ഒരു പ്രണയകഥ കൂടി.......



'പ്രണയതീരത്തേക്ക് ഇതാ മൈനകള്‍'


കടല്‍ത്തീരം.....
സായന്തനം.....                                                                               
പോക്കുവെയിലിന്റെ സാന്ദ്രമൌനം.,
തണുത്ത കടല്‍ക്കാറ്റ്.
തിരകള്‍ പ്രണയഗാനങ്ങള്‍ പാടുന്നു......

അവര്‍ കാറ്റാടിമരത്തണലില്‍ പ്രണയപൂര്‍വ്വം.......

"നിനക്ക് ഞാനൊരു കടല്‍ തരാം...."
അവന്‍ അവളുടെ ചെവിയില്‍ മന്ത്രിച്ചു.
"കടൽപ്പക്ഷികളെ തരാം.,
അലയൊടുങ്ങാത്ത തീരങ്ങളേയും,
നുരകളില്‍ ഊളിയിടുന്ന സ്വര്‍ണമീനുകളേയും തരാം...."

അവള്‍ അവന്റെ മാറില്‍ തലചായ്ച് പതുക്കെ പറഞ്ഞു.,
"നമുക്ക്  കടലിന്റെ അടിത്തട്ടിലേയ്ക്ക് ഊളിയിട്ടുപോവാം....
മത്സ്യകന്യകളുടെ നാട്ടിലെ വര്‍ണവിസ്മയങ്ങള്‍ കാണാം,
ആകാശത്തിന്റെ ചരിവില്‍ അതാ നിഴല്‍ പോലെ പായക്കപ്പലുകള്‍..!
അവയിലൊന്നില്‍ പ്രിയനേ നമുക്കും......"

അവര്‍ ഇപ്രകാരം പ്രണയം പങ്കുവെച്ചുകൊണ്ടിരുന്നപ്പോള്‍ അസ്തമയമാവുകയും കാഴ്ചകളെല്ലാം മങ്ങിപ്പോവുകയും ചെയ്തു.


അപ്പോള്‍ .......,


പകല്‍സഞ്ചാരികളായ ഏതാനും മൈനകള്‍  അവരിരുന്ന കാറ്റാടി മരത്തിനു മുകളില്‍ ചേക്കേറി.,

"ഇവര്‍ക്കിനിയും തിരിച്ചു പോവാനായില്ലേ..?!"
മൈനകളുടെ നേതാവ് മറ്റുള്ളവരോട് പറഞ്ഞു.
"നമുക്ക് കലപിലകൂട്ടി അവര്‍ക്കു ചുറ്റും പറന്നിറങ്ങാം.. അവരുടെ ഒടുങ്ങാത്ത പ്രണയത്തിനു മുകളില്‍  കാഷ്ഠമിടാം ......" കൂട്ടത്തിലെ യുവാവ് പറഞ്ഞു

ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ചെറുപ്പക്കാരായ മൈനകള്‍ അവര്‍ക്കു  ചുറ്റും പാറി നടന്ന് ശല്യമുണ്ടാക്കുവാന്‍ തുടങ്ങി. ദുര്‍ബലരും കുട്ടികളുമടങ്ങുന്ന മറ്റൊരു സംഘമാവട്ടെ മരച്ചില്ലയിലിരുന്ന് അവരുടെ പ്രണയത്തിലേയ്ക്ക്  തുരു തുരെ കാഷ്ഠിച്ചുകൊണ്ടിരുന്നു.


നോക്കുക.....,


'പറവകള്‍ വിതക്കുകയും കൊയ്യുകയും ചെയ്യുന്നില്ല... അളന്നളന്ന് കൂട്ടുന്നില്ല'. എന്നാണല്ലോ ധര്‍മശാസ്ത്രങ്ങളിലെല്ലാം അവയെ വാഴ്ത്തുന്നത്., നിസ്വാര്‍ത്ഥരും നന്മകള്‍   വാരി വിതറുന്നവരുമായ പാവം ജിവികളായാണ് അവ എക്കാലവും പരിഗണിക്കപ്പെട്ടു പോന്നിട്ടുള്ളത്... എന്നാല്‍ ഇവിടെ അവ ഹൃദയ വിശുദ്ധിയുടേയും നന്മയുടേയും സ്നേഹത്തിന്റേയും മുകളില്‍  നാറുന്ന കാഷ്ഠമിടുകയാണ്., പ്രണയജ്വാലകള്‍  ഊതിക്കെടുത്തുകയാണ്.


