തടവുകാര്‍


ഇന്നലെ - കറുത്തിരുണ്ട ആ കാളരാത്രിയില്‍

വീണുകിട്ടിയ ദിനപ്പത്രത്തിന്റെ ഏടു പകുത്ത്., ഇരുള്‍ മൂടിയ തടവറയുടെ പരുക്കന്‍ നിലത്ത് നമ്മള്‍ ചുരുണ്ടു കിടന്നു. തുരുമ്പെടുത്ത ഹൃദയങ്ങളെ ഓര്‍മ്മിപ്പിക്കുന്ന താക്കോല്‍ക്കൂട്ടവും ചുഴറ്റി, ബീഡിപ്പുകയൂതി, കിഴവനായ ഒരു കാവല്‍ക്കാരന്‍ പുറത്തെ ഇരുട്ടിലൂടെ പതുങ്ങി നടക്കുന്നുണ്ടായിരുന്നു. മഞ്ഞുവീഴാൻ തുടങ്ങിയപ്പോള്‍ ,  പൂട്ടുകള്‍ ഭദ്രമാണെന്ന് ഉറപ്പു വരുത്തിയശേഷം തടവറയുടെ കരിങ്കല്‍ ഭിത്തിയോട് ചാരി വെച്ചിരുന്ന സൈക്കിളില്‍ കയറി അയാള്‍ തന്റെ താവളത്തിലേക്ക് പോയി. പഴയ സൈക്കിളിന്റെ മങ്ങിയ ഹെഡ് ലൈറ്റിന്റെ പ്രകാശം അകന്നകന്ന് പോയതോടെ വെളിച്ചത്തിന്റെ അവസാന കണികയും മാഞ്ഞു... മിന്നാമിനുങ്ങുകള്‍ പോലും ഇല്ലാത്ത., വന്യമായ ഇരുള്‍ത്തടങ്ങളിലേക്ക് നോക്കി നമ്മളപ്പോള്‍ ഉച്ചത്തില്‍ നിലവിളിച്ചുപോയി.... വിദൂരതയില്‍ മാറ്റൊലികൊണ്ട നമ്മുടെ നിലവിളിയൊച്ചകളോടൊപ്പംകാലന്‍കോഴികളുടെ കുറുകലുകളും,  കാട്ടുനായകളുടെ ഓലിയിടലും പ്രതിദ്ധ്വനിച്ചു... 

ഇരുമ്പഴികള്‍ക്കപ്പുറം പിന്നെയും മഞ്ഞു പെയ്തുകൊണ്ടിരുന്നുമരം കോച്ചുന്ന തണുപ്പ് അസഹനീയമായ വേളയില്‍., നമ്മള്‍ പരസ്പരം പുണര്‍ന്ന് ചൂടു പകരാന്‍ ശ്രമിച്ചു കാവല്‍ക്കാരന്‍ ഉപേക്ഷിച്ചുപോയ മുറിബീഡി അഴികള്‍ക്കിടയിലൂടെ കൈനീട്ടിയെടുത്ത് നമ്മള്‍ മാറിമാറി പുകയൂതി.  കനത്ത ഇരുമ്പഴികളെക്കുറിച്ചും, മച്ചിലിരുന്ന് കണ്ണുരുട്ടുന്ന പെരുച്ചാഴികളെക്കുറിച്ചും, നഷ്ടമായിപ്പോയ വെളിച്ചങ്ങളുടെ ആരവങ്ങളെക്കുറിച്ചും ,  ഇരുളിന്റെ തടവറയില്‍ പ്രതീക്ഷകളൊടുങ്ങിയ ജീവിതത്തെക്കുറിച്ചും നമ്മള്‍ വാചാലരായി.....

