതെ അവരെ ഉമ്മവെക്കുകയും ചെയ്യുന്ന  ഒരു സ്വർഗലോകമാണ് കോളേജ് എന്നതായിരുന്നു ഞങ്ങളുടെ ധാരണ.

“നീ പ്രേമിച്ചിരുന്നില്ലെ...?” – രാധാകൃഷ്ണന്റെ പ്രണയകഥകൾ കേൾക്കാനുള്ള ആവേശത്തിൽ ഞങ്ങളിലൊരാൾ ചോദിച്ചു.

പരമ്പരാഗതമായി തെയ്യം കെട്ടുകയും, തോറ്റം പാടുകയും ചെയ്യുന്ന കുടുംബത്തിലെ ഇളമുറക്കാരനായ രാധാകൃഷ്ണന് നന്നായി പാട്ടുപാടാൻ കഴിയും . പാടാനുള്ള കഴിവ് തെയ്യംകെട്ടുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. തീർച്ചയായും കോളേജിനു മുന്നിലെ പൂന്തോട്ടത്തിലൂടെയും, മരങ്ങൾക്കിടയിലൂടെയും വിജയശ്രീയെപ്പോലെ കൊഴുത്ത അവയത്തുടിപ്പുള്ള ഏതോ പ്രണയിനിയോടൊപ്പം അവൻ പാട്ടുകൾ പാടി നടന്നിട്ടുണ്ടാവും . ജയഭാരതിയെപ്പോലൊരു ഉന്മാദിനിയുമായി അവൻ പ്രണയലേഖനങ്ങൾ കൈമാറിയിട്ടുണ്ടാവും... - ആ കഥകൾ കേൾക്കാൻ ഞങ്ങൾ  കൊതിയോടെ തിടുക്കംകൂട്ടി....

പക്ഷേ രാധാകൃഷ്ണന്റെ മറുപടി ഞങ്ങളെ  നിരാശരാക്കി.

“ഒരു ഗണിതശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ പൂർണമായും സംഖ്യകളുടേയും, സമവാക്യങ്ങളുടേയും പ്രണയലോകത്തായിരുന്നു. പുസ്തകങ്ങളേയും, പേനകളേയും ഞാൻ ഒരുപാട് പ്രേമിച്ചു. ക്ലാസ് മുറികളെ പ്രേമിച്ചു. സെറ്റ് തിയറിയുടെ കാമനകൾ ഞാൻ നന്നായി അറിഞ്ഞു .  കോംപ്ളക്സ് അനാലിസിസിന്റേയും, ടോപ്പോളജിയുടേയും വശ്യസൗന്ദര്യത്തിനു മുന്നിൽ ഞാൻ പ്രണയപരവശനായി. പാർഷ്യൽ ഡിഫറൻഷ്യലുകളുടെ മാദകത്വം തുളുമ്പുന്ന കണ്ണുകൾ എന്റെ സിരകളെ ഉന്മത്തമാക്കി.... പ്രണയപരവശനായ ഞാൻ കോഴിക്കോട്ടു നിന്നും കർണാടകത്തിലെ  സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയി.... യശ്വന്ത്പുരയിലെ മരങ്ങളേയും,  ഇന്ത്യൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ  ഇടനാഴികളെയും ഞാൻ അഗാധമായി പ്രണയിച്ചു.....”

ഞങ്ങൾ തരിച്ചു നിൽക്കുന്നതിനിടയിൽ രാധാകൃഷ്ണൻ മലയടിവാരത്തേക്കുള്ള നാട്ടുവഴിയിലൂടെ തന്റെ വീട് ലക്ഷ്യമാക്കി നടന്നു...

ഓലമേഞ്ഞ കുടിലിന്റെ ചാണകം മെഴുകിയ തിണ്ണയിൽ വിരിച്ച തടുക്കിൽ തളർവാതം പിടിപെട്ട് കിടക്കുന്ന 'അയനോളി നേണിക്കം' എന്ന കേളുവച്ചന്റെ കണ്ണുകളിൽ അപരാഹ്നവെയിലിന്റെ തെയ്യക്കോലങ്ങൾ മുടിയേറ്റി. കളിയാട്ടത്തിന്റെ പന്തങ്ങളുമായി ഇടവഴികളിലൂടെ വെള്ളാട്ടു കോലങ്ങൾ കൂവിയാർത്തു.

അപ്പോഴാണ് കാൽശരായിയിട്ട ആൾ തോളിൽ സഞ്ചിയുമായി കാട്ടുപുല്ലുകൾ മുളച്ചുനിന്ന  മുറ്റത്തുകൂടി നടന്നു വരുന്നത് മങ്ങിയ കാഴ്ചയായി കേളുവച്ചൻ അറിഞ്ഞത്. അയനോളി നേണിക്കം അപ്പോൾ കരിയാത്തിത്തെയ്യമായി  ചുറ്റും നിന്ന ഭക്തർക്കിടയിൽ വാക്കെണ്ണുകയായിരുന്നു. ജീവിതയാത്രയിലെ പലതരം സങ്കടങ്ങൾ നിരത്തുന്ന ഭക്തരുടെ തലയിൽ കൈവെച്ച്  “ഹിതം ചെയ്തേക്കും..... ഹിതം ചെയ്തേക്കും.....” എന്ന് കരിയാത്തി അനുഗ്രഹിച്ചു. കാവിന്റെ മുറ്റത്ത് തീർത്ത അഗ്നികുണ്ഠത്തിൽ തീനാളങ്ങൾ ഉയർന്നുപൊങ്ങി..... ‘തൊണ്ടെടു മലരെട്.... തൊണ്ടെടു മലരെട്....’ എന്ന താളത്തിൽ ചെണ്ടയും, ഇലത്താളവും മുറുകി... -  അപ്പോഴാണ് അഗ്നിനാളങ്ങളുടെ സുതര്യമായ പാളികൾക്കിടയിലൂടെ കാൽശരായിയിട്ട ആൾ നടന്നു വന്നത്....  

ശക്തിദുർഗ്ഗയായി  ആടിയ അയനോളി നേണിക്കം നിമിഷാർദ്ധംകൊണ്ട് വീണ്ടും തളർവാതക്കാരനായ കേളുവച്ചനായി മാറി... കളിയാട്ടത്തിന്റെ സ്വപ്നങ്ങൾ മുറിച്ചു കളഞ്ഞ അപരിചിതനോട് കേളുവച്ചന് എന്തെന്നില്ലാത്ത പക തോന്നി.

“അയനോളി നേണിക്കത്തിന് കരം അടക്കാൻ ഇപ്പൊ മനസില്ലാന്ന് പോയി പറയ്  അന്റെ കാർണോരോട്....” – വന്നത് വില്ലേജാപ്പീസിലെ നികുതി പിരിവുകാരനാണെന്ന് ധരിച്ച് കേളുവച്ചൻ തളർന്ന നാവോടെ അവ്യക്തമായി പറഞ്ഞു.

