ഒരു ന്യൂഇയർ കോഴിയുടെ ജീവിതംഇണയോടു സല്ലപിക്കുന്നതിനിടയിലാണ് പിടി വീണത്.... അവസാനമായൊന്നു യാത്ര പറയാനോ, വിതുമ്പുന്ന കൊക്കുരുമ്മാനോ ബലിഷ്ഠകരങ്ങള്‍ അനുവദിച്ചില്ല…..
 
ഉച്ചത്തില്‍ കൊക്കിക്കരഞ്ഞു.....
ഇനി മോചനമില്ലെന്ന തിരിച്ചറിവില്‍ ഉള്ളുലഞ്ഞു പിടഞ്ഞു....

അവരുടെ പുതുവര്‍ഷാഘോഷമാണ്… - മത്തുപിടിച്ച ഒരു സംഘം, നൃത്തച്ചുവടുകള്‍ക്കൊപ്പം എന്നെ ഉയര്‍ത്തി അമ്മാനമാടുന്നു….. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലയങ്ങള്‍ ചുറ്റും അലയടിക്കുന്നു….. തിമര്‍പ്പിന്റെ ദ്രുതതാളം ചെവിയില്‍ മുഴങ്ങുന്നു……
 
ഇതാ..., ഇതാ..., ന്യൂ ഇയര്‍ കോഴി...! ഐശ്വര്യമുള്ള അങ്കവാല്‍. മുഴുത്ത ആകാരഭംഗി. കൊതിപ്പിക്കുന്ന അവയവത്തുടിപ്പുകൾ…!” 
 
അഞ്ഞൂറു രൂപ ഒരു വട്ടം..., അഞ്ഞൂറു രൂപ രണ്ടു വട്ടം…,- എന്ത് ., മുണ്ടക്കൽ ശേഖരൻ ആയിരം രൂപ വിളിച്ചെന്നോ…, ശേഖരനോടൊപ്പം കോഴി താമരശ്ശേരി ചുരം കയറുമെന്നോ... ഇല്ല, ഇല്ല...,  ‘മുണ്ടക്കല്‍ ശേഖരാ വഴിമാറ്…’ എന്ന് പറഞ്ഞുകൊണ്ട് അർണോസ് പാതിരി രണ്ടായിരം രൂപക്ക് ലേലം ഉറപ്പിക്കാൻ പോവുന്നു. രണ്ടായിരം രൂപ ഒരുവട്ടം..., രണ്ടായിരം രൂപ രണ്ടുവട്ടം…,  കോഴി തമരശ്ശേരി ചുരം കയറി ലക്കിടിയിലെത്തുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വീണ്ടും മുണ്ടക്കൽ ശേഖരന്‍. കോഴി ഇവിടുത്തെ അടുപ്പിൽത്തന്നെ പൊരിയുമെന്ന് വിളിച്ചു പറഞ്ഞ് ചിരിയോചിരി രവിശങ്കര്‍..., ഗോവയിൽ നിന്ന് ആര്‍ക്കും പിടികൊടുക്കാതെ ഒളിച്ചുകടത്തിയ ഫെനിക്കുപ്പികളോടൊപ്പം കോഴിയും പുതുവത്സരരാത്രി അര്‍മാദിക്കുമെന്ന് വീമ്പിളക്കി യങ്ങ് ഫൈറ്റേഴ്സ്  ലേലം പതിനായിരത്തില്‍ എത്തിക്കുന്നു. കോഴിയെ ചേളന്നൂരിന്റെ മൂത്ത പനങ്കള്ളിനോടൊപ്പം തൊട്ടുകൂട്ടുമെന്ന് വിളിച്ചു പറഞ്ഞ് ബ്യൂട്ടീസ് ഓഫ് ചേളന്നൂരിന്റെ പെണ്‍പട ലേലം വീണ്ടും ഉയര്‍ത്തുന്നു………”

ഉയര്‍ത്തിയ പീഠത്തില്‍ മരവിച്ചുപോയ മനസ്സുമായി ഞാനിതാ കാത്തു നിൽക്കുന്നു....

കലാപരിപാടികള്‍ അരങ്ങു തകർക്കുകയാണ് - ആദ്യം ചെറിയ കുട്ടികളുടെ നഴ്സറി ഈണങ്ങൾ… ദമ്പതികളുടെ ആനന്ദനൃത്തം… ഏകാകികളുടെ കാവ്യശകലങ്ങള്‍
 
യുവാക്കള്‍ അഗ്നിഗോളങ്ങൾ തുപ്പി നൃത്തമാടുമ്പോള്‍ ഞാനെന്റെ ജ്വലിച്ചുനിന്ന ജീവിതത്തെപ്പറ്റി ചിന്തിച്ചില്ല. നഴ്സറി ഈണങ്ങള്‍ അവളോടൊപ്പം ചിറകൊട്ടി നടക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ തന്നില്ല. മരപ്പൊത്തുകളിലും, പൊന്തക്കാടുകളിലും, ആകാശമേലാപ്പിലും പതിയിരിക്കുന്ന മരണക്കെണികള്‍ക്കു നേരെ ജാഗരൂകനായി അവളെയും കുഞ്ഞുങ്ങളെയും പരിപാലിക്കുന്ന എന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഞാന്‍ ഒട്ടും ആലോചിച്ചില്ല...
 
