പലതരം ഡിസൈനുകള്‍.....


ചിത്രശലഭങ്ങളുടെ ചിറകുകള്‍ അരിഞ്ഞെടുക്കുവാനുള്ള എന്റെ യാത്രകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത് … ഇപ്പോള്‍ ഞാന്‍ രാമനാഥന്റെ താഴ്വരയിലേക്കു യാത്രചെയ്യുന്നതും അതിനുതന്നെ.,

അല്‍പനാളുകള്‍ക്കുമുമ്പ് രാമനാഥന്‍ എഴുതി.....

    'ഇവിടെ.,എന്റെയീ താഴ്വരയില്‍., സൂര്യകാന്തിപ്പൂക്കളും, വെള്ളാരങ്കല്ലുകളുമുള്ള പുഴയുടെ തുരുത്തില്‍., പതിവുപോലെ അവ വന്നെത്തിയിരിക്കുന്നു. ഏതോ ശൈത്യരാജ്യത്തുനിന്നും വഴിയൊട്ടേറെ താണ്ടി നിലാവുനിറഞ്ഞ ഒരു രാത്രിയില്‍ അവ പറന്നിറങ്ങുകയായിരുന്നു. ഇപ്പോള്‍ തുരുത്തിലാകെ വര്‍ണങ്ങളുടെ നിറവാണ്.വെള്ളാരങ്കല്ലുകളിലും സൂര്യകാന്തികളിലും അവ പാറിക്കളിക്കുന്നു.പരസ്പരം ഉമ്മവെച്ച്,ചിറകുരുമ്മി,ചുണ്ടുരുമ്മി,മഞ്ഞുവീഴുന്ന പുലര്‍കാലങ്ങളില്‍ ഇലകള്‍ക്കു ചുവട്ടില്‍ ഇണചേര്‍ന്ന്......'
ചിത്രശലഭങ്ങള്‍ എന്റെ മനസില്‍ നിറയാന്‍ തുടങ്ങിയത് നഴ്സറിക്ലാസിലെ ഒരു പാട്ടില്‍ നിന്നായിരുന്നു. 'ഓ മൈ ബട്ടര്‍ഫ്ലൈസ് !. ഹൗ സ്വീറ്റ് ആന്‍ഡ് വണ്ടര്‍ഫുള്‍ യു ആര്‍ !. ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്നിങ്ങനെ അതിമനോഹരമായ ഒരു ഗാനമായിരുന്നു അത്. എന്തുകൊണ്ടോ, അതിന്റെ ഈണവും താളവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. അന്നു മുതല്‍ ചിത്രശലഭങ്ങളും കടുത്ത ഒരു ആകര്‍ഷണമായി എന്റെ മനസില്‍ നിറയുവാന്‍ തുടങ്ങി...

ഞാന്‍ മുറ്റത്തും തൊടിയിലും വന്നിറങ്ങുന്ന അവയുടെ വര്‍ണങ്ങളിലും ചലനങ്ങളിലും മതിമറന്ന് അവയ്ക്കു പിറകേ അലഞ്ഞ് പകലുകളധികവും ചിലവഴിച്ചു.രാത്രികളില്‍ എന്റെ സ്വപ്നങ്ങളില്‍ സ്വര്‍ണച്ചിറകുള്ള ശലഭങ്ങള്‍ പറന്നിറങ്ങി. വൈവിധ്യമാര്‍ന്ന വര്‍ണങ്ങളുടെ നൂറുനൂറായിരം സങ്കലനങ്ങള്‍ എന്റെ മുന്നിലൂടെ പറന്നു നീങ്ങി.

പാഠപുസ്തകങ്ങളുടെ നാളുകളില്‍ പ്രത്യേക തരത്തിലുള്ള അവയുടെ ജീവിതരഹസ്യങ്ങളും, നിയോഗങ്ങളും എന്നില്‍ കൗതുകങ്ങള്‍ നിറച്ചു. പൂമ്പാറ്റകളോടും പ്രകൃതിയോടുമുള്ള എന്റെ ആവേശവും, സ്നേഹവും ശ്രദ്ധിക്കപ്പെടുകയും., 'ബെസ്റ്റ് നേച്ചര്‍ ലവര്‍ സ്റ്റുഡന്റ് ' എന്ന നിലയില്‍ ഞാന്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.

