തടവുകാര്‍


ഇന്നലെ - കറുത്തിരുണ്ട ആ കാളരാത്രിയില്‍

വീണുകിട്ടിയ ദിനപ്പത്രത്തിന്റെ ഏടു പകുത്ത്., ഇരുള്‍ മൂടിയ തടവറയുടെ പരുക്കന്‍ നിലത്ത് നമ്മള്‍ ചുരുണ്ടു കിടന്നു. തുരുമ്പെടുത്ത ഹൃദയങ്ങളെ ഓര്‍മ്മിപ്പിക്കുന്ന താക്കോല്‍ക്കൂട്ടവും ചുഴറ്റി, ബീഡിപ്പുകയൂതി, കിഴവനായ ഒരു കാവല്‍ക്കാരന്‍ പുറത്തെ ഇരുട്ടിലൂടെ പതുങ്ങി നടക്കുന്നുണ്ടായിരുന്നു. മഞ്ഞുവീഴാൻ തുടങ്ങിയപ്പോള്‍ ,  പൂട്ടുകള്‍ ഭദ്രമാണെന്ന് ഉറപ്പു വരുത്തിയശേഷം തടവറയുടെ കരിങ്കല്‍ ഭിത്തിയോട് ചാരി വെച്ചിരുന്ന സൈക്കിളില്‍ കയറി അയാള്‍ തന്റെ താവളത്തിലേക്ക് പോയി. പഴയ സൈക്കിളിന്റെ മങ്ങിയ ഹെഡ് ലൈറ്റിന്റെ പ്രകാശം അകന്നകന്ന് പോയതോടെ വെളിച്ചത്തിന്റെ അവസാന കണികയും മാഞ്ഞു... മിന്നാമിനുങ്ങുകള്‍ പോലും ഇല്ലാത്ത., വന്യമായ ഇരുള്‍ത്തടങ്ങളിലേക്ക് നോക്കി നമ്മളപ്പോള്‍ ഉച്ചത്തില്‍ നിലവിളിച്ചുപോയി.... വിദൂരതയില്‍ മാറ്റൊലികൊണ്ട നമ്മുടെ നിലവിളിയൊച്ചകളോടൊപ്പംകാലന്‍കോഴികളുടെ കുറുകലുകളും,  കാട്ടുനായകളുടെ ഓലിയിടലും പ്രതിദ്ധ്വനിച്ചു... 

ഇരുമ്പഴികള്‍ക്കപ്പുറം പിന്നെയും മഞ്ഞു പെയ്തുകൊണ്ടിരുന്നുമരം കോച്ചുന്ന തണുപ്പ് അസഹനീയമായ വേളയില്‍., നമ്മള്‍ പരസ്പരം പുണര്‍ന്ന് ചൂടു പകരാന്‍ ശ്രമിച്ചു കാവല്‍ക്കാരന്‍ ഉപേക്ഷിച്ചുപോയ മുറിബീഡി അഴികള്‍ക്കിടയിലൂടെ കൈനീട്ടിയെടുത്ത് നമ്മള്‍ മാറിമാറി പുകയൂതി.  കനത്ത ഇരുമ്പഴികളെക്കുറിച്ചും, മച്ചിലിരുന്ന് കണ്ണുരുട്ടുന്ന പെരുച്ചാഴികളെക്കുറിച്ചും, നഷ്ടമായിപ്പോയ വെളിച്ചങ്ങളുടെ ആരവങ്ങളെക്കുറിച്ചും ,  ഇരുളിന്റെ തടവറയില്‍ പ്രതീക്ഷകളൊടുങ്ങിയ ജീവിതത്തെക്കുറിച്ചും നമ്മള്‍ വാചാലരായി.....