എന്റെ മനസ്സിലും പുതുവര്‍ഷം നിറയുകയാണ്. ഈ ആഘോഷലഹരിയില്‍ ഞാനും ലയിച്ചുപോവുന്നു..., ഇതാ മാലപ്പടക്കങ്ങളും, കതിനകളും, പൂക്കുറ്റികളും കത്തിയുയരുന്നു; പുതുവര്‍ഷം വന്നു കഴിഞ്ഞു....
 
ലേലംവിളി ഇനിയും അവസാനിച്ചിട്ടില്ല. വീണ്ടും, വീണ്ടും തുക കയറ്റിവിളിച്ച് വാശി കയറുകയാണ്…

- ഇതൊന്ന് അവസാനിച്ചിരുന്നെങ്കില്‍., മൂന്നുവട്ടവും പറഞ്ഞുറപ്പിച്ച് ,  ഉന്മത്തരായ ഒരു സംഘത്തിന്റെ സ്നേഹത്തുടിപ്പുകളിലേക്ക് ഞാന്‍ തളര്‍ന്നുവീണെങ്കിൽ…

- എവിടെയോ തിളക്കുന്ന എണ്ണയിൽ അതിവേഗം മുങ്ങിത്തുടിക്കുവാൻ എനിക്ക് കൊതിയാവുന്നു…….

91 അഭിപ്രായങ്ങൾ:

 1. എവിടെയോ തിളക്കുന്ന എണ്ണയിൽ അതിവേഗം മുങ്ങിത്തുടിക്കുവാൻ എനിയ്ക്കു കൊതിയാവുന്നു......

  മറുപടിഇല്ലാതാക്കൂ
 2. "......
  കൊഴുത്തൊരെണ്ണയായ്‌ സ്വയം തിളക്കുമ്പോൾ
  നിനക്കു ജീവിതം മരിച്ചു തീർക്കുവാൻ
  നശിച്ച രാത്രികൾ കടഞ്ഞെടുക്കുമ്പോൾ..
  എവിടെയൊക്കെയോ പൊടിയുന്നൂ രക്തം
  എനിക്കറിയില്ലെൻ, മനസ്സിലോ മറ്റോ... "

  മറുപടിഇല്ലാതാക്കൂ
 3. ശിക്ഷ വിധിക്കപ്പെടാതെ നരകിക്കുന്ന കോഴികൾ അനവധി.. ന്യൂ ഇയർ കോഴി നന്നായി.ആ‍ശംസകൾ

  മറുപടിഇല്ലാതാക്കൂ
 4. ഒരു കോഴിയുടെ ജീവിതത്തെ കുറിച്ച് ഇന്നലെ ഞാൻ കൂലങ്കുഷമായി ആലോചിച്ചതേയുള്ളൂ ..........പ്രശസ്തമായ മുന്നിയൂർ കോഴിക്കളിയാട്ടം കാണാനുള്ള ഭാഗ്യമുണ്ടായി ഇന്നലെ ...........ഇന്നിപ്പോ ഇതാ മുൻപിൽ ഒരു ഉഗ്രൽ കോഴിക്കഥ ...........ആശംസകൾ ..............

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇതുപോലൊരു കളിയാട്ടത്തില്‍ നിന്ന് കിട്ടിയതാണ് ഈ ത്രഡും. കളിയാട്ടം ഒരു പുതുവത്സര ആഘോഷമായിരുന്നു എന്നു മാത്രം - നന്ദി മാഷെ.....