ഞാന്‍ പറയാം.....,                         


പക്ഷികളുടെ ശല്യം കാരണം,ഇനി പ്രണയിക്കുക എന്നത് അസാദ്ധ്യമാണെന്ന്  നടുക്കത്തോടെ അവര്‍  തിരിച്ചറിഞ്ഞു


"നമ്മുടെ പ്രണയം ഹാ ഇവിടെ ഒടുങ്ങുകയാണോ... " അവള്‍ തേങ്ങിക്കരഞ്ഞു
"ഓമനേ ഇനി പ്രണയിക്കുക എന്നത് അസാദ്ധ്യമായിരിക്കുന്നു..." അവന്‍ അവളെ ചേര്‍ത്തു   പിടിച്ചുകൊണ്ട് വിലപിക്കുവാന്‍ തുടങ്ങി.
അല്പം മുമ്പ് തീവ്രമായ അനുരാഗത്തിന്റെ ഉന്മാദതരംഗങ്ങള്‍ പ്രസരിച്ചിരുന്ന കാറ്റാടി മരച്ചുവട്ടില്‍ നിന്നും ഇപ്പോള്‍ പ്രസരിക്കുന്നത് കടുത്ത പ്രണയ നൈരാശ്യത്തിന്റെ വിഷാദതരംഗങ്ങളാണ്....


 ' വീഞ്ഞുപാത്രം'


എല്ലാ പ്രണയ കഥകളേയും പോലെ ഇവിടെയും കമിതാക്കള്‍ ആത്മഹത്യയുടെ ഇരുണ്ട ഗുഹയിലേയ്ക് ഓടി ഒളിക്കുകയാണ്.,


പ്രണയവേളയില്‍ ആഹ്ലാദപൂര്‍വ്വം അൽപ്പാൽപ്പമായി കുടിച്ചുകൊണ്ടിരുന്ന വീഞ്ഞിലേയ്ക്ക് വിറക്കുന്ന കൈകളോടെ അവന്‍ വിഷം ഒഴിച്ചു ചേര്‍ത്തു....


മൈനകള്‍ അപ്പോഴും....


അവര്‍ തേങ്ങിക്കരഞ്ഞുകൊണ്ട് പരസ്പരം വീഞ്ഞ് ഊട്ടുകയും,കടുത്ത ഹൃദയവ്യഥയോടെ മരണത്തിന്റെ തണുത്തിരുണ്ട ഗുഹയിലേയ്ക്ക് നിശബ്ദം യാത്രയാവുകയും ചെയ്തു.


അവര്‍ ചലനമറ്റു തണുത്തുറഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷം മൈനകള്‍ ശാന്തമായി മരച്ചില്ലകളിലേയ്ക്ക് തിരിച്ചുപോയി.അവിടെയിരുന്ന് പാവം പറവകള്‍ക്ക് ഇണങ്ങുന്ന വിധം കൊക്കുരുമ്മുകയും നിഷ്കളങ്കമായി ചിലക്കുകയും ചെയ്തു.....


തണുത്തുറഞ്ഞ അവരുടെ ഉടലുകള്‍ക്കിടയില്‍ വീഞ്ഞുപാത്രം മരവിച്ചുകിടന്നു...


' വൈദ്യുതി ശ്മശാനവും മുക്കുവന്മാരും'


സിദ്ധാര്‍ത്ഥനും, നന്ദയും വിളിക്കുമ്പോള്‍ പാതിരാവും കഴിഞ്ഞിരുന്നു.
"നമ്മുടെ ശ്രീവത്സനും സുകന്യയും..., കടല്‍ത്തീരത്ത് ..., വിഷം കഴിച്ച്...."
അവര്‍ പറഞ്ഞു.


ഞാന്‍ ശ്മശാനത്തിലെത്തുമ്പോഴേക്ക് സുരേന്ദ്രനും,മനോജും,ഊര്‍മിളയും അഷ്റഫും എല്ലാം എത്തിക്കഴിഞ്ഞിരുന്നു.ഞങ്ങളുടെ സൌഹൃദ സംഘത്തിലെ പ്രണയ ജോടികളായിരുന്നുവല്ലോ ഉറച്ച ശരീരപേശികളുള്ള സൌമ്യനായ ശ്രീവത്സനും നീലക്കണ്ണുകളുള്ള സുന്ദരിയായ സുകന്യയും.


