ജ്വാലാമുഖികളുടെ രാത്രി ...ചേരിയിലെ കുടിലുകള്‍ക്ക് തീ പിടിച്ചത് രാത്രിയിലാണ്....

പാതിരാവിന്റെ സൗമ്യമായ നിശ്ശബ്ദതയില്‍ അവനും അവളും ചാറ്റു ചെയ്യുകയായിരുന്നു.

'ലവ് യു ഡാ' - അവള്‍

'ലവ് യു ഡീ' - അവന്‍

- അപ്പോഴാണ്  രോദനങ്ങള്‍  ഉയര്‍ന്നത്.......

ശല്യമായല്ലോ എന്നാണ് അവന്‍ ചിന്തിച്ചത്.... എഴുന്നേറ്റു പോയി ജാലകം തുറന്നു നോക്കിയപ്പോഴാണ് ചേരികളുടെ ഭാഗത്തു നിന്ന് ആകാശത്തോളം ഉയര്‍ന്ന അഗ്നിജ്വാലകള്‍ കണ്ടത്......

'മാര്‍വലസ് സീന്‍...' എന്നു പറഞ്ഞു കൊണ്ട് തന്റെ കാഴ്ചയില്‍ നിറഞ്ഞ വിസ്മയങ്ങള്‍ അവളെ അറിയിക്കാനായി  അവന്‍ വേഗം തിരിച്ചു വന്നു ....

പുറത്ത്  അശരണരായ മനുഷ്യരുടെ നിലവിളി ഉയര്‍ന്നു - ഫയര്‍ എഞ്ചിനുകളുടെ ഇരമ്പലുകള്‍ രാത്രിയുടെ കാല്‍പ്പനിക സ്വപ്നങ്ങളിലേക്ക് അസ്വസ്ഥതയായി പടര്‍ന്നിറങ്ങി...

അവന്‍ മോണിറ്ററിനു നേരെ കൈനീട്ടി അവളുടെ ചുണ്ടുകളില്‍ സ്പര്‍ശിച്ചു... കവിളില്‍ തലോടി.

'വണ്ടര്‍ഫുള്‍ സീന്‍ ...' - അവന്‍ അല്‍പ്പം മുമ്പു കണ്ട കാഴ്ചയെ വര്‍ണിക്കാന്‍ തുടങ്ങി

പാര്‍പ്പിടങ്ങള്‍ കത്തിയുയരും എന്നത് അവള്‍ക്ക് പുതിയ അറിവായിരുന്നു...... നനുത്ത നിശാവസ്ത്രം ധരിച്ച് ., മാര്‍ദവമുള്ള മെത്തയിലെ പ്രണയ സ്വപ്നങ്ങളെ പുണര്‍ന്നുള്ള നിദ്രയിലേക്ക് പൊടുന്നനെ അഗ്നിഗോളങ്ങള്‍ അടര്‍ന്നു വീഴുന്നത് അവള്‍ക്ക് അംഗീകരിക്കാന്‍ ആവുമായിരുന്നില്ല....

'ഇറ്റ്സ് ഇംപോസിബിള്‍ .....'- അവള്‍ തര്‍ക്കിക്കാന്‍ ശ്രമിച്ചു

'ഐ വില്‍ ഷോയു...'എന്ന് പറഞ്ഞുകൊണ്ട് അവന്‍ എഴുന്നേറ്റു പോയി ജനാലയിലൂടെ കാഴ്ചയുടെ ചിത്രം ക്യാമറയിലേക്കു പകര്‍ത്തിയെടുത്ത് അവള്‍ക്ക് അയച്ചു കൊടുത്തു.....

