ഖരമാലിന്യങ്ങള്‍ ...ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവി എന്ന നിലയിലുള്ള എന്റെ ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിനു തടസ്സമായി നിന്ന ചില ഛിദ്രശക്തികള്‍ ഉണ്ടായിരുന്നു...

അതില്‍ ഒരാളായിരുന്നു ഡ്രൈവര്‍ രാമന്‍കുട്ടി.

ട്രാക്ടര്‍ ഓടിക്കുക എന്ന തന്റെ ഉത്തരവാദിത്വത്തിനപ്പുറം അവന്‍ മറ്റു പലകാര്യങ്ങളിലും തലയിടാന്‍ തുടങ്ങി... ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചില സ്ത്രീകളുമായി എനിക്കുണ്ടായിരുന്ന അവിഹിതബന്ധത്തെപ്പറ്റി വകുപ്പിന്റെ എംഡിക്കും, ചെയര്‍മാനും അവന്‍ 'കേശവന്‍ മണത്തറ' എന്ന കള്ളപ്പേരുവെച്ച് പരാതി അയച്ചു....

എംഡിയും, ചെയര്‍മാനും ഔദ്യോഗിക സന്ദര്‍ശനത്തിന് കോഴിക്കോട്ടു വരുമ്പോള്‍ ഖരമാലിന്യങ്ങള്‍ നീക്കംചെയ്യുന്ന ജാനകിയേയും, സുമംഗലയേയും., മലിനഗന്ധങ്ങളില്‍ നിന്ന് കഴുകിയെടുത്ത്, സൗഭാഗ്യവതികളുടെ മണമുള്ള ലേപനങ്ങള്‍ പുരട്ടി, തിളക്കവും മിനുസവുമുള്ള വസ്ത്രങ്ങളണിയിച്ച് മുഗള്‍ റെസിഡന്‍സിയിലെ എയര്‍കണ്ടീഷണ്‍ഡ് സ്യൂട്ടില്‍ എത്തിച്ചിരുന്നത് ഞാനാണല്ലോ... എന്നിലുള്ള അത്തരം നന്മകളുടെ ഫലമായി പരാതി കിട്ടിയ ഉടന്‍ അവര്‍ എന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സ്വകാര്യമായി വിവരം പറഞ്ഞു... കോവളത്തെ പഞ്ചനക്ഷത്രബാറിന്റെ കോണിലിരുന്ന് പരാതിയെഴുത്തിലെ അക്ഷരത്തെറ്റുകള്‍ ഓരോന്നും പെറുക്കിയെടുത്ത് ഞങ്ങള്‍ വിലകൂടിയ മദ്യത്തോടൊപ്പം ചവച്ചരച്ചു ...

അപ്രകാരം  പരാതി അവസാനിപ്പിച്ചു എങ്കിലും എന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവന്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നോട് വ്യക്തിവിദ്വേഷം സൂക്ഷിച്ചിരുന്ന മറ്റു ചില ഛിദ്രശക്തികളും അവനോടൊപ്പം ചേര്‍ന്നതോടെ ഖരമാലിന്യവകുപ്പിന്റെ പ്രാദേശിക മേധാവി എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ ശരിക്കും താളം തെറ്റുകയുണ്ടായി.,

ഞാന്‍ പറയാം...