മുറ്റത്തു നിന്നും ഇറയത്തേക്ക് കയറി അച്ഛനരികിൽ ഇരുന്ന് പതിയെ കൈകൾ തലോടി രാധാകൃഷ്ണൻ പറഞ്ഞു :  “അച്ഛാ– ഇത് ഞാനാണ്....., രാധാകൃഷ്ണൻ...”

തളർന്ന കണ്ണുകൾ കൊണ്ട് കേളുവച്ചൻ മകനെ തുറിച്ചുനോക്കി. നേർത്തൊരു കണ്ണുനീർ ആ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങി കവിളിലൂടെ ഒഴുകി. പതിനഞ്ചു വർഷമായി കരുതിവെച്ച മകനോടുള്ള സ്നേഹം അവ്യക്തമായ ഭാഷയായി പിറുപിറുപിറുത്തു. നനഞ്ഞു കുതിർന്ന കണ്ണിൽ കാഴ്ചകൾ പിന്നെയും മങ്ങി. നാവുകളിൽ പതിയെ ഒരു തോറ്റംപാട്ടിന്റെ ഈരടികൾ തുളുമ്പി. മങ്ങിയ കാഴ്ചകൾക്കിടയിൽ തുടിക്കാരുടെ അകമ്പടിയോടെ മകനൊരു ഓണത്താറായി വയൽ വരമ്പുകളിലൂടെ, വീടുകളിൽ നിന്ന് വീടുകളിലേക്ക് അനുഗ്രഹങ്ങളുടെ യാത്രകൾ ചെയ്തു....

പുറത്തെ ശബ്ദം കേട്ടാണ് നാണിയമ്മ വന്നത് . മകനെക്കണ്ട് അവർ കുറച്ചുനേരം തരിച്ചു നിന്നുപോയി...  ആഹ്ലാദത്തിന്റെ കണ്ണീരോടെ അവരവനെ സ്നേഹപൂർവ്വം തലോടി. മൂർദ്ധാവിൽ ഉമ്മ വെച്ച് മാതൃസ്നേഹത്തന്റെ അമൃതം ചുരത്തി .....

മാതാപിതാക്കളുടെ സ്നേഹപ്രകടനങ്ങൾക്ക് അധികം നിന്നുകൊടുക്കാതെ രാധാകൃഷ്ണൻ കൂരക്കുള്ളിലേക്ക് കടന്നു. അകത്തെ മരപ്പടിയിൽ വെച്ചിരുന്ന  തോറ്റംപാട്ടുകളുടെ ഓലകളും, ദ്രവിച്ച പുസ്തകങ്ങളും എടുത്തുമാറ്റി അവിടെ താൻ കൊണ്ടുവന്ന പുസ്തകങ്ങൾ  അടുക്കി വെച്ചു. എല്ലാം വൃത്തിയായി അടുക്കിവെച്ച്, വേഷം മാറി അയാൾ പുഴയിൽ പോയി കുളിച്ചു വന്നു. നാണിയമ്മ ഇതിനകം തയ്യാറാക്കിയ കഞ്ഞിയും പയറും കഴിച്ച് നേരെ തന്റെ പുസ്തകങ്ങൾക്കരികിലേക്ക് പോയി....

മുറിയുടെ വാതിൽക്കൽ വന്ന് നാണിയമ്മ വിശേഷങ്ങൾ തിരക്കിയതിന് സംഭാഷണം തുടരാൻ വലിയ താത്പര്യം തോന്നാത്ത മറുപടികൾ പറഞ്ഞ് അയാൾ പുസ്തകങ്ങൾ മറിച്ചു. പേനയും കടലാസുമെടുത്ത് എഴുതാൻ തുടങ്ങി.

“മോനേ.....” -– നാണിയമ്മ വാതിലിനപ്പുറം വന്നുനിന്ന് പതുക്കെ വിളിച്ചു 

“ഉം ....” -– രാധാകൃഷ്ണൻ അശ്രദ്ധമായി മൂളി. അയാളപ്പോൾ പുഴയിൽ കുളിക്കുന്നതിനിടയിൽ മനസ്സിൽ വീണ ചില ടോപ്പോളോജിക്കൽ തത്വങ്ങൾ കടലാസിലേക്ക് പകർത്തുന്ന  തിരക്കിലായിരുന്നു

“യ്യ് ന്തോ പണീലാ....” -– നാണിയമ്മ ചോദിച്ചു

“ഉം ....”- രാധാകൃഷ്ണൻ സിദ്ധാന്തലോകത്ത് സ്വയം മറന്നു മൂളി. അമ്മയുടെ സ്നേഹത്തിന് ചെവികൊടുക്കാതെ മകൻ എഴുത്തിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോൾ അവർ ഒന്നും മിണ്ടാതെ നെഞ്ചിലൊരു നേർത്ത മിടിപ്പോടെ മകനെ കണ്ണിമക്കാതെ  നോക്കിനിന്നു.

(പതിനഞ്ചു വർഷങ്ങൾക്കു ശേഷം അന്ന് പുഴയുടെ കരയിലെത്തിയപ്പോൾ പുഴ ആകെ മാറിപ്പോയതായി തനിക്കു തോന്നിയതായി രാധാകൃഷ്ണൻ പിന്നീട് ഞങ്ങളോട് പറഞ്ഞു. താൻ അതുവരെ തേടിനടന്ന  ഫ്ളൂയിഡ് ഡയനാമിക്സും, ടോപ്പോളജിയും മിശ്രണം ചെയ്ത ചില സമസ്യകളുടെ സമീകരണങ്ങൾ കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയുടെ മനസ്സിലെ ഓളക്കുത്തുകൾ പറഞ്ഞുതന്നെന്നും., വേഗം വീട്ടിലെത്തി അത് കടലാസിലേക്ക് പകർത്തുന്ന  തിരക്കിൽ മാതൃസ്നേഹത്തിന്റെ ആകുലതകളെക്കുറിച്ച് താൻ അത്രയൊന്നും ചിന്തിച്ചില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു)

അന്തിമയങ്ങുവോളവും  സിദ്ധാന്തങ്ങളുടേയും, സമീകരണങ്ങളുടേയും ലോകത്ത് രാധാകൃഷ്ണൻ സ്വയം മറന്നു...... നാണിയമ്മയാവട്ടെ കുറേനേരം മകനെ നോക്കി നിന്നശേഷം വീടിന്റെ പിന്നാമ്പുറത്ത് പോയി എന്തിനെന്നറിയാതെ ഓരോന്നു ചിന്തിച്ചുകൊണ്ട്  കുറേനേരം ഇരുന്നു. ഇടക്ക് പുറത്തേക്കു തുളുമ്പിയ കണ്ണുനീർ മുണ്ടിന്റെ കോന്തലകൊണ്ട് അവർ തുടച്ചുകളഞ്ഞു.

