ജീവിതകാമനകളുടെ നാല് അദ്ധ്യായങ്ങള്‍

രാപ്പാടിപ്പക്ഷികള്‍ പിന്നെയും ചില്ലുവാതിലിനപ്പുറം നീലനിലാവിലിരുന്ന് അയാളെ വിളിച്ചു. അപ്പോഴേക്കും ആത്മഹത്യ ചെയ്യുവാനുള്ള ഉറച്ച തീരുമാനം അയാള്‍ എടുത്തുകഴിഞ്ഞിരുന്നു. 


വിഷം മദ്യത്തിലൊഴിച്ച്  സ്പൂണ്‍ കൊണ്ട് മെല്ലെ ഇളക്കിച്ചേര്‍ത്ത് .....,കാമുകി അരുന്ധതിക്കും,   മകള്‍ നിവേദിതക്കും,  സുഹൃത്ത് രാമനാഥനും പ്രത്യേകം പ്രത്യേകം കത്തുകള്‍ എഴുതിവെച്ച്, വീണ്ടും സ്പൂണ്‍  കൊണ്ട് വിഷം മദ്യത്തില്‍ ഇളക്കിച്ചേര്‍ത്ത്. .....


പുറത്തെ നീലനിലാവിലിരുന്ന്  രാപ്പാടികള്‍ അപ്പോഴും അയാള്‍ക്ക് പ്രിയതരങ്ങളായ പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു.  'പ്രണയം  ഹാ  മധുരതരം...! ജീവിതം  ഹാ  അതിലേറെ മധുരതരം..!' എന്നിങ്ങനെ അവ പിന്നെയും പിന്നെയും പാടിക്കൊണ്ടിരുന്നു.


'എന്തൊരു ശല്യമാണിത് '.  അയാള്‍ മനസില്‍ ഓര്‍ത്തു.  പിന്നെ ജാലകം തുറന്ന് അവയോട് മിണ്ടാതിരിക്കുവാന്‍ പറഞ്ഞു


-പുറത്തപ്പോള്‍ വേനല്‍കാലങ്ങളില്‍  അപൂര്‍വമായി മാത്രം പെയ്യാറുള്ള നേര്‍ത്ത മഴ പെയ്യുന്നുണ്ടായിരുന്നു. പുതുമഴയുടേയും, മഴയില്‍ കുതിര്‍ന്ന മണ്ണിന്റേയും, പിന്നെയൊരു നേര്‍ത്ത കാറ്റിന്റേയും സാമീപ്യം അയാളുടെ മുറിയിലേയ്ക്ക് മെല്ലെ വ്യാപിച്ചു.


'ഉന്മാദം തന്നെ....'   അയാള്‍ സ്വയം പറഞ്ഞു


-അതിനുശേഷം വാതിലുകള്‍ തുറന്ന് പുതുമഴയിലേയ്ക്കും,  മഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മണത്തിലേയ്ക്കും,  ഇളം കാറ്റിലേയ്ക്കും,  നിലാവിലേയ്ക്കും,  നിലാവിലലിയുന്ന രാപ്പാടികളുടെ പാട്ടിലേയ്ക്കും നടന്നു നീങ്ങുവാന്‍ തുടങ്ങി.....


കൊടിയ ദുരിതങ്ങളുടെ ഒടുവില്‍ ഏറെ നാളത്തെ ആലോചനകള്‍ക്കും  വിങ്ങിപ്പൊട്ടലുകള്‍ക്കും  ശേഷം  ആത്മഹത്യ  ചെയ്യുവാനുള്ള ഉറച്ച തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു !!.


മഴയും,  ഇടിമിന്നലും,  പേ പിടിച്ച കാറ്റുമുള്ള ഒരു രാത്രിയായിരുന്നു അത്.  സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും അവര്‍ പ്രത്യേകം, പ്രത്യേകം കത്തുകള്‍ തയ്യാറാക്കിവെച്ചു.... വിഷത്തിന്റെ കുപ്പി സീലു പൊട്ടിച്ച് ഒരുക്കിവെച്ചു.


