കുചേലവൃത്തംഞാന്‍ തീരദേശ നഗരത്തില്‍ നിന്നും തിരിച്ചുപോവുന്ന ഈ രാത്രിവണ്ടിയിലെ തിരക്കിനുള്ളില്‍ രണ്ടു ടോയിലറ്റുകള്‍ക്കിടയിലെ ഒട്ടും വൃത്തിയില്ലാത്ത നിലത്ത് ചുരുണ്ടു കിടക്കുകയാണ്. എന്റെ തൊട്ടടുത്ത് മെലിഞ്ഞുണങ്ങിയ ഒരു പിച്ചക്കാരന്‍ വൃദ്ധനാണ്. അയാളുടെ കാലുകള്‍ക്കിടയില്‍ ജടപിടിച്ച മുടിയുള്ള ഒരു ചെറിയ പെണ്‍കുട്ടി - അയാള്‍ എവിടെ നിന്നോ മോഷ്ടിച്ചതാവണം - തളര്‍ന്നു കിടക്കുന്നുണ്ട് . തങ്ങളുടെ സ്ഥിരം താവളത്തിലേക്ക് അതിക്രമിച്ചുകടന്ന ഒറ്റക്കാലനായ എന്നെ അവര്‍ മറ്റൊരു പിച്ചക്കാരനാണെന്നു കരുതി ഒരു നികൃഷ്ടമൃഗത്തെ നോക്കുന്ന അറപ്പോടെയും അല്‍പം ഭയത്തോടെയും ശ്രദ്ധിച്ചുകൊണ്ടിരുന്നു. പിന്നെ എല്ലാം മറന്ന് ഒട്ടും പരിസരബോധമില്ലാതെ അവര്‍ ഉറങ്ങാന്‍ തുടങ്ങി . പെണ്‍കുട്ടിയാവട്ടെ നഷ്ടപ്പെട്ടുപോയ അമ്മയുടെ ചൂട് വീണ്ടെടുക്കവാന്‍ ശ്രമിക്കുന്നതുപോലെ വൃദ്ധശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടന്നു.....

വണ്ടിക്ക് അധികമൊന്നും വേഗത ഉണ്ടായിരുന്നില്ല . ദരിദ്രമായ ജീവിതം പോലെ അത് മുന്നോട്ടു പോവാനാവാതെ ഔട്ടറുകളില്‍ ഒരുപാട് നേരം മരവിച്ചു നിന്നു..... പിന്നീട് സാവധാനം ഓരോ സ്റ്റേഷനിലേക്കും അത് നിരങ്ങിയെത്തുമ്പോഴേക്കും ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് അക്ഷമരായി കാത്തുനിന്ന മനുഷ്യര്‍ ഇരമ്പിക്കയറി . നിലത്തു വീണു കിടന്ന എന്നെ ചവിട്ടിമെതിച്ചുകൊണ്ടാണ് അവര്‍ വണ്ടിക്കുള്ളിലൂടെ തിരക്കിട്ട് നീങ്ങിയത്... എന്നാലും എഴുന്നേറ്റു നില്‍ക്കാനാവുന്നില്ല.... മേലാസകലം വല്ലാതെ വേദനിക്കുന്നു..... തളര്‍ന്നു കിടന്നു പോവുന്നു...

കഴിഞ്ഞ രാത്രിയില്‍ ഇതേ വണ്ടിയിലായിരുന്നു ഞാന്‍ തീരദേശ നഗരത്തിലേക്ക് യാത്രയായത് . അവന്‍ - എന്റെ ആ പഴയ കൂട്ടുകാരന്‍ - അവിടെയാണ് . എനിക്ക് അവനെ കണ്ട് എന്റെ സങ്കടങ്ങള്‍ പറയണമായിരുന്നു ....