ഇന്ന് - നിറമുള്ള ഈ പ്രഭാതത്തില്‍
 
കിഴക്കന്‍ മലകളില്‍ നിന്ന് പടരാന്‍ തുടങ്ങിയ വെളിച്ചത്തോടൊപ്പം,
സെല്ലുകള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ സൈക്കിളോടിച്ച് കാവല്‍ക്കാരന്‍ വരുന്നത് നാം പ്രതീക്ഷയോടെ നോക്കി നില്‍ക്കുകയാണ്. ഹാന്‍ഡിലില്‍ തൂക്കിയിട്ട സഞ്ചിയില്‍ നിന്ന് താക്കോല്‍ക്കൂട്ടങ്ങള്‍ അയാള്‍ പുറത്തെടുക്കുന്നു. "ഭരണകൂടത്തിന്റെ ആസ്ഥാനത്ത് നിന്ന് തിട്ടൂരം വന്നിരിക്കുന്നു - നിങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു... നിങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു..." എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അയാള്‍ നമ്മുടെ തടവറക്കുനേരെ ഇതാ നടന്നടുക്കുന്നു...  

ദ്രവിച്ച തകരപ്പൂട്ടുകള്‍ , തുരുമ്പെടുത്ത ഹൃദയം കൊണ്ട് അയാള്‍ തുറക്കുമ്പോഴേക്കും നാം അക്ഷമരാവുന്നു. ഇനി ഒരു നിമിഷം കൂടി വയ്യെന്ന മട്ടില്‍ നാം പുറത്തേക്ക് തിരക്കു കൂട്ടുന്നു....  

പകല്‍ - നീലാകാശം വിതാനിച്ച നാട്ടുവഴിയില്‍

തടവറകളുടെ ഭാഗത്തു നിന്നും പ്രധാന കവാടത്തിലേക്കുള്ള നടപ്പാതയുടെ ഇരുവശവും പൂത്തുനില്‍ക്കുന്ന ഗുല്‍മോഹറുകള്‍....  നീലാകാശം വാരിവിതറുന്ന വെള്ളിവെളിച്ചത്തിന്റെ അതിരുകളില്ലാത്ത സ്നേഹം.... വെയില്‍ നാളങ്ങളുടെ പ്രണയ ചുംബനങ്ങള്‍.... 

കവാടത്തിനപ്പുറം രാജവീഥിയാണ്. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ രാജപാതകളിലൂടെ  സ്വസ്ഥതയുടെ തണലുകളിലേക്ക് യാത്രയാവാന്‍ നാം തിരക്കു കൂട്ടുകയാണ്....

അപരാഹ്നം - പറന്നകലുന്ന ജാലകക്കാഴ്ചകളില്‍
 
ചക്രവാളച്ചരിവിലൂടെ ഒരു കൂട്ടം ദേശാടനപ്പക്ഷികള്‍ യാത്രയാവുന്നു... ഏതോ ഗ്രാമോത്സവത്തിന്റെ വാദ്യഘോഷയാത്രയുടെ ആരവങ്ങള്‍ ഉയരുന്നു ... കടലെടുത്ത ഒരു ഗ്രാമത്തില്‍ വീണ്ടും വിളക്കുമരങ്ങള്‍ സ്ഥാപിക്കുന്നു...

ജീവിതവൈവിധ്യത്തിന്റെ പലതരം വഴിയോരക്കാഴ്ചകളുടെ രാജപാതകള്‍ സന്ധിക്കുന്നിടത്ത് യാത്രപോലും പറയാതെ നമ്മള്‍ വേര്‍പിരിയുന്നു. 

നാളെ - കാഴ്ചകളുടെ ഇടവേളകളില്‍

കാഴ്ചകളുടേയും, പ്രതീക്ഷകളുടേയും ഉന്മാദം സിരകളില്‍ പടരുന്ന യാത്രകളുടെ ഇടത്താവളത്തില്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഞാന്‍ നിങ്ങളോടും, നിങ്ങള്‍ എന്നോടും ചോദിക്കുന്നു : "സുഹൃത്തേ., നിങ്ങള്‍ ആരാണ്... , നിങ്ങളുടെ പേരെന്താണ്... "

71 അഭിപ്രായങ്ങൾ:

 1. യാത്രപോലും പറയാതെ വേര്‍പിരിഞ്ഞ സൗഹൃദങ്ങള്‍ ....

  മറുപടിഇല്ലാതാക്കൂ
 2. നേരത്തെ വായിച്ചിട്ടുണ്ട്... ഈ സൌഹൃദത്തെക്കുറിച്ച്....
  അന്ന് കുറച്ചു കൂടി എഴുതാമായിരുന്നു എന്നു എനിക്ക് തോന്നി. ഇപ്പോള്‍ ഞാന്‍ ഇത്തിരി കൂടീ വലുതായതുകൊണ്ടാവും അങ്ങനെ വേണമെന്ന് എനിക്ക് തോന്നാത്തത്. മതി ഇത്രയുമേ ആവശ്യമുള്ളൂ. എന്തിനാ അധികം?