ഖരാവസ്ഥയിലുള്ള മാലിന്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുക എന്നതാണ് ഞങ്ങളുടെ വകുപ്പിന്റെ സുപ്രധാനമായ ഉത്തരവാദിത്വം. ദ്രാവകാവസ്ഥയിലും, വാതകാവസ്ഥയിലും ഉള്ള മാലിന്യങ്ങള്‍ ഞങ്ങളുടെ പരിഗണനയില്‍ വരുന്നതല്ല - ഉദാഹരണമായി പേപിടിച്ചോടുന്ന കാലത്തിനുനേരെ കണ്ണുകളും പല്ലുകളും തുറുത്തുകാട്ടി പുഴുവരിച്ച് ചത്തുമലച്ചു കിടക്കുന്ന ഒരു തെരുവുനായയുടെ ജഢശരീരവും അവിടെ കടിച്ചു തൂങ്ങുന്ന പുഴുക്കളും ഞങ്ങളുടെ വകുപ്പിന്റ പരിധിയിലാണ്. എന്നാല്‍ നിരന്തരം ആട്ടിയോടിക്കപ്പെടുകയും കല്ലെറിയപ്പെടുകയും ചെയ്യപ്പെട്ട ഒരു ജീവിതത്തിന്റെ അവശേഷിപ്പായി അതില്‍നിന്നുയരുന്ന അസഹ്യമായ ഗന്ധം വാതക മാലിന്യവകുപ്പിന്റെ പരിധിയിലേക്കു മാറ്റപ്പെടും..., അഴുക്കു ചാലിലൂടെ ഒഴുകിയെത്തുന്ന ഒരു ഇളം പൈതലിന്റെ ജഢം ഞങ്ങളുടെ പരിധിയില്‍ വരുമെങ്കിലും അതോടൊപ്പം ഒഴുകിവരുന്ന ഒരമ്മയുടെ നിസ്സഹായതയുടെ കണ്ണുനീരുപ്പു കലങ്ങിയ കൊഴുത്തിരുണ്ട ജലം ദ്രാവക മലിനീകരണ വകുപ്പിന്റെ പരിധിയിലാണ് പരിഗണിക്കപ്പെടുക....

ഇത്തരം വിഷയങ്ങളിലുള്ള തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ ഒരിക്കല്‍ ഉണ്ടായ ചെറിയ ആശയക്കുഴപ്പം രാമന്‍കുട്ടിയും അവനോടൊപ്പം ചേര്‍ന്ന ഛിദ്രശക്തികളും മുതലെടുക്കാന്‍ ശ്രമിച്ച സംഭവമാണ് ഞാന്‍ പറഞ്ഞു വരുന്നത്...

നന്മനിറഞ്ഞ ഒരു പ്രഭാതത്തില്‍ തെരുവുമദ്ധ്യത്തില്‍ വന്നു നിന്ന് നിരാലംബനായ ഒരു ചെറുപ്പക്കാരന്‍ തന്റെ ജീവിതാവസ്ഥയെക്കുറിച്ച് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് നിലവിളിക്കുവാന്‍ തുടങ്ങി. തെരുവുകള്‍ ഉണര്‍ന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു . ഇത്തരം കാഴ്ചകള്‍ തെരുവോരങ്ങളില്‍ പതിവായതുകൊണ്ട് ആരും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .അല്‍പ്പനേരംകൂടി അങ്ങിനെ നിലവിളിച്ചശേഷം പെട്ടെന്ന് അയാള്‍ അഗ്നിനാളങ്ങളെ ഉള്ളിലൊളിപ്പിച്ച ഏതോ ദ്രാവകത്തില്‍ സ്വയം നനഞ്ഞുകുതിരുകയും പൊടുന്നനെ അയാളുടെ ശരീരം ഒരഗ്നിഗോളമായി മാറുകയും ചെയ്തു....

ഇത്തരം ചെറുപ്പക്കാരുടെ പേശികളില്‍ നിന്നും തലച്ചോറില്‍നിന്നും ഉയരുന്ന അഗ്നിജ്വാലകള്‍ വലിയ അപകടം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് അതിവേഗം ഫോണ്‍കോളുകളും, ഈമെയിലുകളും, എസ്.എം.എസുകളും വകുപ്പുകളിലാകെ പ്രവഹിക്കുകയുണ്ടായി... അഗ്നി എന്ന മാലിന്യം ഖര–ദ്രാവക-വാതക വകുപ്പുകളുടെ പരിധിയിലൊന്നും വരാത്തതുകൊണ്ട് ഞങ്ങള്‍ക്കൊക്കെ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു... ഏതാനും നിയമപാലകരും, അഗ്നിശമന വിഭാഗക്കാരും ഒടുവില്‍ സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പായി പ്രത്യേകിച്ച് അപകടമൊന്നും ഉണ്ടാക്കാതെ അഗ്നിനാളങ്ങള്‍ സൗമ്യമായി കെട്ടടങ്ങുകയും ചെറുപ്പക്കാരന്‍ ഖരമാലിന്യമായി കരിഞ്ഞു വീഴുകയും ചെയ്തു....

