മൂന്നു ഗണിതശാസ്ത്ര കഥകള്‍
രമാകാന്തന്‍ അഥവാ കണക്കുശാസ്ത്രം        
              
               രമാകാന്തന്‍ എന്ന ഒരാള്‍ക്ക് കണക്ക് വലിയ ഇഷ്ടമായിരുന്നു...  കണക്കു കൂട്ടുവാനും കുറയ്ക്കുവാനുമുള്ള  ഒരവസരവും അയാള്‍ പാഴാക്കിയില്ല.

               രമാകാന്തന്‍ കൂട്ടിയ കണക്കുകളില്‍ ചിലത് ....,

       - അബു എന്നു പേരായ തെരുവുബാലന്റെ ഒടുങ്ങാത്ത ദുരിതങ്ങളുടെ ആദിയും അന്തവും തമ്മിലുള്ള ദൂരം എത്ര മീറ്റര്‍ ?, എത്ര സെന്റിമീറ്റര്‍ ?, എത്ര മില്ലിമീറ്റര്‍ ?
       - നിരാലംബഹൃദയം എന്നു പേരായ ആ പഴയ ബസിന്റെ ഗതിവേഗം എത്ര ?
       - നിശാഗന്ധികള്‍ പൂക്കുന്ന താഴ്വരയില്‍ പ്രണയികള്‍ ഉപേക്ഷിച്ചു പോയ തീവ്രനൊമ്പരങ്ങളുടെ സാന്ദ്രത അളക്കാനുള്ള ഏകകം എന്ത് ?

             ഇപ്രകാരം ഒരു നാടിന്റെ സ്പന്ദനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി അയാള്‍ കണക്കുകള്‍ കൂട്ടുകയും,  ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്തു......

            കഥയുടെ അവസാനം എല്ലാ കണക്കന്മാര്‍ക്കും സംഭവിച്ചതുപോലെ രമാകാന്തനും കണക്കുകള്‍ തെറ്റുകയാണ്... അതോടെ അയാള്‍ വിഷാദരോഗിയാവുകയും, തുടര്‍ന്ന് വല്ലാത്തൊരു ഉന്മാദാവസ്ഥയില്‍ വീണടിഞ്ഞ്  തകര്‍ന്നു പോവുകയും ചെയ്തു.....

              എല്ലാറ്റിനുമൊടുവില്‍ വലിയൊരു തെറ്റില്‍ ചെന്ന് ഒടുങ്ങുക എന്നത്  കണക്കു ശാസ്ത്രത്തിന്റെ ദുര്‍വ്വിധി  എന്നോര്‍ത്ത് നമുക്കു സമാധാനിക്കാം.അല്ലാതെ എന്ത് ചെയ്യാന്‍......


                       ആവര്‍ത്തക ദശാംശ ഭിന്നം

              കുട്ടി സമവാക്യങ്ങള്‍ ഓരോന്നായി നിര്‍ദ്ധാരണം ചെയ്യാന്‍ തുടങ്ങി..........

              നിര്‍ദ്ധാരണം ചെയ്യാനാവാത്ത ഒരു സമസ്യയാണ് ജീവിതം..! എന്നു വിലപിച്ചുകൊണ്ട് അച്ഛനും അമ്മയും പതിവുപോലെ ശണ്ഠ കൂടുകയായിരുന്നു.

              കുട്ടി  'X' ന് പുതിയ ഒരു വില കൊടുത്ത് വീണ്ടും സമവാക്യത്തിന്റെ കുരുക്കഴിക്കാന്‍  തുടങ്ങി .....

              കുഴഞ്ഞു മറിഞ്ഞ ജീവിതത്തെക്കുറിച്ചുള്ള ആവലാതികള്‍ക്കിടയില്‍ വലിയൊരു ആക്രോശത്തോടെ , അച്ഛന്‍ അമ്മയുടെ മുടി ചുറ്റിപ്പിടിച്ച്, പുറം കാല്കൊണ്ട് തൊഴിച്ചു..... ഓ...ദൈവമേ.... എന്നിങ്ങനെ ഒരലര്‍ച്ചയോടെ അമ്മ മുറ്റത്തേക്ക് തെറിച്ചു വീണു.

              ഹരണഫലം ഒരു ആവര്‍ത്തക ദശാംശ ഭിന്നം ആയിരുന്നു., 97.3872 3872 3872 3872 3872 3872 .......... എന്നിങ്ങനെ ഒടുങ്ങാതെ തുടരുന്ന ഒരു ദശാംശഭിന്നം.  കുട്ടി വീണ്ടും വീണ്ടും ഹരിച്ച്  3872 3872..... എന്നിങ്ങനെ കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു.