  ആത്തേ ജാത്തേ സഡ്ക്കോം പര്‍ കുച്ച് ലോഗ് മില്‍ ജാത്തേ ഹെ..
  ഉന്‍ മേ സേ കുച്ച് ലോഗ് യാദ് രഖ്ത്തേ ഹെ കുച്ച് ലോഗ് ബൂല്‍ ജാത്തേ ഹെ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കഥാഗ്രൂപ്പിൽ ഇട്ട ഒരു മിനിക്കഥ - ഇവിടെ ബ്ലോഗിൽ സൂക്ഷിക്കാമെന്നു തോന്നി, അത്രയുമേ ഉദ്ദേശിച്ചുള്ളു. എച്ചുമു അന്ന് പറഞ്ഞ അഭിപ്രായം ഓർക്കുന്നു. നന്ദി - ഈ പ്രോത്സാഹനവാക്കുകൾക്ക്

   ഇല്ലാതാക്കൂ
 3. കാലത്തിന്റെ പഴക്കം ആഴത്തില്‍ പതിയാതെ തിരിഞ്ഞു നോക്കാന്‍ മറന്ന് പിരിഞ്ഞുപോയതാവാം സുഹൃത്തുക്കള്‍.
  ഒരു തരത്തില്‍ അവര്‍ കൂട്ടുകാര്‍ ആയിരുന്നില്ലല്ലോ. തടവറയിലെ വിരസത കൂട്ടിമുട്ടിച്ചവര്‍. വിശാലമായ ലോകത്തില്‍ ഓര്‍ക്കാന്‍ ഒരു കൈയൊപ്പ്‌ അവശേഷിപ്പിക്കാതെ കടന്നുപോയവര്‍ മാത്രം.

  ഇതിലേറെ പറയാന്‍ പരിജ്ഞാനം പോരാ. ആശംസകള്‍ മാഷേ....

  മറുപടിഇല്ലാതാക്കൂ
 4. ചുരുങ്ങിയ വാക്കുകളെ വിശദീകരിക്കാനുള്ള പരിജ്ഞാനം പോരാ ...
  വിരസതയിൽ ഒത്തു കൂടുന്നവരാകാം ...
  നമുക്ക് പരസ്പരം അറിയേണ്ടതില്ല ...
  കാലം ബാക്കി വെച്ച എന്തോ ഒന്ന് ജന്മാന്തരങ്ങൽക്കപ്പുരത്തെക്ക് നീളുന്നു ....
  അത് കൊണ്ട് തന്നെയാണല്ലോ മാഷെ നമ്മളെല്ലാരും ..സ്വന്തക്കാരായതും ....
  ആശംസകൾ ---
  ചിന്തിപ്പിക്കുന്നതിനു . :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കാലം ബാക്കിവെച്ച എന്തോ ഒന്ന് ജന്മാന്തരങ്ങൾക്കപ്പുറത്തേക്കു നീളുന്നു.....
   തീർച്ചയായും അങ്ങ് പറഞ്ഞതു ശരിയാണ്....

   വായനക്കും അഭിപ്രായത്തിനും സ്നേഹം കൊണ്ട് മറുപടി

   ഇല്ലാതാക്കൂ
 5. രക്തബന്ധങ്ങള്‍ പോലും അന്യമാകുന്ന ഈ കാലഘട്ടത്തില്‍ ആരോര്‍ക്കുന്നു;യാത്രപോലും
  പറയാതെ വേര്‍പിരിഞ്ഞ സൌഹൃദങ്ങളെ കുറിച്ച്......
  യാതനാപൂര്‍ണ്ണമായ ജീവിതയാത്രയില്‍ പരസ്പരം താങ്ങുംതണലുമായി നിന്നവര്‍.
  കാലത്തിന്‍റെ മുന്നോട്ടുള്ള ദ്രുതഗതിയിലുള്ള പ്രവാഹത്തില്‍ വിസ്മൃതമാക്കപ്പെടുന്ന അമൂല്യ
  സൌഹൃദങ്ങള്‍.......
  നന്നായി മാഷെ.
  ആശംസകള്‍  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു.....