   ഇല്ലാതാക്കൂ
 5. ചുറ്റിലും നടക്കുന്ന ആര്‍ഭാട ആഘോഷ ജീവിതങ്ങളില്‍ സ്വയം മറന്നു ഭാഗഭാക്കാക്കുന്ന ജീവിതത്തിന്‍റെ അവസാന നിമിഷക്കുറിപ്പായാണ് എനിക്ക് തോന്നിയത്. പലപ്പോഴും ചുറ്റുപാടുകള്‍ക്കനുസരിച്ച് എത്തപ്പെടുവാനുള്ള തത്രപ്പാടില്‍ സ്വയം ലേലവസ്തുവായി മാറുന്ന കോഴി ഇന്നിന്‍റെ സാധാരാണ മനുഷ്യന്‍റെ പ്രതീകമെന്ന രീതിയില്‍ കാണുമ്പോള്‍ , അവനെ ആശ്രയിക്കുന്നവരുടെ വേവലാതികള്‍ മറക്കുന്ന ആര്‍ഭാടജീവിതത്തില്‍ ആകൃഷ്ടനായി ഇനിയും എത്തിപ്പെടാത്ത നിശ്ചിതമായ വിധിക്കായി കാക്കുന്നു. കുറഞ്ഞ വരികളില്‍ ഭംഗിയാക്കിയ ഭാഷയാണ്‌ മാഷേ ഈ കഥയുടെ സൗന്ദര്യം. എന്‍റെ വായനയില്‍ ഇത്രയുമേ കിട്ടുന്നുള്ളൂ... ഓരോ വരികല്‍ക്കിടയിലുള്ള കുത്തിനും കൊമാക്കും കൂടി അര്‍ത്ഥതലങ്ങള്‍ തിരയട്ടെ ഞാന്‍ പുനര്‍വായനയില്‍ .....!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ ചെറിയ കഥക്ക് തരാവുന്നു നല്ലൊരു വായനയാണിത് .സ്നേഹം അംജത്

   ഇല്ലാതാക്കൂ
 6. എന്തൊരു ജന്മം...എല്ലാം തീരും എന്നറിഞ്ഞിട്ടും മതി മറന്നു ജീവിക്കുന്ന ശലഭ ജന്മം!!!!കഷ്ടം!!
  തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ഒന്നും ചിന്തിക്കേണ്ട എന്നാണോ ഇവര്‍ കരുതുന്നത്...?
  നല്ല കഥ.ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കഥ ഇഷ്ടമായെന്നറിയുന്നത് ഒരുപാട് സന്തോഷം തരുന്നു

   ഇല്ലാതാക്കൂ
 7. കോഴിയോട് ചോദിച്ചിട്ടാണോ കോഴിക്കറി വയ്ക്കുന്നത്....!!

  ഈ ഭൂമിയിലെ എല്ലാ കോഴികള്‍ക്കുമായി ഈ കഥ സമര്‍പ്പിയ്ക്കാം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സമര്‍പ്പിക്കുന്നു അജിത്തേട്ടാ - വായനക്ക് സന്തോഷം ,സ്നേഹം

   ഇല്ലാതാക്കൂ
 8. എവിടെയോ തിളയ്ക്കുന്ന എണ്ണയിലേക്കുള്ള ജീവിതമാണിതെന്നറിഞ്ഞിട്ടും മതി മറന്നുല്ലസിക്കുന്ന ജനത. ആഘോഷങ്ങളും, തിമിർപ്പുകളും, ഉല്ലാസങ്ങളും ഇനിയെത്ര നാൾ..ഒരു വല്ലാത്ത കാഴ്ച തന്നെ., നിലയില്ലാക്കയത്തിലേക്ക് അറിഞ്ഞുകൊണ്ടൂളിയിടുന്ന മനുഷ്യജന്മങ്ങളേ... നിങ്ങൾക്കായി ഒരു പൊരിച്ചകോഴിക്കാൽ...

  മറുപടിഇല്ലാതാക്കൂ
 9. ന്യൂ ഇയർ കോഴി. ഏറെ ചിന്തിപ്പിക്കുന്ന ഒരു നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 10. നല്ല കഥ. പക്ഷെ എളുപ്പം തീര്‍ന്നു പോയതിലൊരു വിഷമം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചെറിയ കഥയായി എഴുതിയതാണ്, മിനിക്കഥയുടെ ഫോര്‍മാറ്റില്‍ - അഭിപ്രായത്തിന് നന്ദി പറയുന്നു ചേച്ചി

   ഇല്ലാതാക്കൂ
 11. ആഘോഷത്തിന്റെ ആരവങ്ങൾക്കിടയിൽ ഇരയ്ക്ക് ആശിക്കാൻ ഒന്നേയുള്ളു. എവിടെയോ തിളയ്ക്കുന്ന എണ്ണയിൽ മുങ്ങി ഒരു പുനരുദ്ധാനം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എവിടെയോ തിളയ്ക്കുന്ന എണ്ണ - ഞാനടക്കമുള്ള ശരാശരി മനുഷ്യര്‍ ആ എണ്ണയിലേക്ക് യാത്ര ചെയ്യുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് -സന്തോഷം നാസര്‍

