'ഒരിടത്തൊരിടത്ത് ' - ഒരു ഗുണപാഠകഥ


അപ്രകാരം ഗുണപാഠകഥയിലെ അുപ്പൂപ്പനും  അമ്മൂമ്മയും നമ്മുടെ കാലത്തിലേക്ക് പ്രവേശിച്ചു .

കഥ തുടരുകയാണ്.....
 
പതിവുപോലെ, കാലഗതിയുടെ ആ നിര്‍ണായക ഘട്ടമെത്തിയപ്പോള്‍ അവര്‍ക്ക്  നെയ്യപ്പം തിന്നാന്‍ കൊതിയാവുകതന്നെ ചെയ്തു....

അപ്പൂപ്പന്‍ വേലക്കാരന്‍ പയ്യനോട് അരി അളക്കാന്‍ പറഞ്ഞു. അമ്മൂമ്മ വേലക്കാരിയോട് അടുപ്പു കത്തിക്കാന്‍ പറഞ്ഞു. അതിനുശേഷം അപ്പൂപ്പനും അമ്മൂമ്മയും  കൂടി ഉച്ചയുറക്കത്തിനു പോയി.......
 
കൊടിയ ജീവിതവ്യഥകളില്‍ നിന്നൊക്കെ എപ്പോഴും അകന്നുനിന്ന അതിബുദ്ധിമാനായിരുന്നു അപ്പൂപ്പന്‍. ജീവിതം പരിക്കുകള്‍ ഏല്‍പ്പിക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ വിദഗ്ദമായി അപ്പൂപ്പന്‍ വെട്ടിയൊഴിഞ്ഞു. അതുകൊണ്ട് അത്തരം ആഘാതങ്ങളുടെയൊന്നും നോവുകള്‍ അപ്പൂപ്പനെ ഒരിക്കലും വേദനിപ്പിച്ചില്ല. ജീവിതമെന്നത് മധുരം തുളുമ്പുന്ന ഒരു പാനപാത്രമായിരുന്നു  അപ്പൂപ്പന്. അതിബുദ്ധിമതിയായിരുന്ന അമ്മൂമ്മക്കു ജീവിതം മധുരതരമായ ഒരു സംഗീതമായിരുന്നു. വൃദ്ധരുടേതായ ജീവിതവിരക്തികള്‍ അവരെ അലോസരപ്പെടുത്തിയില്ല. പകരം അവരുടെ മനസ്സില്‍ അഭിലാഷങ്ങളുടെ പൂത്തിരി കത്തി. ശരീരത്തില്‍ കാമനകളുടെ സര്‍പ്പസഞ്ചാരങ്ങളുണ്ടായി... 

വൃദ്ധശരീരങ്ങളുടെ കാമനകള്‍ തീര്‍ത്ത് അപ്പൂപ്പനും അമ്മൂമ്മയും പതിവുപോലെ ഉച്ചമയങ്ങി. 

വേലക്കാരനും വേലക്കാരിയും അടച്ച മുറിക്കു പുറത്ത് പതുങ്ങിനിന്ന്  ചെവിടോര്‍ത്തു... ചുമരിനപ്പുറത്തു നിന്നുള്ള വൃദ്ധരതിയുടെ  സീല്‍ക്കാരങ്ങളും, മുരള്‍ച്ചകളും  കേള്‍ക്കുന്നത് അവരുടെ വലിയ ആഹ്ലാദമായിരുന്നു... ശബ്ദങ്ങള്‍ അടങ്ങിയതോടെ അവര്‍ അടുക്കളയിലേക്കു തിരിച്ചുപോയി, കുറേനേരം തങ്ങളുടെ സങ്കടങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പറഞ്ഞു... അതിനുശേഷം അവര്‍ രണ്ടാളും കൂടി അരി അളന്നു.... അടുപ്പു കത്തിച്ചു.... പാത്രം കഴുകി.... വെളിച്ചെണ്ണ ചൂടാക്കി... അപ്പം ചുട്ടെടുത്തു.