അവരുടെ കുട്ടികള്‍ ഒന്നുമറിയാതെ മഴയുടെ തണുപ്പിലും താളത്തിലും സുഖമായി ഉറങ്ങുകയായിരുന്നു....


"ഇനി കുട്ടികളെ വിളിച്ചുണര്‍ത്താം"  ഇടറുന്ന ശബ്ദത്തോടെ അയാള്‍ പറഞ്ഞു. അപ്പോള്‍ അയാളോര്‍ത്തത് വര്‍ണസ്വപ്നങ്ങളും കളിപ്പാട്ടങ്ങളും നിറഞ്ഞ അയാളുടെ കുട്ടിക്കാലത്തേക്കുറിച്ചായിരുന്നു.


അവള്‍ ഹൃദയവേദനയോടെ കുട്ടികളെ തട്ടിയുണര്‍ത്തി.


സുഖദമായ സ്വപ്നങ്ങളുടെ തടങ്ങളില്‍ നിന്നും പ്രകടമായ നഷ്ടബോധത്തോടെ അവര്‍ എഴുന്നേറ്റു വന്നു.  പകച്ച കണ്ണുകളോടെ സ്വപ്നം പോലും കാണാനനുവദിക്കാത്ത അച്ഛനമ്മമാരെ നോക്കി.


" ആദ്യം ഞാന്‍, പിന്നെ കുട്ടികള്‍ക്ക് കൊടുത്തശേഷം നീയും"  അയാള്‍ പറഞ്ഞു.
" അതു വേണ്ട ആദ്യം ഞാന്‍, പിന്നെ കുട്ടികള്‍  ഒടുവില്‍ അങ്ങ് " അവള്‍ പറഞ്ഞു
" അതു വേണ്ട. ആദ്യം ഞാന്‍"  അയാള്‍ക്ക് ദേഷ്യം വന്നു
" ആദ്യം ഞാന്‍"  അവള്‍ക്കും ദേഷ്യം വന്നു
"ആദ്യം ഞാന്‍"  അയാള്‍ കോപം കൊണ്ടു വിറച്ചു
" ആദ്യം ഞാന്‍"  അവളും കോപം കൊണ്ട് വിറച്ചു.


അപ്രകാരം കുട്ടികള്‍ ഒന്നുമറിയാതെ പകച്ചു നില്ക്കവെ,  അവര്‍ രണ്ടുപേരും പരസ്പരം വാശിപിടിക്കുവാനും ശണ്ഠകൂടുവാനും തുടങ്ങി.
 - അയാള്‍ അവളുടെ മുഖത്തടിച്ചു.
"നിന്റെ തലയില്‍ ഇടിത്തീ വീഴട്ടെ!!"  അവള്‍ നിലവിളിച്ചു.


അങ്ങിനെയാണ് അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതും,  വിദഗ്ദ്ധന്മാരായ ചില വക്കീലന്മാരുടെ  സഹായത്തോടെ  ഡൈവോഴ്സിനുള്ള കടലാസുകള്‍ തയ്യാറാക്കിയതും.... 


- പ്രശ്നമിപ്പോള്‍ കുടുംബകോടതിയുടെ പരിഗണനയിലാണ്.


- കുട്ടികള്‍ ഹാ ..! സുഖദമായ സ്വപ്നങ്ങളുടെ തടങ്ങളില്‍ നീന്തിത്തുടിച്ചും, മുങ്ങാങ്കുഴിയിട്ടും, ആഴങ്ങളിലേയ്ക്ക് ഊളിയിട്ടിറങ്ങിയും.....
ഐസ്ക്രീം പാര്‍ലറില്‍ നിന്നും ഇണകള്‍ പുറത്തേക്ക് നടന്നു...
കടല്‍ പാലത്തിനു ചുവട്ടില്‍ തിരമാലകള്‍ തെറിപ്പിക്കുന്ന ജലകണങ്ങളുടെ മോഹവശ്യതയില്‍ അവര്‍ നനഞ്ഞു കുതിര്‍ന്നു...
പൂമരത്തണലിലെ ഏകാന്തതയിലിരുന്ന് അശ്ലീലം നിറഞ്ഞ തമാശകള്‍  അടക്കിയ സ്വരത്തില്‍ പറഞ്ഞു.... 


