വിശുദ്ധരുടെ യാത്രകള്‍


പ്രണയലഹരിയില്‍ മുഴുകി നീങ്ങുന്ന ഇണകളെ അസൂയയോടെ പിന്തുടരുന്ന., വിരൂപനും ഞരമ്പുരോഗിയുമായ ഒരു ചെറുപ്പക്കാരനെ ഞാനിതാ ഒളിഞ്ഞുനോക്കുകയാണ്....

പ്രണയസല്ലാപങ്ങളുടെ കാഴ്ചകള്‍ ആസ്വദിക്കുമ്പോള്‍ അയാള്‍ പരിസരം മറക്കുകയും, വലിഞ്ഞുമുറുകുന്ന പേശികളുടെ പിടച്ചിലില്‍  പ്രണയികള്‍ക്കു നേരെ മുരളുകയും, പല്ലിറുമ്മുകയും, വികൃതമായ ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്നു...

കടല്‍ത്തീരത്തെ കാറ്റാടിമരങ്ങളുടെ തണലുകളിലും, സരോവരം പാര്‍ക്കിലെ തടാകത്തിനപ്പുറത്തുള്ള ആളൊഴിഞ്ഞ കോണിലെ ചാരുബെഞ്ചിലും, ക്രൗണ്‍ തിയ്യേറ്ററിന്റെ ബാല്‍ക്കണി സീറ്റുകളിലും അയാള്‍ പ്രണയക്കാഴ്ചകള്‍ തേടി നടക്കുന്നു...  
 
രാത്രി വൈകുന്നതോടെ ഇരുണ്ട മൂലകളിലെ വളകിലുക്കങ്ങളില്‍ നിന്നും, സല്ലാപങ്ങളില്‍ നിന്നും., തോളോടു തോളുരുമ്മി അവസാനത്തെ ഇണകളും യാത്രയാവുന്നു.... ജീവിതാഹ്ലാദത്തിന്റെ കാഴ്ചകള്‍ അവസാനിച്ചതിന്റെ  നഷ്ടബോധത്തോടെയും, സങ്കടങ്ങളോടെയും അയാള്‍ നഗരാതിര്‍ത്തിയിലെ ചേരിപ്രദേശത്തുള്ള തന്റെ മാളത്തിലേക്ക് തിരിച്ചു പോവുന്നു.... നിയോണ്‍ വിളക്കുകള്‍ മഞ്ഞളിപ്പു പടര്‍ത്തിയ വഴി അപ്പോഴേക്കും വിജനമായിരിക്കും.... നൈറ്റ് ബീറ്റ് നടത്തുന്ന ഒരു പോലീസുകാരനോ, ഒരു തെരുവുപശുവോ ഇടക്ക്  പ്രത്യക്ഷപ്പെടും. പോലീസുകാരന് കീശയില്‍ കിടക്കുന്ന കഞ്ചാവുബീഡികളിലൊന്ന് അയാള്‍ സൗജന്യമായി നല്‍കും. തെരുവുപശുവിനെ അറ്റന്‍ഷനായി നിന്ന് സല്യൂട്ട് ചെയ്യും. നിരുപദ്രവിയായ ഈ രാത്രിഞ്ചരനെക്കുറിച്ച് പോലീസുകാര്‍ക്ക് മതിപ്പു കുറവൊന്നുമില്ല. പശുക്കള്‍ക്കും അയാളെക്കുറിച്ച് നല്ല മതിപ്പാണ്. അവ സൗമ്യമായി സല്യൂട്ട് സ്വീകരിച്ച് അയാളെ വണങ്ങും..

രാത്രിയുടെ അശാന്തിയില്‍ ഉറക്കമില്ലാതെയിരുന്ന് അയാള്‍ മനസിന്റെ ഉള്ളറകളില്‍ എവിടെയൊക്കെയോ ഉള്ള  കാമുകിമാര്‍ക്ക് പ്രണയവും കാമവും ചാലിച്ച കത്തുകള്‍ എഴുതുന്നു....

അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിന്റെ സ്ഥലരാശികള്‍ അടയാളപ്പെടുത്തിയ ഒരു ഭൂപടമാണ് അയാളുടെ മനസ്.അതിലെവിടെയെങ്കിലും പൂമരങ്ങള്‍ പന്തലിച്ച ഒരു നാട്ടുവഴിയിലൂടെ അവള്‍ നടന്നു പോവുന്നത് അയാള്‍ക്ക് അപ്പോള്‍ കാണാം.....

ആത്മനൊമ്പരങ്ങള്‍ മുഴുവന്‍ കടലാസിലേക്ക് പകര്‍ത്തിയതിന്റെ അടിയില്‍ അയാള്‍ മേല്‍വിലാസം കൂടി എഴുതിച്ചേര്‍ക്കുന്നു…..

- രേണുകാ മുനീദേവി., അഖില അപ്പാര്‍ട്ട്മെന്റ്സ്., ബി.എച്ച് റോഡ്., തുംകൂർ. 
- റീമാ ജോൺ.,പോര്‍ട്ട് ബ്ലയര്‍ സെന്‍ട്രല്‍ സ്കൂൾ., ആന്‍ഡമാന്‍

പകല്‍ മുഴുവൻ., ആര്‍ദ്രമായ സ്വപ്നങ്ങള്‍ കണ്ടുറങ്ങി, വൈകുന്നേരമാവുമ്പോള്‍ തപാല്‍ പെട്ടിക്കരികിലേക്ക് കുനിഞ്ഞ ശിരസ്സോടെ അയാള്‍ നടന്നു പോവുന്നു... തയ്യാറാക്കിയ എഴുത്തിന് അവസാനത്തെ ചുംബനം കൂടി നല്‍കിയ ശേഷം, പ്രാര്‍ത്ഥനകളോടെ അത് പെട്ടിയില്‍ നിക്ഷേപിക്കുന്നു...പിന്നീട് നഗരത്തിന്റെ സായാഹ്നത്തിലൂടെ ഇണകളുടെ യാത്രകള്‍ ആസ്വദിച്ചുകൊണ്ട് അയാള്‍ നീങ്ങാന്‍ തുടങ്ങുന്നു...

ഞാന്‍ ആലോചിച്ചു ; ഇയാള്‍ എന്തുകൊണ്ട്., ഇപ്രകാരം.....!?

അതിനുള്ള ഉത്തരവും തേടി ഞാനിതാ നിഴല്‍പോലെ അയാളെ പിന്തുടരുന്നു., ചലനങ്ങള്‍ നിരീക്ഷിക്കുന്നു., തകരവാതിലിനിപ്പുറം പരുങ്ങി നില്‍ക്കുന്നു....

ഒരു കാളരാത്രികൂടി...

അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെവിടെയോ ഉള്ള മറ്റൊരു പ്രണയിനിയോട് അയാള്‍ തന്റെ സങ്കടങ്ങള്‍ ഏറ്റു പറയുകയാണ് . അതു മുഴുമിപ്പിക്കുന്നതിനുമുമ്പായി സിരകളുടെ അനിയന്ത്രിതമായ ഒരു പിടച്ചിലില്‍ അയാള്‍ കടലാസിലേക്ക് വീണുപോവുന്നു... വ്യഥയുടെ കയങ്ങളില്‍ വീണുകിടന്ന് അയാള്‍ രാത്രിയിലേക്ക് ഒരു നിലവിളി പടര്‍ത്തുന്നു....

ഞാന്‍ കാണുകയാണ്....

ഇളയ കുട്ടിക്ക് പനിക്കുള്ള മരുന്നു വാങ്ങുവാന്‍ നഗരത്തില്‍ വന്നതായിരുന്നു ഞാൻ. മൊയ്തീന്‍ പള്ളി റോഡിലെ റീഗല്‍ മെഡിക്കല്‍ഷോപ്പിലേക്കുള്ള തിരക്കു പിടിച്ച നടത്തത്തിനിടയിലാണ് കുനിഞ്ഞ ശിരസുമായി നടന്നു പോവുന്ന ആ ചെറുപ്പക്കാരനെ ഞാന്‍ ശ്രദ്ധിച്ചത്. അപ്പോള്‍ നേര്‍ത്ത ഒരു കൗതുകം തോന്നുകയും ., ഞാന്‍ അയാളെ പിന്തുടര്‍ന്നു പോവുകയും ചെയ്തു....