             അവന്റെ  കണ്ണു നിറഞ്ഞിരുന്നു.

             കണ്ണുനീര് വീണു കുതിര്‍ന്ന   കടലാസില്‍ ആവര്‍ത്തക ദശാംശഭിന്നം വിറുങ്ങലിച്ചു നിന്നു.ദ്വിമാന സമവാക്യങ്ങള്‍


              നീലാകാശത്ത് ......  രാത്രിയില്‍ , നിലാവില്‍ , രണ്ട് ദ്വിമാന സമവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

              ഒന്നാമത്തെ സമവാക്യം  'X' എന്ന ചരത്തിലും, രണ്ടാമത്തെ സമവാക്യം  'Y' എന്ന ചരത്തിലും തയ്യാറാക്കപ്പെട്ടവയായിരുന്നു.

              താഴെ ഭൂമിയില്‍ കണക്കു കൂട്ടാനും കുറക്കാനും അറിയാത്ത  പാവം മനുഷ്യര്‍  നോക്കി നില്‍ക്കവെ, ഒന്നാമത്തെ സമവാക്യം രണ്ടാമത്തേതിനേയും , രണ്ടാമത്തെ സമവാക്യം ഒന്നാമത്തേതിനേയും നിര്‍ദ്ധാരണം ചെയ്യുവാന്‍ തുടങ്ങി...
.
              നീലാകാശത്ത് അപ്പോള്‍ പാര്‍വണശശിബിംബം പൂനിലാവു പൊഴിച്ചുകൊണ്ട്.....!

              'X' ലുള്ള സമവാക്യം  'Y' ലുള്ള സമവാക്യത്തിന്റെ കുരുക്കഴിച്ചു നോക്കുമ്പോള്‍  വിവേചകം പോസിറ്റീവാണെന്നു കാണുന്നു. അസൂയ മൂത്ത ' X' സമവാക്യം  'Y' സമവാക്യത്തിന്റെ വിവേചകം നെഗറ്റീവാണെന്ന് കള്ളക്കഥയുണ്ടാക്കുന്നു....എന്നിട്ട് ആകാശത്തു നിന്നും പെരുമ്പറ കൊട്ടി ഭൂമിയിലേയ്ക്ക് വിളിച്ചു പറയുന്നു......

              ഇതേ സമയം 'Y' സമവാക്യം  'X' സമവാക്യത്തിന്റെ വിവേചകത്തെക്കുറിച്ചും ഇപ്രകാരം ഒരു കള്ള വ്യാഖ്യാനമുണ്ടാക്കി ആകാശത്തു നിന്നും പെരുമ്പറ കൊട്ടാന്‍ തുടങ്ങുന്നു.....

              സമവാക്യങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കത്തിന്റെ പെരുമ്പറയൊച്ചകൊണ്ട് പൊറുതിമുട്ടിയ പാവം മനുഷ്യര്‍ , ഭൂമിയില്‍ നിന്ന് ആകാശത്തിന്റെ ഉയരങ്ങളിലേയ്ക്ക് നോക്കി, 'ഞങ്ങള്‍ക്ക്  സമാധാനം തരൂ  ....'  'ഞങ്ങള്‍ക്ക്   സമാധാനം തരൂ. ... .'  എന്നിങ്ങനെ സമവാക്യങ്ങളോട്  പ്രാര്‍ത്ഥിക്കവെ .....,

                സമവാക്യങ്ങള്‍ വീണ്ടും പടലപ്പിണക്കത്തിന്റെ പെരുമ്പറ മുഴക്കുന്നു...