-സുതാര്യമായ നിശാവസ്ത്രത്തില്‍ നീയൊരു മോഹിപ്പിക്കുന്ന വീഞ്ഞാണെന്ന്   അവന്‍
-നിന്റെ നാവു ഞാന്‍ പിഴുതെടുക്കുമെന്ന്   അവള്‍


ശൃംഗാരത്തിന്റെ അടക്കം പറച്ചിലുകള്‍, പൊട്ടിച്ചിരികള്‍, പരിഭവം നടിക്കലുകള്‍.....


നേരം അന്തി മയങ്ങിയപ്പോള്‍ അവര്‍ വര്‍ണ വിളക്കുകളാല്‍ അലങ്കരിച്ച ഒരു സായാഹ്ന റസ്റ്റോറണ്ടിലേയ്ക്ക്....


അരണ്ട വെളിച്ചത്തില്‍ സൌമ്യശീലനായൊരു ഭൃത്യന്‍ നല്കിയ ഉപചാരങ്ങള്‍ക്കപ്പുറവുമിപ്പുറവുമിരുന്ന് അവര്‍ സ്നേഹം പങ്കുവെച്ചു....  പ്രത്യേകം വറുത്തെടുത്ത ഒരു കാട്ടുമൃഗത്തിന്റെ തുടയിറച്ചി കടിച്ചു പറിച്ച്  കാമനകളുടെ ആരണ്യമേടുകളിലേയ്ക്ക് അവര്‍ യാത്ര ചെയ്തു.... നനുത്ത ലഹരി പതയുന്ന ബിയറിന്റെ വിശുദ്ധമായ ഉന്മാദത്തിലൂടെ അവര്‍ ജീവിതാസക്തിയുടെ തുരുത്തിലേയ്ക്ക് തുഴഞ്ഞു നീങ്ങി....


അടുത്ത ദിവസം  "ഹണിമൂണ്‍ കോട്ടേജിലെ ആത്മഹത്യ...,ഹണിമൂണ്‍ കോട്ടേജിലെ ആത്മഹത്യ" എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് സായഹ്നപ്പത്രം  വില്‍ക്കുന്ന  പയ്യന്‍  അവരുടെ മരണം ആഘോഷിക്കുകയുണ്ടായി....
കൂടുതല്‍ പത്രം വിറ്റതിന് പത്രമുതലാളി അധികമായി നല്കിയ പണം കൊണ്ട് അവന്‍ വര്‍ണ ബലൂണുകള്‍ വാങ്ങി. നഗരത്തിന്റെ കിഴക്കേ അതിരിലെ ചേരിപ്രദേശത്തുള്ള തകരഷീറ്റു കൊണ്ടു മറച്ച അവന്റെ വീട്ടില്‍ അന്ന് ജീവിതാഘോഷത്തിന്റെ ആഹ്ലാദാരവങ്ങള്‍   മുഴങ്ങി. ബലൂണുകള്‍ വര്‍ണസ്വപ്നങ്ങള്‍ വാരിവിതറിക്കൊണ്ട്  തകരക്കൂട്ടിനുള്ളില്‍ പാറി നടന്നു.


അനുജത്തിക്ക് കളിപ്പാട്ടം വാങ്ങുവാന്‍ കഴിഞ്ഞതിന്റെ അതിരുകളില്ലാത്ത ആനന്ദത്തിലായിരുന്നു അവന്‍.  കുട്ടിയാവട്ടെ ബലൂണുകളോടൊപ്പം  പാട്ടു പാടിയും അവയോടൊപ്പം നൃത്തം ചവിട്ടിയും ആഹ്ലാദിച്ചുകൊണ്ടിരുന്നു. അപ്പോള്‍  നേര്‍ത്ത മന്ദസ്മിതം പൊഴിച്ചുകൊണ്ട് അവരുടെ അമ്മ അവന്‍ കൊണ്ടുചെന്ന അരി കഴുകി ഭക്ഷണം പാകം ചെയ്യുവാന്‍ തുടങ്ങി..... 