   ഇല്ലാതാക്കൂ
 12. ആശയസമ്പുഷ്ടവും ചിന്തക്ക് വക നൽകുന്നതുമായ നല്ലൊരു കഥ.
  തികച്ചും കാലോചിതമായ ഒന്ന്. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചിന്തക്ക് വക നൽകുന്നു എന്ന് പറഞ്ഞത് ചാരിതാര്‍ത്ഥ്യമേവുന്നു.... നന്ദി അറിയിക്കുന്നു ഫിലിപ്പ് സാര്‍

   ഇല്ലാതാക്കൂ
 13. സ്വാർത്ഥ താല്പര്യങ്ങല്ക്കായി ബാലിയാടാക്കപ്പെടുന്ന ജീവിത ബിംബം ..എല്ലാത്തിനോടും ഉപമിക്കാനുതകുന്ന തരം ആവിഷ്കാരം . ഏറ്റവും ചുരുക്കി നന്നായി പറഞ്ഞു .
  (ഇടക്കുള്ള ലേല അവതരണം തീവ്രത അല്പം കുറക്കുന്നു . അല്പം മാത്രം . എന്റെ തോന്നൽ )

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ലേല അവതരണം തീവ്രത അല്പം കുറക്കുന്നു എന്ന നിരീക്ഷണം ഇഷ്ടമായി.... ഇത്തരം അഭിപ്രായങ്ങളൊക്കെ എനിക്കു നല്ല പാഠങ്ങലാണ് - സ്നേഹവും സന്തോഷവും അരിയിക്കുന്നു

   ഇല്ലാതാക്കൂ
 14. കോഴിക്കഥ അരങ്ങ് വാഴുകയായിരുന്നു. പെട്ടെന്നൊരു ഫുള്‍സ്റ്റോപ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മിനിക്കഥയുടെ ഫോര്‍മാറ്റാവാം ആ ഫുള്‍സ്റ്റോപ്പിനു കാരണം. നല്ല നിരീക്ഷണത്തിന് എന്റെ നന്ദി...

   ഇല്ലാതാക്കൂ
 15. ഈ കഥ വായിക്കാന്‍ മറന്നല്ലോ ഞാന്‍, എന്തായാലും വായന നഷ്ടമായില്ല. നല്ല കഥ

  മറുപടിഇല്ലാതാക്കൂ
 16. നന്നായി വായിച്ചു മുന്നേറിയപ്പോള്‍ പെട്ടെന്ന് നിര്‍ത്തി കളഞ്ഞല്ലോ മാഷേ ..

  തികച്ചും കാലികമായൊരു പ്രമേയം ചിന്തിക്കാന്‍ വക നല്‍കും വിധം ഭംഗിയായി കുറിച്ച ഒരു നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 17. പ്രദീപ് മാഷിന്‍റെ കയ്യില്‍ നിന്ന് ഒരു ഫാസ്റ്റ് പോസ്റ്റ് കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. അത് അതു പോലെ തന്നെ സംഭവിച്ചു നിങ്ങളെ ബ്ലോഗില്‍ നല്ലമാനോഹരവും ആശയസംബുഷ്ടവുമായ പോസ്റ്റുകള്‍ ആണ് ഉണ്ടാവാറുള്ളത് വെക്തമായ ജീവിത നിരീക്ഷണങ്ങളും അവതരണമികവും എല്ലാം കൊണ്ടും വളരെ വളരെ നല്ല കഥകള്‍ ആണ് ഉണ്ടാവാറുള്ളത് ഇത് അതിന്‍റെ എഴു അയലത്ത് എത്തിയില്ല. കേവലം ചാവാന്‍ വിധിച്ച കോഴിയുടെ കഥ എന്നതിന് അപ്പുറം എനിക്കൊരു വായനയും ഇവിടെ സാദ്യമായില്ല .
  ഇത്രയും ഞാന്‍ പറഞ്ഞത് മാഷോട് എനിക്കുള്ള ഇഷ്ടമാണ്
  ഇനി എന്‍റെ വായന തെറ്റാണ് എന്ന് തോന്നിയാല്‍ ഒരു വിവരദോഷിയുടെ വിവരകെടയിട്ടു കാണുക

  മറുപടിഇല്ലാതാക്കൂ
 18. ഇത് വേറെ ഏതെങ്കിലും ഒരു ബ്ലോഗില്‍ ആയിരുന്നു എങ്കില്‍ ഗംഭീരം എന്ന് വാഴ്ത്തി പാടാന്‍ ഞാന്‍ മുമ്പനായി വന്നേനെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ രീതിയിലുള്ള സമീപനമാണ് ഞാന്‍ ബ്ലോഗ് കമന്റില്‍ ആഗ്രഹിക്കുന്നത്. പ്രശംസകളേക്കാള്‍ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതായിരിക്കും എഴുത്തുകാരന് കൂടുതല്‍ സഹായകരമാവുക.സ്നേഹവും, സന്തോഷവും അറിയിക്കുന്നു

   ഇല്ലാതാക്കൂ
 19. ആഘോഷം എന്തായാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല., നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 20. മാനത്തിനു വിലപേശുന്ന ലേലം വിളിക്കാര്‍.....
  ഒടുവില്‍ എരിതീയിലോ വറച്ചട്ടിയിലോ ഒടുങ്ങിയാല്‍ മതിയെന്ന് പരിതപിക്കുന്ന അബല ജനമങ്ങള്‍!