പാഠങ്ങളുടെ അവസാനം എന്റെ കാലഘട്ടത്തിലെ മറ്റു ചെറുപ്പക്കാരെപ്പോലെ അശാന്തമായ മനസും, തീപിടിച്ച തലച്ചോറുമായി ഞാന്‍ തെരുവുകളില്‍ അലയുകയുണ്ടായില്ല., പകരം എന്റെ മനസില്‍ വര്‍ണസ്വപ്നങ്ങള്‍ പാറി. തലച്ചോറില്‍ താഴ്വരകളുടെ തണുപ്പും ശാന്തിയും എപ്പോഴും നിറഞ്ഞു നിന്നു.

"സുഹൃത്തുക്കളെ., നാടിനു തീ പിടിച്ചിരിക്കുന്നു....” എന്നു വിളിച്ചു പറഞ്ഞുകൊണ്ട് തെരുവുകളിലൂടെ അവര്‍ ജാഥ നയിക്കുമ്പോഴും, "ഞങ്ങള്‍ക്കൊരു ജീവിതം തരിക...” എന്നു പറഞ്ഞുകൊണ്ട് ഭരണകൂടത്തിന്റെ ആസ്ഥാനത്തേക്ക് മാര്‍ച്ചു ചെയ്യുമ്പോഴും, ഒട്ടൊരു പുച്ഛത്തോടെ അവരുടെ യാത്രയും നോക്കി, ഞാന്‍, മലഞ്ചരിവില്‍, പൂമരങ്ങളുടെ തണലിലൂടെ.... 'ചിത്രപതംഗമേ നിന്‍ മോഹക്കാഴ്ചകളെന്‍ കരളില്‍ തേന്‍മഴയായ് പെയ്തിറങ്ങുന്നു..! ഹാ പെയ്തിറങ്ങുന്നു..!ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍....!' എന്നിങ്ങനെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട്,അവയെ തേടി നടന്നു...

തൊഴില്‍അന്വേഷണത്തിന്റെ നാളുകളില്‍ എനിക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല.... ' How to win over others'., 'കൂട്ടുകാരെ മലര്‍ത്തിയടിച്ച് നിങ്ങള്‍ക്കു മാത്രം എങ്ങിനെ വിജയം നേടാം'., 'യുവാക്കള്‍ ഉപയോഗിക്കേണ്ട പെര്‍ഫ്യൂമുകള്‍ ഏതെല്ലാം'., 'വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതിന്റെ ആവശ്യകത' എന്നിങ്ങനെ വിജ്ഞാനപ്രദങ്ങളായ നിരവധി പുസ്തകങ്ങള്‍ നിരന്തരം വായിച്ച് 'ബെസ്റ്റ് ബുക്ക് റീഡര്‍ ' ആയി ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയും, ഒരു നല്ല ചെറുപ്പക്കാരനു വേണ്ടതായ എല്ലാ ഗുണങ്ങളും വളരെ വേഗം സ്വായത്തമാക്കുകയും ചെയ്തു. അതുകൊണ്ടാവും 'ഇന്‍ഡ് സ്റ്റീഫന്‍സണ്‍ ഡിസൈനേഴ്സ് ' എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി എനിക്കു പെട്ടന്ന് തന്നെ കരസ്ഥമാക്കുവാന്‍ കഴിഞ്ഞു.

സവിശേഷമായ വ്യക്തിത്വം, ശാന്തമായ മനസ്, തികഞ്ഞ കലാബോധം എന്നിങ്ങനെയുള്ള പല പരീക്ഷകളുടെ ഒടുവില്‍ അവരെന്നെ കലാവിഭാഗത്തിന്റെ പ്രധാനി ആയി നിയമിക്കുകയായിരുന്നു.

"വൈവിധ്യമാര്‍ന്ന   ഡിസൈനുകള്‍ നിങ്ങള്‍ എങ്ങിനെയാണ്   തയ്യാറാക്കുവാന്‍ പോവുന്നത് ?” എന്ന അഭിമുഖവേളയിലെ ചോദ്യത്തിന് "  ചിത്രശലഭങ്ങളുടെ ചിറകുകള്‍ ഉപയോഗിച്ച് !" എന്ന എന്റെ ഉത്തരം അവരില്‍ വലിയ മതിപ്പുളവാക്കി. "തികച്ചും നൂതനമായ ആശയം., കലാകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ നല്ല ഒരു വാഗ്ദാനമാണ്.” എന്നിങ്ങനെ എന്നെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

അന്നുമുതല്‍ ഞാന്‍ 'കമ്പനിയുടെ ആള്‍ ' എന്ന നിലയില്‍ അവയെ തേടിയുള്ള എന്റെ യാത്രകള്‍ ആരംഭിച്ചു.