രാത്രിയില്‍ തകരപ്പാളിയിലെ സുഷിരങ്ങളിലൂടെ സുഖമുള്ള തണുത്ത കാറ്റുകള്‍ വന്ന് അവരുടെ ഉറക്കത്തെ തഴുകിക്കൊണ്ടിരുന്നു


അവന്‍ കൂടുതല്‍ പത്രങ്ങള്‍ വില്ക്കുന്നതായും, അവന്റെ അമ്മ കുട്ടികള്‍ക്ക് വയറു നിറയെ ഭക്ഷണം കൊടുക്കുന്നതായും സ്വപ്നം കണ്ടു. അവര്‍ക്കിടയില്‍ തഴപ്പായില്‍ ചുരുണ്ടു കിടന്ന കുട്ടിയുടെ സ്വപ്നങ്ങളിലേയ്ക്ക് ആയിരക്കണക്കിനു വര്‍ണ ബലൂണുകള്‍ പറന്നിറങ്ങി....


അപ്രകാരം സുന്ദരസ്വപ്നങ്ങളുടെ  താഴ്വാരങ്ങളിലൂടെ അവര്‍ അടുത്ത പ്രഭാതത്തിലേക്ക്  യാത്രയായി...


  

28 അഭിപ്രായങ്ങൾ:

 1. ആത്മഹത്യ ചെയ്യാൻ എല്ലാർക്കും തീരുമാനിക്കാം ....നടത്താൻ പാടാണു...അതിനും ദൈവം തീരുമാനിക്കണം ഒരാളുടെ മരണം വേറൊരാൾക്ക് ആഘോഷമാവുന്ന കാഴ്ച കണ്ടു...നല്ല അവതരണം...

  മറുപടിഇല്ലാതാക്കൂ
 2. ഒരു വിഷയം തന്നെ വ്യത്യസ്തമായി അവതരിപ്പിച്ചത് നന്നായിരിക്കുന്നു. കണ്ടു നില്‍ക്കുന്നവര്‍ ആഘോഷിക്കുമെങ്കിലും ചെയ്തവര്‍ക്ക് അതൊരിക്കലും വിജയമാകില്ലല്ലോ.. എന്തായിരിക്കും ആ മാനസികാവസ്ഥ.. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. ക്രൂരമായ ഒരു ജീവിതസത്യം കുറഞ്ഞ വാക്കുകളില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു.. നഷ്ടങ്ങള്‍ എന്നും നഷ്ടപെടുന്നവര്‍ക്ക് മാത്രം സ്വന്തം എന്ന വാക്കാണ്‌ ഓര്‍മവരുന്നത്.. ഒരു ഷോര്‍ട്ട് ഫിലിമിന്‍റെ ആസ്വാദ്യത കിട്ടി ഈ കഥയില്‍.. നാല് ഭാഗങ്ങളില്‍ വരച്ചിട്ട ചിത്രം മനസ്സില്‍ നന്നായ്‌ പതിയുന്നു.. മൂന്നാം അധ്യായമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.. പ്രതേകിച്ചും ഈ വരികള്‍..

  "അരണ്ട വെളിച്ചത്തില്‍ സൌമ്യശീലനായൊരു ഭൃത്യന്‍ നല്കിയ ഉപചാരങ്ങള്‍ക്കപ്പുറവുമിപ്പുറവുമിരുന്ന് അവര്‍ സ്നേഹം പങ്കുവെച്ചു.... പ്രത്യേകം വറുത്തെടുത്ത ഒരു കാട്ടുമൃഗത്തിന്റെ തുടയിറച്ചി കടിച്ചു പറിച്ച് കാമനകളുടെ ആരണ്യമേടുകളിലേയ്ക് അവര്‍ യാത്ര ചെയ്തു.... നനുത്ത ലഹരി പതയുന്ന ബിയറിന്റെ വിശുദ്ധമായ ഉന്മാദത്തിലൂടെ അവര്‍ ജീവിതാസക്തിയുടെ തുരുത്തിലേയ്ക് തുഴഞ്ഞു നീങ്ങി...."