താണ്ഡവമാടുന്ന അഗ്നിജ്വാലകളും, എല്ലാം നഷ്ടമായവരുടെ വിലാപങ്ങളും, പകച്ചോടുന്ന നിസ്സഹായതയുമെല്ലാം കലാപരമായി സൂം ചെയ്തെടുത്ത അവന്റെ ചിത്രം സൈബര്‍ സ്പേസിലെ തരംഗമാലകള്‍ക്കിടയില്‍ ഒട്ടും വഴിതെറ്റാതെ അതിവേഗം തെന്നി നീങ്ങി വിശുദ്ധമായൊരു പ്രണയസമ്മാനമായി അവള്‍ക്കരികിലെത്തി.....

'വണ്ടര്‍ ഫുള്‍ ...' -  അവള്‍ അഭിനന്ദിച്ചപ്പോള്‍ അവന്‍ പ്രണയപരവശനായി.

അപ്പോഴാണ് കുറേക്കൂടി അരികില്‍ ചെന്ന്  ദൃശ്യങ്ങള്‍ പകര്‍ത്തി എടുക്കുക എന്ന ആശയം അവന്റെ മനസ്സില്‍ ഉദിച്ചത്....

'ഐ വില്‍ ഗിവ് യു ഇറ്റ്സ് ഫുള്‍ ആംബിയന്‍സ്  ...' - എന്നു പറഞ്ഞുകൊണ്ട്  സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്ത് അവന്‍ ക്യാമറയുമായി  അഗ്നിതാണ്ഡവങ്ങളുടെ കാഴ്ചകളിലേക്ക് പോയി.....

അവന്‍ അയച്ചുകൊടുക്കാന്‍ പോവുന്ന ചിത്രങ്ങളും, വീഡിയോകളും യുട്യൂബിലൂടെയും, ഫേസ്ബുക്കിലെ പരശ്ശതം ഷെയറിങ്ങുകളിലൂടെയും  അഭിനന്ദനങ്ങള്‍ കൊണ്ടുവരുന്നത് ആലാചിച്ചപ്പോള്‍ അവള്‍ ആവേശഭരിതയായി....

അവളും സിസ്റ്റം ഷട്ട് ഡൗണ്‍ ചെയ്തു.  നിശാവസ്ത്രം ധരിച്ച് കിടക്കയില്‍ വന്നു കിടന്ന് അവനുള്ള എസ്.എം.എസ് ടൈപ്പ് ചെയ്തു.....

' മിസ് യു സോ മച്ച്....'

അവനപ്പോള്‍ കത്തുന്ന കുടിലുകളുടെ ചിത്രം പകര്‍ത്തുകയായിരുന്നു.... ചുറ്റും ഇരമ്പുന്ന നിലവിളിയൊച്ചകള്‍ക്കിടയിലും 'ഡാര്‍ലിംഗ് ഡാര്‍ലിഗ്....' എന്ന ട്യൂണോടെ അവളുടെ സന്ദേശം ഫോണില്‍ വന്നു വീണത് അവന്‍ അറിഞ്ഞു....

' ഫന്റാസ്റ്റിക് സീന്‍സ് .....'- അവന്‍ കരിഞ്ഞു പോയ ജഡങ്ങള്‍ നിരത്തിയിട്ട ഭാഗത്തേക്ക് മാറി നിന്ന് അവള്‍ക്ക് സന്ദേശമയച്ചു....

അപ്പോഴാണവന്‍ പാതിവെന്തു പോയ ജഡങ്ങള്‍ക്കരികില്‍ വീണുകിടന്ന് പൊട്ടിക്കരയുന്ന ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്....