  (ഞാന്‍ മുന്‍പ് മൊബൈല്‍ കമെന്റ് ചെയ്തിരുന്നിഅരുന്നല്ലോ? വന്നില്ല!)

  മറുപടിഇല്ലാതാക്കൂ
 21. പ്രബലരുടെ പിടിയിലമരുന്ന ഇരകളുടെ നിയോഗം!
  എവിടയോ തിളയ്ക്കുന്ന എണ്ണയില്‍..............
  കഥ നന്നായിരിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 22. ഏതാനും വരികളിലൂടെ മാഷ് ഒരുപാട് പറഞ്ഞുവെച്ചല്ലോ ഈ കഥയില്‍..,. ആവര്‍ത്തന വായനകളോരോന്നും തന്ന ചിന്തകള്‍ പലതായിരുന്നു. അതുതന്നെയാണ് ഈ കഥയുടെ മേന്മയും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആവര്‍ത്തനവായനകള്‍ വ്യത്യസ്ഥചിന്തകള്‍ തന്നു എന്നറിയുന്നത് ചാരിതാര്‍ത്ഥ്യമേവുന്നു

   ഇല്ലാതാക്കൂ
 23. കോഴിയെ പലതുമായും മാറ്റി വായിക്കാം . ലേലം ചെയ്യപ്പെടുന്ന അല്ലെങ്കിൽ വെട്ടി മുറിക്കപ്പെടുന്ന എന്തിനോടും .

  പ്രദീപ്‌ മാഷിന്റെ കഥകൾക്ക് ഇടവേളകൾ വരുന്നത് ഇതുപോലുള്ള പരിഹാരക്രിയകൾ കൊണ്ട് ക്ഷമിക്കുന്നു .

  നന്നായി മാഷെ

  മറുപടിഇല്ലാതാക്കൂ
 24. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ നടമാടുന്ന
  എല്ലാ ദുഷ്പ്രവണതകളും , ഒരു പൂവ്വൻ കോഴിയെ ‘സിംമ്പലാക്കി‘
  ചിത്രീകരിച്ചിരിക്കുകയാണല്ലോ ഭായ് ഇവിടെ...

  നന്നായിട്ടുണ്ട് കേട്ടൊ പ്രദീപ്മാഷെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും പൂവന്‍കോഴി ഒരു സിംബലാണ് - അത് തിരിച്ചറിയാനാവുന്നു എന്നറിയുന്നത് ഏറെ ആഹ്ലാദകരം

   ഇല്ലാതാക്കൂ
 25. വരികള്‍ക്കിടയില്‍ വായിക്കാന്‍ ഒരുപാട് നല്‍കി ..കൂടെ ചിന്തിക്കുവാനും ...ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ ഈ കഥയില്‍ ഞാനുദ്ദേശിച്ചത് നടന്നു എന്നറിയുന്നു ,ഒരുപാട് സന്തോഷം

   ഇല്ലാതാക്കൂ
 26. ആഘോഷങ്ങള്‍ ഏത് വന്നാലും കോഴിക്ക് കഷ്ടകാലം തന്നെ....പക്ഷേ ഇതൊരു കോഴിക്കഥ മാത്രമായി ഞാന്‍ കരുതുന്നില്ല. ആഘോഷത്തിമിര്‍പ്പുകള്‍ക്കിടയില്‍, ജീവിതത്തിന്റെ പുറംപൂച്ചുകള‍്‍ക്കിടയില്‍ നിസ്സഹായാവസ്ഥയില്‍ പകച്ചു നില്ക്കുന്ന ഒരു സഹജീവിയെ എനിക്കു കാണാം...നല്ല ക്രാഫ്റ്റുളള കഥ ...അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 27. മാഷിന്റെ മിക്കരചനകളും ഹൃദയത്തിൽ തൊടുന്നവയാണ് ,മനസ്സിനെ ആർദ്രമാക്കാൻ കഴിവുള്ളവയാണ്‌ ..ഈ കഥ മാഷിന്റെ മറ്റു രചനകളോളം എനിക്കിഷ്ടപെട്ടിട്ടില്ല ,ഒരു പക്ഷെ ഇത് തലച്ചോറിന്റെ ഭാഷയിൽ വായിക്കേണ്ടതുകൊണ്ടാവാം :) ..സ്നേഹം ,ആശംസകൾ .