  മറുപടിഇല്ലാതാക്കൂ
 4. പരിചയപ്പെടുത്തിയ കാഴ്ചകള്‍ക്കും അവതരണത്തിനും ഭംഗിയുണ്ട്.
  പെട്ടൊന്ന് മനസ്സിലാവുക എന്നത് തന്നെയാണ് കഥയുടെ ആദ്യ വിജയം.
  നന്നായി പ്രദീപ്‌. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. ലളിതമായ ഭാഷയിൽ വളരെ നന്നായി പറഞ്ഞു.നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 6. വിഷയം ദു:ഖിപ്പിക്കുന്നതായിരുന്നിട്ടും, നല്ല രസ്സമായി പറഞ്ഞു.
  ശരിക്കും ഇഷ്ടപ്പെട്ടു ഈ അവതരണം ...

  മറുപടിഇല്ലാതാക്കൂ
 7. നല്ല കഥകള്‍..അല്ല അനുഭവ കഥകള്‍ അല്ലെ...നന്നായി അവതരണം എല്ലാം ഒന്നിനൊന്നു മികച്ചത് ..ആശംസകള്‍ ഭായീ..

  മറുപടിഇല്ലാതാക്കൂ
 8. ഒരു വെത്യസ്ത അവതരണ രീതി ആത്മ ഹത്യ യെ കുറിച്ച് പലതും വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരെണ്ണം ആദ്യിട്ടാ

  മറുപടിഇല്ലാതാക്കൂ
 9. അദ്ധ്യായങ്ങള്‍ നാലും നന്നായി.ആദിമധ്യാന്തപ്പൊരുത്തം കഥയ്ക്ക്
  വേണമെന്ന് പറയുന്നവര്‍ രണ്ടാമത്തെ അദ്ധ്യായത്തിനായിരിക്കും
  കൂടുതല്‍ മാര്‍ക്കിടുക.നാലാമത്തെ അദ്ധ്യായം മറ്റുമൂന്ന് അദ്ധ്യായങ്ങളില്‍നിന്ന് തികച്ചും വേറിട്ട ഒന്നാണ്.വര്‍ണ്ണനകളിലെ പദലാളിത്യം അഭിനന്ദനാര്‍ഹം തന്നെ.ഒരുകാര്യം കൂടി:ഉപയോഗിച്ച
  ഫോണ്ടിന്റെ നിറവും പശ്ച്ചാത്തലനിറവും പരസ്പ്പരം പൊരുത്തപ്പെടുന്നില്ല.കാഴ്ച്ചയ്ക്ക് അത് ഒരു മന്ദത ഉണ്ടാക്കുന്നില്ലേ?പൊള്ളിക്കുന്ന വര്‍ത്തമാനകാലത്തോടൊപ്പം നില്‍ക്കുന്ന കഥകളുടെ എഴുത്തുകാരന് ഭാവുകങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 10. വല്ല്യ വല്ല്യ ബ്ലോഗര്‍മാര്‍ അഭിപ്രായം കുറിച്ചേടത്ത് എനിക്കെന്ത്കര്യം . എങ്കിലും സന്ദര്‍ശിച്ചതല്ലെ. എല്ലാം നല്ലനിലവാരമുള്ളവതന്നെ. വിജ്ഞാനപ്ര ദവുമായി. ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ഇമ്മിണി ബല്ല്യ ഒന്ന്‍" ആയിരുന്നു പ്രദീപ്കുമാറിന്റെ നിഴലുകള്‍ എന്ന ബ്ലോഗ്‌ മൊത്തം എന്ന്‍മാത്രം കുറിച് ഞാന്‍ തടിതപ്പുന്നു.

  മറുപടിഇല്ലാതാക്കൂ
 11. വായിച്ചു ... ഇപ്പോള്‍ ബ്ലോഗ്‌ വായിക്കുക എന്നത് ഒരു സാഹസമാണ്.
  ദിവസം ആയിരക്കണക്കിനു പോസ്റ്റുകള്‍ .. അതില്‍ നല്ലതും , ഉപയോഗപ്രദവും
  രസകരവും ,സമയം കൊല്ലിയും എല്ലാം സമ്മിശ്രം .
  പലതിന്റെയും തലക്കെട്ടും രണ്ടു മൂന്നു വരികളും വായിച്ചു
  "കിടിലന്‍ " "തകര്‍പ്പന്‍ " എന്ന് രണ്ടു കമന്റും കമന്റി
  അടുത്ത ബ്ലോഗിലേക്ക് യാത്രയായി ....അപൂര്‍വ്വം ചില
  നല്ല കഥകള്‍ -