   ഇല്ലാതാക്കൂ
 6. പല സന്ദര്‍ഭങ്ങളോടും ചേര്‍ത്ത് വയ്ക്കാവുന്ന കഥ.ക്ഷമിക്കണം പ്രദീപ്, തെറ്റില്ലാതെ പറഞ്ഞുവെന്നേ ഞാന്‍ പറയൂ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കഥ വായിച്ച് അഭിപ്രായം തുറന്നു പറഞ്ഞതിൽ ഒരുപാട് സന്തോഷം സാർ. മിനിക്കഥയുടെ ഫോർമാറ്റിൽ എഴുതിയതാണ് -അങ്ങയേപ്പോലുള്ളവരുടെ നിർദ്ദേശങ്ങൾ ഏറെ സഹായകരം.......

   ഇല്ലാതാക്കൂ
 7. മറുപടികൾ
  1. പെട്ടന്നുള്ള പ്രതികരണം മറച്ചുവെക്കാതെ തുറന്നറിയിച്ചത് എനിക്കൊരു പാഠമാണ്.
   വായനക്കും, അഭിപ്രായത്തിനും ഏറെ സന്തോഷം

   ഇല്ലാതാക്കൂ
 8. സൌഹൃദങ്ങളുടെ നിരര്‍ത്ഥകത മനോഹരമായി വരച്ചു കാട്ടി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സൗഹൃദങ്ങൾ നിരർത്ഥകം ആവാതിരിക്കട്ടെ..... സ്നേഹം കൊണ്ട് മറുപടി

   ഇല്ലാതാക്കൂ
 9. വളരെയധികം മാനങ്ങളുള്ള ഒരു ചെറിയ കഥ
  വായനക്കാരന്റെ ചിന്താഗതിയ്ക്കനുസരിച്ച് ചുരുങ്ങാനും വികസിയ്ക്കാനുമുള്ള ഒരു ഫ്ലെക്സിബിലിറ്റി ഇക്കഥയ്ക്ക്.
  അങ്ങനെയൊരു പ്രത്യേകത എനിയ്ക്ക് തോന്നി

  മറുപടിഇല്ലാതാക്കൂ
 10. അന്യോന്യമറിയുന്ന മനസ്സുകളെ പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്.... അതാണല്ലോ സൌഹൃതം.
  കഥ നന്നായി ... എങ്ങോട്ടും ചേര്‍ത്ത് വായിക്കാം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കഥ വായിക്കാന്‍ വന്നതിനും അഭിപ്രായത്തിനും ഒരുപാട് സന്തോഷം

   ഇല്ലാതാക്കൂ
 11. ചിന്തകള്‍ക്ക് നിറം പകരുന്ന മനോഹരമായ ഒരു കഥ. വളരെ നന്നായിരിയ്ക്കുന്നു. പ്രത്യേകിച്ചും അതിന്റെ ഒതുക്കം കൊണ്ട്.

  മറുപടിഇല്ലാതാക്കൂ
 12. ഇന്നലെയും ഇന്നും നാളെയും . പിന്നെ ദിനരാത്രങ്ങൾ .
  ഒരു കഥയായും വായിക്കാം ഓരോരോ കഥയായും വായിക്കാം .
  തടവറയിലെ രാവിനും പകലിനും ഒരു ഷോർട്ട് ഫിലിം ഒരുക്കാനുള്ള കഥയുണ്ട് . ഒന്നൂടെ വിശാലമായി പിടിച്ചാൽ . ഇല്ലേ ?
  നന്നായി മാഷെ