  മറുപടിഇല്ലാതാക്കൂ
 28. അര്‍ത്ഥവത്തായ ഒരു കഥ. വായനക്കാരന്‍ ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ട പല കാര്യങ്ങളും ഉണ്ട് ഇക്കഥയില്‍ സൂക്ഷ്മവായനയില്‍ ... എനിക്കിഷ്ടപ്പെട്ട ഒരു എഴുത്ത് ശൈലി ആണ് ഇത്. ചെറിയ കുട്ടികളുടെ പാട്ട്, ദമ്പതികളുടെ ആനന്ദ നൃത്തം, ഏകാകികളുടെ കവിത ചൊല്ലല്‍ എന്ന വരിയിലെ ആക്ഷേപ ഹാസ്യം ഇഷ്ടപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എകാകികള്‍ ആണ് " പ്രണയം " തുടങ്ങിയ കവിതകളുമായി വരിക. എന്നാല്‍ ചുറ്റും പ്രണയത്തിന്റെ ആഘോഷം നടക്കുന്നത് അയാള്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ല... എന്റെ ആശംസകള്‍ അറിയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 29. Through the eyes of a cock, this story has wonderfully picturized our changing society, its rivalries and tensions for status and prestige. (Famous anthropologist Clifford Geertz had once decoded the Balinese society through the cockfights that occurred there). It is worth mentioning that the symbolism used makes both the cock and its story very valuable.

  മറുപടിഇല്ലാതാക്കൂ
 30. കോഴിക്കഥ ഇഷ്ടായിട്ടോ .. വീക്ഷണവും അവതരണവും കൂടി ചേർന്നപ്പോൾ നല്ലൊരു കഥയായി ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 31. കോഴിക്കഥ ഇഷ്ടായി ട്ടോ .. പക്ഷെ കഥയ്ക്ക് ഇനീം കുറച്ചു കൂടി നീളം ആകാമായിരുന്നു . പെട്ടെന്ന് അവസാനിച്ച പോലെ . ഇത് പോലൊരു കഥ എന്റെ മനസ്സിലും ഉണ്ടായിരുന്നു . അത് ഞാൻ പകുതി വഴിക്ക് വച്ച് എഴുത്ത് നിർത്തി . അതിലെ നായകൻ ബ്രോയിലർ കോഴിയാണ് . പെരുന്നാൾ ദിവസം കോഴിക്കടയിലെത്തുന്ന ഒരുപാട് പേർ , അതിൽ പണക്കാരനും പാവപ്പെട്ടവനും അങ്ങിനെ എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും ഉണ്ട് . അവർക്കൊക്കെ വേണ്ടത് പല തൂക്കത്തിലുള്ള കോഴികളെയും . ആവശ്യക്കാർക്ക് അവര് പറഞ്ഞ തൂക്കത്തിലുള്ള കോഴിയെ പിടിച്ചു കൊടുക്കാൻ കടക്കാരാൻ നന്നേ ബുദ്ധി മുട്ടുകയാണ് . ഇതിനിടയിലെ തീരെ തൂക്കം കുറഞ്ഞ ഒരു ബ്രോയിലർ കോഴിയുണ്ട് . അവന്റെ കാഴ്ചയായാണ് ഞാൻ ആ കഥ പറയുന്നത് . ആ .. അത് പാതി വഴിയിലിട്ടു . മടി മാറിയിട്ട് എഴുതാം ന്നു വച്ചു . പ്രദീപേട്ടന്റെ ഈ കഥ വായിച്ചപ്പോൾ ആണ് എനിക്കെന്റെ കോഴിയെ ഓർമ വന്നത് പോലും .

  എനിക്ക് തോന്നുന്നു പ്രദീപെട്ടനു ഈ കഥ ഒന്ന് കൂടി വികസിപ്പിച്ചു എഴുതാൻ സാധിക്കുമെന്ന് . അപ്പോൾ ഇപ്പോഴത്തെക്കാളും കൂടുതൽ മനോഹരമായ ഒരു കഥയായി ഇത് മാറും . ഉറപ്പാണ് .

  ആശംസകളോടെ ..

  മറുപടിഇല്ലാതാക്കൂ
 32. സര്‍ ,ആ പാവം കോഴിയുടെ ആത്മാവിന്‍റെ വിങ്ങല്‍ എനിക്ക് കേള്‍ക്കാം .........തീന്‍ മേശയില്‍ നമുക്ക് മുന്‍പില്‍ അവനിരിക്കുമ്പോള്‍ ചിന്തിക്കാത്തത് പലതും ..ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 33. വളരെകുറച്ചു വാക്കുകള്‍ കൊണ്ട് വലിയൊരാശയം പറഞ്ഞു വെച്ച കഥ . ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഉള്ള കഥ . കഥ വളരെ ഇഷ്ടമായി മാഷേ .