"അഞ്ചുമിനുട്ട്, വെറും അഞ്ചു മിനുട്ട്..."  കറുത്ത് കുള്ളനായ ശ്മശാന കാവല്ക്കാരന്‍ വല്ലാത്തൊരു നിസംഗ ഭാവത്തില്‍ പറഞ്ഞു.  വാറ്റുചാരായത്തിന്റെ  ലഹരിയില്‍ വേച്ചുപോവുന്ന കാലുകളും,വിറയ്ക്കന്ന കൈകളും,ഇളകിയാടുന്ന തലയും ഉടലുമായി അയാള്‍ ശ്രീവത്സന്റെയും സുകന്യയുടേയും മരവിച്ച ശരീരങ്ങള്‍ വഹിക്കുന്ന ട്രോളിയുമുന്തി ക്രിമറ്റോറിയത്തിന്റെ ഉള്ളറയിലേയ്ക്ക് കയറിപ്പോയി.... അല്പസമയം കഴിഞ്ഞ്  ഒരു കലം നിറയെ ചാരവുമായി തിരിച്ചുവന്നു.... 


ചാരായവും കാശും കിട്ടിയപ്പോള്‍ പുലര്‍ച്ചയ്ക്ക് മീന്‍ പിടിയ്ക്കുവാന്‍ പോവുന്ന മുക്കുവന്മാര്‍ സമ്മതിച്ചു.ഞങ്ങള്‍ കൊടുത്ത കലം കൂടി തോണിയില്‍ കയറ്റിവെച്ചശേഷം അവര്‍ നേര്‍ത്ത  ഇരുളില്‍  തിളങ്ങുന്ന മൃദുവായ കടല്‍ത്തിരകളിലൂടെ മറ്റു മീന്‍പിടുത്ത സംഘങ്ങളോടൊപ്പം പടിഞ്ഞാറോട്ട് തുഴഞ്ഞു പോയി......


 ' കണ്ണുകള്‍ '


കടലിപ്പോള്‍ ശാന്തമാണ്.
സൂര്യന്‍ ഉദിച്ചിരുന്നില്ല.
പറവകള്‍ ഉണര്‍ന്നിരുന്നില്ല...
തണുത്ത കാറ്റ് അപ്പോഴും....
സൌമ്യമായ തിരകള്‍  അപ്പോഴും....


നന്ദയാണ് ആദ്യം കരഞ്ഞത്.അവളെ ആശ്വസിപ്പിക്കുന്നതിനിടയില്‍  ഊര്‍മിളയും കരഞ്ഞുപോയി.വിതുമ്പിക്കൊണ്ട് വല്ലാത്ത വ്യഥയോടെ ഞങ്ങള്‍  കടല്‍ത്തീരത്തെ കാറ്റാടി മരത്തണലില്‍ ചെന്നിരുന്നു. ശ്രീവത്സന്റെയും സുകന്യയുടേയും ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും സംസാരിച്ചു. പ്രണയത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും അര്‍ത്ഥരാഹിത്യത്തെക്കുറിച്ചും അവിടമാകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഉച്ചത്തില്‍ തര്‍ക്കങ്ങള്‍ കൂടുവാന്‍ തുടങ്ങി......


അപ്പോള്‍


മരച്ചില്ലകളിലിരുന്ന്  മൈനകള്‍ ഞങ്ങളെത്തന്നെ ഉറ്റുനോക്കുകയായിരുന്നു. 
പുലരിമഞ്ഞില്‍ അവയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു........

15 അഭിപ്രായങ്ങൾ:

  1. ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്ന ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ചെറുപ്പക്കാരായ മൈനകള്‍ അവര്‍ക്കു ചുറ്റും പാറി നടന്ന് ശല്യമുണ്ടാക്കുവാന്‍ തുടങ്ങി. ദുര്‍ബലരും കുട്ടികളുമടങ്ങുന്ന മറ്റൊരു സംഘമാവട്ടെ മരച്ചില്ലയിലിരുന്ന് അവരുടെ പ്രണയത്തിലേയ്ക് തുരു തുരെ കാഷ്ടിച്ചുകൊണ്ടിരുന്നു.
    നല്ല വരികള്‍ ...സമകാലികം