  സാധാരണക്കാരന്‌ മനസിലാവാന്‍
  പാകത്തില്‍ എഴുതിയിരിക്കുന്നു - അതുകൊണ്ട് തന്നെ
  എനിക്ക് പുടിച്ച്‌ .......!!!!!
  ( അവാര്‍ഡൊക്കെ കിട്ടണമെങ്കില്‍ അല്പം അശ്ലീലവും
  മനസ്സിലാവാത്ത കുറെ വാചക കസര്‍ ത്തുകളും ഒക്കെ വേണം )

  മറുപടിഇല്ലാതാക്കൂ
 12. മരണം ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത്... ഇവിടെ അത് ഒരു കുടിലിൽ ഉയർന്ന ബലൂണായി മാറിയത് അത്രയും ആശ്വാസം... നല്ല അവതരണം... അഭിനന്ദനങ്ങൾ....

  മറുപടിഇല്ലാതാക്കൂ
 13. "അക്ഷരത്തില്‍ നിന്നും ഉരുത്തിരിയുന്ന കാവ്യാത്മകമായ വാക്കുകള്‍
  അര്‍ഥവത്തും ആസ്വാദ്യവും...അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 14. ഇഷ്ടപ്പെട്ടു. എന്നാലും
  "നേര്‍ത്ത മന്ദസ്മിതം പൊഴിച്ചുകൊണ്ട് അവരുടെ അമ്മ"... പോലുള്ള ചില ഭാഗങ്ങള്‍
  എന്തോ ചേരായ്ക തോന്നി.
  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 15. ഈ നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി അറിയിക്കുകയാണ്.സീത, ജെഫു, സന്ദീപ്, മന്‍സൂര്‍, മൊയ്തീന്‍, ലിപി, ജയരാജ് സാര്‍,ഇംതി,മൂസക്ക, ഹരിമാഷ്,മൊയ്തീന്‍ ചേറൂര്‍, നടേരി,സജി,വി.കെ, ഡോക്ടര്‍ മനു,ഷിനോദ്., എല്ലാവരോടും നന്ദിയും കടപ്പാടും.

  മറുപടിഇല്ലാതാക്കൂ
 16. ഹോ... എന്തു മനോഹരമായ അവതരണം ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ... ആ സത്യം താങ്കൾ മനോഹരമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ..

  മറുപടിഇല്ലാതാക്കൂ
 17. എന്തിനാ അധികം എഴുതുന്നത്? ഇത്രയും മതി. വളരെ കൈയടക്കമുള്ള ഈ രചനകൾ വായിയ്ക്കാൻ കഴിഞ്ഞതിൽ എനിയ്ക്ക് വലിയ സന്തോഷമുണ്ട്.
  പുതിയ പോസ്റ്റിടുമ്പോൾ ദയവായി എനിയ്ക്ക് മെയിലയക്കുക.
  ഒരിയ്ക്കൽക്കൂടി നമസ്ക്കാരം.

  മറുപടിഇല്ലാതാക്കൂ
 18. നല്ല വായന സമ്മാനിച്ചതിനു നന്ദി, സന്തോഷം...

  മറുപടിഇല്ലാതാക്കൂ
 19. മാഷെ, ‘കഥ’യില്‍ പോസ്റ്റ്‌ ചെയ്ത രണ്ടാം ഭാഗത്തില്‍ നിന്നും ഇവിടെ എത്തി. വളരെ മനോഹരമായി ഇണക്കിച്ചേര്‍ത്തു നാല് കഥകളെ. കുറച്ചു വാക്കുകളില്‍ വലിയൊരു ലോകം തുറന്നു വെച്ച പോലെ. വിഷയം ആത്മഹത്യയെങ്കിലും അതിലെ നിരര്‍ത്ഥകത ചിരിയും ചേര്‍ത്ത് വ്യത്യസ്തമായ്‌ പറഞ്ഞിരിക്കുന്നു. നല്ല ഭാഷയും. ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 20. ഞാനും ഇപ്പോഴാ എത്തിയത് .അതിമ്മനോഹരമായ രചന ,കയ്യടക്കം .മിതത്ത്വം ഒക്കെ പാലിക്കുന്ന സുന്ദരമായ കഥ ...