ഈ നേരമത്രയും കോലായിലെ തഴപ്പായിൽ കിടന്ന് കേളുവച്ചൻ അവ്യക്തമായ ശബ്ദത്തിൽ തോറ്റം പാട്ടുകൾ പാടിക്കൊണ്ടിരുന്നു....

കേളുവച്ചൻ എന്ന അയനോളി നേണിക്കത്തിന്റെ തെയ്യക്കോലങ്ങളും, തോറ്റംപാട്ടുകളും നാടെങ്ങും പ്രസിദ്ധമായിരുന്നു. കാവിലെ കളിയാട്ടത്തിന് കരിയാത്തിത്തെയ്യം കെട്ടി., മാനത്തു വിഹരിക്കുന്ന ഭഗവതിയെ ഞങ്ങളുടെ ഇടയിലെത്തിക്കുന്നത് കേളുവച്ചനാണ്. എട്ടടി ഉയരമുള്ള മുടിയേറ്റി വെളിച്ചപ്പാടന്മാരുടേയും, ചെണ്ടക്കാരുടേയും അകമ്പടിയോടെ കാവിന്റെ മുറ്റത്തേക്ക് പയ്യെപ്പയ്യെ കരിയാത്തിയായി  കേളുവച്ചൻ ചുവടുവെക്കുമ്പോൾ ഞങ്ങൾ എല്ലാം മറന്ന് ദൈവീകമായ ഉൾവിളികളാൽ തൊഴുതുനിൽക്കും.... തറവാട്ട് കാരണവന്മാർ കാൽക്കൽ വീണ് നമസ്കരിക്കും. ചെണ്ടമേളം മുറുകുന്നതോടെ പട്ടും വളയുമണിഞ്ഞ  വെളിച്ചപ്പാടുകൾ ഉന്മാദികളായി കാവിനു ചുറ്റും വാളുകിലുക്കി ഓടും... തെയ്യച്ചുവടുകൾ മുറുകും, നാടും നാട്ടുകാരും അതിൽ ലയിച്ച് സങ്കടങ്ങൾ മറന്ന് ആത്മീയമായ ഉണർവ്വിലേക്ക് ഉയർന്നുയർന്നു പോവും.... “ന്റെ കരിയാത്ത്യേ രക്ഷിക്കണേ...” എന്ന് തൊഴുത് സങ്കടങ്ങൾ തെയ്യത്തിനുമുന്നിൽ ഉണർത്തിക്കും.....

തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള തന്റെ കഴിവിൽ കേളുവച്ചന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. തന്റെ അച്ഛനും, അച്ഛന്റെ അച്ഛനുമെല്ലാം തലമുറകളായി കണ്ണങ്കരക്കാരെ കാത്തുരക്ഷിക്കുന്ന  കരിയാത്തി ഭഗവതിയുടെ തെയ്യക്കാരായിരുന്നുവെന്നതിൽ കേളുവച്ചന് വലിയ അഭിമാനമായിരുന്നു. തലമുറകൾക്ക് മുമ്പ്., അന്ന് കണ്ണങ്കരവാണ നാടുവാഴിത്തമ്പുരാൻ ‘അയനോളി നേണിക്കം’ എന്ന സ്ഥാനപ്പേർ നൽകി തന്റെ പൂർവ്വികർക്ക് കരിയാത്തിത്തെയ്യം കെട്ടാനുള്ള അവകാശം നൽകിയതാണ്. തന്റെ കാലത്തും ആ ഉത്തരവാദിത്വം തുടരുന്നു.

തന്റെ മകൻ രാധാകൃഷ്ണൻ തനിക്കുശേഷം കരിയാത്തിയുടെ തെയ്യമാവണം എന്നതായിരുന്നു കേളുവച്ചന്റെ ആഗ്രഹം. രാധാകൃഷ്ണനുശേഷം അയാളുടെ മകനും അതിനു ശേഷം അടുത്ത മകനും തെയ്യമാവണം.... അങ്ങിനെ അയനോളി നേണിക്കം എന്ന സ്ഥാനപ്പേർ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടണം...... ഇതെല്ലാം കേളുവച്ചന്റെ വലിയ മോഹങ്ങളായിരുന്നു.....

എന്നാൽ ഇതിനിടയിൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് രാധാകൃഷ്ണന് തല തിരിഞ്ഞുപോയി.

കണ്ണങ്കരയിലെ സർക്കാർ പള്ളിക്കൂടത്തിൽ സ്ഥലംമാറ്റം കിട്ടി വന്ന  മാഷുടെ ഉപദേശമായിരുന്നുവത്രെ അത്. അയനോളി നേണിക്കം തലമുറകളെക്കുറിച്ചും, തെയ്യക്കോലങ്ങളെക്കുറിച്ചും അത്രയൊന്നും അറിവില്ലാത്ത പുതുതായി വന്ന മാഷിന്റെ ഉപദേശം വലിയ വിനയാവുമെന്ന് അന്ന് ആരും ധരിച്ചില്ല. അങ്ങ് തെക്ക് കോഴിക്കോട്ടെ കോളേജിൽ ചേർന്ന് ഗണിതശാസ്ത്രം പഠിക്കാൻ രാധാകൃഷ്ണനെ ഉപദേശിച്ചതും., കോളേജിലേക്കുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് അയച്ചതും....- എല്ലാം ഈ മാഷായിരുന്നു.

ഏതായാലും സ്കൂൾപരീക്ഷ പാസായി രാധാകൃഷ്ണൻ കോഴിക്കോട്ടെ കോളേജിൽ ചേരാൻ പോയി....

പഠിപ്പ് അവസാനിപ്പിച്ച് മകൻ തിരിച്ചുവരുമെന്നും., അയനോളി നേണിക്കം സ്ഥാനം ഏറ്റെടുക്കുമെന്നും ഉള്ള  പ്രതീക്ഷയോടെ കേളുവച്ചൻ തെയ്യം കെട്ടുന്നത് തുടർന്നു. അഞ്ചുകൊല്ലം മുമ്പ് കേളുവച്ചന് തളർവാതം പിടിപെട്ടതോടെ തെയ്യം കെട്ടാൻ ആളില്ലാതായി. പുറത്തുനിന്ന് വേറെ ഏതെങ്കിലും തെയ്യക്കാരെക്കൊണ്ട് മുടിയേൽപ്പിക്കാമെന്ന് ചിന്തിച്ചെങ്കിലും, കാവിൽ കലം കമഴ്ത്തി ഹിതം നോക്കിയപ്പോൾ ഭഗവതിക്ക് അത് ഇഷ്ടമല്ല.