ഞാനപ്പോള്‍ മനുഷ്യശവങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ദ്യമുള്ള ശോഭനയുടെ ഉടലിന്റെ  ഗന്ധം നുകര്‍ന്ന് കൊണ്ട് ഗുരുവായൂരിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു.

നന്മ നിറഞ്ഞ ഒരു പ്രഭാതത്തിന്റെ സൗമ്യതയില്‍ ., ഗഹനമായ ജീവിതതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, ആത്മീയ വഴികളുടെ മഹത്വം വിളിച്ചോതുന്നതുമായ ചില ഗാനങ്ങള്‍ പുറത്ത് അലയൊലിക്കുന്നതു കേട്ടുകൊണ്ട് പ്രണയപൂര്‍വ്വം ഞാന്‍ ശോഭനയെ ഉമ്മവെക്കുകയായിരുന്നു . 'ആത്മീയമായ വഴിത്താരകളിലൂടെ മനുഷ്യനില്‍ നന്മ നിറയുന്നത് എങ്ങിനെ' എന്ന് ഞാന്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തു... തനിക്ക് 'ശമ്പളം കൂട്ടിത്തരാമോ., ജോലി സ്ഥിരപ്പെടുത്താമോ' എന്നിങ്ങനെ അപ്പോള്‍ അവള്‍ എന്നെ തിരികെ ഉമ്മ വെച്ചുകൊണ്ട് ചോദിച്ചു .'ഇത്തരം ഒത്തു ചേരലുകളുടെ ഓര്‍മ്മയ്ക്കായി തീര്‍ച്ചയായും ഞാന്‍ അപ്രകാരം ചെയ്യുന്നതാണ് ' എന്ന് അപ്പോള്‍ അവളെ വീണ്ടും ഉമ്മ വെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു...

ആ വേളയിലാണ് എന്റെ മൊബൈല്‍ ഫോണിലേക്ക് തെരുവില്‍ യുവാവ് ഖരമാലിന്യമായി വീണ വാര്‍ത്ത ഒരിളം മണിനാദമായി വന്നു ചേര്‍ന്നത്....

അതോടെ ശവം എത്രയും പെട്ടെന്ന് നീക്കം ചെയ്യുവാനായി ശോഭനയെ സ്ഥലത്തെത്തിച്ചില്ലെങ്കില്‍ ഛിദ്രശക്തികള്‍ ഉണ്ടാക്കുവാന്‍ പോവുന്ന ആപത്തുകളെക്കുറിച്ച് ആലോചിച്ചുകൊണ്ട് ഞാന്‍ വല്ലാതെ അസ്വസ്ഥനാവാന്‍ തുടങ്ങി. എന്നിലെ അനുരാഗമെല്ലാം കെട്ടടങ്ങുകയും ഞാന്‍ അവളെയും കൊണ്ട് അതിവേഗം കോഴിക്കോട്ടേക്കു യാത്ര തിരിക്കുകയും ചെയ്തു ....

കുന്ദംകുളവും , എടപ്പാളും, കുറ്റിപ്പുറത്തെ പാലവും താണ്ടി ഞങ്ങള്‍ യാത്രചെയ്യാനെടുത്ത സമയദൈര്‍ഘ്യം രാമന്‍കുട്ടിയും അവന്റെ ചുറ്റുമുള്ള ഛിദ്രശക്തികളും മുതലെടുത്തു.