    മറുപടിഇല്ലാതാക്കൂ
  2. പ്രദീപിന്‍റെ കഥകളുടെ അവതരണം വിത്യസ്തമാണ്. രചന ശൈലിയില്‍ പുലര്‍ത്തുന്ന ഈ മികവ്
    ശ്രദ്ധിക്കപ്പെടും. കഥയിലെ പ്രമേയത്തെക്കാളും എനിക്കിഷ്ടായത് ഇത് പറഞ്ഞ രീതിയാണ്.
    ഇതുപോലെ നല്ല കഥകള്‍ ഇനിയും പിറക്കട്ടെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. വ്യത്യസ്തമായ അവതരണരീതി ഇഷ്ടപ്പെട്ടു.. പ്രണയത്തെ കൊത്തി വലിക്കാന്‍ മൈനകള്‍ ഒരുപാടുണ്ട് നമ്മുടെ നാട്ടില്‍.. പക്ഷെ ആത്മഹത്യ എന്തിനു എന്നാണെനിക്കു ചോദിക്കാനുള്ളത്.. ഇത്തരം എതിര്‍പ്പുകളെ ശക്തമായി നേരിടുകയല്ലേ ഇന്നത്തെ കാലത്തെ പ്രണൈതാക്കള്‍ ചെയ്യേണ്ടത്.... ബ്ലോഗ്‌ ഇഷ്ടമായി.. തുടര്‍ന്നുള്ള പോസ്റ്റുകളുടെ ലിങ്ക് അയച്ചു തരണമെന്ന് അപേക്ഷ..

    മറുപടിഇല്ലാതാക്കൂ
  4. കടല്‍ തീരത്തെത്തുന്ന ഏല്ലാകാമുകര്‍ക്കും വിശ്രമിക്കാന്‍ കാറ്റാടി മരത്തണല്‍ മാത്രം
    എന്തേ എന്ന് ചോദിക്കണം എന്നാണ്‌ ആദ്യം തോന്നിയത്. പക്ഷേ നമുക്ക് കാട്ടമിടാം എന്ന
    മൈനയുവാവിന്റെ മൊഴിയില്‍ ആ ചോദ്യം വേണ്ടെന്ന് വച്ചു.
    മനോഹരമായി അവതരണമ്മ് ഒട്ടും നേര്‍‌രേഖയില്‍ പോകാത്ത് വാക്കുകള്‍ക്ക്
    ഒത്തിരി ഇടങ്ങളേ ഒന്നിച്ച് തുളക്കാം എന്ന് ബോധ്യമുള്ള എഴുത്ത്.
    ശ്മശാനഭാഗം ഏറെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  5. കഥ നന്നായി....പക്ഷേ ചിത്രങ്ങളുടെ ആധിക്യം അതിനെ ഒരു ചിത്രകഥയാക്കുന്നോ എന്നൊരു തോന്നല്‍!ഉദ്ദേശിക്കുന്ന ആശയത്തെ
    ആവിഷ്ക്കരിക്കാന്‍ ഇത്തരം കഥകള്‍ക്ക് ബിംബാത്മകചിത്രങ്ങളല്ലേ കൂടുതല്‍ ഇണങ്ങുക?ആലോചിക്കുമല്ലോ.ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  6. നന്ദി കൂട്ടുകാരെ.ഈ അഭിപ്രായ പ്രകടനങ്ങളോരോന്നും എന്നോടും എന്റെ കഥയോടുമുള്ള സ്നേഹവും പരിഗണനയുമാണെന്ന് തിരിച്ചറിയുന്നു.പ്രിയ സ്നേഹിതരായ ഇംതി, മൊയ്തീന്‍, മന്‍സൂര്‍, ജയരാജ് സാര്‍,ഉദയന്‍ മാഷ്, ഹരി മാഷ്, സഹോദരങ്ങളായ സന്ദീപ്, ഫൌസിയ; എല്ലാവരോടും എന്റെ നന്ദിയും കടപ്പാടും.

    മറുപടിഇല്ലാതാക്കൂ
  7. പുതു പുത്തന്‍ വഴികള്‍ തേടിയുള്ള ഈ കഥയുടെസഞ്ചാരവും, പുതിയ ഭാഷയും,
    വീണ്ടുംവായിക്കാന്‍എന്നെവിളിക്കുന്നു,പിന്നെയും.പ്രതീപ്കഥ,നന്നായിട്ടുണ്ട്
    ഇനിയുമെഴുതുവാന്‍ശ്രേയസ്സ് നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  8. ഇഷ്ടപ്പെട്ടു ........
    പ്രണയ തീരത്തേക്ക് ഇതാ മൈനകള്‍ എന്ന് പറഞ്ഞപ്പോള്‍
    പ്രണയ ജോഡികള്‍ മാത്രം ആയിരിക്കും എന്നു കരുതിയത്
    പിന്നെ
    വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയം എന്ന് മാത്രം പറഞ്ഞാല്‍ പോര
    വളരെ മനോഹരം ഈ കഥാ ശൈലി

    മറുപടിഇല്ലാതാക്കൂ
  9. പപ്പരാസികള്‍?
    അനാവശ്യമായി മറ്റുള്ളവരുടെ സ്വകാര്യതയില്‍ കാലൂന്നുന്ന...
    പറഞ്ഞ രീതി ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