അയനോളി നേണിക്കം പരമ്പരയിലെ ആൺതരികളല്ലാതെ മറ്റാരെങ്കിലും തെയ്യം കെട്ടുന്നത് കരിയാത്തിക്ക് ഇഷ്ടമല്ല ..... - എന്തു ചെയ്യും....?

തെയ്യം മുടങ്ങുമെന്ന അവസ്ഥയിൽ രാധാകൃഷ്ണനെ തേടി വേഗം കോഴിക്കോട്ടേക്ക് ആളുപോയി. എന്നാൽ ഇതിനകം പഠിപ്പ് തുടരാൻ അയാൾ അന്യദേശത്തേക്ക് പോയിരുന്നു. തിരഞ്ഞുപോയ ആൾ സങ്കടത്തോടെ തിരിച്ചു വന്നു.

ആ വർഷം കരിയാത്തിക്കാവിൽ തെയ്യം മുടങ്ങി

രണ്ട് കൊല്ലം അടുപ്പിച്ച് തെയ്യം മുടങ്ങിയതോടെ കരിയാത്തി കോപിച്ചു. കണ്ണങ്കരയിൽ ഉഗ്രകോപത്തിന്റെ സൂചനകൾ പലതരം ദുരന്തങ്ങളിലൂടെ കാണാൻ തുടങ്ങി. ദേവിയുടെ മക്കളായ അണലിപ്പാമ്പുകൾ നാട്ടിൽ ഉഴറി നടന്നു. രാത്രിയിൽ ചൂട്ടും കത്തിച്ച് ഇടവഴിയിലൂടെ സംബന്ധവീട്ടിലേക്ക് പോവുകയായിരുന്ന കാവിന്റെ ഉടയോർ കുടുംബത്തിലെ മൂത്താൾ., കുഞ്ഞിക്കണ്ണൻ നായരെ അണലി കടിച്ചു. വിഷകാരി ചെറിയുണ്ണി വൈദ്യരുടെ അടുത്തെത്തിച്ചെങ്കിലും., രോഗിയെ പുല്ലുപായയിൽ കിടത്തി നിലവിളക്കു കത്തിച്ച്, ഓട്ടുകിണ്ടിയിൽ തുളസിയും, ഭസ്മവുമിട്ട്  ദൂത് നോക്കിയപ്പോൾ ദേവീകോപമാണെന്ന്  മനസ്സിലാക്കിയ വൈദ്യർ ചികിത്സിക്കാൻ കൂട്ടാക്കിയില്ല. “കരിയാത്തീന്റെ കോപാണ്. അവിടുത്തെ ഹിതത്തിന് എതിരു നിൽക്കാൻ ഈ  ചെറൂണ്ണിക്ക് പറ്റൂല....” എന്ന്  വൈദ്യർ കൈയ്യൊഴിഞ്ഞു.

നേരത്തോട് നേരമാവും മുമ്പ് ഉടയോർ തറവാടിന്റെ തെക്കേ പറമ്പിൽ കുഞ്ഞിക്കണ്ണൻ നായർ പട്ടടയിൽ എരിഞ്ഞു.....

കരിയാത്തിയുടെ സൂചനകൾ പിന്നെയും തുടർന്നു. തൈവളപ്പിലെ സൗമിനിക്ക് പാമ്പുകടിയേറ്റത് വീടിനുള്ളിൽ അടുക്കളയിൽ വെച്ചായിരുന്നു. ബ്രാഞ്ച് കമ്മറ്റി ഓഫീസിന്റെ മുറ്റത്തുവെച്ചാണ് സഖാവ് പ്രേമേട്ടനെ പാമ്പ് കടിച്ചത്.....- സർപ്പദംശനമേറ്റുള്ള ദുഃർമരണങ്ങളുടെ തുടർക്കഥകൾ പിന്നെയും തുടർന്നു....

കാവിൽ ഇടക്കിടക്ക്  അരുളപ്പാടുകളുണ്ടായി . വെളിച്ചപ്പാടുകൾ അറയിൽ ഓടിക്കയറി ചുവന്ന പട്ടുചുറ്റി തിളങ്ങുന്ന വാളുമായി ഉറഞ്ഞുതുള്ളി കാവിനുമുറ്റത്ത് വാക്കെണ്ണി

“ന്റെ ആട്ടം..... ന്റെ ആട്ടം നിർത്തിയതെന്തിന്..... അത്രക്കായോ..... ഉം.... ആയിട്ടില്ല...”

ഉടയോർ കുടുംബത്തിലെ കാരണവന്മാർ മനസ്സുരുകി താണുതൊഴുത് വെളിച്ചപ്പാടുകളുടെ കാൽക്കൽ വീണു....

“വേണ്ടാന്നിരീച്ചിട്ടല്ല. ആട്ടക്കാരന് ഇവിടുന്ന് അനുഗ്രഹിച്ച് നൽകിയ തളർവാതാണല്ലോ.... താവഴീല് ആളില്ലാനും.....”

ദേവി കൂവിയലറി കാവു ചുറ്റും ഒരു വട്ടം ഓടിവന്നു. നടക്കു മുന്നിൽ നിന്ന് വർദ്ധിച്ച കോപത്തോടെ വാളുകൊണ്ട് തലക്ക് വെട്ടി.... തലയിൽ നിന്ന് മുഖത്തേക്ക് ഒഴുകുന്ന ചോരച്ചാലുകളോടെ  ഉറഞ്ഞു തുള്ളി. ഉടയോർ താവഴിക്കാരുടെ നേരെ കോപം കലങ്ങിയ നോട്ടമെറിഞ്ഞു....

“ന്നോട് കള്ളം പറയുന്നോ – അത്രക്കായോ..... അത്രക്കായോ.....” വെളിച്ചപ്പാട് കോപം കൊണ്ട് കലിതുള്ളി

“ല്ല..... വിടുത്തോട് അടീങ്ങൾ കള്ളം പറീല്ല....” താവഴിയിലെ ആണുങ്ങൾ ഒന്നാകെ തൊഴുതു കരഞ്ഞു

വെളിച്ചപ്പാട് വീണ്ടും കൂവിയാർത്തു. കാവു ചുറ്റും വീണ്ടും ഓടിവന്ന് .ഒരിക്കൽക്കൂടി തലക്ക് വെട്ടി ചോര ചിതറി

“ന്റെ ദേവ്യേ...... അടിയത്തുങ്ങളോട് ക്ഷമിക്കണേ....” ഉടയോർ കുടുംബത്തിലെ പെണ്ണുങ്ങൾ തൊഴുകൈയ്യോടെ നിലവിളിച്ചു

“ആട്ടക്കാരന്റെ താവഴീല് ആളില്ലാന്ന് നമ്മോട്  പൊയ് പറയുന്നോ..... നമ്മോട്  പൊയ് പറയുന്നോ.....”

കാരണവന്മാർ കരിയാത്തിയുടെ കോപത്തിനുമുന്നിൽ ഭയചകിതരായി.....