രാമന്‍കുട്ടി ട്രാക്ടര്‍ ഓടിച്ചുകൊണ്ടുവന്ന് കരിഞ്ഞു ചുരുണ്ടു കിടന്ന ശവത്തിനരുകില്‍ നിര്‍ത്തിയിടുകയും., ശവമെടുത്തു വണ്ടിയിലേക്കു കയറ്റേണ്ട ജോലിക്കാരിയുടെ അഭാവം ചുറ്റുമുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. കരിഞ്ഞു വീണ മരണമുഖം കൗതുകത്തോടെ ഉറ്റു നോക്കിനിന്ന ചില നാട്ടുകാരും, മരണ സംബന്ധിയായ വിഷയവുമായി ബന്ധപ്പെട്ട കടലാസു പണികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരുന്ന നിയപാലന വകുപ്പിന്റെ ആളുകളും കേള്‍ക്കെ - 'ശോഭന എവിടെ ? ശോഭന എവിടെ ? ' എന്നിങ്ങനെ അവന്‍ ഒച്ചവെച്ചു ... ഛിദ്രശക്തികള്‍ ഈ പ്രശ്നം ഏറ്റുപിടിച്ച് - 'ശോഭന എവിടെ ? ശോഭന എവിടെ ? ' എന്നിങ്ങനെ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എനിക്കും വകുപ്പിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുവാന്‍ തുടങ്ങി...

തുടര്‍ന്നുള്ള ദിവസങ്ങളില്‍ - 'ഖരമാലിന്യ വകുപ്പിലെ ഖരമാലിന്യത്തിന്റെ ആത്മീയ വഴികളും ലൈംഗിക കേളികളും...' എന്ന പുറം ചട്ടയോടെ ലഘുലേഖകള്‍ അച്ചടിപ്പിച്ച് ബസ്റ്റോപ്പുകളിലും, മിഠായിത്തെരുവിന്റെ പ്രവേശന കവാടത്തിലും മറ്റും അവര്‍ ആരും കാണാതെ വിതറിയിട്ടു. യാത്രക്കാരും, വിദ്യാര്‍ത്ഥികളും, ഞരമ്പുരോഗികളും മറ്റും അതിലെ എഴുത്തുകള്‍ വായിച്ച് പുളകം കൊണ്ടശേഷം എനിക്കും വകുപ്പിനുമെതിരെ രോഷാകുലരായി ....

കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനുമുമ്പായി എം.ഡി യും ചെയര്‍മാനും അതിവേഗം സ്ഥലത്ത് എത്തിച്ചേരുകയും, രാമന്‍കുട്ടിയെ മുഗള്‍ റെസിഡന്‍സിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. വകുപ്പിന്റെ ശ്രേണീ വിന്യാസങ്ങളിലുള്ള സ്ഥാനമാനങ്ങള്‍ ഒട്ടും പരിഗണിക്കാതെ അവര്‍ സ്നേഹപൂര്‍വ്വം അവനെ തങ്ങളോടൊപ്പം ഇരിക്കുവാന്‍ അനുവദിക്കുകയും വിലകൂടിയ മദ്യം നല്‍കുകയും ചെയ്തു....

ഞാന്‍ അന്ന് ജാനകിക്കും, സുമംഗലക്കുമൊപ്പം ശോഭനയെക്കൂടി മുഗള്‍ റസിഡന്‍സിയിലേക്ക് പറഞ്ഞയച്ചു...

അപ്രകാരം എം.ഡിയുടെയും, ചെയര്‍മാന്റെയും അവസരോചിതവും ബുദ്ധിപരവുമായ ഇടപെടലുകളിലൂടെ രാമന്‍കുട്ടി എന്ന ട്രാക്ടര്‍ ഡ്രൈവറെ നിശ്ശബ്ദനാക്കിയതോടെ എന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി എന്നു ഞാന്‍ ധരിച്ചെങ്കിലും ഛിദ്രശക്തികള്‍ വീണ്ടും തലപൊക്കുക തന്നെ ചെയ്തു....