മെലിഞ്ഞ ഉടലും തിളങ്ങുന്ന കണ്ണുകളുമുള്ള ആ പെണ്‍കുട്ടിയെ അവന് അറിയാമായിരുന്നു.... പ്രഭാതങ്ങളില്‍ മൈതാനത്ത് ഷട്ടില്‍ കളിച്ച് അവന്‍ മടങ്ങിവരുമ്പോള്‍ റോഡരികു ചേര്‍ന്ന് നടന്നു പോവാറുണ്ട് അവള്‍. സമ്പന്നരുടെ ഫ്ലാറ്റുകളില്‍ വീട്ടുജോലിക്കു പോവുന്ന അവള്‍ക്ക് സൗമ്യതയാര്‍ന്ന ഒരു സൗന്ദര്യമുണ്ടായിരുന്നു. അവളെ ആകര്‍ഷിപ്പിക്കുവാനായി കൈയ്യിലിരിക്കുന്ന ബാറ്റ് താളത്തില്‍ ചുഴറ്റിക്കൊണ്ട് അവന്‍ ചൂളമടിക്കും. അവളാവട്ടെ അവനെ ഒട്ടും ശ്രദ്ധിക്കാതെ തലകുനിച്ച് നടന്നു പോവും...

തന്നെ അവഗണിച്ചവള്‍ക്ക് വന്നു ചേര്‍ന്ന ദുര്യോഗത്തില്‍ അവന്‍ ആഹ്ലാദഭരിതനായി. തേങ്ങിക്കരയുമ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നതായി അവനു തോന്നി. ആ കാഴ്ച അവന്‍ പല കോണുകളില്‍ നിന്ന് തികച്ചും കലാപരമായി ക്യാമറയിലേക്കു പകര്‍ത്തിയെടുത്തു....

'ടീ...., ഉഗ്രനൊരു പീസ് ...' - അവന്‍ അവള്‍ക്ക് എസ്.എം.എസ് ചെയ്തു

'അവളെ പഞ്ചാര അടിക്കുവാണോടാ …' - അവള്‍ അവനു മറുപടി അയച്ചു.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ചുറ്റും ഓടി നടന്നു.... നിലക്കാത്ത ജ്വാലകള്‍ക്കു നേരെ ഫയര്‍ എഞ്ചിനുകള്‍ വെള്ളം ചീറ്റിക്കൊണ്ടിരുന്നു....

ജീവനു വേണ്ടി പിടയുന്ന ഒരു കുട്ടിയെ തോളത്തിട്ട് നിലവിളിച്ചുകൊണ്ട് ഒരാള്‍ ഓടിയടുത്തു.... കുട്ടിയുടെ പിടച്ചിലിന് അനുക്രമമായുള്ള അയാളുടെ നിലവിളിയില്‍ ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും മാസ്മരികമായൊരു ലയനമുണ്ടന്ന് അവന്‍ മനസ്സിലാക്കി....

'എ ബിറ്റ് ഓഫ് ക്ലാസിക്കല്‍ ഐറ്റം ' - ഇത്തവണ അവന്റെ സന്ദേശം

അഗ്നി നാളങ്ങള്‍ക്കിടയില്‍ പെട്ടുപോയ ഒരു കിഴവനെ രക്ഷിക്കാന്‍ തുനിയുകയായിരുന്നു മറ്റൊരാള്‍. പെട്ടെന്ന് അടര്‍ന്നു വീണ വലിയൊരു അഗ്നിഗോളത്തിലേക്ക് അവരിരുവരും അപ്രത്യക്ഷരായി.... തീ ഒന്നുകൂടി ആളിപ്പടര്‍ന്നു....

- രക്ഷിക്കാന്‍ വന്ന ആള്‍ തന്നെ ഇരയായി മാറിയ കാഴ്ച അവളെ പൊട്ടിച്ചിരിപ്പിക്കുമെന്ന് അവന്‍ അപ്പോള്‍ ഓര്‍ത്തു.

'ഫണ്ണി സീന്‍....' അവന്‍ സന്ദേശമയച്ചു.

- അപ്രകാരം  അവന്റെ ക്യാമറക്കണ്ണിലേക്ക് പലതരം ദൃശ്യവിസ്മയങ്ങള്‍  പടര്‍ന്നു കയറുകയായിരുന്നു..ഓരോ കൌതുകക്കാഴ്ചയുടെയും സന്ദേശമയച്ച് അവന്‍ അവളെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. അതോടെ അവള്‍ പ്രണയപരവശയാവുകയും  അവന് വിരഹദു:ഖത്തിന്റെ  എസ്.എം.എസ്  അയക്കുകയും ചെയ്തു.