വെളിച്ചപ്പാട് ഉച്ചത്തിൽ കൂവി..... തലയിൽ നിന്നും മുഖത്താകെ ചോരച്ചാലുകൾ ഒഴുകി ഉഗ്രരൂപം പൂണ്ടു.....  ചുറ്റുവളകൾ കിലുക്കി വാൾ വായുവിൽ ആഞ്ഞുവീശി.....

“ആട്ടക്കാരന് നാമൊരു ഉണ്ണീനെ കൊടുത്തീനും..... നാമൊരു ഉണ്ണീനെ  കൊടുത്തീനും..”

ഉടയോരും, നാട്ടുകാരും ഞെട്ടിത്തരിച്ചു നിന്നു. മറുപടിയില്ലാത്ത പ്രഖ്യാപനമാണ് ദേവി നടത്തിയിരിക്കുന്നത്....

“ഓൻ സയൻസു പഠിക്കാൻ പോയതാ......” കാരണവന്മാർ വിറക്കുന്ന ശബ്ദത്തിൽ ദേവിക്കു മുന്നിൽ ഉണർത്തിച്ചു.....

വെളിച്ചപ്പാട് കൂവിയാർത്തു.... " ശാസ്ത്രദൃഷ്ടി... കാകദൃഷ്ടി., ശാസ്ത്രദൃഷ്ടി... കാകദൃഷ്ടി..." എന്ന് പുലമ്പിക്കൊണ്ട്  ചുടുചോര ഒലിപ്പിച്ച് കാവ് ചുറ്റും  ഓടി.... നടക്കു മുന്നിൽ നിന്ന് ഉറഞ്ഞുതുള്ളി..... ഒടുവിൽ ചോരയിലും വിയർപ്പിലും കുളിച്ച് ബോധംകെട്ട് വീണു.....

എല്ലാം അറിഞ്ഞ് ഒന്നും ചെയ്യാനാവാതെ കേളുവച്ചൻ തലമുറകൾ തെയ്യം പരിശീലിച്ച കോലായയിൽ തളർന്നു കിടന്നു....

ഈ കാലത്താണ് രാധാകൃഷ്ണൻ തിരിച്ചുവന്നത്......

അതോടെ നാട്ടുകാർക്കും, കരിയാത്തിക്കാവിന്റെ ഉടയോർക്കും, ഞങ്ങൾക്കും സമാധാനമായി. അടുത്ത വർഷം പൂർവ്വാധികം ഭംഗിയോടെ കളിയാട്ടം നടത്താം.  ഭഗവതിയുടെ പിണക്കം അവസാനിപ്പിക്കാം. ദുശ്ശകുനങ്ങൾ അവസാനിച്ച് ഞങ്ങളുടെ നാടിന് നല്ലകാലം വരികയാണെന്ന് എല്ലാവരും മോഹിച്ചു....

പക്ഷേ ആർക്കും മുഖം കൊടുക്കാതെ രാധാകൃഷ്ണൻ തന്റെ മുറിക്കുള്ളിൽ സമയം ചിലവഴിച്ചു. തുലാപ്പത്ത് കഴിഞ്ഞപ്പോൾ തെയ്യം കെട്ടാനുള്ള നോമ്പ് തുടങ്ങുന്നത് അറിയിച്ചു ചെന്ന ഉടയോർ കുടുംബത്തിലെ കാര്യസ്ഥനെ അയാൾ ആട്ടിയോടിച്ചു. പതിവിന് വിരുദ്ധമായി കീഴ് ജാതിക്കാരുടെ വീട്ടിലേക്ക് മൂത്താൾതന്നെ നേരിട്ട് ചെന്ന് അപേക്ഷിച്ചു. തനിക്ക് തെയ്യംകെട്ടാൻ സാദ്ധ്യമല്ലെന്നു പറഞ്ഞ് രാധാകൃഷ്ണൻ മൂത്താളേയും തിരിച്ചയച്ചു . പുഴക്കരയിൽ വെച്ച് ഇതേ ആവശ്യം ഉന്നയിച്ച ഞങ്ങളോട്.,ശാസ്ത്രയുക്തികളുടെ  കൃത്യമായ പൊരുളുകളും, അന്ധവിശ്വാസങ്ങളുടെ അയുക്തികമായ നിലപാടുകളും  തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ആചാരങ്ങളുടേയും, അനുഷ്ഠാനങ്ങളുടേയും അർത്ഥരാഹിത്യം വിവരിച്ചുതന്നു....

അയാൾ തന്റെ മുറിക്കുള്ളിൽ കുനിഞ്ഞിരുന്ന പുഴയുടെ ഗതിക്കും, അനാദിയായ കാലത്തിനും, നിയതിയുടെ നിയോഗങ്ങള്‍ക്കും യുക്തിഭദ്രമായ ഗണിതസമീകരണങ്ങൾ തിരഞ്ഞു ..

കിഴക്ക്., കുടകുമലകളുടെ അടിവാരത്ത് നിന്ന് തണുത്ത സാന്ത്വനവുമായി ഞങ്ങളുടെ പുഴ പിന്നെയും, പിന്നെയും ഒഴുകിവന്നു. കലങ്ങിയ മനസ്സുമായി അത് മലമടക്കുകളും, സമതലങ്ങളും താണ്ടി കാലവാഹിനിയായി. കാലത്തിന്റെ കുത്തൊഴുക്കിൽ ഞങ്ങൾ കണ്ണങ്കരക്കാർക്ക് പലതും നഷ്ടമായി.  കേളുവച്ചനും, നാണിയമ്മയും, ഉടയോർ കുടുംബത്തിലെ മൂത്താളന്മാരും കാലയവനികക്കുള്ളിൽ മറഞ്ഞു.  കാവിലെ തെയ്യക്കോലങ്ങൾ പൊട്ടിയടർന്നു, ഉടവാളുകളും, ത്രിശൂലങ്ങളും തുരുമ്പെടുത്തു. വെളിച്ചപ്പാടുകളും, അരുളപ്പാടുകളും ഉണ്ടാവാതായി.

കാത്തിരുന്നു മടുത്തപ്പോൾ കരിയാത്തിപോലും കണ്ണങ്കര വിട്ടു പോയെന്ന് ഞങ്ങൾ വിശ്വസിച്ചു.

മലയടിവാരത്തെ ഇടിഞ്ഞുവീഴാറായ കൂരക്കുള്ളിലിരുന്ന് അപ്പോഴും പ്രപഞ്ചരഹസ്യങ്ങൾക്ക് ഒരാൾ യുക്തിയുടെ സമീകരണങ്ങൾ എഴുതിക്കൊണ്ടിരുന്നു....