ഇപ്പോള്‍ അവന്‍ വലിയ ആളായിരിക്കുന്നു.... സമൂഹത്തില്‍ നിലയും വിലയും കൈവന്നിരിക്കുന്നു.... എന്റെ സങ്കടങ്ങള്‍ കേട്ടാല്‍ അവന്‍ സഹായിക്കാതിരിക്കില്ല എന്ന കാര്യം ഉറപ്പാണ് - ആഞ്ഞിലിമൂട്ടിലും അമ്പലക്കടവിലും ചിലവഴിച്ച ബാല്യകാല കുതൂഹലങ്ങള്‍ , നൊമ്പരങ്ങളുടെ പൂക്കാലമാഘോഷിച്ച കൗമാര നാളുകള്‍ , കളരിക്കുന്നിനപ്പുറത്തെ പുല്‍മേടിന്റെ വശ്യതയില്‍ വെച്ച് തോലൊടിക്കാന്‍ വന്ന ചിങ്കാരിക്കല്ല്യാണിയുടെ ചൂടും തണുപ്പും നുകര്‍ന്ന ആ മായികാനുഭവം , രമണിയുടെ കല്യാണദിവസം രാത്രി കടല്‍ത്തീരത്തിരുന്ന് റാക്കു കുടിച്ചതും, അവന്‍ പൊട്ടിക്കരഞ്ഞതും, കാറ്റാടി മരത്തണലില്‍ തളര്‍ന്നു കിടന്ന അവന് ഞാന്‍ കാവലിരുന്നതും.... ഇതൊക്കെ അവന്‍ എങ്ങിനെ മറക്കാനാണ്.

പക്ഷേ, ആളും അര്‍ത്ഥവും കൈവരുമ്പോള്‍ മനുഷ്യര്‍ക്ക് ഭൂതകാലം വിസ്മൃതിയുടെ പുകമറക്കുള്ളില്‍ മാഞ്ഞുപോകും എന്ന് കേട്ടിട്ടുണ്ട് . അവനും എല്ലാം മറന്നു പോയി . "ഞാനിപ്പോള്‍ വലിയ സങ്കടത്തിലാണ്. സഹായിക്കണം....” എന്നു പറഞ്ഞുകൊണ്ട് , ക്രച്ചസില്‍ താങ്ങി തൊഴുകൈയ്യുമായി അവനു മുന്നില്‍ നിന്ന എന്റെ മുഖത്ത് അവന്‍ കാര്‍ക്കിച്ചു തുപ്പി . “എനിക്കെന്താണിവിടെ ദയയുടെ കച്ചവടമുണ്ടോ... ?” എന്നു ചോദിച്ചുകൊണ്ട് അവന്റെ ആളുകളോട് എന്നെ തൊഴിച്ചു പുറത്താക്കാന്‍ ആവശ്യപ്പെട്ടു… അവരുടെ മര്‍ദ്ദനമേറ്റ്., പുറത്ത് ഗേറ്റിനരികില്‍ ചോരതുപ്പി തളര്‍ന്നുകിടന്ന എന്നെ തിരിഞ്ഞുപോലും നോക്കാതെ സുന്ദരിയും മദാലസയുമായ അവന്റെ ഭാര്യയോടൊപ്പം സ്വര്‍ഗസമാനമായ കാറില്‍ കയറി അവന്‍ യാത്രയായി....

ഇപ്പോള്‍ ഞാനിതാ ശരീരത്തിനും മനസ്സിനുമേറ്റ കൊടിയ പരുക്കുകളുമായി വെറുംകൈയ്യോടെ അവളുടേയും കുട്ടികളുടെയും അടുത്തേക്ക് തിരിച്ചു പോവുകയാണ്... 