  മറുപടിഇല്ലാതാക്കൂ
 21. ഉള്ളതില്‍ ഉള്ളു തുറന്നു ജീവിക്കുക എന്ന സന്ദേശം കിട്ടി സാര്‍ . അതിനു സാധിക്കാത്തവര്‍ക്ക് ആണ് ആത്മഹത്യ എന്നാ കൊടും ക്രൂരതക്ക് മുതിരുന്നത്.കാരണം ഉള്ളതില്‍ തൃപ്തിപ്പെടാതെ "ഉള്ള്"(മനസ്സ്‌) നഷ്ടമായവര്‍.

  മറുപടിഇല്ലാതാക്കൂ
 22. ഞാന്‍ വന്നു തിരിച്ചു പോയതാണ്‍...
  അന്ന് ഞാന്‍ തീര്‍ത്തും ബ്ലാങ്ക് ആയിരുന്നു...ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥ..!
  ‘ആത്മഹത്യ’ ഒരു രസമാണെന്ന ധാരണ എനിയ്ക്കുണ്ടായിരുന്നു..
  ഇപ്പോഴും ഉണ്ടൊ ഇല്ലയോ എന്നൊന്നും അറിയില്ല...
  എല്ലാം ഒരു നിമിഷത്തിലെ തോന്നലുകളല്ലേ..
  ആ തോന്നലുകള് ഞാന്‍ ‘ഇരട്ടകുട്ടികളുടെ അമ്മയില്‍ ‘ പകര്‍ത്തിയിട്ടുമുണ്ട്...!
  അതോടെ ആ തോന്നലുകളും കൌതുകവും പൂട്ടി വച്ചു.. :)

  തിരഞ്ഞെടുത്ത നാല്‍ അദ്ധ്യായങ്ങളും ജീവന്‍ മരണ പോരാട്ടങ്ങള്‍ തന്നെ..
  ഒരു തുറന്ന എഴുത്ത്...സംശയമില്ല...നന്ദി ട്ടൊ...ആശംസകളും...!

  മറുപടിഇല്ലാതാക്കൂ
 23. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്ന് കേട്ടിട്ടുണ്ട്.
  രണ്ടില്‍ ഒരാത്മഹത്യ കൊണ്ട് എന്തെങ്കിലും ഗുണം ജീവിച്ചിരിക്കുന്ന ഒരാള്‍ക്കുണ്ടായെങ്കില്‍ അത്ര നല്ലത്.
  നാലധ്യായങ്ങളും തമ്മിലുള്ള കണക്ഷന്‍ ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 24. ഏകാന്തതയും, സാമ്പത്തിക ഞെരുക്കവും, പ്രണയവും എല്ലാം ഒടുക്കം ആത്മഹത്യയില്‍ പര്യവസാനിപ്പിക്കുന്നവരുണ്ടാകാം. മൂന്നാം അദ്ധ്യായം വായിച്ച് കഴിഞ്ഞപ്പോഴേക്കും പ്രകാശത്തിന്റെ ഒരുതരി വെട്ടം പോലും എവിടേയും കാണാതെ മനസ്സ് ഇടറിപ്പിടഞ്ഞു. പക്ഷെ നാലാന്‍ അദ്ധ്യായം എത്തിയപ്പോള്‍ ആ ഇരുട്ട് എവിടെയോ പോയൊളിച്ചു. അതാണ് യഥാര്‍ത്ഥ ജീവിതം. ഇല്ലായ്മയിലും ഉള്ളതില്‍ സന്തോഷിച്ച് പ്രതീക്ഷ വെച്ച് പുലര്‍ത്തി നാളെയെ കാത്തിരിക്കുന്നവര്‍.

  മറുപടിഇല്ലാതാക്കൂ