ഇപ്പോഴിതാ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ വിശുദ്ധിയും, സൂക്ഷ്മതയും പാലിച്ചുകൊണ്ട്., ഒരു ചെറു നിശ്വാസം പോലും വിട്ടുപോവാതെ  ഞാന്‍  അയാളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു...

നഗരത്തിലെ എല്ലാതരം മാലിന്യങ്ങളും അടിഞ്ഞു കൂടുന്ന ഒരു ചേരിപ്രദേശമാണിത്. അഴുക്കുകള്‍ ഒഴുകിക്കൂടുന്ന വീതിയുള്ള ഒരു കാവയോട് ചേര്‍ന്നാണ് അയാളുടെ തകരക്കൂട്., തണുത്തുറഞ്ഞ ഈ പാതിരാത്രിയില്‍ ഞാന്‍ കാവയിലെ വെള്ളത്തില്‍ അരയോളം ഇറങ്ങിനിന്ന് തകരപ്പാളിയിലെ തുരുമ്പെടുത്ത് അടര്‍ന്നു പോയ ഒരു ദ്വാരത്തിലൂടെ ഇതാ അയാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുകയാണ്....

എനിക്കു ചുറ്റും കറുത്തിരുണ്ട ജലം പാടകെട്ടി. വൃത്തികെട്ട അട്ടകള്‍ എന്നെ കടിച്ചു പറിച്ചു. മഞ്ഞും, തണുപ്പും, വല്ലാത്ത നാറ്റവും അസഹ്യമായി.....
അതൊന്നും കാര്യമാക്കാതെ അയാളുടെ സ്പന്ദനങ്ങളോരോന്നും., ഞാന്‍ പറഞ്ഞല്ലോ - ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ ജാഗ്രതയോടെയും വിശുദ്ധിയോടെയും അളന്നെടുക്കുന്നു....

പക്ഷേ ഇടക്ക് നമ്മുടെ നിയന്ത്രണത്തിന്റെ താക്കോല്‍ നമ്മളില്‍ തന്നെ വന്നെത്തുന്ന ചില നിമിഷങ്ങളുണ്ടല്ലോ. അത്തരമൊരു നിമിഷത്തില്‍ ഇളയ കുട്ടിയുടെ പനിയുടെ കാര്യം ഒരു നടുക്കത്തോടെ ഞാന്‍ ഓര്‍ത്തു.... 'വേഗം മരുന്നു കൊടുക്കണം., അല്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും...' ഡോക്ടര്‍ പ്രത്യേകം പറഞ്ഞതാണ്.

ഞാന്‍ കീശയില്‍ തപ്പി നോക്കി., മരുന്നിന്റെ കുറിപ്പടി നനഞ്ഞു കുതിര്‍ന്ന് അവിടെത്തന്നെ ഉണ്ട്...

ഞാന്‍ മരുന്നു വാങ്ങി വീട്ടിലെത്തുമ്പോഴേക്കും കുട്ടിക്ക് പനിയൊക്കെ മാറിയിരുന്നു. അവന്‍ അയല്‍പക്കത്തെ കൂട്ടുകാരോടൊപ്പം കള്ളനും പോലീസും കളിക്കുകയാണ്.  'മകനേ...' എന്നു വിളിച്ചുകൊണ്ട് ഞാന്‍ അവനെ ആശ്ലേഷിക്കാന്‍ തുനിഞ്ഞെങ്കിലും എന്നെ ഒട്ടും ഗൗനിക്കാതെ 'കള്ളന്‍ , കള്ളൻ..' എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവന്‍ ഓടിപ്പോയി.

അവളുടെ മുഖത്ത് എനിക്കു വായിച്ചെടുക്കാനാവാത്ത അത്ര പുച്ഛവും നീരസവുമുണ്ടായിരുന്നു..

“ എന്താണിങ്ങനെ !?” അവള്‍ ചോദിച്ചു.

ഞാന്‍ എന്റെ യാത്രയിലെ കാഴ്ചകളെക്കുറിച്ചൊന്നും അവളോട് പറഞ്ഞില്ല.,
“ചില അനിവാര്യമായ കെട്ടുപാടുകളില്‍ പെട്ട് ഉഴറിപ്പോയി ഞാൻ..... " എന്നൊക്കെ പറഞ്ഞുകൊണ്ട് ഞാന്‍ ഒഴിഞ്ഞുമാറി.