വലിയ പ്രതീക്ഷകളോടെയാണ് അവള്‍ എന്നെ യാത്രയാക്കിയത്.... പ്രതീക്ഷകള്‍ മുഴുവന്‍ നഷ്ടപ്പെട്ട കൊടിയ വറുതിയുടെ നാളുകളായിരുന്നല്ലോ..... കുട്ടികള്‍ വിശന്നുകരയാന്‍ കൂടി തുടങ്ങിയതോടെ ഞങ്ങളുടെ കോളനിയിലെ മറ്റു പെണ്ണുങ്ങളെപ്പോലെ അവളും ചുണ്ടില്‍ താണതരം ലിപ് സ്റ്റിക് തേച്ച് നിറമുള്ള ബ്രാസിയര്‍ ധരിച്ച് വൈകുന്നേരങ്ങളില്‍ പട്ടുതെരുവിലെ ഇടവഴികളില്‍ കാത്തു നില്‍ക്കാന്‍ പോയി... പുലര്‍ച്ചക്ക് ഉറക്കച്ചടവുള്ള കണ്ണുകളും, മുഷിഞ്ഞ ഉടലും, ദ്രവിച്ച നോട്ടുകളുമായി കയറി വന്നു... എന്നിട്ടും ജീവിതം മുന്നോട്ടു പോകുവാന്‍ പ്രയാസപ്പെട്ടുകൊണ്ടിരുന്നു....

അങ്ങിനെ എല്ലാ തരത്തിലും പൊറുതിമുട്ടിയപ്പോഴാണ് അവനെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുവാന്‍ അവള്‍ എന്നോട് പറഞ്ഞത്....

പുരാണത്തിലെ ഏതോ ദൈവത്തിന്റെ അടുത്ത് അയാളുടെ സുഹൃത്തായ ഒരു ദരിദ്രന്‍ ഇപ്രകാരം ചെയ്തിട്ടുണ്ടെന്നും അങ്ങിനെ അയാള്‍ക്ക് വലിയ സൗഭാഗ്യങ്ങളൊക്കെ കൈവന്നു എന്നും ഉള്ള ഒരു കഥ അപ്പോള്‍ അവള്‍ പറയുകയുണ്ടായി . അവളുടെ ഇടപാടുകാരില്‍ ഒരാള്‍ ശൃംഗാരത്തിനിടയിലെ തളര്‍ച്ചയുടെ ഇടവേളയില്‍ പറഞ്ഞുകൊടുത്ത കഥയാണത് . നിന്റെ ഭര്‍ത്താവിനും ഇതുപോലെ ഒരു ശ്രമം നടത്തിക്കൂടെ എന്ന് വീണ്ടും ഇണചേരുന്നതിനിടയില്‍ അയാള്‍ തന്നോട് ചോദിക്കുകയുണ്ടായി എന്നും അവള്‍ പറഞ്ഞു....

പുരാണകഥയിലെ ദരിദ്രനും കൂട്ടുകാരനില്‍ നിന്ന് ഒന്നും ലഭിച്ചിരുന്നില്ല . പക്ഷേ അയാള്‍ തിരികെ വീട്ടിലെത്തുമ്പോഴേക്കും സൗഭാഗ്യങ്ങളുടെ വലിയ അത്ഭുതങ്ങളായിരുന്നു കാത്തിരുന്നത് .... ഒരു പക്ഷേ വലിയ ആളുകള്‍ അങ്ങിനെ ആയിരിക്കും . അവര്‍ പുറമേക്ക് നടിക്കുന്ന കാര്യങ്ങള്‍ക്കപ്പുറമായി അകക്കണ്ണുകള്‍ കൊണ്ട് എല്ലാം നിയന്ത്രിക്കുന്നു . അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു . അതു പോലെ അവനും അകക്കണ്ണുകള്‍കൊണ്ടും, അകം കൈകള്‍കൊണ്ടം എന്റെ കാര്യത്തില്‍ ഇടപെട്ട്.... അതെ ., അതാണ് സംഭവിക്കാന്‍ പോവുന്നത് - അകക്കണ്ണുകള്‍കൊണ്ടും, അകം കൈകള്‍കൊണ്ടം എന്റെ കാര്യത്തില്‍ ഇടപെട്ട് അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.... എനിക്ക് ഉറപ്പാണ്.

രാത്രിവണ്ടിയുടെ ഉലയുന്ന താളത്തിലും ഇരമ്പലിലും സ്വയം നഷ്ടപ്പെട്ട് ഞാന്‍ എല്ലാം മറന്ന് ഉറങ്ങുവാന്‍ തുടങ്ങി....