  മറുപടിഇല്ലാതാക്കൂ
 34. കോഴി ഇല്ലാതെ നമുക്കെന്താഘോഷം...
  എല്ലാം നമ്മള്‍ നമ്മുടെ ആംഗിളിലൂടെ മാത്രം കാണുമ്പോള്‍ മറ്റു ജീവികളുടെ ആംഗിളില്‍ നിന്ന് ചിന്തിക്കാന്‍ വിസ്മരിക്കുന്നു...

  പ്രസകത്മായ കാര്യം കുറച്ചു വരികളില്‍ പറഞ്ഞു.. ആശംസാസ് പ്രദീപേട്ടാ..

  മറുപടിഇല്ലാതാക്കൂ
 35. നന്നായി ....
  പറയാതെ പറഞ്ഞത് ... ഒരുപാടുണ്ട് കഥയിൽ

  മറുപടിഇല്ലാതാക്കൂ
 36. അആഹ .... ഞമ്മളെ ചേളന്നൂരും ഉണ്ടല്ലേ :D
  കൂടുതലൊന്നും പറയാന്‍ കിട്ടുന്നില്ല മാഷേ ...
  ജീവന്നു വിലയിടുന്നതിന്റെ ശബ്ദ ഘോഷം ചെറിയ കഥയിലെ വലിയ ആഴങ്ങളിലൂടെ കാതു തുളക്കുന്നുണ്ട് ...

  മറുപടിഇല്ലാതാക്കൂ
 37. allegory അതല്ലേ ശരിയായ വാക്ക്. അതിന്റെ മലയാളം കിട്ടിയില്ല. ഒടുക്കം, എണ്ണയില്‍ പൊരിയാന്‍ കൊതിക്കുന്ന ആ കോഴി ആരുമാകാം. അത്‌ ഒരാളാകം. ഒരു ജനതയാകാം. ഒരു രാജ്യം തന്നെയുമാകാം.
  ലേലം വിളിക്കുന്നവരുടെ പല പേരുകള്‍ക്ക് ഒറ്റമുഖം.

  മറുപടിഇല്ലാതാക്കൂ
 38. എഴുത്തിന്‍റെ ഈ മാന്ത്രിക സ്പര്‍ശം അനുഭവിച്ചിട്ട് ഒത്തിരി നാളായിരുന്നു. പുതു വര്‍ഷക്കോഴിയുടെ മനോഗതങ്ങള്‍ പുതിയ കാലത്തിന്‍റെ എല്ലാ നില വിളികളെയും ഉള്‍കൊള്ളുന്നു.

  മറുപടിഇല്ലാതാക്കൂ
 39. കോഴിയെന്ന ബിംബകല്പന ഇന്നിന്‍റെ ഇരകളിലേക്ക് നോക്കി നിസ്സഹായതയുടെ ചിറകടികള്‍ പ്രകടിപ്പിക്കുമ്പോള്‍ കഥ,അതിന്‍റെ മൂല്യശോഭയേറ്റുന്നു.അഭിനന്ദനങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
 40. നന്നായി. പല ദിക്കുകളിലേക്ക്‌ വികസിക്കുന്ന കഥയുടെ മികവ്‌ അതിനോടെന്നെ അടുപ്പിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 41. ആഘോഷങ്ങള്‍ക്കിടയില്‍ നാളുകളെണ്ണപ്പെടുന്നവരെത്ര... അവരുടെ നെഞ്ചിടിപ്പിന്റെ താളമറിയാതെ പാനപാത്രങ്ങള്‍ നുരഞ്ഞുപൊന്തുമ്പോള്‍ പുതുവര്‍ഷക്കോഴിയിലൂടെ ആ സത്യം പങ്കുവച്ചതിന് നന്ദി മാഷേ...