കാലപ്രവാഹത്തിൽ പിന്നെയും മാറ്റങ്ങളുണ്ടായി. പുഴക്കു കുറുകെ പുതിയ പാലം  വന്നു. പുഴകടത്തുന്ന തോണികളും, അശ്വതി ടാക്കീസും ഇല്ലാതായി. കരിഓയിലിന്റെ മണവും, വെള്ളിത്തിരയിലെ ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയലോകവും ഞങ്ങളുടെ ഗൃഹാതുരമായ ഓര്‍മ്മകളായി മാറി. പാലം കടന്ന് പലതരം ആളുകളും വാഹനങ്ങളും വരാന്‍ തുടങ്ങി.  അവരിൽ ചിലർ കണ്ണങ്കരയുടെ അതിരുകൾ അളന്നു. ഏറ്റവും നവീനമായ സൈബർ പാർക്കിനായി ഞങ്ങളുടെ മണ്ണും, മരങ്ങളും എസ്കവേറ്ററുകൾ വലിച്ചുകീറി. ആകാശമേലാപ്പിലേക്ക് കെട്ടിടങ്ങൾ ഉയർന്നു.

കാവുനിന്നിടത്ത് ഇന്ന് സൈബർ പാർക്കിന്റെ കൺട്രോൾ ഓഫീസുകളാണ്. ഇടവഴികളും, നാട്ടുപാതകളും ഇന്ന് റബ്ബറൈസ് ചെയ്ത റോഡുകളാണ്. പലതരം ഭാഷകൾ സംസാരിക്കുന്നവരും, ഇറുകിയ ജീൻസ് ധരിച്ചവരുമായ ചെറുപ്പക്കാരും, ചെറുപ്പക്കാരികളും  കൂട്ടംകൂട്ടമായി പാതിരാവിൽപ്പോലും ഈ വഴികളിലൂടെ തമാശകൾ പറഞ്ഞ് നടന്നു പോവുന്നത് കാണാം. ഞങ്ങളോട് അവർക്ക് വല്ലാത്തൊരു പുച്ഛഭാവമാണ്. പരിഷ്കാരികളായ അവരുടെ മുന്നിൽ പെട്ടുപോയാൽ തൊലി ഉരിഞ്ഞുപോയപോലെ ഞങ്ങൾ ചൂളിപ്പോവും. എത്രയും വേഗം ഒഴിഞ്ഞുമാറും. ഞങ്ങളെപ്പോലെതന്നെ കണ്ണങ്കരയിലെ  പാമ്പുകളും, മുള്ളൻപന്നികളും, കുറുക്കന്മാരും വല്ലാത്തൊരു വിങ്ങലോടെ ആരുടേയും കണ്ണിൽപെടാതെ എപ്പോഴും ഒളിത്താവളങ്ങളിൽ മറഞ്ഞിരുന്നു....

ഇതിനിടയിൽ ഞങ്ങൾ രാധാകൃഷ്ണനെ മറന്നു....

..............................................................................
..............................................................................

നല്ല നിലാവുള്ള ഒരു രാത്രിയിൽ സൈബർപാർക്കിന്റെ പ്രധാന കെട്ടിടത്തിന്റെ വിശാലമായ മുറ്റത്തുനിന്ന് ആരോ തോറ്റം പാടുന്നത്  കേട്ടാണ് അന്ന് ഞങ്ങൾ ഓടിച്ചെന്നത്.....

കത്തിയെരിയുന്ന കെട്ടിടങ്ങൾക്ക് മുന്നിൽ കരിയാത്തിയുടെ തെയ്യംകെട്ടി തോറ്റംപാടി നിൽക്കുകയാണ് രാധാകൃഷ്ണൻ.....

അന്നുവരെ താൻ എഴുതിയതത്രയും ചുരുട്ടിയുണ്ടാക്കിയ വലിയ പന്തത്തിന് തീ കൊളുത്തി ആ അഗ്നിയിൽ നിന്ന് ചുറ്റുപാടും കണ്ടതിനൊക്കെ തീ കൊടുത്ത് ഉഗ്രരൂപിണിയായ കരിയാത്തിത്തെയ്യമായി ഉറഞ്ഞു തുള്ളുകയാണയാൾ......

തടയാൻ ചെന്ന  ഉരുക്കുപേശികളുള്ള  കാവൽക്കാരെ അയാൾ ചവിട്ടിമെതിച്ചു.

മറുനാടുകളിൽ നിന്നെത്തിയ പരിഷ്കാരികൾ ഭയന്നു നിലവിളിച്ചു

ഭയചകിതരായ ആളുകളുടെ നിലവിളികളും, തീനാളങ്ങളും ആകാശത്തേക്ക് ഉയരവെ ഉച്ചത്തിൽ, ഉച്ചത്തിൽ തോറ്റം ചൊല്ലിക്കൊണ്ട് കത്തുന്ന പന്തവുമായി രാധാകൃഷ്ണൻ ഇരുൾത്തടങ്ങളിലേക്ക് പാഞ്ഞുപോയി....

ചക്രവാളത്തിലേക്ക് തോറ്റംപാട്ടിന്റെ വിദൂരനാദവും, പന്തത്തിൽ നിന്നുയർന്ന  വെളിച്ചവും വിലയം പ്രാപിച്ചു......

രാധാകൃഷ്ണനെ പിന്നീട് ആരും കണ്ടിട്ടില്ല

കാലത്തിന്റെ ചാക്രികഭ്രമണത്തിൽ കണ്ണങ്കരക്കാരുടെ ജീവിതത്തിലേക്ക്  പുല്ലാഞ്ഞി മൂർഖൻ ഇണചേരുന്ന കശുമാവുതോട്ടങ്ങളും ,മുള്ളൻ പന്നികൾ ഓടിപ്പോവുന്ന ഇടവഴികളും,  പുഴകടന്നെത്തുന്ന തോണിപ്പാട്ടുകളും, കരിഓയിലിന്റെ മണമുള്ള അശ്വതി ടാക്കീസും, കളിയാട്ടവും, കരിയാത്തിയും തിരിച്ചുവരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അന്ന് രാധാകൃഷ്ണനും ഒരു തെയ്യമായി മാറും....

രാധാകൃഷ്ണൻ തെയ്യം......

--------------------------------

ഒരു ന്യൂഇയർ കോഴിയുടെ ജീവിതം



ഇണയോടു സല്ലപിക്കുന്നതിനിടയിലാണ് പിടി വീണത്.... അവസാനമായൊന്നു യാത്ര പറയാനോ, വിതുമ്പുന്ന കൊക്കുരുമ്മാനോ ബലിഷ്ഠകരങ്ങള്‍ അനുവദിച്ചില്ല…..
 
ഉച്ചത്തില്‍ കൊക്കിക്കരഞ്ഞു.....
ഇനി മോചനമില്ലെന്ന തിരിച്ചറിവില്‍ ഉള്ളുലഞ്ഞു പിടഞ്ഞു....