  മറുപടിഇല്ലാതാക്കൂ


 13. ഏറെ മാനങ്ങളുള്ള ഒരു കഥ. 'ഉപേക്ഷിക്കപ്പെട്ടത്' എന്നൊറ്റവാക്കിൽ ചുരുക്കിയെഴുതിയാലും അവസാനിക്കാത്ത വായന. ഈയെഴുത്തിലെ വിവിധ തരത്തിലുള്ള സ്വാർത്ഥതകളുടെ ഒരു വാടിക്കരിഞ്ഞ മാലിക പിന്നേം പിന്നേം കോർക്കപ്പെടുന്നുണ്ട്. ഒരുപക്ഷേ, അതുതന്നെയായിരിക്കണം ഈയൊരു സാഹചര്യത്തിൽ വ്യക്തി ഒരു സാമൂഹ്യോത്പന്നമായി വികാസം കൊള്ളുമ്പോൾ ഉണ്ടാകാവുന്ന ആധിയും. ഒരു മ്യൂസിയത്തിലേക്ക് തുറക്കുന്ന വാതില് പോൽ ഓരോയിടങ്ങളിലും പുതുകാഴ്ചകൾ... അഭിനന്ദനം.!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വ്യക്തിബോധവും , സാമൂഹ്യബോധവും എന്നും സമൂഹ്യനരവംശശാസ്ത്രത്തിലെ പ്രഹേളികകളാണ്.അയല്‍ക്കാരനെ അറിയുക എന്നതാണ് സാമൂഹ്യബോധത്തിന്റെ അടിത്തറ. എന്നാല്‍ ഇത് സംഭവിക്കുന്നത് എപ്പോള്‍ എന്നത് സമൂഹ്യനരവംശശാസ്ത്രം നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

   വെല്ലുവിളികളുടേയും ,അശാന്തിയുടേയും , യുദ്ധങ്ങളുടേയും, മാരകമായ പകര്‍ച്ചവ്യാധികളുടേയും, പ്രകൃതിക്ഷോഭങ്ങളുടേയും കാലത്ത് ,ആത്മഹത്യാനിരക്കുകള്‍ കുറയുന്നു എന്നും, വെല്ലുവിളികള്‍ നേരിടാത്ത സാമൂഹ്യാവസ്ഥകളില്‍ ആത്മഹത്യാനിരക്ക് കൂടുതലായി കാണുന്നുവെന്നും ,പ്രശസ്ത സാമൂഹ്യ നരവംശശാസ്ത്രജ്ഞനാ എമില്‍ ഡര്‍ക്കിം പഠനങ്ങളുടെ പിന്‍ബലത്തോടെ സ്ഥാപിച്ചിട്ടുണ്ട്. സാമൂഹ്യബോധവും ആത്മഹത്യനിരക്കും വിപരീത അനുപാതത്തിലും, വ്യക്തിബോധവും ആത്മഹത്യനിര്ക്കും നേര്‍ അനുപാതത്തിലാണെന്നും ഡര്‍ക്കിം അടിവരയിടുന്നുണ്ട്. പ്രശ്നകലുഷിതമായ സാമൂഹികാവസ്ഥയില്‍ സാമൂഹികമായ കെട്ടുറപ്പുകള്‍ കൂടുന്നു എന്നു ഡര്‍ക്കിമിന്റെയും,തുടര്‍ന്നു വന്ന സമൂഹനരവംശശാസ്ത്രജ്ഞരുടേയും പഠനങ്ങള്‍ തെളിയിക്കുന്നു.

   ചെറിയ ഒരു കഥയെഴുത്തുസാഹസമാണിത്. വായനയില്‍ കൂടുതല്‍ ഇടപെടുന്നില്ല. ഞാനുദ്ദേശിച്ച ധാരയിലൂടെ വായന നീങ്ങുന്നു എന്നറിയുന്നത് ഏറെ സന്തോഷകരം.

   ഇല്ലാതാക്കൂ
 14. അരികിൽ ഞാനുണ്ടെന്ന് വാശിപിടിക്കുമ്പോഴും എങ്ങുമെത്തിയില്ലെന്ന് അനുഭവിപ്പിക്കുന്ന വിരഹവും നൊമ്പരവും..
  സൗഹൃദങ്ങൾ അങ്ങനെയുമാണു..
  It is an attachment to another self..consists not in feeling great things but in having great detachment and in suffering for the beloved..
  Detached action is unselfish work (BhagavadGita ).
  a faithful note..thanks dear..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Detachment does not consist in setting fire to one's house, or becoming bankrupt or throwing one's fortune out of the window, or even giving away all of one's possessions. Detachment consists in refraining from letting our possessions possess us. A prosperous merchant who is not absorbed in his business knows severance. A banker whose occupation does not prevent him from serving humanity is severed.....