വൈകിട്ട് കളരിമലയിലെ പാറപ്പുറത്തിരുന്ന് തീവ്രവാദപ്രസ്ഥാനങ്ങളുടെ തകര്‍ച്ചയും , അതു നയിച്ച ചെറുപ്പക്കാരില്‍ പടര്‍ന്ന വേവലാതികളും,   പൗലോകൊയ്ലയിലെ ആവര്‍ത്തന വിരസതയും, മഞ്ഞവെയില്‍ മരണങ്ങളുടെ ഘടനാ വിശേഷവും മറ്റും സംസാരിക്കുന്നതിനിടയില്‍ സിദ്ധാര്‍ത്ഥനോട് ഞാന്‍ എന്റെ കാഴ്ചകളെക്കുറിച്ച് പറഞ്ഞു...

സിദ്ധാര്‍ത്ഥന്‍ ബുദ്ധിമാനാണ്.മിഠായിത്തെരുവിലെ രാമനായകം എന്ന കൊങ്ങിണിച്ചെട്ടിയുടെ ബേക്കറിയില്‍ പലഹാരങ്ങളുണ്ടാക്കുന്ന ജോലിയാണ് അവന്.കാര്യങ്ങള്‍ വിലയിരുത്തുന്നതിലും ഒരു റൊട്ടിമാവുപോലെ ചിന്തകള്‍ പതപ്പിച്ചെടുത്ത് മിനുസമുള്ള ഒരു കെയ്ക്ക്പോലെ സംസാരിക്കുന്നതിലും അവനു നല്ല കഴിവുണ്ട്...

അവന്‍ പറഞ്ഞു : “ അരുത് നീ അങ്ങിനെ ഒന്നും പറയരുത് "

ഞാന്‍ പറഞ്ഞു : “സിദ്ധാര്‍ത്ഥ ., ഞാന്‍ പഞ്ചേന്ദ്രിയങ്ങളാല്‍ അനുഭവിച്ചതാണ്., തകരവാതിലിനു പിന്നില്‍ അയാളുടെ തേങ്ങലുകള്‍ ചെവിടോര്‍ത്തു നിന്നതാണ്.പൂമരങ്ങള്‍ക്കിപ്പുറം യോദ്ധാവിന്റെ പ്രതിമക്കടിയില്‍ മറഞ്ഞിരുന്ന് ഇണകളുടെ ചലനങ്ങളിലേക്കു തുറിച്ചു നോക്കുന്ന ആ ചെറുപ്പക്കാരന്റെ വിഹ്വലതകളുടെ ഓരോ മിടിപ്പും അളന്നെടുത്തതാണ് … "

സിദ്ധാര്‍ത്ഥന്‍ : “ മറ്റുള്ളവരുടെ മറകളുടെ പഴുതിലൂടെ എന്തിനാണിങ്ങനെ ഒളിഞ്ഞു നോക്കുന്നത് "

ഞാന്‍ : “ കാഴ്ചകളുടെ അസ്വാഭാവികത., കൗതുകം., അപരിചിതത്വം.. സിദ്ധാര്‍ത്ഥ; നീ കേള്‍ക്കണം...”

സിദ്ധാര്‍ത്ഥന്‍ : “ ഏതൊരു താക്കോല്‍ പഴുതിലൂടെ നോക്കിയാലും തെളിഞ്ഞുവരിക അത്യന്തം കൗതുകകരമായ ഒരു പുതുലോകമായിരിക്കും., അപരിചിതമായ ശബ്ദവും, ഗന്ധവും, സ്പന്ദനങ്ങളും അനുഭവിക്കാനുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചു തന്നെയാണ് നാം ഓരോ അറവാതിലും പിന്നിടുന്നത്...”

അവന്റെ വര്‍ത്തമാനം എന്റെ ബോധത്തിലേക്ക് ഒരു പുതിയ വെളിച്ചമായി പതിഞ്ഞു.