അപ്പമെല്ലാം ചുട്ടു കഴിഞ്ഞപ്പോള്‍ രതിയും ഉച്ചമയക്കവും കഴിഞ്ഞ ആലസ്യത്തോടെ അമ്മൂമ്മ വന്നു - സ്വാദു നോക്കിയപ്പോള്‍ നെയ്യപ്പത്തിനും വല്ലാത്ത കയ്പ് !  എന്തു ചെയ്യും

"നിങ്ങള്‍ തിന്നുന്നത് കണ്ടിരിക്കാനാണ് എനിക്കിഷ്ടം .അതുകൊണ്ട് മുഴുവന്‍ നിങ്ങള്‍ തിന്നോളൂ" - അമ്മൂമ്മ മുഴുവന്‍ അപ്പവും അപ്പൂപ്പന് മുന്നില്‍ കൊണ്ടുവെച്ചു സ്നേഹം നടിച്ചുകൊണ്ട് പറഞ്ഞു.

കൊതിമൂത്ത അപ്പൂപ്പന്‍ ആര്‍ത്തിയോടെ ആദ്യത്തെ കഷണം വായിലിട്ടു....

നെയ്യപ്പത്തിന് കയ്പാണെന്നു മനസ്സിലാക്കിയ അപ്പൂപ്പന്‍ അമ്മൂമ്മയോട് സ്നേഹം നടിച്ചുകൊണ്ട് അത് മുഴുവന്‍ അമ്മൂമ്മ തിന്നുന്നതു കാണുന്നതാണ് തന്റെ സന്തോഷമെന്ന്  പറഞ്ഞു.

ഇപ്രകാരം രണ്ടാളുംകൂടി പരസ്പരം സ്നേഹം നടിച്ച് അപ്പം തിന്നാന്‍  അങ്ങോട്ടും ഇങ്ങോട്ടും നിര്‍ബന്ധിക്കാന്‍ തുടങ്ങി.

സ്നേഹത്തിന്റെ കപടനാട്യങ്ങളൊന്നും ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ രണ്ടാള്‍ക്കും വാശിയായി. വാശി മൂത്തപ്പോള്‍ രണ്ടാളും പരസ്പരം തെറിവിളിക്കാന്‍ തുടങ്ങി..... 

ചെറുപ്പകാലത്ത് അമ്മൂമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയതും തിരിച്ചു പോന്നതും അപ്പൂപ്പന്‍ വിളിച്ചു പറഞ്ഞു.... അമ്മൂമ്മക്കും ദേഷ്യംവന്നു. അപ്പൂപ്പന്‍ എഞ്ചിനീയറായിരുന്ന കാലത്ത് കൈക്കൂലി വാങ്ങിയതും, പാലം പൊളിഞ്ഞതും, ആളുകള്‍ ചത്തതുമൊക്കെ അമ്മൂമ്മയും വിളിച്ചു പറഞ്ഞു.... അമ്മൂമ്മ വിമന്‍സ് ക്ലബ്ബ് പ്രസിഡണ്ടായിരുന്ന കാലത്ത് ചാരിറ്റിയുടെ പേരു പറഞ്ഞ് പണം പിരിച്ചതും., സ്വര്‍ണമാല വാങ്ങിയതും അപ്പുപ്പന്‍ വിളിച്ചു പറഞ്ഞു... അപ്പൂപ്പന്‍ വേലക്കാരിപ്പെണ്ണിന് ഗര്‍ഭമുണ്ടാക്കിയത് പ്രശ്നമായപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് അവളെ കല്ല്യാണം കഴിക്കാന്‍ വേണ്ടി കിണറുപണിക്കാരന്‍ ദാമോദരന് ആ പണം കൊടുത്ത പരമരഹസ്യം അമ്മൂമ്മ അപ്പോള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.....

ശബ്ദം കേട്ട് അയല്‍ക്കാര്‍ മതിലിനപ്പുറം വന്ന് എത്തിനോക്കി. അവരെങ്ങാനും  വീട്ടിലേക്കു കയറിവന്നാല്‍ ശല്യമാവുമല്ലോ എന്നോര്‍ത്തപ്പോള്‍ അപ്പൂപ്പനും അമ്മൂമ്മയും പിണക്കം മാറ്റിവെച്ചു വീണ്ടും സ്നേഹിക്കാന്‍ തുടങ്ങി.....