   നല്ല വാക്കുകള്‍ക്ക് ഒത്തിരി സന്തോഷം ടീച്ചര്‍.....

   ഇല്ലാതാക്കൂ
 15. കാഴ്ച്ചകളുടെയും പ്രതീക്ഷകളുടെയും ഉന്മാദം സിരകിളില്‍ പടരുന്ന യാത്രകളുടെ ഇടത്താവളത്തില്‍ പരസ്പരം കണ്ടു മുട്ടുമ്പോള്‍ ഞാന്‍ നിങ്ങളോടും നിങ്ങള്‍ എന്നോടും ചോദിക്കുന്നു ,സുഹൃത്തെ നിങ്ങളാരാണ്‌ നിങ്ങളുടെ പേരെന്താണ് ?? ..
  --------------------------------------------------
  നല്ല സൌഹൃദങ്ങള്‍ നഷട്ടപെടാതിരിക്കട്ടെ , എന്ന പ്രാര്‍ത്ഥനയോടെ ഈ നല്ല കഥക്ക് ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഫൈസലിന്റെ നല്ല വാക്കുകള്‍ക്ക് സ്നേഹപൂര്‍വ്വം മറുപടി.....

   ഇല്ലാതാക്കൂ
 16. മറ്റുള്ളവർ വായിച്ചറിഞ്ഞതല്ല എനിക്കു വായിച്ചു കിട്ടിയത്. അത് താങ്കളുടെ എഴുത്തിന്റെ കഴിവായിരിക്കാം, ആശംസകൾ മാഷേ..

  “ സുഹ്രുത്തേ നിങ്ങൾ ആരാണ്, നിങ്ങളുടെ പേരെന്താണ്”

  അയാൾ അയാളേതന്നെ മറന്നിരുന്നു, പിന്നെയല്ലെ സ്വന്തം പേര്, ഓർക്കൻ ഒട്ടും വഴിയില്ല.

  മറുപടിഇല്ലാതാക്കൂ
 17. ഒരു ദിനത്തിന്‍റെ കഥ കൊണ്ട് ഒരായുസ്സിന്‍റെ സൌഹൃദത്തെ പറഞ്ഞ കഥ തുരുംബെടുത്ത ഹൃദയങ്ങള്‍ക്ക് നമോവാകം

  മറുപടിഇല്ലാതാക്കൂ
 18. ബന്ധനങ്ങളിൽ അകപ്പെട്ടിരുന്നപ്പോളവരുടെ ബന്ധങ്ങൾ ഊഷമളവും, പ്രതീക്ഷാ നിർഭരവും. സ്വതന്ത്രമായപ്പോൾ അനന്ത വിശാലതയിലേക്ക് ഊളിയിട്ടിറങ്ങുവാനുള്ള തിടുക്കത്തിൽ ബന്ധനങ്ങളായ ബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞു കുതിക്കുവാൻ വെമ്പുന്നു. വിചിത്രമീ ലോകം...

  മറുപടിഇല്ലാതാക്കൂ
 19. nഅന്മകള്‍ ഉള്ള സൌഹൃദങ്ങള്‍ പൂത്തുലയട്ടെ...

  മറുപടിഇല്ലാതാക്കൂ
 20. ഇന്നലെ വായിച്ചു ..
  കമന്‍റാന്‍ പറ്റിയില്ല..

  ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 21. വ്യത്യസ്തമായ അവതരണം.
  കൂടുതല്‍ എന്ത് പറയണം എന്നറിയില്ല. എന്തായാലും എനിക്കിഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 22. പ്രതീക്ഷകളും ആകുലതകളും ഒരു പോലെ ഇഴുകിപ്പിടിച്ച ജീവിത യാത്രയില്‍ വഴിപിരിയുന്ന പലതിനെയും ( വെറും സൌഹൃദത്തിനപ്പുറം പലതും )ഇവിടെ ഈ കൊച്ചു കഥയില്‍ പകര്‍ത്തി വെച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ നാരകീയ സ്മൃതികളിലൂടെയുള്ള ഈ വാങ്ങ്മയ സഞ്ചാരം ഇഷ്ട്ടമായി മാഷേ..