പേടിപ്പെടുത്തുന്ന മുഖമുള്ള ഒരു കാവല്‍ക്കാരനാണ് എന്നെ വിളിച്ചുണര്‍ത്തിയത് . എനിക്കപ്പോള്‍ ഒട്ടും പരിസരബോധമില്ലായിരുന്നു . തന്റെ കൈയ്യിലിരുന്ന വടികൊണ്ട് അയാള്‍ എന്നെ അടിക്കാനാഞ്ഞു . അപ്പോഴേക്കും പരിസരബോധം വീണ്ടെടുത്ത ഞാന്‍ "ഏമാനെ പൊറുക്കണം ., ഉറങ്ങിപ്പോയി ഞാന്‍...." എന്നൊക്കെ പറഞ്ഞുകൊണ്ട് അയാള്‍ അടിച്ചോടിക്കുന്നതിനുമുമ്പായി വണ്ടിയില്‍ നിന്നും പുറത്തിറങ്ങി . വണ്ടി അപ്പോള്‍ യാര്‍ഡിലേക്ക് മാറ്റിയിരുന്നു - സ്റ്റേഷനിലെത്തിയതും , ആളുകള്‍ ഇറങ്ങിപ്പോയതും , ഉച്ചവെയില്‍ വന്നതും ഒന്നും ഞാന്‍ അറിഞ്ഞില്ല ....

വെയില്‍ വീണു തിളക്കുന്ന വഴികളിലൂടെ പതിയെ നീങ്ങുമ്പോള്‍ സംഭവിക്കാന്‍ പോവുന്ന അത്ഭുതങ്ങളെക്കുറിച്ചോര്‍ത്ത് ഞാന്‍ ആഹ്ലാദവാനായിരുന്നു...

പുരാണത്തിലെ ദരിദ്രന്‍ തിരിച്ചെത്തുമ്പോള്‍ അയാളുടെ വീടും, വീട്ടിലേക്കുള്ള വഴിയും ആകെ മാറിപ്പോയിരുന്നു എന്നാണ് അവളുടെ ഇടപാടുകാരന്‍ പറഞ്ഞത്... - പൂമരങ്ങള്‍ക്കിടയിലൂടെയുള്ള നനുത്ത വഴിത്താരയില്‍ അയാള്‍ ദിക്കറിയാതെ വശം കെട്ടുപോയി... സ്വപ്നതുല്യമായ മാളികകള്‍ കണ്ട് അയാള്‍ പകച്ചു നിന്നുപോയി... ദാരിദ്ര്യത്തിന്റെ രോദനങ്ങളും തേങ്ങലുകളും മുഴങ്ങിയിരുന്ന പരിസരമാകെ മായികമായൊരു സംഗീതധാരയില്‍ ലയിച്ചു നിന്നു.... മൂര്‍ത്തമായ യാഥാര്‍ത്ഥ്യത്തെ സ്വപ്നം എന്ന് തെറ്റിദ്ധരിച്ച് തന്റെ ദുര്‍വ്വിധിയെ പഴിച്ചുകൊണ്ട് ആ ദരിദ്രന്‍ മരവിച്ചു നിന്നുപോയ വേളയിലാണ് 'പിതാവെ..., പിതാവെ...' എന്നു വിളിച്ചുകൊണ്ട് തിളങ്ങുന്ന ആടയാഭരണങ്ങളോടെ മണിമേടകളില്‍ നിന്ന് അയാളുടെ കുട്ടികള്‍ വിശാലമായ അങ്കണവും, ചേതോഹരങ്ങളായ പുഷ്പവാടികളും താണ്ടി ഓടിയണഞ്ഞത്.... നിര്‍ന്നിമേഷനായി ആ കാഴ്ച കണ്ടു നിന്ന ദരിദ്രന്റെ ബോധമണ്ഡലം ഇരുണ്ടു പോവുകയും പുതിയ ഒരു വെളിച്ചത്തിലേക്ക് അയാള്‍ ഉണരുകയും ചെയ്തു .... നിമിഷാര്‍ദ്ധത്തിന്റെ ആ ഇടവേളയില്‍ അകാല വാര്‍ദ്ധക്യവും, ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങളും അപ്രത്യക്ഷമായി തേജസ്വിയായ ഒരു യുവകോമളന്‍ ആയി അയാള്‍ മാറിപ്പോയിരുന്നു.....