ആത്മനിന്ദകൊണ്ട് കൊടിയ സങ്കടത്തിലേക്ക് വിതുമ്പിയ എന്നെ അവന്‍ ആശ്വസിപ്പിച്ചു. - ശരിതെറ്റുകളുടെ അതിര്‍വരമ്പുകള്‍ , ആത്മനിയന്ത്രണത്തിന്റെ പാഠഭേദങ്ങൾ...., ഇവയെക്കുറിച്ചെല്ലാമുള്ള തത്വശാസ്ത്രങ്ങള്‍ പറഞ്ഞ് അവന്‍ എന്നെ പുതിയ ഉണര്‍വ്വിലേക്ക് കൂട്ടിക്കൊണ്ടു വന്നു....

സംസാരിച്ചു തീരുമ്പോഴേക്കും നേരം അന്തി മയങ്ങിയിരുന്നു. മലഞ്ചരിവിലെ പണിയക്കുടിലില്‍ നിന്ന് ചൂട്ടു വാങ്ങിക്കത്തിച്ച് ഞങ്ങള്‍ മലയിറങ്ങി. ഇടവഴിയുടെ തിരിവില്‍ വെച്ച് ചൂട്ടു രണ്ടായി പകുത്തെടുത്ത് ശുഭരാത്രി പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.....

- വീണ്ടും ഒരു രാത്രികൂടി....

- ടേബിള്‍ ഫാനിന്റെ പ്രാചീനമായ മുഴക്കം......
- ആധി പിടിച്ച ഉണര്‍വ്വിലേക്ക് നയിക്കുന്ന താല്‍ക്കാലിക മയക്കങ്ങൾ.....

കണ്ണടക്കുമ്പോഴേക്കും അശാന്തമായ ഓര്‍മകള്‍ തേട്ടി വരുകയായി... എന്തെന്നുമേതെന്നുമറിയാത്ത അസ്വസ്ഥതകള്‍ എന്നെ ചൂഴ്ന്നു നിന്നു. അയാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുവാനുള്ള മനസ്സിന്റെ വിങ്ങലില്‍ ഞാന്‍ പുകഞ്ഞു. സിരകള്‍ വലിഞ്ഞു മുറുകി...

-ഉറങ്ങാന്‍ വയ്യ....

അവളും കുട്ടികളും നല്ല ഉറക്കമാണ്.ഉറക്കത്തില്‍ എന്തോ പിറുപിറുത്തുകൊണ്ട് അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഞാഞ്ഞൂലുകളെപ്പോലെ പായയില്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ് കുട്ടികൾ....

ഞാന്‍ ഒച്ചയുണ്ടാക്കാതെ ഒരു പൂച്ചയെപ്പോലെ പതുങ്ങിക്കൊണ്ട് പതിയെ മുറിവിട്ട് പുറത്തിറങ്ങി.....

നിലാവുണ്ടായിരുന്നു... നീല നിറമുള്ള നേര്‍ത്ത നിലാവ്...
ഞാന്‍ വിജനമായ നാട്ടുവഴിയിലൂടെ നടക്കുവാന്‍ തുടങ്ങി... നിലാവലകളില്‍ നിഴലുകള്‍ തിടം വെച്ചു.. ശാന്തവും മൂകവുമായ രാത്രി...

അപ്പോൾ,

എനിക്കു പിന്നില്‍ നിഴലുകളുടെയും നിലാവലകളുടേയും മറപറ്റി മറ്റൊരാള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു....

- അതെ., അവന്‍ തന്നെ... - സിദ്ധാര്‍ത്ഥൻ!!

വീണ്ടും നിഴല്‍ത്തടങ്ങൾ..., നിലാവലകൾ..., മഞ്ഞുപാളികൾ....

അതിലൂടെ ഒച്ചയും അനക്കവുമുണ്ടാക്കാതെ അവന്റെ സ്പന്ദനതാളത്തിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ച് പിന്തുടരുന്ന മറ്റൊരു ഇരുണ്ട രൂപം...

- രാമനായകം

അയാള്‍ക്കും പിന്നിലായി അവ്യക്തമായ നിഴല്‍രൂപങ്ങളുടെ നീണ്ട നിര...

ഞങ്ങളിതാ നിലാവലകളിലൂടെ, നിഴല്‍ത്തടങ്ങളിലൂടെ, മൂടല്‍ മഞ്ഞിന്റെ തണുത്ത പാളികളിലൂടെ....