ഒറ്റക്കണ്ണനായ ഒരുവനായിരുന്നു ഇത്തവണ അവരുടെ നേതാവ്. മനുഷ്യവിസര്‍ജ്യങ്ങളുമായി ബന്ധപ്പെട്ട ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തന്റെ ഉത്തരവാദിത്വത്തിനപ്പുറം അവന്‍ മറ്റു പലകാര്യങ്ങളിലും തലയിടാന്‍ തുടങ്ങി. വകുപ്പിന്റെ വാഹനം എന്റെ മകളെ കോളേജില്‍ കൊണ്ടു വിടുന്നത് അവന്‍ അതിവിദഗ്ദ്ധമായി., തന്റെ ഒറ്റക്കണ്ണുകൊണ്ട് കണ്ടു പിടിച്ചു. തികച്ചും മാരകവും, സദാചാരവാദികളാല്‍ വെറുക്കപ്പെട്ടതുമായ പാന്‍പരാഗ് തരികള്‍ വായ നിറയെ ചവച്ചുകൊണ്ട്, തന്റെ വൃത്തികെട്ട പല്ലുകളിറുമ്മി അവന്‍ എനിക്കെതിരെ ചില ഗൂഢനീക്കങ്ങള്‍ നടത്തുകയുണ്ടായി...

'- മാനവരാശിയുടെ നിലനില്‍പ്പിന് ഹാനികരമായ വസ്തുക്കള്‍ നിരന്തരം ചവക്കുന്നവന്‍; എന്ന ഗുരുതരമായ കുറ്റം ആരോപിച്ചുകൊണ്ട് വകുപ്പില്‍ നിന്നു പുറത്താക്കുന്നതാണ് ' എന്ന വിവരം അറിയിച്ചതോടെ ഒറ്റക്കണ്ണന്‍ എന്നോട് ക്ഷമ ചോദിച്ചു., “ അങ്ങൂന്നെ പൊറുക്കണം " എന്നു പറഞ്ഞുകൊണ്ട് അവന്‍ എന്റെ കാല്‍ക്കല്‍ വീണു. ഞാനപ്പോള്‍ അവനോട് പൊറുത്തുകൊണ്ട് നിറഞ്ഞു കവിഞ്ഞ മുനിസിപ്പാലിറ്റി കക്കൂസിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാനായി അവനെ പറഞ്ഞയച്ചു.... അതോടെ അവനോടൊപ്പം കൂടിയ ഛിദ്രശക്തികള്‍ തികച്ചും ഒറ്റപ്പെട്ടു പോകുകയും പ്രശ്നം അവസാനിക്കുകയും ചെയ്തു.

വകുപ്പിലേക്ക് ഇന്‍സിനറേറ്ററുകള്‍ വാങ്ങിയ ഇടപാടുകളില്‍ ഞാന്‍ ചില കൃത്രിമങ്ങള്‍ നടത്തിയ വിഷയം ഉയര്‍ത്തിക്കൊണ്ട് മലിന വസ്തുക്കളുടെ നിക്ഷേപ കേന്ദ്രത്തിലെ കാവല്‍ക്കാരനായ മന്തുകാലനാണ് പിന്നീട് പ്രശ്നമുണ്ടാക്കിയത്.

'അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം? അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം?., അവനെ ഇന്‍സിനറേറ്ററിന്റെ വറചട്ടിയിലേക്ക് വലിച്ചെറിയുവിന്‍...' എന്നിങ്ങനെ മന്തുകാലന്‍ നിക്ഷേപകേന്ദ്രത്തിന്റെ മതിലില്‍ എനിക്കെതിരെ എഴുതിവെച്ചു.
ഛിദ്രശക്തികള്‍ അവനോടൊപ്പം ചേരുകയും 'അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം? അവനാണ് യഥാര്‍ത്ഥ ഖരമാലിന്യം?., അവനെ ഇന്‍സിനറേറ്ററിന്റെ വറചട്ടിയിലേക്ക് വലിച്ചെറിയുവിന്‍ ' എന്നിങ്ങനെ പലയിടങ്ങളിലും അവര്‍ ചുമരെഴുത്ത് നടത്തുകയും ചെയ്തു.