ഇതെല്ലാം ആ നല്ല ഇടപാടുകാരന്‍ പറഞ്ഞതോടെ പതിവിനു വിപരീതമായി താന്‍ ആവേശഭരിതയായിപ്പോയെന്നും... സൗഭാഗ്യങ്ങളിലേക്കുള്ള കുറുക്കുവഴികള്‍ പറഞ്ഞു തന്ന ആ ഇടപാടുകാരനെ താന്‍ അറിയാതെ സ്നേഹിച്ചു പോയി എന്നും .,അതോടെ നാലാം ഗേറ്റിനപ്പുറത്തെ ഓവര്‍ബ്രിഡ്ജിനു ചുവട്ടിലെ ഇരുളിന്റെ രഹസ്യം മാത്രമേയുള്ളു തങ്ങള്‍ക്ക് ചുറ്റും എന്നതെല്ലാം മറന്ന് തന്നില്‍ നിന്നും ഉയര്‍ന്ന സീല്‍ക്കരങ്ങള്‍ കേട്ട് തെരുവുനായ്കള്‍ കുരച്ചുകൊണ്ട് ഓടിവന്നപ്പോഴാണ് പരിസരബോധമുണ്ടായത് എന്നും അവള്‍ പറഞ്ഞു....

സംഭവിക്കാന്‍ പോവുന്ന അത്ഭുതങ്ങളെക്കുറിച്ച് ആഹ്ലാദപൂര്‍വ്വം ചിന്തിച്ചുകൊണ്ട് , വെയില്‍ വഴികളിലൂടെ ഞാന്‍ ഞങ്ങളുടെ കോളനിയെ സമീപിക്കുകയായിരുന്നു....

മായികമായ ആ സംഗീതധാരയും , സൗഭാഗ്യങ്ങളുടെ ലോകത്തേക്ക് വീണുപോയ കോളനിവാസികളുടെ ആഹ്ലാദാരവങ്ങളും ഞാന്‍ ദൂരെ നിന്നു തന്നെ കേട്ടു... അത്ഭുതങ്ങളുടെ അടയാളങ്ങള്‍ ഇതാ കണ്ടു തുടങ്ങിയിരിക്കുന്നു.....

കോളനിയോട് അടുത്തപ്പോള്‍ ശബ്ദഘോഷങ്ങള്‍ കൂടുതല്‍ വ്യക്തമാവുന്നു....

അയ്യോ... എനിക്കു തെറ്റു പറ്റിയതാണോ.... ആഹ്ലാദാരവങ്ങള്‍ക്കു പകരം ഞാനിപ്പോള്‍ കേള്‍ക്കുന്നത് നിസ്സഹായരായ മനുഷ്യരുടെ ആര്‍ത്തനാദങ്ങളാണല്ലോ...

അപ്രതീക്ഷിതമായ വീണുകിട്ടിയ വര്‍ണാഭമായ ജീവിതത്തെ വരവേല്‍ക്കേണ്ട വേളയില്‍ ഈ മനുഷ്യരെല്ലാം നിലവിളിച്ചുകൊണ്ട് എങ്ങോട്ടാണ് ഓടിപ്പോവുന്നത് ...

അതാ ബുള്‍ഡോസറുകള്‍ കോളനി ഉഴുതുമറിക്കുകയും , പടച്ചട്ടയണിഞ്ഞ നിയമപാലകര്‍ നിരായുധരായ കോളനിവാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്യുന്നു....