അവരുടെ പുതുവര്‍ഷാഘോഷമാണ്… - മത്തുപിടിച്ച ഒരു സംഘം, നൃത്തച്ചുവടുകള്‍ക്കൊപ്പം എന്നെ ഉയര്‍ത്തി അമ്മാനമാടുന്നു….. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലയങ്ങള്‍ ചുറ്റും അലയടിക്കുന്നു….. തിമര്‍പ്പിന്റെ ദ്രുതതാളം ചെവിയില്‍ മുഴങ്ങുന്നു……
 
ഇതാ..., ഇതാ..., ന്യൂ ഇയര്‍ കോഴി...! ഐശ്വര്യമുള്ള അങ്കവാല്‍. മുഴുത്ത ആകാരഭംഗി. കൊതിപ്പിക്കുന്ന അവയവത്തുടിപ്പുകൾ…!” 
 
അഞ്ഞൂറു രൂപ ഒരു വട്ടം..., അഞ്ഞൂറു രൂപ രണ്ടു വട്ടം…,- എന്ത് ., മുണ്ടക്കൽ ശേഖരൻ ആയിരം രൂപ വിളിച്ചെന്നോ…, ശേഖരനോടൊപ്പം കോഴി താമരശ്ശേരി ചുരം കയറുമെന്നോ... ഇല്ല, ഇല്ല...,  ‘മുണ്ടക്കല്‍ ശേഖരാ വഴിമാറ്…’ എന്ന് പറഞ്ഞുകൊണ്ട് അർണോസ് പാതിരി രണ്ടായിരം രൂപക്ക് ലേലം ഉറപ്പിക്കാൻ പോവുന്നു. രണ്ടായിരം രൂപ ഒരുവട്ടം..., രണ്ടായിരം രൂപ രണ്ടുവട്ടം…,  കോഴി തമരശ്ശേരി ചുരം കയറി ലക്കിടിയിലെത്തുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വീണ്ടും മുണ്ടക്കൽ ശേഖരന്‍. കോഴി ഇവിടുത്തെ അടുപ്പിൽത്തന്നെ പൊരിയുമെന്ന് വിളിച്ചു പറഞ്ഞ് ചിരിയോചിരി രവിശങ്കര്‍..., ഗോവയിൽ നിന്ന് ആര്‍ക്കും പിടികൊടുക്കാതെ ഒളിച്ചുകടത്തിയ ഫെനിക്കുപ്പികളോടൊപ്പം കോഴിയും പുതുവത്സരരാത്രി അര്‍മാദിക്കുമെന്ന് വീമ്പിളക്കി യങ്ങ് ഫൈറ്റേഴ്സ്  ലേലം പതിനായിരത്തില്‍ എത്തിക്കുന്നു. കോഴിയെ ചേളന്നൂരിന്റെ മൂത്ത പനങ്കള്ളിനോടൊപ്പം തൊട്ടുകൂട്ടുമെന്ന് വിളിച്ചു പറഞ്ഞ് ബ്യൂട്ടീസ് ഓഫ് ചേളന്നൂരിന്റെ പെണ്‍പട ലേലം വീണ്ടും ഉയര്‍ത്തുന്നു………”

ഉയര്‍ത്തിയ പീഠത്തില്‍ മരവിച്ചുപോയ മനസ്സുമായി ഞാനിതാ കാത്തു നിൽക്കുന്നു....

കലാപരിപാടികള്‍ അരങ്ങു തകർക്കുകയാണ് - ആദ്യം ചെറിയ കുട്ടികളുടെ നഴ്സറി ഈണങ്ങൾ… ദമ്പതികളുടെ ആനന്ദനൃത്തം… ഏകാകികളുടെ കാവ്യശകലങ്ങള്‍
 
യുവാക്കള്‍ അഗ്നിഗോളങ്ങൾ തുപ്പി നൃത്തമാടുമ്പോള്‍ ഞാനെന്റെ ജ്വലിച്ചുനിന്ന ജീവിതത്തെപ്പറ്റി ചിന്തിച്ചില്ല. നഴ്സറി ഈണങ്ങള്‍ അവളോടൊപ്പം ചിറകൊട്ടി നടക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ തന്നില്ല. മരപ്പൊത്തുകളിലും, പൊന്തക്കാടുകളിലും, ആകാശമേലാപ്പിലും പതിയിരിക്കുന്ന മരണക്കെണികള്‍ക്കു നേരെ ജാഗരൂകനായി അവളെയും കുഞ്ഞുങ്ങളെയും പരിപാലിക്കുന്ന എന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഞാന്‍ ഒട്ടും ആലോചിച്ചില്ല...
 
എന്റെ മനസ്സിലും പുതുവര്‍ഷം നിറയുകയാണ്. ഈ ആഘോഷലഹരിയില്‍ ഞാനും ലയിച്ചുപോവുന്നു..., ഇതാ മാലപ്പടക്കങ്ങളും, കതിനകളും, പൂക്കുറ്റികളും കത്തിയുയരുന്നു; പുതുവര്‍ഷം വന്നു കഴിഞ്ഞു....
 
ലേലംവിളി ഇനിയും അവസാനിച്ചിട്ടില്ല. വീണ്ടും, വീണ്ടും തുക കയറ്റിവിളിച്ച് വാശി കയറുകയാണ്…

- ഇതൊന്ന് അവസാനിച്ചിരുന്നെങ്കില്‍., മൂന്നുവട്ടവും പറഞ്ഞുറപ്പിച്ച് ,  ഉന്മത്തരായ ഒരു സംഘത്തിന്റെ സ്നേഹത്തുടിപ്പുകളിലേക്ക് ഞാന്‍ തളര്‍ന്നുവീണെങ്കിൽ…

- എവിടെയോ തിളക്കുന്ന എണ്ണയിൽ അതിവേഗം മുങ്ങിത്തുടിക്കുവാൻ എനിക്ക് കൊതിയാവുന്നു…….