ഇതിനിടയില്‍ നെയ്യപ്പത്തിനു വേണ്ടിവന്ന ചിലവിനെക്കുറിച്ചോര്‍ത്ത് അപ്പൂപ്പന് സങ്കടമായി - അതെങ്ങിനെ തിരിച്ചു പിടിക്കും എന്ന ആലോചനയിലായി അപ്പൂപ്പന്‍.... അമ്മൂമ്മക്കും സങ്കടമായി - വേലക്കാരുടെ സമയം  നഷ്ടമാക്കിയല്ലോ. അവര്‍ക്ക്  കൂലി കൊടുക്കുന്നത് വെറുതെ ആവുമല്ലോ. അതെങ്ങിനെ തിരിച്ചു പിടിക്കും. അമ്മൂമ്മയും ചിന്തിച്ചു....
 
നെയ്യപ്പം ഒരു കുട്ടയിലാക്കി വേലക്കാരനെക്കൊണ്ട് ചുമപ്പിച്ച് അപ്പൂപ്പന്‍ പാവങ്ങളുടെ വീട്ടിലെ കുട്ടികള്‍ സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ പോയി നിന്നു....  

കുട്ടികളില്‍ നിന്നുയര്‍ന്ന ദുരിതജീവിതത്തിന്റെ രൂക്ഷഗന്ധം സഹിക്കാന്‍ ആവാത്തതുകൊണ്ട് അപ്പൂപ്പന്‍  അല്‍പ്പം  മാറിനിന്നതേയുള്ളു. മാത്രമല്ല അപ്പൂപ്പന്റെ ഇസ്തിരിയിട്ട് ഇന്‍സര്‍ട്ട് ചെയ്ത രൂപം കണ്ട് കുട്ടികള്‍ക്കും പേടിയായി. അവരും അടുക്കാതെ അല്‍പ്പം വിട്ടുനിന്നു. അപ്പൂപ്പന്‍ മാറിനിന്നതോടെ കുട്ടികള്‍ ആര്‍ത്തിയോടെ അപ്പത്തിനു ചുറ്റും കൂടി. വേലക്കാരന്‍ അവര്‍ക്ക് സൂത്രത്തില്‍ അപ്പം വിറ്റു തീര്‍ത്തു....

വീട്ടിലെത്തി  തുക എണ്ണിനോക്കിയപ്പോള്‍ മുടക്കുമുതലിനേക്കാളും വലിയ തുക ലാഭം കിട്ടിയിരിക്കുന്നു!

അപ്പൂപ്പന് സന്തോഷമായി... അമ്മൂമ്മക്കും സന്തോഷമായി... അപ്പൂപ്പനും അമ്മൂമ്മയും കൂടി വിദൂരദേശങ്ങളിലുള്ള  മക്കള്‍ക്ക് ഫോണ്‍ ചെയ്ത് ഈ സന്തോഷ വര്‍ത്തമാനം പറ‍ഞ്ഞു... അപ്പോള്‍ അവര്‍ക്കും സന്തോഷമായി... - കിഴവനേയും കിഴവിയേയും പറ്റിച്ച് ആ പണം എങ്ങിനെ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുമെന്ന്   യു.എസ്സിലിരുന്ന് ജോമോനും, യു.കെയിലിരുന്ന് മേഴ്സിയും ഒരേ സമയം ചിന്തിച്ചു....

അപ്പോള്‍ താണതരം നെയ്യപ്പമുണ്ടാക്കി പാവങ്ങളുടെ വീട്ടിലെ കുട്ടികളെ പറ്റിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചാലെന്താണെന്ന് അപ്പൂപ്പനും അമ്മൂമ്മയും ഗൌരവമായി ആലോചിക്കാന്‍ തുടങ്ങി.

കാലം മറിക്കൊണ്ടിരുന്നു. കാലഗതിക്കൊപ്പം തങ്ങളുടെ ദൌത്യം കൃത്യമായി നിര്‍വ്വഹിച്ച് തികച്ചും സംതൃപ്തരായി ഓരോ ഗുണപാഠകഥയിലെയും അപ്പൂപ്പനും അമ്മൂമ്മയും അടുത്ത കാലത്തിലേക്ക് യാത്ര തുടര്‍ന്നു.......