എന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലേക്ക് ഛിദ്രശക്തികള്‍ അസ്വസ്ഥതകള്‍ വിതറുന്ന കഥ ആവര്‍ത്തിക്കുകയാണ്......

ഞാനിതാ മഞ്ഞു പെയ്യുന്ന ഈ പാതിരാവില്‍ കടല്‍ത്തീരത്തുള്ള മുഗള്‍ റസിഡന്‍സി എന്ന നക്ഷത്ര ഹോട്ടലിന്റെ വിശാലമായ അങ്കണത്തിലെ പൂന്തോട്ടത്തിലെ ചാരുബെഞ്ചില്‍ അവര്‍ മടങ്ങി വരുന്നതും കാത്ത് ഇരിക്കുന്നു. ഹോട്ടലിലെ ശീതീകരിച്ച സ്യൂട്ടുകളിലൊന്നില്‍ എം.ഡിയും, ചെയര്‍മാനും മന്തുകാലനുമായി ചര്‍ച്ചയിലാണ്. ശോഭന അങ്ങോട്ടു പോയിട്ടുണ്ട്. കൂടെ ജാനകിയും സുമംഗലയുമുണ്ട്....

ഇവിടെ ഇരുന്നാല്‍ കടലും കടല്‍ത്തിരകളും കാണാം.... ദുരെ പുറങ്കടലില്‍ മീന്‍ പിടുത്ത ബോട്ടുകളിലെ അരണ്ട വെളിച്ചം കാണാം... തിരകളില്‍ നക്ഷത്രജാലങ്ങള്‍ തിളങ്ങുന്നതു കാണാം... സൗമ്യമായൊരു കരക്കാറ്റിന്റെ സുഖമറിയാം....

ആത്മീയമായ സുഖാനുഭൂതികള്‍ പകരുന്ന കാഴ്ചകളില്‍ ലയിച്ച് അങ്ങിനെ ഇരിക്കുമ്പോഴും., മലിന വസ്തുക്കള്‍ നീക്കം ചെയ്യുന്ന പലതരം ഉപകരണങ്ങളുമായി ചിലര്‍ എനിക്കു ചുറ്റും അണിനിരന്നേക്കാനുള്ള ഒരു സാദ്ധ്യതയെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ അസ്വസ്ഥനാവുന്നു....

- ചീഞ്ഞളിഞ്ഞ് അസഹ്യമായ ദുര്‍ഗന്ധം പ്രസരിപ്പിച്ചുകൊണ്ട് അവര്‍ക്കു നടുവില്‍ ഞാന്‍ വീണു കിടക്കുകയാണ്. എന്നില്‍ നിന്നുയരുന്ന ഗന്ധം സഹിക്കാനാവാതെ മൂക്കു പൊത്തിക്കൊണ്ട് അവരൊത്തുചേര്‍ന്ന് എന്നെ ട്രാക്ടറിലേക്ക് വലിച്ചു കയറ്റുകയാണ്......

മാലിന്യ സംസ്കരണകേന്ദ്രത്തിലെ ഇന്‍സിനറേറ്റര്‍ ലക്ഷ്യമാക്കി വല്ലാത്ത കുലുക്കത്തോടെ നീങ്ങുന്ന ഒരു ട്രാക്ടറിനെക്കുറിച്ച് കടല്‍ക്കാഴ്ചകളുടെ ആത്മീയ സുഖാനുഭൂതികള്‍ക്കിടയിലും ഞാന്‍ ചിന്തിക്കുന്നുണ്ടായിരുന്നു....