അവയാവട്ടെ ചെമ്പരത്തിപ്പൂക്കളില്‍ ഇണയോടൊത്ത് പറന്നിരുന്ന്, ചുണ്ടുരുമ്മി തേന്‍ പങ്കുവെക്കുമ്പോഴോ, ഏകാന്തമായ തീരഭൂമികളിലെ ഇളംവെയിലിന്റെ സുഖമറിയുമ്പോഴോ, നീല നിലാവിലൂടെ മഞ്ഞുമലകളുടെ ഗന്ധം നുകര്‍ന്ന് കൂട്ടമായി പാറി നീങ്ങുമ്പോഴോ എന്റെ പിടിയിലമരുന്നു.

പിന്നീട് ഞാന്‍ 'ഹൗ സ്വീറ്റ് ആന്‍ഡ് വണ്ടര്‍ഫുള്‍ യു ആര്‍...! ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്നിങ്ങനെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട് ഒരു കലാകാരനു വേണ്ട സൂക്ഷ്മതയോടെയും, ശ്രദ്ധയോടെയും., നിറഞ്ഞ മനസോടെ., ഭാവനയുടേയും, ബുദ്ധിയുടേയും കണിശമായ ഉപയോഗപ്പെടുത്തലോടെ അവയുടെ ചിറകുകള്‍ അരിഞ്ഞെടുക്കുന്നു.....

ഞാന്‍ രാമനാഥന്റെ താഴ്വരയിലേക്ക് യാത്ര ചെയ്യുകയാണ്.

ഏതോ കാട്ടരുവി ഒഴുകി സമതലങ്ങളില്‍ പ്രവേശിക്കുന്നിടത്താണത്. അവിടെ അരുവിയുടെ തുരുത്തില്‍ മഞ്ഞുകാലത്തിന്റെ ആരംഭ നാളുകളില്‍ അവ പറന്നിറങ്ങുകയായി. അകലങ്ങളിലെ ഏതോ ശൈത്യഭൂമിയില്‍ നിന്നാരംഭിക്കുന്ന ദേശാടനത്തിന്റെ തുടര്‍ച്ചയിലെ ഇടത്താവളമാണത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരുനാള്‍ അവ അപ്രത്യക്ഷമാവുകയും ചെയ്യും.

'അതിനുമുമ്പ് നീ വന്നെത്തുക' രാമനാഥന്‍ എഴുതി.

അതുകൊണ്ടാണ് ഞാന്‍ എഴുത്ത് കിട്ടിയ ഉടന്‍ യാത്രയാരംഭിച്ചത്.

ഇതു പതിവുള്ളതാണ്. അവ വന്നിറങ്ങുമ്പോള്‍ അവന്‍ എന്നെ വിവരമറിയിക്കുന്നു. ഞാന്‍ വളരെ വേഗം അവന്റെ താഴ്വരയില്‍, പുഴയുടെ തുരുത്തില്‍, വെള്ളാരങ്കല്ലുകള്‍ക്കും, സൂര്യകാന്തികള്‍ക്കും ഇടയില്‍ ചെന്ന്.....

കമ്പനി അയച്ചുതന്ന വാഹനം, രാജപാത വിട്ട് സമതലങ്ങളിലേക്കുള്ള ചെറിയ റോഡിലേക്കു തിരിഞ്ഞു. രാമനാഥന്റെ താഴ്വരയിലേക്ക് ഇനി അധികം ദൂരമില്ല. ഞാന്‍ 'ഐ ലവ് യു., ഐ ലവ് യു., ഏന്‍ഡ് ഐ വില്‍ ലവ് യു ഫോര്‍ എവര്‍ …!' എന്ന മൂളിപ്പാട്ടു പാടിക്കൊണ്ട് ബാക് സീറ്റിലിരുന്ന് 'ജീവിത വിജയത്തിനുള്ള നൂറ്റി ഒന്ന് കുറുക്കുവഴികള്‍ ' എന്ന പുസ്തകത്തിന്റെ പേജുകള്‍ മറിച്ചു......