തടവുകാര്‍


ഇന്നലെ - കറുത്തിരുണ്ട ആ കാളരാത്രിയില്‍

വീണുകിട്ടിയ ദിനപ്പത്രത്തിന്റെ ഏടു പകുത്ത്., ഇരുള്‍ മൂടിയ തടവറയുടെ പരുക്കന്‍ നിലത്ത് നമ്മള്‍ ചുരുണ്ടു കിടന്നു. തുരുമ്പെടുത്ത ഹൃദയങ്ങളെ ഓര്‍മ്മിപ്പിക്കുന്ന താക്കോല്‍ക്കൂട്ടവും ചുഴറ്റി, ബീഡിപ്പുകയൂതി, കിഴവനായ ഒരു കാവല്‍ക്കാരന്‍ പുറത്തെ ഇരുട്ടിലൂടെ പതുങ്ങി നടക്കുന്നുണ്ടായിരുന്നു. മഞ്ഞുവീഴാൻ തുടങ്ങിയപ്പോള്‍ ,  പൂട്ടുകള്‍ ഭദ്രമാണെന്ന് ഉറപ്പു വരുത്തിയശേഷം തടവറയുടെ കരിങ്കല്‍ ഭിത്തിയോട് ചാരി വെച്ചിരുന്ന സൈക്കിളില്‍ കയറി അയാള്‍ തന്റെ താവളത്തിലേക്ക് പോയി. പഴയ സൈക്കിളിന്റെ മങ്ങിയ ഹെഡ് ലൈറ്റിന്റെ പ്രകാശം അകന്നകന്ന് പോയതോടെ വെളിച്ചത്തിന്റെ അവസാന കണികയും മാഞ്ഞു... മിന്നാമിനുങ്ങുകള്‍ പോലും ഇല്ലാത്ത., വന്യമായ ഇരുള്‍ത്തടങ്ങളിലേക്ക് നോക്കി നമ്മളപ്പോള്‍ ഉച്ചത്തില്‍ നിലവിളിച്ചുപോയി.... വിദൂരതയില്‍ മാറ്റൊലികൊണ്ട നമ്മുടെ നിലവിളിയൊച്ചകളോടൊപ്പംകാലന്‍കോഴികളുടെ കുറുകലുകളും,  കാട്ടുനായകളുടെ ഓലിയിടലും പ്രതിദ്ധ്വനിച്ചു... 

ഇരുമ്പഴികള്‍ക്കപ്പുറം പിന്നെയും മഞ്ഞു പെയ്തുകൊണ്ടിരുന്നുമരം കോച്ചുന്ന തണുപ്പ് അസഹനീയമായ വേളയില്‍., നമ്മള്‍ പരസ്പരം പുണര്‍ന്ന് ചൂടു പകരാന്‍ ശ്രമിച്ചു കാവല്‍ക്കാരന്‍ ഉപേക്ഷിച്ചുപോയ മുറിബീഡി അഴികള്‍ക്കിടയിലൂടെ കൈനീട്ടിയെടുത്ത് നമ്മള്‍ മാറിമാറി പുകയൂതി.  കനത്ത ഇരുമ്പഴികളെക്കുറിച്ചും, മച്ചിലിരുന്ന് കണ്ണുരുട്ടുന്ന പെരുച്ചാഴികളെക്കുറിച്ചും, നഷ്ടമായിപ്പോയ വെളിച്ചങ്ങളുടെ ആരവങ്ങളെക്കുറിച്ചും ,  ഇരുളിന്റെ തടവറയില്‍ പ്രതീക്ഷകളൊടുങ്ങിയ ജീവിതത്തെക്കുറിച്ചും നമ്മള്‍ വാചാലരായി.....

ഇന്ന് - നിറമുള്ള ഈ പ്രഭാതത്തില്‍
 
കിഴക്കന്‍ മലകളില്‍ നിന്ന് പടരാന്‍ തുടങ്ങിയ വെളിച്ചത്തോടൊപ്പം,
സെല്ലുകള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ സൈക്കിളോടിച്ച് കാവല്‍ക്കാരന്‍ വരുന്നത് നാം പ്രതീക്ഷയോടെ നോക്കി നില്‍ക്കുകയാണ്. ഹാന്‍ഡിലില്‍ തൂക്കിയിട്ട സഞ്ചിയില്‍ നിന്ന് താക്കോല്‍ക്കൂട്ടങ്ങള്‍ അയാള്‍ പുറത്തെടുക്കുന്നു. "ഭരണകൂടത്തിന്റെ ആസ്ഥാനത്ത് നിന്ന് തിട്ടൂരം വന്നിരിക്കുന്നു - നിങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു... നിങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു..." എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അയാള്‍ നമ്മുടെ തടവറക്കുനേരെ ഇതാ നടന്നടുക്കുന്നു...  

ദ്രവിച്ച തകരപ്പൂട്ടുകള്‍ , തുരുമ്പെടുത്ത ഹൃദയം കൊണ്ട് അയാള്‍ തുറക്കുമ്പോഴേക്കും നാം അക്ഷമരാവുന്നു. ഇനി ഒരു നിമിഷം കൂടി വയ്യെന്ന മട്ടില്‍ നാം പുറത്തേക്ക് തിരക്കു കൂട്ടുന്നു....  

പകല്‍ - നീലാകാശം വിതാനിച്ച നാട്ടുവഴിയില്‍

തടവറകളുടെ ഭാഗത്തു നിന്നും പ്രധാന കവാടത്തിലേക്കുള്ള നടപ്പാതയുടെ ഇരുവശവും പൂത്തുനില്‍ക്കുന്ന ഗുല്‍മോഹറുകള്‍....  നീലാകാശം വാരിവിതറുന്ന വെള്ളിവെളിച്ചത്തിന്റെ അതിരുകളില്ലാത്ത സ്നേഹം.... വെയില്‍ നാളങ്ങളുടെ പ്രണയ ചുംബനങ്ങള്‍.... 

കവാടത്തിനപ്പുറം രാജവീഥിയാണ്. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ രാജപാതകളിലൂടെ  സ്വസ്ഥതയുടെ തണലുകളിലേക്ക് യാത്രയാവാന്‍ നാം തിരക്കു കൂട്ടുകയാണ്....

അപരാഹ്നം - പറന്നകലുന്ന ജാലകക്കാഴ്ചകളില്‍
 
ചക്രവാളച്ചരിവിലൂടെ ഒരു കൂട്ടം ദേശാടനപ്പക്ഷികള്‍ യാത്രയാവുന്നു... ഏതോ ഗ്രാമോത്സവത്തിന്റെ വാദ്യഘോഷയാത്രയുടെ ആരവങ്ങള്‍ ഉയരുന്നു ... കടലെടുത്ത ഒരു ഗ്രാമത്തില്‍ വീണ്ടും വിളക്കുമരങ്ങള്‍ സ്ഥാപിക്കുന്നു...

ജീവിതവൈവിധ്യത്തിന്റെ പലതരം വഴിയോരക്കാഴ്ചകളുടെ രാജപാതകള്‍ സന്ധിക്കുന്നിടത്ത് യാത്രപോലും പറയാതെ നമ്മള്‍ വേര്‍പിരിയുന്നു. 

നാളെ - കാഴ്ചകളുടെ ഇടവേളകളില്‍

കാഴ്ചകളുടേയും, പ്രതീക്ഷകളുടേയും ഉന്മാദം സിരകളില്‍ പടരുന്ന യാത്രകളുടെ ഇടത്താവളത്തില്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഞാന്‍ നിങ്ങളോടും, നിങ്ങള്‍ എന്നോടും ചോദിക്കുന്നു : "സുഹൃത്തേ., നിങ്ങള്‍ ആരാണ്... , നിങ്ങളുടെ പേരെന്താണ്... "