  മറുപടിഇല്ലാതാക്കൂ
 23. ഒരുതരത്തില് അല്ലെങ്കില് മറ്റൊരു തരത്തില് എല്ലാ മനുഷ്യരും ഓരോ തടവറകൾ ക്കുള്ളിലാണ് ......കഥ നന്നായി ആശംസകള്

  മറുപടിഇല്ലാതാക്കൂ
 24. ഇന്നലെയുടെയും നാളെയുടെയും പ്രതീക്ഷകൾ ...അവതരണഭംഗി കഥയെ കൂടുതൽ സുന്ദരമാക്കി ആശംസകൾ മാഷെ ..

  മറുപടിഇല്ലാതാക്കൂ
 25. ഒരു മിനിക്കഥയിൽ ഒതുക്കാതെ ,
  താങ്കളുടെ എഴുത്തിലെ വൈഭവം കൊണ്ട് വിശദമായി
  ചിത്രീകരിക്കാവുന്ന ഒരു കഥാസംഭവമായിരുന്നുവല്ലൊ ഇത്..അല്ലെ ഭായ്

  മറുപടിഇല്ലാതാക്കൂ
 26. എന്നും തങ്കളുടെ അവതരണ ശൈലി വ്യത്യസ്തത പുലർത്തുന്നതാണ്.. ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം..

  മറുപടിഇല്ലാതാക്കൂ
 27. ഈ വാക്പ്രഭാവത്തിന് മുന്‍പില്‍....,......
  നമോവാകം.

  മറുപടിഇല്ലാതാക്കൂ
 28. തടവറകളിൽ നിന്ന് തടവറകളിലെക്കുള്ള പ്രയാണമാണ് ഇന്നേറെയും .. അതിനിടയിൽ ആരെയൊക്കെയോ പരിചയപ്പെടുന്നു .. പലരെയും മറക്കുന്നു . പലരെയും പിരിയുന്നു . പിന്നീട് കണ്ടു മുട്ടുന്നവരോട് അപ്പോഴും നമ്മൾ ആവർത്തിച്ചു ചോദിക്കുന്നു .. "നിങ്ങൾ ആരാണ് ? നിങ്ങളുടെ പേരെന്താണ് ?". പ്രയാണം തുടരുന്നു . കാലചക്രത്തിനിടയിൽ പലതും ചതഞ്ഞരയുന്നു.

  ഇഷ്ടായി ഈ എഴുത്ത് .. ആശംസകളോടെ ..

  മറുപടിഇല്ലാതാക്കൂ
 29. ഒരു മ്യൂട്ടെഷൻ പോലെ ... എല്ലാം മറന്നു പറന്നുയരുന്നവർ.. ഭാഷയുടെ ഭംഗി പറഞ്ഞറിയിക്കുന്നതിനേക്കാൾ അപ്പുറം പ്രദീപേട്ടാ..

  മറുപടിഇല്ലാതാക്കൂ
 30. യാത്രപോലും പറയാതെ വേര്‍പിരിഞ്ഞ സൌഹൃദങ്ങള്‍ ...വ്യത്യസ്ഥമായ അവതരണം മാഷേ ...

  മറുപടിഇല്ലാതാക്കൂ
 31. എല്ലാ സൌഹൃദങ്ങളും ഇന്നും ഓര്‍മയില്‍ ഉണ്ടോ? ഇനിയും കണ്ടാല്‍ തിരിച്ചറിയുമോ?
  എന്നാല്‍ മിണ്ടാതെ, യാത്രപോലും പറയാതെ പോയ ചിലര്‍ ഇന്നും നമ്മുടെ ഓര്‍മകളില്‍ എവിടെയോ ഇല്ലേ?

  മറുപടിഇല്ലാതാക്കൂ
 32. തടവറ ഭിത്തികളില്‍ തട്ടി ബന്ധങ്ങള്‍ പ്രസരിച്ച് പോകുന്നേയില്ല. പ്രസരണം കൂടിയ വെളിമ്പ്രദേശങ്ങള്‍ ചോദ്യങ്ങള്‍ കാത്ത് വെക്കുന്നു: ആരാണ് നീ?...പേരെന്താണ്?

  മറുപടിഇല്ലാതാക്കൂ