ഇന്ന് - നിറമുള്ള ഈ പ്രഭാതത്തില്‍
 
കിഴക്കന്‍ മലകളില്‍ നിന്ന് പടരാന്‍ തുടങ്ങിയ വെളിച്ചത്തോടൊപ്പം,
സെല്ലുകള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ സൈക്കിളോടിച്ച് കാവല്‍ക്കാരന്‍ വരുന്നത് നാം പ്രതീക്ഷയോടെ നോക്കി നില്‍ക്കുകയാണ്. ഹാന്‍ഡിലില്‍ തൂക്കിയിട്ട സഞ്ചിയില്‍ നിന്ന് താക്കോല്‍ക്കൂട്ടങ്ങള്‍ അയാള്‍ പുറത്തെടുക്കുന്നു. "ഭരണകൂടത്തിന്റെ ആസ്ഥാനത്ത് നിന്ന് തിട്ടൂരം വന്നിരിക്കുന്നു - നിങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു... നിങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു..." എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അയാള്‍ നമ്മുടെ തടവറക്കുനേരെ ഇതാ നടന്നടുക്കുന്നു...  

ദ്രവിച്ച തകരപ്പൂട്ടുകള്‍ , തുരുമ്പെടുത്ത ഹൃദയം കൊണ്ട് അയാള്‍ തുറക്കുമ്പോഴേക്കും നാം അക്ഷമരാവുന്നു. ഇനി ഒരു നിമിഷം കൂടി വയ്യെന്ന മട്ടില്‍ നാം പുറത്തേക്ക് തിരക്കു കൂട്ടുന്നു....  

പകല്‍ - നീലാകാശം വിതാനിച്ച നാട്ടുവഴിയില്‍

തടവറകളുടെ ഭാഗത്തു നിന്നും പ്രധാന കവാടത്തിലേക്കുള്ള നടപ്പാതയുടെ ഇരുവശവും പൂത്തുനില്‍ക്കുന്ന ഗുല്‍മോഹറുകള്‍....  നീലാകാശം വാരിവിതറുന്ന വെള്ളിവെളിച്ചത്തിന്റെ അതിരുകളില്ലാത്ത സ്നേഹം.... വെയില്‍ നാളങ്ങളുടെ പ്രണയ ചുംബനങ്ങള്‍.... 

കവാടത്തിനപ്പുറം രാജവീഥിയാണ്. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ രാജപാതകളിലൂടെ  സ്വസ്ഥതയുടെ തണലുകളിലേക്ക് യാത്രയാവാന്‍ നാം തിരക്കു കൂട്ടുകയാണ്....

അപരാഹ്നം - പറന്നകലുന്ന ജാലകക്കാഴ്ചകളില്‍
 
ചക്രവാളച്ചരിവിലൂടെ ഒരു കൂട്ടം ദേശാടനപ്പക്ഷികള്‍ യാത്രയാവുന്നു... ഏതോ ഗ്രാമോത്സവത്തിന്റെ വാദ്യഘോഷയാത്രയുടെ ആരവങ്ങള്‍ ഉയരുന്നു ... കടലെടുത്ത ഒരു ഗ്രാമത്തില്‍ വീണ്ടും വിളക്കുമരങ്ങള്‍ സ്ഥാപിക്കുന്നു...

ജീവിതവൈവിധ്യത്തിന്റെ പലതരം വഴിയോരക്കാഴ്ചകളുടെ രാജപാതകള്‍ സന്ധിക്കുന്നിടത്ത് യാത്രപോലും പറയാതെ നമ്മള്‍ വേര്‍പിരിയുന്നു. 

നാളെ - കാഴ്ചകളുടെ ഇടവേളകളില്‍

കാഴ്ചകളുടേയും, പ്രതീക്ഷകളുടേയും ഉന്മാദം സിരകളില്‍ പടരുന്ന യാത്രകളുടെ ഇടത്താവളത്തില്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഞാന്‍ നിങ്ങളോടും, നിങ്ങള്‍ എന്നോടും ചോദിക്കുന്നു : "സുഹൃത്തേ., നിങ്ങള്‍ ആരാണ്... , നിങ്ങളുടെ പേരെന്താണ്... "