'മിസ് യു ഡിയര്‍ …. മിസ് യു ഡിയര്‍' - അവള്‍ അക്ഷമയായി.

ദൃശ്യങ്ങള്‍ അവള്‍ക്കരികിലെത്തിക്കാന്‍ അവനും തിരക്കായി. എടുത്ത അത്രയും ചിത്രങ്ങള്‍ അവള്‍ക്ക് അയച്ച ശേഷം ബാക്കി ചിത്രങ്ങള്‍ക്കായി പിന്നീട് വരാമെന്ന് തീരുമാനിച്ച് അവന്‍ തിരിച്ചു നടന്നു.

അവള്‍ ലാപ് ടോപ്പ് എടുത്ത് കിടക്കയില്‍ തലയിണ മാറോടമര്‍ത്തി കമിഴ്ന്നു കിടന്ന് സിസ്റ്റം ഓണ്‍ ചെയ്തു.... അവന്റെ മുഖം ഇപ്പോള്‍ തെളിഞ്ഞുവരും....അപ്പോള്‍ തന്റെ മുഖഭാവം എങ്ങിനെ ആയിരിക്കണമെന്ന് അവള്‍ ആലോചിച്ചു ..... വിരഹവും, പരിഭവവും , ശൃംഗാരവും ഒത്തു ചേര്‍ന്ന ഒരു ഭാവമായിരിക്കും കൂടുതല്‍ ഇണങ്ങുക - അവള്‍  തീരുമാനിച്ചു . കണ്ണാടി നോക്കി അതെങ്ങിനെ വേണമെന്ന് ഉറപ്പു വരുത്തി.

'ലവ് യു  … ലവ് യു സോ മച്ച് ....' അവള്‍ വീണ്ടും സന്ദേശമയച്ചു...

ഫോണിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ഗണിതസൂത്രങ്ങള്‍ അതിവേഗം ആ സന്ദേശവാക്യങ്ങള്‍ വൈദ്യുതകാന്തിക തരംഗങ്ങളാക്കി മാറ്റി അവന്റെ അരികിലേക്ക് പറഞ്ഞയച്ചു... ഗഗനചാരികളായി അവ ലക്ഷ്യബോധത്തോടെ യാത്രയായി....

പ്രണയാര്‍ദ്രമായ ആ രാത്രിയിലൂടെ ഇപ്രകാരം നിരവധി സ്നേഹസന്ദേശങ്ങള്‍ തരംഗമാലകളായി രൂപാന്തരം പ്രാപിച്ച് ആകാശമാര്‍ഗത്തിലൂടെ അപ്പോള്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. ലക്ഷ്യത്തിലേക്കുള്ള തരംഗ ദൈര്‍ഘ്യങ്ങള്‍ കൃത്യമായി താണ്ടി അവ പ്രണയമനസ്സുകളിലേക്ക് പെയ്തിറങ്ങി....

പ്രണയിക്കുന്നവരുടെ രാത്രിയായിരുന്നു അത്.....

അഗ്നിതാണ്ഡവം അപ്പോഴും അടങ്ങിയിരുന്നില്ല.... ജ്വാലകള്‍ ആകാശത്തോളമുയര്‍ന്ന് അഗ്നിപര്‍വ്വതങ്ങളായി രൂപാന്തരം പ്രാപിച്ചു.... കിഴക്കന്‍ മലകളില്‍ വെളിച്ചം ആരംഭിച്ചിരുന്നില്ല..... രാത്രി നീളുകയാണ്......

ജ്വാലാമുഖികളുടേയും രാത്രിയായിരുന്നു അത്....