അല്ല ., അത് അങ്ങിനെ അല്ല …. ഞാന്‍ യാഥാര്‍ത്ഥ്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്.... - പൂമരങ്ങളേയാണ് ഞാന്‍ ബുള്‍ഡോസറുകളായി തെറ്റിദ്ധരിക്കുന്നത്..... ചേതോഹരങ്ങളായ മലര്‍വാടികളിലെ ചുമന്ന പൂക്കളെയാണ് ഞാന്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മനുഷ്യജഡങ്ങളായി കണ്ടു പോവുന്നത്....

പുരാണത്തിലെ ദരിദ്രന്‍ പകച്ചുനിന്നപോലെ ഞാനിതാ സൗഭാഗ്യങ്ങളുടെ കാഴ്ചകള്‍ക്കുമുന്നില്‍ പകച്ചു നില്‍ക്കുന്നു... മൂര്‍ത്തമായതൊന്നും കാണാതെ പോവുന്നു . അമൂര്‍ത്തമായതും അയഥാര്‍ത്ഥമായതും സംഭവിക്കുകയാണെന്ന് ധരിച്ചു പോവുന്നു... - എവിടെ എന്റെ കുട്ടികള്‍ !?. 'പിതാവെ..., പിതാവെ...' എന്നു വിളിച്ചുകൊണ്ട് തിളങ്ങുന്ന ആടയാഭരണങ്ങളോടെ മണിമേടകളില്‍ നിന്ന് അവര്‍ എന്തുകൊണ്ടാണ് ഓടിയണയാത്തത്...

ഞാന്‍ കുട്ടികളേയും അവളേയും പേരെടുത്തു വിളിച്ചുകൊണ്ട് ഇതാ മുന്നോട്ടു നീങ്ങുന്നു...

നിസ്സഹായരായ കോളനിവാസികള്‍ 'അരുതേ...' എന്നു നിലവിളിച്ചുകൊണ്ട് ബുള്‍ഡോസറുകള്‍ക്കു നേരെ പാഞ്ഞടുക്കുകയാണ്..... ഭയാനകമായ ഇരമ്പലുകളും... , വെടിയൊച്ചകളും... , ആര്‍ത്തനാദങ്ങളുമാണ് ചുറ്റും... എല്ലാം എന്റെ തോന്നലാണെന്ന് ഉറപ്പുള്ളതുകൊണ്ട് അതൊന്നും കാര്യമാക്കാതെ ഞാന്‍ മുന്നോട്ട് തന്നെ നീങ്ങുകയാണ്....

അപ്പോള്‍ പൂമരങ്ങള്‍  ഇരമ്പാന്‍ തുടങ്ങുകയും , പുഷ്പവാടികളില്‍ നിന്നു ചുമന്ന പൂക്കള്‍ ഓരോന്നായി കൊഴിഞ്ഞു വീഴുകയും ചെയ്തു... എവിടെ നിന്നോ പാഞ്ഞുവന്ന ഒരു അഗ്നിഗോളം ഇതാ എന്റെ നെഞ്ചിനുനേരെ.... ഞാന്‍ ഒട്ടും പകച്ചു പോവുന്നില്ല … ബോധമണ്ഡലത്തിലേക്ക് ഇരുള്‍ നിറഞ്ഞുകൊണ്ട് ഞാനിതാ വീണുപോവുന്നു..... എന്റെ കൈകളില്‍ നിന്ന് ക്രച്ചസ് ഇതാ തെറിച്ചുപോവുന്നു.... ഇനി ആ കൈത്താങ്ങ് എനിക്കാവശ്യമില്ല.... ഇരുള്‍ വഴികളുടെ അവസാനം ഞാന്‍  സൗഭാഗ്യങ്ങളുടെ പുതുജീവിതത്തിലേക്ക് ഉണരാന്‍ പോവുകയാണ്....

മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ജീവിതാനന്ദം ഞാനപ്പോള്‍ അനുഭവിക്കുകയായിരുന്നു ….

അവളും കുട്ടികളും ഇനിയും വന്നെത്തിയിട്ടില്ല …. അവര്‍ വരുന്നതിനു മുമ്പായി എന്നെ ഇരുള്‍ മൂടുകയാണല്ലോ....

ഞാന്‍ പതിയെ കണ്ണടച്ചു....