  മറുപടിഇല്ലാതാക്കൂ
 42. നടക്കുന്ന ആഘോഷങ്ങൾക്കും ലേലം വിളികൾക്കിടയിൽ നിന്നും രക്ഷപ്പെടാനായി ‘വറചട്ടിയിലേക്കായാലും വേണ്ടില്ല’ എന്ന എത്രയും വേഗം ആകണമെന്ന കോഴിയുടെ ആത്മഗതം കൊള്ളാം... ചിലപ്പോഴൊക്കെ നമ്മളും ആഗ്രഹിച്ചു പോകാറുണ്ടല്ലൊ ‘ഇതൊന്ന് അവസാനിച്ചു കിട്ടിയെങ്കിലെന്ന്...!‘

  മറുപടിഇല്ലാതാക്കൂ
 43. മനോഹരം..
  നിത്യജീവിതത്തിലെ സ്ഥിരം കാഴ്ചകളെ തൂലികയിലൂടെ സ൪ഗാത്മകമായി വരച്ചുകാട്ടാ൯ സാധിച്ചു..
  അടുത്ത പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 44. പുതുമ നിറഞ്ഞ എഴുത്ത്. മരിക്കാൻ പോകുന്നവന്റെ എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളും, ആധികളും വരച്ചുകാട്ടാതെ ആഘോഷത്തിന്റെ ലഹരിയിൽ അമർന്ന് ഉന്മത്തരായവരുടെ സ്നേഹത്തുടിപ്പുകളിലേക്ക് കുതിക്കുന്ന അന്ത്യമാണ് ഈ ആഘോഷത്തെ മനോഹരമാക്കിയത്.

  മറുപടിഇല്ലാതാക്കൂ
 45. സുഖമുള്ള വായന..മനോഹരമായ രചനാ ശൈലി...
  ഭൂലോകത്തിലെ എത്തിപ്പെടാത്ത സര്‍ഗ്ഗ ചേതനയിലേക്കുള്ള എന്റെ അന്വേഷണ യാത്രയില്‍
  ഒരു തണല്‍ പോലെ ..
  ആശംസകള്‍ സുഹൃത്തെ,

  മറുപടിഇല്ലാതാക്കൂ
 46. നന്നായിട്ടുണ്ട്...
  ആ പൂവന്‍ കോഴി ആരുടെയൊക്കെയോ പ്രതിനിധിയാണ്...ബലവാന്മാരായ പലരുടേയും കരങ്ങളാല്‍ ജീവിതമൊടുങ്ങുന്ന പല സാധുക്കളുടേയും....
  എന്റെ നാട്ടില്‍ പൂരത്തിനോടനുബന്ധിച്ച് ഇതു പോലെ കോഴിയെ ലേലം വിളിക്കാറുണ്ട്....ഇതു വായിച്ചപ്പോള്‍ അതോര്‍മ്മ വന്നു...

  മറുപടിഇല്ലാതാക്കൂ
 47. ആരാണ് ഈ കോഴി മദ്യപന്മാര്‍ക്കിടയില്‍ എത്തിപ്പെട്ട ഒരു പാവം സ്ത്രീയോ.
  ശ്രീയുടെ ബ്ലോഗില്‍ നിന്നു നേരെ ഇങ്ങോട്ടാണ്‌ വന്നത്. അതില്‍ കണ്ട നര്മങ്ങള്‍ നല്‍കിയ മനസ്സിലെ ചിരി പെട്ടെന്ന് നിലച്ചു പോയി.
  ഇപ്പോള്‍ ഹൃദയം ഈയക്കട്ട പോലെ...അമ്പു കൊണ്ടത്‌ പോലെ..
  ഈ എഴുത്ത് അത്രയ്ക്ക് മനസ്സില്‍ തട്ടി?
  എന്തെ പുതുതായി ഒന്നും എഴുതാത്തത്?

  മറുപടിഇല്ലാതാക്കൂ
 48. നിഴലുകളിലേക്ക് കുറെ കാലമായി വന്നിട്ടുണ്ട്.

  ബലിഷ്ഠ കരങ്ങളിൽ അകപ്പെട്ട കോഴി ആരെയൊക്കെയോ പ്രതിനിധീകരിക്കുന്നു. വ്യക്തമായ രീതിയിൽ ലളിതമായി പറഞ്ഞ കഥ മികച്ച ആശയത്തോടെ മുന്നിട്ട് നിൽക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 49. എന്‍റെ ബ്ലോഗ്‌ വനവാസകാലത്ത് ഇറങ്ങിയ പോസ്റ്റ്‌ ആയതിനാല്‍ ഇപ്പോഴാണ്‌ കാണുന്നത്..

  ലളിതമായ കഥ.. ഇനിയും വികസ്സിപ്പിക്കാവുന്ന തന്തുവാണ്..

  പാവം കോഴി.. :) പക്ഷെ പൊരിച്ചു മുന്നില്‍ വയ്ക്കുമ്പോള്‍ ഇതൊക്കെ ഞാന്‍ മറന്നു പോകും..

  മറുപടിഇല്ലാതാക്കൂ
 50. കോഴികള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ...

  മറുപടിഇല്ലാതാക്കൂ
 51. മാഷേ കഥ അസ്സലായിട്ടുണ്ട് ❣️❣️❣️

  മറുപടിഇല്ലാതാക്കൂ