                പാര്‍വണ ശശിബിംബമാവട്ടെ പൂനിലാവ് പൊഴിച്ചുകൊണ്ട്........!.7 അഭിപ്രായങ്ങൾ:

 1. എന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല പോസ്റ്റ്‌ നന്നായി...ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 2. മനോഹരം മാഷേ.
  പക്ഷേ പലതിനും അടിക്കുറിപ്പ് കൊടുക്കേണ്ടി വരും എന്നു തോന്നുന്നു.
  വിവേചകം എന്താണ്‌ എന്ന് ഇപ്പോ ഓര്‍മ്മ വന്നു.
  ഗണിതത്തേയും അതിലെ കല്പനകളേയും മനോഹരമായി ഉപയോഗിച്ചു.
  പക്ഷേ കണക്ക് അലര്‍ജ്ജിയായവര്‍ക്ക് ഈ കഥകള്‍ നിര്‍ദ്ധാരണം ചെയ്യല്‍ അത്ര എളുപ്പം ആകില്ല എന്നു തോന്നുന്നു.
  ഒന്നമത്തെ കണക്കില്‍ അളവുകോലുകളെ അന്വെഷിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 3. ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്സില്‍ ആണെന്ന് ഓര്‍മിപ്പിക്കുന്നു ഈ മൂന്നു കൊച്ചു കഥകളും..

  "കുട്ടി വീണ്ടും വീണ്ടും ഹരിച്ച് 3872 3872..... എന്നിങ്ങനെ കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു... അവന്റെ കണ്ണു നിറഞ്ഞിരുന്നു. കണ്ണുനീര് വീണു കുതിര്‍ന്ന കടലാസില്‍ ആവര്‍ത്തക ദശാംശഭിന്നം വിറുങ്ങലിച്ചു നിന്നു"

  ഓര്‍മ്മകള്‍ ഏതോ സ്കൂള്‍ കാലത്തിലേക്ക് എന്നെയും കൊണ്ട് പറക്കുന്നു.. അവിടെ ഈ കുട്ടിക്കും എനിക്കും ഒരേ മുഖം.. കണക്കുകള്‍ തെറ്റുമ്പോള്‍ കിട്ടുന്ന അടിയില്‍ നിറകണ്ണുകളോടെ അവന്‍ വീണ്ടും ജീവിതമെന്ന പ്രഹേളികയുടെ കുരുക്കകള്‍ അഴുച്ചു കൊണ്ടേയിരുന്നു.. അത് ഇപ്പോളും INFINITE എന്നപോല്‍ തുടരുന്നു..

  മറുപടിഇല്ലാതാക്കൂ
 4. കണക്കിനെയാണ് സ്കൂൾ കാലത്ത് ഭയപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാവും എല്ലാ കണക്കും എപ്പോഴും തെറ്റുകയും ചെയ്യും.

  ഈ മൂന്നു കഥകളും വലിയ ഇഷ്ടമായി. ആ കുട്ടിയെപ്പോലെ എന്നും നിറഞ്ഞ കണ്ണുകളോടെ കണക്കു ചെയ്തിരുന്ന കാലം...ഇത്ര കൃത്യമായി എഴുതിക്കാണിച്ചതിൽ സന്തോഷം.

  X Y തരുന്ന സൂചനകളും വളരെ നന്നായി.

  അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 5. എല്ലാറ്റിനുമൊടുവില്‍ വലിയൊരു തെറ്റില്‍ ചെന്ന് ഒടുങ്ങുക എന്നത് കണക്കു ശാസ്ത്രത്തിന്റെ ദുര്‍വ്വിധി എന്നോര്‍ത്ത് നമുക്കു സമാധാനിക്കാം.അല്ലാതെ എന്ത് ചെയ്യാന്‍......

  കണക്കായിരുന്നു എന്നും എന്റെ ഇഷ്ടവിഷയം ...... കണക്കുകളുടെ കുരുക്കുകള്‍ അഴിച്ചു ഒടുവില്‍ സമം എന്ന സമത്വം കൈവരുമ്പോള്‍ ലഭിക്കുന്ന ഒരു സുഖം
  ആ സുഖം ലോകത്ത് "സമത്വം" കൈവരും എന്നും ഈ സുഖം ലോകര്‍ക്കെല്ലാം അനുഭവിക്കാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷ എന്നില്‍ എന്നും വളര്‍ത്തിയിട്ടുണ്ട്.

  ദ്വിമാന സമവാക്യങ്ങളെ ആനുകാലിക വിഷയങ്ങളോട് കൂട്ടിച്ചേര്‍ത്ത് .....മാഷേ .....ഉം.............മ്മ

  മറുപടിഇല്ലാതാക്കൂ
 6. കണക്കുകള്‍ കൂട്ടുമ്പോഴും കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമ്പോഴുമല്ലേ ജീവിതം മാറുന്നതും കഥകള്‍ ജനിക്കുന്നതും.
  കണക്കിന്റെ പശ്ചാത്തലത്തില്‍ മൂന്നുകുട്ടിക്കഥകള്‍. നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